സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം സംബന്ധിച്ചുള്ള തർക്കങ്ങളിൽ ശബരിമലയിലെ പ്രതിഷ്ഠാസങ്കല്പത്തെകുറിച്ചും താന്ത്രികവിധികളെക്കുറിച്ചു തെറ്റിദ്ധാരണാജനകമായ പല പ്രചാരണങ്ങളും നടക്കുന്ന സാഹചര്യത്തിൽ ആശയക്കുഴപ്പത്തിലായ അയ്യപ്പഭക്തർക്കും പൊതുവിൽ വിശ്വാസികൾക്കും ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സയിന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക് ഹെറിറ്റേജിലെ തന്ത്രാചാര്യനും ബോധി ദത്തയും ചേർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ട് ലേഖനങ്ങൾ സമാഹരിച്ച് ഇവിടെ ചേർക്കുന്നു. ഈ ലേഖനങ്ങൾ ഫേസ്ബുക്കിൽ രണ്ട് ഭാഗങ്ങളായി വായിക്കാവുന്നതാണ്.
ലേഖനത്തിലേയ്ക്ക്:
ശബരിമല വിവാദങ്ങൾ ഒഴിയുന്നില്ല . ആശങ്കാകുലരായ ഭക്തർ ഭരണകൂട ഭീകരതയോടും വിശ്വാസ ധ്വംസനത്തോടും പോരാടുമ്പോഴും തെല്ലും കാരുണ്യമില്ലാതെ ക്ഷുദ്രജീവികൾ ആക്രമണം അഴിച്ചു വിടുകയാണ്. ജാതിയും, പദ്ധതിയും മുതൽ പ്രതിഷ്ഠാസങ്കല്പത്തിലും പൂജാവിധികളിലും വരെ വഴിയേ പോകുന്നവരൊക്കെ അഭിപ്രായം പറഞ്ഞു സംശയം ജനിപ്പിച്ചു ഭക്തരെ തളർത്താൻ നടക്കുകയാണ്. എനിക്ക് സംസ്കൃതമറിയാം, തന്ത്രമറിയാം എന്നൊക്കെ പറയുന്നവർക്ക് സാമാന്യ ബോധം പോലുമില്ല എന്ന് കേരളം കണ്ടതാണ്. അവരുടെ ചോദ്യങ്ങൾക്കു ശ്രീജിത്ത് ജിയെ പോലുള്ളവർ ഉത്തരവും കൊടുത്തതാണ്. സംശയങ്ങൾ തീരുന്നില്ല എങ്കിലും വാളെടുത്തവരൊക്കെ വെളിച്ചപ്പാടായ സമയത്ത്, താന്ത്രികശിരോമണികൾക്ക് തന്ത്രജ്ഞർ ഉത്തരം കൊടുക്കട്ടെ. സാമ്പ്രദായിക സ്പർദ്ധകൊണ്ടു മാത്രം ശബരിമല വിഷയത്തിൽ തുരങ്കം വെക്കുന്നവർക്കും ശാക്തേയ ആചാര്യന്മാർ തന്നെ ആണ് ഉത്തരം കൊടുക്കേണ്ടത്. പക്ഷെ ഉത്തരം അവർക്ക് വേണ്ടി മാത്രമല്ല, എല്ലാരുടെയും സംശയമകറ്റാനാണ്. നീളം ഇത്തിരി കൂടുതലാണ്. ഞാൻ പകർത്തുക മാത്രമാണ് ചെയ്തത്. എഴുതിയത് സയന്റിഫിക് ഇന്സിറ്റിട്യൂട് ഓഫ് താന്ത്രിക് ഹെറിറ്റേജിലെ താത്രികാചാര്യൻ (ലിങ്ക് പോസ്റ്റിനവസാനം ). നീളം കൂടുമെന്നുള്ളത് കൊണ്ട് രണ്ടു ഭാഗമായി പോസ്റ്റ് ചെയ്യാം .
-----------------------------------------------
സനാതന ധർമം, അഥവാ ഇന്നത്തെ ഹിന്ദുമതം ലോകത്തിലെ എല്ലാ മതാചാരങ്ങൾക്കും ഉപരിയായി വ്യത്യസ്തമായി നിൽക്കുന്നത് അതിന്റെ വൈവിധ്യങ്ങളായ ആചാരാനുഷ്ടാനങ്ങളിലൂടെ ആകുന്നു. ഹിന്ദുവിന്റെ ആചാരങ്ങൾ ഏതെങ്കിലും ഒരു ഗ്രന്ഥത്തിലോ ഈശ്വര സങ്കല്പത്തിന്റെ അധിഷ്ഠിതമല്ല, മറിച്ചു കാലദേശങ്ങൾക്കാനിസരിച്ചും ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ചും അതാത് ദേശത്തിലെ ഗ്രന്ഥപ്രമാണങ്ങൾക്കനുസരിച്ചും ചിട്ടപ്പെടുത്തുന്നതാണ്. ആചാരത്തിനു പ്രമാണം ആവശ്യമല്ല. എന്നാൽ അനുഷ്ഠാനത്തിനു പ്രമാണം ആവശ്യമാകുന്നു. ആചാരം എന്നത് പൂർവികർ എന്ത് ചെയ്തുവോ, അത് പിന്തുടരലാണ്. അനുഷ്ഠാനം എന്നത് ഋഷി പ്രോക്തങ്ങളായ ഗ്രന്ഥപ്രമാണങ്ങൾ കാലദേശാനുസൃതമായി പിന്തുടരൽ എന്നർത്ഥം ആക്കുന്നു. അപ്രകാരം കേരളക്ഷേത്ര സങ്കല്പം പൊതുവെ ഭാരതത്തിലെ മറ്റുള്ള ദേശങ്ങളെ അപേക്ഷിച്ചു വ്യത്യസ്‌തമാണ്. കേരളക്ഷേത്രസങ്കൽപ്പവും അനുഷ്ടാനങ്ങളും തന്ത്രശാസ്ത്രത്തെ മുൻനിർത്തിയാണ്. ആ ആരാധനാ ക്രമത്തെ പൊതുവെ കേരള തന്ത്ര എന്ന് പറയുന്നു. ക്ഷേത്രം, പൂജ, ഹോമം, ധ്യാനം എന്നിവ മനുഷ്യനിൽ ഈശ്വര ചൈതന്യം നിറയ്ക്കുമെന്നും, അത് മനുഷ്യനിൽ ആത്മീയ വാസന ഉണർത്തുമെന്നും, അപ്രകാരമുള്ള മനുഷ്യർ ലോകഹിതത്തിനായി ചരിക്കുമെന്നും തിരിച്ചറിഞ്ഞ പൂർവസൂരികളായ ഋഷിമാർ ആധ്യാത്മിക കർമങ്ങളെ ക്ഷേത്രം, പൂജ, ധ്യാനം , ഹോമം എന്നിങ്ങനെ നാലായി തിരിച്ചു. ക്ഷേത്രത്തിലൂടെ ആന്തരിക ശുദ്ധി വന്നാൽ പൂജകൻ ആയും, പൂജയുടെ ആന്തരിക ജ്ഞാനം ഉണർന്നാൽ ഹോമയാഗങ്ങളിലൂടെ വിശ്വപ്രപഞ്ച ശാന്തിക്കായി “ലോകാ സമസ്ത സുഖിനോ ഭവന്തു“ എന്ന മന്ത്രത്തിന്റെ ഉൾകാഴ്ച ലഭിക്കുകയും പിന്നീട് യോഗമാർഗ്ഗസ്ഥനായി കൊണ്ട് ധ്യാനനിമഗ്നനാവുകയും ഇപ്രകാരം മോക്ഷമെന്ന കൈവല്യം ലഭിക്കുകയും ചെയ്യും. ഇതാകുന്നു സനാതന ധർമ്മത്തിലെ ക്ഷേത്ര പൂജാ തത്വങ്ങൾ. ഇത്രയും പറഞ്ഞതിൽ നിന്നും മനസ്സിലായല്ലോ ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമാണെന്നും ക്ഷേത്ര അനുഷ്ഠാന പ്രമാണം തന്ത്രമാണെന്നും. ഇന്ന് നിലവിൽ ഉള്ള എല്ലാ കേരളീയ ക്ഷേത്ര പൂജാ പ്രമാണ ഗ്രന്ഥങ്ങളും ആഗമ, നിഗമ, ശാസ്ത്രങ്ങളിൽ നിന്നുള്ള ക്രോഡീകരണമാകുന്നു. ഉദാഹരണം: ഈശാനശിവഗുരുദേവ പദ്ധതി, കുഴിക്കാട്‌പച്ച തന്ത്ര സമുച്ചയം, കലശ ചന്ദ്രിക, പുടയൂർ, ഭാഷ എന്നിങ്ങനെ ഉള്ള ക്ഷേത്ര തത്വങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ. എല്ലാം ആഗമ നിഗമ ശാസ്ത്ര ക്രോഡീകരണങ്ങൾ ആകുന്നു.
ആഗമം ശിവ ഇത്യക്തം
നിഗമം ച ഗിരിജാനനം
ആഗമം ശിവപ്രോക്തവും, നിഗമം ദേവിപ്രോക്തവുമാണെന്നു തന്ത്ര ശാസ്ത്രം പറയുന്നു. അതായത് ക്ഷേത്രം എന്നത് താന്ത്രിക ആരാധനയുടെ ഒരു ഭാഗമാണെന്നും, അവിടെ എന്ത്, ആര്, എങ്ങനെ , എപ്പോൾ, എവിടെ എന്നത് താന്ത്രിക പ്രമാണങ്ങൾക്കനുസരിച്ചാണ് നടത്തുന്നത്. ശബരിമലയുടെ കാര്യത്തിലും അങ്ങനെ തന്നെ ആണ്. മുൻപ് സൂചിപ്പിച്ച പോലെ ക്ഷേത്രാചാരം ദേശ കാലങ്ങൾക്കനുസരിച്ചാണ് ചിട്ടപ്പെടുത്തുന്നത്. അവക്ക് ദേവതസ്വരൂപമായി ബന്ധമുണ്ട്. ഇപ്രകാരമാണ് നിവേദ്യം പോലും തീരുമാനിക്കപ്പെടുന്നത് . ക്ഷേത്രം എന്നാൽ ‘ക്ഷതിയെ ത്രാണനം‘ ചെയ്യാനുള്ള ഉപാധികൂടി ആണ്. ദുഃഖത്തിൽ നിന്നുള്ള മോചനം എന്നർത്ഥം.
ഈശ്വര വിശ്വാസം എന്നത് പൊതുവായി പറയുന്ന വാക്കാണ്. കാരണം മുൻപ് സൂചിപ്പിച്ച പോലെ ക്ഷേത്രം എന്നത് ആത്മീയതയിലേക്കുള്ള മനുഷ്യന്റെ ആദ്യ പടിയാണ്. മോക്ഷ കാവാടത്തിന്റെ ആദ്യ പടിയെന്നു പറയാം. പൂജ ഹോമം ധ്യാനം എന്നിവയിലൂടെ പിന്നീട് പടി പടി ആയി ജ്ഞാനാനത്തിലേക്ക് ഉയരാനുള്ള തുടക്കം. ഓരോ അവസ്ഥയിലുമുള്ള മനുഷ്യർക്ക് വ്യത്യസ്തമായ അനുഭവമാണ് അതുണ്ടാക്കുക . അത് കൊണ്ടാണ് ആചാര്യന്മാർ വ്യത്യസ്തപാത വിരിച്ചു തന്നത്. ഒരു ക്ഷേത്രത്തിൽ രക്തപുഷ്പ്പാഞ്ജലിയും ശത്രുസംഹാരവും നടത്തുന്ന ഭക്തന്റെ മനസ്സല്ല പൂജകന്റേത്. പൂജകന്റെ അറിവല്ല യാഗാചാര്യന്. യാഗാചാര്യന്റെ മനസ്സല്ല, ധ്യാനനിമഗ്നനായ യോഗിയുടെ . ജ്ഞാനവും ഇപ്രകാരം വ്യത്യസ്തമാണ്. അതിനാൽ ഭക്തന്റെ പ്രമാണം പൂജകനും, പൂജകന്റെ പ്രമാണം യാഗാചാര്യനും , യാഗാചാര്യന്റെ പ്രമാണം യോഗിക്കും ബാധകമല്ല. ഇതൊക്കെ ഒന്നാണെന്ന് കരുതുന്നതും അതിനു വേണ്ടി വാദിക്കുന്നതും ശുദ്ധ വിഡ്ഢിത്തവും അസംബന്ധവും ആകുന്നു. ‘സമത്വം’ എന്നാൽ പക്വത ഇല്ലാത്തവനും ഉള്ളവനും ഒരേ കാര്യം വിളമ്പുക എന്നല്ല മറിച്ച് ഓരോരുത്തരുടെയും ആവശ്യമറിഞ്ഞു വേണ്ടത് വേണ്ടത് പോലെ വേണ്ടപ്പോൾ കൊടുക്കുന്നതാണ് സമത്വം. അല്ലാതെ ഒരു ഇഡലി കഴിക്കാൻ ത്രാണിയും താല്പര്യവും ഉള്ളവന് നൂറു കഴിക്കാൻ താല്പര്യവും ത്രാണിയും ഉള്ളവൻന്റെ കൂടെ സമത്വം വേണം എന്ന് മൂന്നാമതൊരാൾ പറഞ്ഞാൽ എങ്ങനെ ഇരിക്കും?
ഇന്ന് നിങ്ങളെപോലുള്ളവർ വാദിക്കുന്ന സമത്വം ഈ യുക്തിയില്ലായ്മ ആണ്. ബുദ്ധി ലവലേശം ഇല്ലാത്ത ബുദ്ധിജീവികൾ ജീവിക്കുന്ന ഈ നാട്ടിൽ ഇതൊന്നും പുതുമയല്ല എങ്കിലും ചിലതൊക്കെ പറയാതെ വയ്യ. ഇനി എന്ത് കൊണ്ട് ക്ഷേത്രത്തിൽ ഇത്തരം നിയമങ്ങൾ വന്നു? എന്തിനാണ് ഈ നിയമങ്ങൾ?
ക്ഷേത്രം ആർക്കാണ് ആവശ്യം എന്നറിയണം ആദ്യം. മുൻപ് പറഞ്ഞതിലേക്കു ചിലതൊക്കെ ചേർക്കാം.
1 . ക്ഷേത്രം എന്നത് മനുഷ്യനെ അറിവിന്റെ പരമോന്നതിയിലേക്കു കൊണ്ട് പോകുന്ന മഹാസങ്കേതം ആകുന്നു.ഇങ്ങനെ പരമമായ ജ്ഞാനം ലഭിക്കണമെങ്കിൽ ജീവിത ചര്യകളിലെ ചില നിഷ്കർഷകൾ പാലിക്കേണ്ടതുണ്ട്. നേടേണ്ടത് മഹാജ്ഞാനം ആണെന്നും അതിനെ സ്വാംശീകരിക്കാനും ജീവിതത്തിൽ പകർത്താനും ഞാൻ മാനസികമായും ശാരീരികമായും ശുദ്ധീകരണം നടത്തണം എന്നത് ഓരോ മനുഷ്യന്റെയും ബോധതലത്തിൽ കൊണ്ട് പോയി നിർത്താനാണ് ക്ഷേത്ര ചിട്ടകൾ .
2 . ഒരു വിശ്വാസിയുടെ ജീവിതരീതിയും ഒരവിശ്വാസിയുടെ ജീവിതരീതിയും ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ജീവിതത്തിൽ ചിട്ടകൾ ഏറ്റവുമധികം പാലിക്കുന്നത് വിശ്വാസി തന്നെ ആണ്.
3 . അവിശ്വാസികൾ ഈശ്വരനില്ല എന്ന് പറഞ്ഞു കൊണ്ട് മതങ്ങളെയും ഈശ്വരനെയും പരിഹസിക്കുകയും, കുത്തഴിഞ്ഞ ജീവിതം നയിക്കുകയും ചെയ്യുന്നു. അജ്ഞാനവും യുക്തിയില്ലായ്മയും ഇവരിൽ കാണാം. എന്തിനെയും വിമർശിക്കുക . എല്ലാത്തിനും അവരുടെ യുക്തിയാൽ ഉത്തരം നൽകാൻ സാധിക്കില്ല എന്ന സാമാന്യ ബോധം പോലും അവർക്കില്ല.
**************************
ശബരിമലയിൽ എന്ത് കൊണ്ട് യുവതീപ്രവേശനം സാധ്യമല്ല ?
ഓരോ ക്ഷേത്രവും പ്രതിഷ്ഠ ചെയ്യുന്ന സമയത്ത് , സത്യവാചകം ഉണ്ട്. ദേവന്റെ മുൻപിൽ വച്ച് പൂജാനിത്യ നൈമിത്യ കാര്യങ്ങൾ , ഉത്സവാദികൾ , നിവേദ്യം എന്നിവ തന്ത്രി തീർച്ചപ്പെടുത്തി ഭക്ത സമൂഹത്തിനു കൊടുക്കുന്ന നിയമാവലി. അവിടുത്തെ പ്രതിഷ്ഠ, സ്വരൂപം, ആചാരം, അനുഷ്ടാനം എന്നിവ ദശാകാലങ്ങൾക്കനുസരിച് തന്ത്രി നിശ്ചയിക്കുന്നു. അപ്രകാരം നിശ്ചയിച്ചിട്ടുള്ള ആചാരമാകുന്നു ശബരിമല സ്ത്രീ പ്രവേശനം . ഇതിനെതിരെ ഭൂരിപക്ഷമില്ലാത്ത ആൾക്കാരാണ് പ്രശ്നം ഉണ്ടാക്കുന്നത്. ശബരിമലയിൽ മാത്രമല്ല ഏതു ക്ഷേത്രത്തിലും നിയമഭേദഗതി വരുത്താനും , കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഉള്ള അവകാശം തന്ത്രിക്കുണ്ട്. ക്ഷേത്ര ഊരാണ്മക്കാർക്കും . ക്ഷേത്രം വിശ്വാസികൾക്കവകാശപ്പെട്ടതായതു കൊണ്ട് അവ പാലിക്കാൻ അവർ ബാധ്യസ്ഥരാണ്.
****************************
ഇത്തരം ആചാരങ്ങൾ തീരുമാനിക്കാൻ തന്ത്രിക്ക് അവകാശം ഉണ്ടോ? ഉണ്ടെന്നു തന്ത്ര പ്രമാണം പറയുന്നു. ഒരു പ്രമാണം നോക്കാം.
അഗ്നിർവാ ഏഷ വൈശ്വാനരഃ
പഞ്ചമേനിർയത് പുരോഹിത
സ്താഭി രാജാനം പരിഗ്ര്യഹ്യ തിഷ്ഠതി ,
സമുദ്ര ഇവ ഭൂമിം
അഞ്ചു വിധത്തിലുള്ള മഹാശക്തിയും വൈശാനര എന്ന പേരുള്ള അഗ്നിയാണ്. പുരോഹിതൻ രാജാവിന്റേയും,ദേശത്തിന്റേയും,കുലത്തിന്റേയും കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരമുള്ളയാളാണ്. ഈ അധികാരം ക്ഷേത്ര സംബന്ധി മാത്രമല്ല, മറിച്ച് ഓരോ കാലത്തും ഓരോ ആരാധനാ സംബ്രദായത്തിലും നില നിന്നിരുന്നു. ഉദാഹരണം: ഗോത്രാചാരങ്ങളിലും ഗോത്ര മൂപ്പന്മാർ ഉണ്ടായിരുന്നു. അദ്ദേഹമാണ് ആരാധന തുടങ്ങിയ വിഷയങ്ങളിൽ തീർപ്പു കല്പിച്ചിരുന്നത് . ഇന്നും ഓരോ ഹൈന്ദവ വിഭാഗങ്ങളിലും അവ പ്രകടമായി കാണാം. അതിന്നും നിലനിൽക്കുന്നു. നമ്മുടെ ഒക്കെ കുടുംബങ്ങളിൽ മുതിർന്ന കാരണവർ ആയിരുന്നു ഇത്തരം തീരുമാനങ്ങൾ എടുത്തിരുന്നത്. അവയൊക്കെ പ്രമാണം ആയിരുന്നു. മനുഷ്യന്റെ ‘ആധുനിക’ വളർച്ച കൂടിയപ്പോൾ ‘പഴയ കഞ്ഞി പഴങ്കഞ്ഞി ‘ ആയപോലെ ഇത്തരം ആചാരത്തെ മാറ്റി കാരണവർ എന്ന സ്ഥാനം ജ്യോതിഷന് നൽകി. അങ്ങനെ സമൂഹത്തിനെ ജ്യോതിഷൻ നയിക്കാൻ തുടങ്ങി. തീർന്നില്ല, കാലം മാറിയപ്പോൾ, പുരോഗമനം കൊഴുത്തപ്പോൾ, തങ്ങൾക്കനുസരിച്ചു പ്രവചനം നടത്തുന്ന ജ്യോതിഷനെ മാത്രം അംഗീകരിച്ചു. അങ്ങനെ ജനഹിതം നോക്കി പ്രവചനം നടത്താൻ തുടങ്ങിയപ്പോൾ അവസാന ജ്യോതിഷനും മരിച്ചു. അങ്ങനെ അതുവരെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ക്ഷേത്രങ്ങൾ പ്രശ്നത്തിലായി. പ്രശ്നങ്ങൾ തീർക്കാൻ വരുന്ന ആൾ പ്രശ്നക്കാരനായി.
ഭാഗം-2
ഭാഗം-2
തന്ത്ര ശിരോമണി വൈമാനിക പത്നിക്ക് താന്ത്രികമായ സംശയ നിവാരണം . രണ്ടാം ഭാഗം. (ചോദ്യങ്ങളും ഉത്തരങ്ങളും)
1) ശബരിമല ധർമ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കിൽ “സ്നിഗ്ധാരാള...” എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധർമ്മശാസ്താവിന്റെതാണ്.
ഉത്തരം : ശാസ്താവ് ഒരു ദേവതാ സങ്കല്പം ആണ്. ശിവാംശം ഉള്ള ഒരു ശക്തിയായിട്ടാണ് തന്ത്രശാസ്ത്രം അവതരിപ്പിക്കുന്നത്. മഹാശാസ്ത്ര കല്പം , ആകാശഭൈരവ തന്ത്രം, മഹാകാലഭൈരവ സംഹിത എന്നിവ കൂടാതെ, ആധുനിക കാലത്തു എഴുതപ്പെട്ട ശബരീശ പൂജാ പദ്ധതി, ശാസ്താ പൂജാ പദ്ധതി, മഹാ ശാസ്ത്ര പൂജാ സപര്യ , ശാസ്ത്യ പൂജാപദ്ധതി എന്നിങ്ങനെയുള്ള ശാസ്ത്യ പൂജക്കുള്ള ഗ്രന്ഥങ്ങളിൽ 35 ഓളം വ്യത്യസ്ത ധ്യാനങ്ങൾ പറയുന്നുണ്ട്. ഓരോ ക്ഷേത്രത്തിലും വ്യത്യസ്ത ധ്യാനങ്ങൾ ആണുള്ളത്. രേവന്ത ഋഷി മുതൽ, അഗസ്ത്യൻ , നാരദൻ , ദുർവാസാവ് തുടങ്ങിയ അനേകം ഋഷിമാർ വ്യത്യസ്ത മന്ത്ര, ധ്യാന സ്വരൂപങ്ങൾക്ക് ഋഷിമാർ അഥവാ മന്ത്ര ദൃഷ്ടാക്കൾ ആയി വരുന്നുണ്ട്. ഇപ്രകാരം ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ത പൂജാ മന്ത്ര ധ്യാനങ്ങൾ ആയിരിക്കും.
വൈദ്യ ശാസ്താവ് ( ധന്വന്തര ഭാവം )
നൈഷ്ഠികൾ = ഭൂതനാഥൻ
യോഗാപട്ടം = ശാസ്താവ്
ധർമ്മ ശാസ്താവ് = പൂർണ്ണ പുഷ്കല സമേത
കിരാത ശാസ്താവ് = പ്രഭ , സത്യക സമേത
ഹരിഹര പുത്രൻ ,അജവാഹനൻ,ഗജവാഹനൻ
കാമേശ്വര ശാസ്താവ് തുടങ്ങി ഒട്ടനവധി ഭാവങ്ങളിൽ ശാസ്താവിനെ ആരാധിക്കുന്നുണ്ട്.
അവരുടെ ചില ധ്യാനങ്ങൾ മാത്രം ഇവിടെ വിവരിക്കാം
—-
കിരാത ശാസ്താവ്
ധരാധരശ്യാമളാംഗം
ക്ഷുരികാചാപധാരിണം
കിരാതവപുഷംവന്ദേ
കരാകലിത കാര്‍മ്മുകം
_____
ശാന്തം ശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം
ചന്ദ്രാര്‍ക്കോപമ കാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയം വ്യാഖ്യാനമുദ്രാം കരൈര്‍
ബിഭ്രാണം കലയേ സദാ ഹൃദി മഹാശാസ്താരമാദ്യം വിഭും
____
ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം
___
ധ്യായേദുമാപതി രമാപതി ഭാഗ്യപുത്രം
വേത്രോജ്ജ്വലത്കരതലം ഭസിതാഭിരാമം
വിശൈ്വകവശ്യവപുഷംമൃഗയാവിനോദം
വാഞ്ഛാനുരൂപഫലദംവരഭൂതനാഥം
---------------
ഇനി പുരാണങ്ങളിലേക്ക് വന്നാൽ , രണ്ടു പുരാണങ്ങളിൽ ആണ് പ്രധാനമായും ശാസ്താ ഉത്ഭവ കഥ വിവരിച്ചിട്ടുള്ളത്. സ്കന്ദ പുരാണം , ബ്രഹ്മാണ്ഡ പുരാണം. സ്കന്ദ പുരാണനത്തിൽ ശങ്കര സംഹിതയിൽ ആണ് വളരെയേറെ ശാസ്താ പദ്ധതി പറയുന്നത്. സ്കന്ദപുരാണത്തിൽ ആസുര കാണ്ഡത്തിലാണ് ഈ പരാമർശം . ശങ്കര സംഹിത 70000 ശ്ലോകങ്ങൾ ഉണ്ട്. ശങ്കര സംഹിത മൂല രൂപം ഇപ്പോൾ ലഭ്യമല്ലെങ്കിലും, ചില ഭാഗങ്ങൾ മറ്റു പേരുകളിലായി തമിഴിൽ ലഭ്യമാണ്. ഉദാഹരണത്തിന്, കാച്ചിയപ്പ ശിവാചാര്യർ തമിഴിൽ എഴുതിയ സ്കന്ദകഥ തുടങ്ങിയവ. അദ്ദേഹം ജീവിച്ചിരുന്നത് 14 , 15 നൂറ്റാണ്ടിൽ ആണെന്ന് പറയുന്നു. ചുരുങ്ങിയത് 6 നൂറ്റാണ്ടു പഴക്കമുണ്ട്. ഇങ്ങനെ അനേകം ഗ്രന്ഥങ്ങളിൽ ശാസ്താവിന്റെ സ്വരൂപവർണ്ണനം ഉണ്ട്. ഇത്രയും ആഴവും പരപ്പും ഉള്ള ഒരു ദേവതാ സ്വരൂപ ഭാവത്തിന്റെ ആരോ പിടിച്ചു നിൽക്കാൻ തന്ന ഒരു ധ്യാനം വെച്ച് ഇത്ര വലിയ ഒരു ചോദ്യം ചോദിച്ചത് തന്നെ വിഷയത്തിൽ ഉള്ള ബോധം എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കാം. പലപ്പോഴും താങ്കളെ പോലുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ വിഡ്ഢിത്തം പുലമ്പുമ്പോൾ മിണ്ടാതെ ഇരുന്നത് ആവർത്തന വിരസത ഒന്ന് കൊണ്ട് മാത്രമാണ്. ഇപ്പോൾ നൽകിയ ഉത്തരം ഇവിടെ കുറച്ചു ആൾക്കാർ ഉണ്ടെന്നു കാണിക്കാൻ വേണ്ടി മാത്രം.
************************************************
2) “ധ്യായേൽ ചാരുജടാനിബദ്ധ മകുടം...” എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കിൽ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തർക്ക് അറിയാൻ അവകാശം ഉണ്ട്.
ഉത്തരം :ഈ ചോദ്യത്തിലൂടെ തന്നെ താങ്കളുടെ രണ്ടാമത്തെ മണ്ടത്തരം പുറത്ത് വന്നു. മന്ത്രം എന്നത് ശാസ്ത്രപ്രകാരം അതീവ രഹസ്യവും ഗുഹ്യാതിഗുഹ്യവും ആണ്. മന്ത്രം മനുഷ്യന്റെ ഗുണവർണ്ണങ്ങൾക്കനുസരിച്ച് പോലും വ്യത്യാസമായാണ് കൊടുക്കാറുള്ളത്. കാരണം എല്ലാവരുടെയും ചിന്ത മുതൽ സർവവും വ്യത്യസ്തമാണ്. ഓരോ മനുഷ്യനിലും ഉള്ള ചലന ഭാവം അനുസരിച്ച് ഗുരുവാണ് നിശ്ചയിക്കുക ഏതു മന്ത്രം ആണ് ശിഷ്യൻ ജപിക്കേണ്ടത് എന്ന്. അതിനു ശാസ്ത്രം അനവധി വിധികൾ കല്പിച്ചിട്ടുണ്ട്. യാജ്ഞവല്ക്യ സംഹിതയിൽ മന്ത്ര ശാസ്ത്രത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു.
"യേ തദ് ഗോപ്യം മഹാഗോപ്യം നദേയം യസ്യ കശ്ചിദ് "
അതീവ രഹസ്യമാണ് എന്നു ശാസ്ത്രം പറയുന്നു. ഇപ്രകാരം ലിഖിതങ്ങളും അലിഖിതങ്ങളുമായ കോടാനുകോടി മന്ത്രങ്ങളുണ്ട്. പൂർവസൂരികൾ കൊടുത്ത ആ ദീപം അജ്ഞതയുടെ മാറാല ബാധിക്കാത്ത പൂർവ്വീകരേയും, സമ്പ്രദായത്തെയും പൈതൃകത്തേയും സ്വജീവൻ പോലെ കാണുന്ന തലമുറകൾ, ഗുരുപരമ്പരകൾ ഇവിടെയുണ്ട്. മന്ത്രങ്ങൾ അങ്ങനെ യോഗ്യതയില്ലാത്ത വ്യക്തികൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന് ശാസ്ത്രം പറയുന്നു. കാരണം മന്ത്രശബ്ദത്തിനു രഹസ്യഭാഷണം എന്ന അർഥം കൂടിയുണ്ട്. അതുകൊണ്ടാണ് ദേവതയുടെ താദാത്മ്യം പ്രാപിക്കാൻ രഹസ്യഭാഷണം ആചാര്യന്മാർ ഉപയോഗിച്ചത്. ഇപ്രകാരം ഗുരു ശിഷ്യന് , അല്ലെങ്കിൽ പൂർവികമായി ഉപാസിക്കുന്ന മന്ത്രങ്ങൾ അടുത്ത തലമുറയിൽ ആർക്കെങ്കിലും, ക്ഷേത്രങ്ങളിലെ തന്ത്രി പൂജകന് , സമ്പ്രദായങ്ങൾ നിലനിർത്താൻ ഇങ്ങനെ അനവധി വഴികളിലൂടെ ഈ രഹസ്യഭാഷണം പകർന്നു കൊണ്ടിരിക്കുന്നു. ഇന്നും ഇങ്ങനെ സാമ്പ്രദായികമായ ഉപയോഗിച്ച് വരുന്ന മന്ത്രങ്ങൾ ബീമാനെച്ചിക്ക് ബീമാനത്തിൽ കയറിയത് പോലെ ഈസിയായി കിട്ടുമെന്ന് ധരിച്ചത് തന്നെ മഹാമണ്ടത്തരം. ഇനി ഇതിന്റെ മൊത്തം എസ്സെൻസ് എടുത്ത് പറഞ്ഞാൽ ഇതൊക്കെ കേൾക്കാനും അറിയാനും ചില ക്വാളിറ്റി നിശ്ചയിച്ചിട്ടുണ്ട്. മിനിമം പൂർവസൂരികളിൽ വിശ്വാസമെങ്കിലും വേണം . അങ്ങനെ വഴിയിലൂടെ നടക്കുന്നവനും മനസ്സിലെ രാഷ്ട്രീയവൈരം തീർക്കാനും പൈതൃകത്തെ അപഹസിക്കുന്നവനും പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നവനും അറിയാനുള്ളതല്ല ഇത്തരം അനുഷ്ടാനസംബന്ധികൾ എന്ന് ഓർമ്മിപ്പിക്കുന്നു.
************************************************
3) പട്ടബന്ധം ധരിച്ചിരിക്കുന്നത് കൊണ്ടാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്നതെങ്കിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ സ്വാമി ഇതേ രൂപത്തിൽ പട്ടബന്ധം ധരിച്ചാണ്...അവിടെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടല്ലോ.
ഉത്തരം :ആദ്യം നമുക്ക് എന്താണ് നൈഷ്ഠിക ബ്രഹ്മചര്യം എന്നത് ശാസ്ത്രം പറയുന്നത് നോക്കാം
കീർത്തിതാവുപ കുർവ്വണാ നൈഷ്ഠികാവിതി ഭേദത:
ബ്രഹ്മചര്യത്തിന്റെ രണ്ടു ഭാവങ്ങൾ ആണു ഉപകുർവ്വണ, നൈഷ്ഠിക. ഉപകുർവ്വണ വിദ്യാഭ്യസിച്ചു കൊണ്ടുള്ള ബ്രഹ്മചര്യം. നൈഷ്ഠികം പഠിച്ചത് പ്രവർത്തിച്ചു കൊണ്ടുള്ള ബ്രഹ്മചര്യം
നൈഷ്ഠികോ ബ്രഹ്മചാരി തു
വസേദാചര്യ സന്നിധൗ
നൈഷ്ഠിക ബ്രഹ്മചാരി ഗുരുവിന്റെ വീട്ടിൽ അഥവാ ഗുരുവിൽ വിലയം പ്രാപിക്കുക എന്നർത്ഥം അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിക്കാനുള്ള കാരണം മറ്റൊന്നല്ല. ഗുരു മന്ത്രം പ്രാണൻ ദേവതാ എന്ന ചതുർവിധ ഐക്യാനുസന്ധാനം ആകുന്നു. പരമമായ മോക്ഷം എന്ന അവസ്ഥ ഒരു താന്ത്രിക സാധകൻ ലഭിക്കുന്ന മഹത്തായ മോക്ഷം. ഇപ്രകാരം ശാസ്താവ് എന്ന പരമശിവൻ അയ്യപ്പനുടെ ഗുരുവും ദേവതയും ആകുന്നു എന്ന് സുവ്യക്തം
അനേന വിധിനാ ദേഹം സാദയന്വിജിതേന്ദ്രിയഃ |
ബ്രഹ്മലോകമവാപ്നോതി ന ചേഹാജായതേ പുനഃ ||
നൈഷ്ഠിക ബ്രഹ്മചര്യം സർവ്വ ഇന്ദ്രിയങ്ങളെയും അടക്കി ബോധം തിരോധാന ഭാവത്തിൽ നിൽക്കുകയും മറു ജന്മത്തിൽ നിന്നുള്ള മോചനം ചിന്തിച്ചു കൊണ്ടുള്ള സാധനയെ ആകുന്നു
ആഹുതാധ്യായി സർവ്വഭൈക്ഷം നിവേദ്യ തദനുഞ്ജയാ ഭുൻജ്ജിത |
ഖട്ടശയന ദന്ത പ്രക്ഷാളനാഭ്യൻ ജന വർജ്ജ:തിഷ്ടെത് അഹിനാ രാത്രവാസിത
ഗുരു നൽകുന്നത് എന്തോ അത് ആഹരിക്കുക മെത്തകൾ ശയിക്കാൻ ഉപയോഗിക്കാൻ പാടില്ല .പല്ല് തേയ്ക്കാൻ പ്രകൃതി ദത്തമായ വഴിയിലൂടെ ഇന്നത്തെ ഓയിലുകൾ പെർഫയൂംസ് എന്നിവ ഉപയോഗിക്കാൻ പാടില്ല രാത്രിയും പകലും പഠനം ആണു മുഖ്യം
വിജിതേന്ദ്രിയഃ ഇന്ദ്രിയവിജയേ വിശേഷ പ്രയത്നനവാൻ ബ്രഹ്മചാരി
നൈഷ്ഠികബ്രഹ്മചാരി സകല ഇന്ദ്രിയങ്ങളെയും അടക്കാനും അവയെ നിയന്ത്രിക്കാനുള്ള കഴിവ് നേടാനുള്ള പ്രയത്നം ആണു അവന്റെ സാധന
ഇങ്ങനെ നൈഷ്ഠിക ബ്രഹ്മചര്യത്തെ കുറിച്ച് സ്മൃതികളിലും ഉപനിഷദ് മുതലായ ഗ്രന്ഥങ്ങളിലും വളരെ വിശേഷമായി പറയുന്നുണ്ട്
അതായത് ഉപകുർവ്വണ, നൈഷ്ഠിക, യോഗപട്ട, എന്നിവ ഓരോ അവസ്ഥയെ സൂചിപ്പിക്കുന്നു ഉപകുർവ്വണ എന്നത് പഠനവും നൈഷ്ഠിക എന്നത് സാധനയും യോഗാപട്ട എന്നത് അനുഭൂതിയും എന്ന് അർത്ഥമാക്കുന്നത് ആണു. അതിനാൽ യോഗപട്ട ബന്ധിച്ചാൽ ബാഹ്യലോകം വിട്ടകന്നു എന്ന ഭാവത്തിൽ ആകുന്നു എന്ന് എന്റെ ഗുരുനാഥൻ പറഞ്ഞു തന്നത് ഓർമ്മ ഉണ്ട്. അതായത് ക്ഷേത്രപ്രതിഷ്ഠ എന്നത് പ്രതിഷ്ഠിക്കുന്ന ആചാര്യന്റെ ബോധതലം എപ്രകാരം ആണോ ഉള്ളത് ആ എനർജി ലെവലിൽ നിന്ന് കൊണ്ട് മാത്രമേ ദേവതാ ചൈതന്യം രൂപീകരിക്കാൻ കഴിയു. "എന്നിൽ ഉള്ളത് മാത്രമേ കൊടുക്കാൻ സാധിക്കു" അപ്പൊൾ ക്ഷേത്രസങ്കല്പദേവതാ എന്നത് ചില പരിമിതികൾ ഉള്ളതാണ്. അതായത് സൃഷ്ടിച്ചത് മനുഷ്യൻ. പരിപാലിച്ചത് മനുഷ്യൻ. അവയിലൂടെ മുന്നോട്ടു പോകുന്നതും മനുഷ്യൻ. അവയുടെ ഗുണദോഷങ്ങളും മനുഷ്യന് തന്നെ. അപ്പോൾ സൃഷ്ടാവിന്റെ ബോധതലം എപ്രകാരമാണോ അതായിരിക്കും ദേവതാ.
വിഗ്രഹ പ്രതിഷ്ഠ സങ്കൽപം
"വിശേഷേണ ഗ്രാഹയതി ഇതി വിഗ്രഹ"
വിശേഷണമായ വസ്തു (ഈശ്വരൻ) വിനെ അറിയാനുള്ള ഉപാധി ആണു വിഗ്രഹം
ഇങ്ങനെ പരിമിതമായ ഒരു ശക്തിയെ പൂർണ്ണദേവതാസങ്കല്പപ്രമാണത്തിൽ വിലയിരുത്തിയാൽ എങ്ങനെ ഉത്തരം കിട്ടും. അതായത് ഉപകുർവ്വണയ്ക്ക് അദ്ധ്യയനം, നൈഷ്ഠികത്തിനു സാധന, യോഗപട്ടയ്ക്ക് പൂർണ്ണത ഇപ്രകാരം ആണു ഭാവം. യോഗപട്ട ധരിച്ച ഭാവം കാലത്തിനു അതീതമായതിനാൽ സ്ത്രീ നിഷിദ്ധം അല്ല എന്നാൽ നൈഷ്ഠിക ബ്രഹ്മചര്യം ധരിച്ചാൽ അസാധ്യം ആകുന്നു.
അയ്യപ്പന്റെ കൺട്രോൾ ടെസ്റ്റ് ചെയ്യാൻ വരുന്ന വ്യക്തികൾ ഒന്നറിയുക എന്തിനാണ് സ്ത്രീ പ്രവേശനം പാടില്ല എന്ന് പറയുന്നത് എന്നാൽ
ക്ഷേത്രം ദേവതാസങ്കല്പം എന്നീ തത്വങ്ങളുടെ എസ്സൻസ് ആചാര അനുഷ്ടാനം ആണ്. അതായത് ആചാര അനുഷ്ടാനം ഇല്ലങ്കിൽ ക്ഷേത്രവും ദേവതാ സങ്കല്പവും ഇല്ല. അതിനാൽ ഓരോ ക്ഷേത്ര സങ്കൽപവും അതാതിന്റെ ആചാര അനുഷ്ടാനങ്ങളിൽ നിക്ഷിപ്തമാണ്. തികച്ചും ആചാരപരമായ അനുഷ്ഠാനപരമായ ഒരു രീതി മാത്രമാണ്. അല്ലാതെ അവിടെ ഉള്ള ദേവതയുടെ ശക്തിക്കു ഇതൊന്നും പ്രശ്നം ആയത് കൊണ്ടല്ല. മറ്റൊരർത്ഥത്തിൽ ശബരിമലയിൽ സ്ത്രീ കയറിയത് കൊണ്ടോ ആറ്റുകാലിൽ ആണുങ്ങൾ പൊങ്കാല ഇട്ടത് കൊണ്ടോ ശാസ്താവിനും ആറ്റുകാലമ്മയ്ക്കും ഒരു പ്രശ്നം ഇല്ല. ആചാരസംബന്ധിയായ ആ എസ്സൻസ് നഷ്ടപ്പെടും എന്നത് കൊണ്ട് തലമുറകൾ ഇന്നും ഭയഭക്തിയോട് കൂടി കാണുന്ന ദേവതാ ക്ഷേത്രങ്ങൾ അതാതു ദേശ കാലമനുസരിച്ചുള്ള ആചാര അനുഷ്ഠാനത്തിന്റെ പാരമ്പര്യം പേറുന്ന സങ്കേതങ്ങൾ ആണ്.
************************************************
4) നൈഷ്ഠിക ബ്രഹ്മചാരി ആയ സന്ന്യാസി ആണ് പ്രതിഷ്ഠ എങ്കിൽ സാത്വിക ഭാവമായിരിക്കണം. മുല്ല, പിച്ചി തുടങ്ങിയ മാദക പുഷ്പങ്ങൾ നിഷിദ്ധം ആയിരിക്കണം. പക്ഷേ ശബരിമലയിൽ അങ്ങനെ ഇല്ല. പോരാത്തതിന് ഉഗ്രമൂർത്തികൾക്ക് നിവേദിക്കുന്ന പാനകം അത്താഴ പൂജയ്ക്ക് നിവേദിക്കുന്നു.
ഉത്തരം :കേരളപൂജാവിധിയിൽ പൂജ പുഷ്പ വിധികൾ പറയുന്നത് "പുഷ്പ പ്രകരണം" എന്ന ഗ്രന്ഥത്തിൽ ആണു അല്ലാതെ ചില ഗ്രന്ഥങ്ങൾ സാരമായി ഈ വിധി പ്രതിപാദിച്ചിട്ടുണ്ടങ്കിലും അധികമായി പൂർണ്ണ വിധിയോട് കൂടി പുഷ്പപ്രകരണത്തിൽ ആണു പറഞ്ഞിട്ടുള്ളത്. തന്ത്ര ശാസ്ത്ര പ്രകാരം ശബരിമലയിൽ മുല്ലയും പിച്ചിയും ഉപയോഗിക്കാൻ ഒരു തടസ്സം ഇല്ല. കാരണം ശാസ്ത്രപ്രകാരം പ്രാമാണികമായി ദേവന്റെ ഗുണങ്ങൾക്കനുസരിച്ചു പൂജിക്കുന്നതും ഇല്ലാത്തതും ആയ പുഷ്പ വിധികൾ പറഞ്ഞിട്ടുണ്ട്. ഇനി സാത്വിക ഭാവമെന്നാൽ നെയ് പഞ്ചാര കുട്ടൻ എന്നർത്ഥമില്ല വിഷയത്തിലുള്ള പൂർണ്ണതയും അവയെ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള കഴിവും വേണ്ടത് വേണ്ടപോലെ കൊടുക്കാനും വാങ്ങാനും ഉള്ള കഴിവിനെയും സാത്വിക ഭാവം എന്ന് പറയുന്നു .
**********************************************
5) മൂലബിംബം പട്ടബന്ധം ധരിച്ചാണ്. പക്ഷേ ഉത്സവബിംബമോ? തികച്ചും യൗവനയുക്തനായ, കിരീടവും അമ്പും വില്ലും ധരിച്ച ധർമ്മശാസ്താവ്. രണ്ടു ഭാവവും തമ്മിൽ പുലബന്ധം പോലുമില്ല.
ഉത്തരം: അതിൽ അതിശയോക്തി ഉണ്ടാകേണ്ട ആവശ്യം ഇല്ല. കേരളത്തിൽ ഉള്ള ഒട്ടനവധി ക്ഷേത്രങ്ങളിൽ പറഞ്ഞു വന്നാൽ 90% ക്ഷേത്രങ്ങളിലും മൂല ബിംബ പ്രകാരം അല്ല തിടമ്പ് രൂപം. തിടമ്പ് പുറത്തേയ്ക്ക് എഴുന്നെള്ളിക്കാൻ ആണു ഉപയോഗക്കുന്നത്. പ്രത്യേകിച്ച് പള്ളിവേട്ട .ഉത്സവ ബലി, ഗ്രാമബലി, ഗ്രാമപ്രദക്ഷിണം എന്നിവയ്ക്കും ശീവേലി ആദി ക്രിയകൾക്കും ആണു ഉപയോഗിക്കുക. അതിന്റെ ക്രിയാഭാഗം പൊതുവെ ചരിത്രപരമായോ പുരാണകഥ സന്ദര്ഭവുമായോ ബന്ധമുണ്ടാവുന്നതും കാണാം. ചിലയിടങ്ങളിൽ ഉദാഹരണത്തിന് അയ്യപ്പൻ വേട്ടയ്ക്ക് പോകുന്ന ഭാവമായി ആകാം. യുദ്ധത്തിന് പോകുന്നതായി ആകാം. ചിലയിടങ്ങളിൽ ഗ്രാമബലികൾക്കായി പോകുമ്പോൾ വീരന്മാരായി ജീവഹത്യ ചെയ്തവർക്കും ഗ്രാമബലിയിൽ ബലി തൂവുന്നതിനു പ്രമാണം ഉണ്ട്. അപ്രകാരം തിടമ്പ് മൂലബിംബല്ല വെയ്ക്കാറു. യുദ്ധദേവതാ സങ്കല്പവും വേട്ടസങ്കല്പവും ആകും. ഇവിടെ ഈ രണ്ടു സങ്കൽപം ചേരുന്നത് തന്നെ ""വീര ശ്രീ രംഗ ഭൂമി " എന്ന ധ്യാനം യുദ്ധദേവത സങ്കൽപം ആണു. "മാർത്താണ്ഡ ഉജ്വല സദൃശ്യം, എന്ന ധ്യാനം വേട്ടയ്ക്ക് പോകുന്നതിനും ഉദുക്കുന്ന ധ്യാനം തന്നെ. ഇങ്ങനെ തിടമ്പ് എപ്രകാരം വേണം എന്നതിന് താന്ത്രിക പ്രമാണം ഉണ്ട് . തന്ത്ര സമുച്ഛയാദി ഗ്രന്ഥങ്ങൾ മലയാളത്തിൽ ലഭ്യമാണ് വായിക്കാം .
**********************************************
6) രാഹുൽ ഈശ്വർ എപ്പോഴും വാദിക്കുന്നത് ശബരിമലയിൽ അയ്യപ്പൻ ആണ് ധർമ്മശാസ്താവ് അല്ല എന്ന്. എങ്കിൽ എന്തിനാണ് ധ്വജത്തിൽ ധർമ്മശാസ്താവിന്റെ വാജി വാഹനം? പതിനെട്ടാം പടിക്ക് ഇരുവശവും ധർമ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയും എന്തിനാണ്?
ഉത്തരം: ദേവതാസങ്കൽപം ഓരോ കലകളിൽ വസിക്കുന്ന ശക്തി വിശേഷമാണ്. ഓരോ ശക്തികൾക്കും അംഗ ഉപാംഗ പ്രത്യംഗ ദേവതാ എന്ന ഉപമൂർത്തി ശക്തികളും ബലി ദേവതകളും ദ്വാസദൻമാരും ധ്വജദേവതകൾ അകത്തേയും പുറത്തെയും ബലിവട്ടങ്ങളിലും ശീവേലിയിൽ ഹവിസ്സു തൂവുന്ന കല്ലുകളിലും ദേവതയ്ക്കനുസരിച്ചു ഉപദേവതാ ശക്തികൾക്കു വ്യത്യാസം ഉണ്ട്. ശാസ്താവ് എന്ന ശക്തിയിൽ അയ്യപ്പൻ എന്ന യോഗി വിലയം പ്രാപിച്ചതാണ്. സനാതന ധർമ്മത്തിൽ രണ്ടു വിധം ആരാധന ഉണ്ട് ഒന്ന് സാങ്കല്പികം മറ്റൊന്ന് ചരിത്രപരം. ശിവൻ, വിഷ്ണു, ദേവി, ശാസ്താവ്, ഗണപതി, മുരുകൻ എന്നീ ദേവതകൾ സാങ്കല്പിക ദേവതകൾ ആണു അതായത് അനിർവചനീയമായ ശക്തിയെ സാധാരണ മനുഷ്യനിലേയ്ക്ക് എത്തിക്കാൻ ഉള്ള സൃഷ്ടി ആകുന്നു ഈ സങ്കൽപം. എന്നാൽ ചരിത്രപരമായ ഈശ്വര സങ്കൽപം ഉണ്ട്. കൃഷ്ണൻ, ബലരാമൻ, രാമൻ, പരശുരാമൻ. അയ്യപ്പൻ തുടങ്ങിയ ദേവതകൾ. ഇപ്രകാരം ഉള്ള ദേവതകൾക്കു മൂലദേവതയുടെ പ്രകരണം ആണു എടുക്കാറ് എന്ത് കൊണ്ടെന്നാൽ വിലയം പ്രാപിച്ചത് അയ്യപ്പൻ ശാസ്താവിലോട്ടു ആയതു കൊണ്ട്. ഉദാഹരണം: ഗുരുവായൂർ അടക്കം ഉള്ള ക്ഷേത്രത്തിൽ ചതുർബാഹു വിഷ്ണു സങ്കല്പത്തിൽ ആണു പൂജ. ചുരുക്കം ചില നരസിംഹ ക്ഷേത്രം ഒഴിച്ചാൽ എല്ലായിടവും വൈഷ്ണവമായെ പൂജിക്കാറുള്ളു. കാരണം മുൻപ് സൂചിപ്പിച്ച ദേവന്റെ അംഗ ഉപാംഗ പ്രത്യംഗ ദേവതകളും മറ്റു ശക്തികളും മൂല ദേവതയുടെ എടുക്കാനേ വിധിയുള്ളു. ക്ഷേത്രം സംബന്ധിയായ വാഹനം ധ്വജത്തിന്റെ മുകളിലും ദേവന്റെ മുൻപിലും ആയിരിക്കും. അല്ലാതെ ഉള്ള മൃഗരൂപം അലങ്കാര ഗണത്തിൽ പെടുന്നതാണ്. ഇവിടെ കുതിര എടുത്തിരിക്കുന്നത് മൂലദേവതപ്രകാരം ആണു .
************************************************
7) പതിനെട്ടാം പടിക്ക് താഴെ കറുപ്പ് സ്വാമി യും കറുപ്പായി അമ്മയും ഉണ്ട്. കറുപ്പായി അമ്മ സ്ത്രീ അല്ലേ?
ഉത്തരം: കറുപ്പായി അമ്മ എന്നാണല്ലോ ചോദ്യം തന്നെ. മാതൃസ്ഥാനത്താണ്. സ്ത്രീകൾക്ക് കയറാൻ പാടില്ല എന്നല്ല മറിച്ചു പ്രായ പരിധി ഉണ്ടെന്നാണ് ആചാരം.
********************************************
8)ഏറ്റവും പ്രധാനമായി ശബരിമല ധർമ്മശാസ്താവിന്റെ തിരുവാഭരണപ്പെട്ടി തുറന്ന് കാണിക്കൂ. അതിൽ പൂർണ്ണ പുഷ്ക്കല വിഗ്രഹം ഉണ്ടല്ലോ. മകരസംക്രമ സന്ധ്യയിൽ അതും വിഗ്രഹസമീപം വയ്ക്കാറുണ്ട്ല്ലോ. അപ്പോൾ നൈഷ്ഠികബ്രഹ്മചര്യം എവിടെ പോകുന്നു.
ഉത്തരം: തിരുവാഭരണപെട്ടിയിൽ ഉള്ളത് ഭൂതഗണങ്ങളുടെ വിഗ്രഹങ്ങളാണ്. ആരോ നിങ്ങളെ പോലെ പൂർണ പുഷ്കല എന്ന് പറഞ്ഞുണ്ടാക്കിയതാണ്. മാത്രമല്ല യോഗിയായ ദേവനു പൂർണ്ണ പുഷ്കല സമേതമായ വിഗ്രഹം വയ്ക്കാനോ അതോ പൂർണ്ണ പുഷ്കല വിധാനത്തിലുള്ള വിഗ്രഹം മാറ്റി യോഗഭാവ പ്രതിഷ്ഠ നടത്തി ജന്മാന്തരങ്ങൾ ഉള്ള പാപം അറിഞ്ഞു കൊണ്ട് വാങ്ങാൻ മാത്രം ബുദ്ധിശൂന്യർ അല്ല പന്തളം രാജ വംശം എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ചെയ്തത് കൊണ്ട് അവർക്കു നഷ്ടമേവരികയുള്ളൂ എന്നതിനാൽ അവർ എന്തിന് അത് ചെയ്യണം? അപ്പൊൾ ഈ ചോദ്യത്തിനും അടിസ്ഥാനം ഇല്ല.
*********************************************
9) ഹരിവരാസനത്തിലും പുത്രനെ വർണ്ണിക്കുന്നുണ്ട് .
ഹരിവരാസനം ക്ഷേത്ര സംബന്ധിച്ച് ഉള്ളതല്ല. അത് മഹാശാസ്തൃ ഭജനം ആണ്. ഒരു ഭക്തന്റെ നിവേദ്യം മാത്രമാണ്. അത് ക്ഷേത്ര ആചാര അനുഷ്ഠാന പ്രമാണവുമായി ബന്ധമില്ല
****************************************
10) ക്ഷേത്രം മലയരന്മാരുടേതാണോ ?
വിശദമായി പഠിച്ച ശേഷമേ പറയാൻ പറ്റൂ.പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്
അയ്യപ്പൻ ശാസ്താ വിഗ്രഹത്തിൽ ആണല്ലോ വിലയം പ്രാപിച്ചത്. മലഅരയരുടെ ഉപാസനാമൂർത്തികൾ ആയിരുന്നു ശാസ്താവും മാളികപ്പുറത്തമ്മയും. ശാസ്താവ് എന്നാൽ കിരാത മൂർത്തിയായ ശിവൻ ആകുന്നു. ദേവി കിരാത പാർവ്വതിയും. താന്ത്രിക പ്രമാണം അനുസരിച്ചു രണ്ടു ദേവതകളെ ആണ് വനമൂർത്തി ആയി കണ്ടു വരുന്നത്. കിരാത മൂർത്തി ശാസ്താവ്, വേട്ടയ്ക്കൊരു മകൻ, വേട്ടയ്ക്കാരൻ എന്നിങ്ങനെ പറയുന്ന ദേവനെയും വനദുര്ഗ്ഗാ, ഭ്രമാരാംബിക, മഞ്ചംബിക, കിരാത പാർവ്വതി എന്ന് വിളിക്കുന്ന ദേവിയെയും. ഇവർ വനമൂർത്തികൾ ആയതിനാൽ നാട്ടിൽ പ്രതിഷ്ഠിക്കുമ്പോൾ ശ്രീകോവിലിന്റെ മുകളിൽ തുറന്നിടണം എന്ന് നിയമം ഉണ്ട് .
രണ്ടും മലഅരയരുടെ ഉപാസന മൂർത്തികൾ ആയിരുന്നു. മലയരയർ സ്വന്തമായി പൂജയും മറ്റും പഠിച്ചവരും ഒരു കാലഘട്ടം വരെ ഉയർന്ന ജീവിത സാഹചര്യം ഉണ്ടായിരുന്നവരും ധനികരും ആയിരുന്നു. പാണ്ഡ്യവംശജർ ആയ ഇവർ അതികഠിനമായ ശാക്തേയമായ ആരാധന സമ്പ്രദായം ചെയ്തിരുന്ന ക്ഷത്രിയർ ആയിരുന്നു. പിന്നീട് പല ഭാഗങ്ങൾ ആയി പിരിഞ്ഞു എന്നാണ് ചരിത്രം. ഇവരുടെ ശാക്തേയ മൂർത്തികൾ ആയിരുന്നു ശാസ്താവ് (ഭൈരവൻ) വനദുർഗ്ഗാ (ഭൈരവി). പൂജാവിധികൾ പറഞ്ഞ ഗ്രന്ഥം (മഹാകാല ഭൈരവ സംഹിത). ശാക്തേയമായി ആരാധനയിൽ ബലിയും മറ്റും ചെയ്താണ് ഇവർ പൂജിച്ചിരുന്നത്. അയ്യപ്പൻ താന്ത്രിക,ശാക്തേയ ഉപാസകൻ ആണു എന്നതിന് തർക്കം ഇല്ല. അല്ലാതെ ഒരിക്കലും വിലയം പ്രാപിക്കാൻ സാധ്യമല്ല. അപ്രകാരം തന്റെ തപശക്തിയാൽ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചതാണ്. മലയരയർക്ക് വെളിച്ചപ്പാടായും മകരജ്യോതി ആരതി ചെയ്യാനും ഉള്ള അവകാശം കൊടുത്തിരുന്നതായി രേഖകൾ ഉണ്ട്. തേനഭിഷേകം നടന്നിട്ടുണ്ടാകാം. എന്നാൽ ഇന്ന് കാണുന്ന ക്ഷേത്രത്തിൽ അല്ല അവയൊന്നും നടന്നതെന്നും തെളിവുകൾ ഉണ്ട്. പൂർവികമായി ബലിയും മെല്ലാം ആചരിച്ചിട്ടുണ്ടാകാം. എന്നാൽ ഇന്ന് കാണുന്ന ക്ഷേത്രം കേരള താന്ത്രിക വിധിപ്രകാരം ആകുന്നു പൂജ. കേരളത്തിന്റെ പാരമ്പര്യം ശാക്തേയ ആരാധനയിൽ അധിഷ്ഠിതമാണെകിലും ചില ക്ഷേത്രങ്ങൾ പിൽക്കാലത്തു രാജ ശാസനത്താലോ ആചാര്യ വചനത്താലോ മാറ്റിയിട്ടുള്ളതായി കാണാം. ഇന്ന് കാണുന്ന ക്ഷേത്രം കേരള തന്ത്ര പൂജയിൽ അധിഷ്ടിതമാണ്
****************************************
11.മാളികപ്പുറത്തമ്മ അയ്യപ്പൻറെ പ്രണയിനിയും അമ്മയും ഒന്നുമല്ല - ദുർഗ അല്ലെങ്കിൽ കാളി -അതിനാണ് പൂജ. അവിടെ ആടിനെ അറുത്തു ബലി കൊടുത്തതിനു രേഖകൾ ഉണ്ട്. അപ്പോൾ കാട്ടു ദൈവങ്ങൾ ആണ് നീലിമലവാസനും കാളിയുമെന്നു കരുതേണ്ടി വരും.
ഉത്തരം: ഇതിന്റെ ഉത്തരത്തിന്റെ ഒരു ഭാഗം പത്താമത്തെ ചോദ്യത്തിന്റെ ഉത്തരത്തിൽ തന്നു കഴിഞ്ഞു. മാളികപ്പുറത്തമ്മ പരാശക്തി സങ്കൽപം ആണ്. ദുര്ഗ സങ്കല്പത്തിൽ ആണ് പൂജകൾ നടത്തുന്നത്. ബിംബ പ്രതിഷ്ഠ 1952ലെ തീപിടിത്തത്തിന് ശേഷം കണ്ഠര് മഹേശ്വരര് ആണ് നടത്തിയത്. അതിനു മുൻപ് വിളക്കു വച്ച് ആരാധന മാത്രമേ ഉണ്ടായിരുന്നുള്ളു.
മാളികപ്പുറത്തമ്മ കാമുകിയല്ല എന്ന് ഭൂതനാഥോപാഖ്യാനം വായിച്ച ഹിന്ദുവിനറിയാം .
ഭൂതനാഥ ഉവാച:
ഭദ്രേ ത്വമസി കല്യാണി മച്ഛക്തിരപി കന്യകേ
ജന്മനാ ബ്രഹ്മചാരിത്വം മമേഹാസ്തി ശുചിസ്മിതേ
തസ്മാത്ത്വം സഹജാ ഭൂത്വാ മാമകം മന്ദഗാമിനീ
ആഖ്യയാ മഞ്ചമാതേതി നിർജ്ജരൈരപി പൂജിതാ
മദ്വാമഭാഗതോ കിഞ്ചിദ്ദൂരമാശ്രിത്യ ഭൂതലേ
വസ വാമോരു ഭക്താനാം സുഖദേ സുസ്മിതാനനേ
(ഭൂതനാഥോപാഖ്യാനം മൂലം, ആറാം അദ്ധ്യായം)
കൃപാനിധിയായ ഭൂതനാഥൻ ദേവിയോട് പറഞ്ഞു: കല്യാണി ആയ ഭവതി എൻറെ ശക്തി തന്നെയാണ്. എന്നിരിക്കലും ഈ ജന്മം എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാൽ എന്റെ സഹജയായി (സഹോദരിയായി) മഞ്ചമാതാവെന്ന ധന്യമായ നാമത്തോടെ ദേവപൂജിതയായി ഭവതി ഞാൻ കുടികൊള്ളുന്നതിന്റെ അൽപം ദൂരെ ഇടത് ഭാഗത്തായി വസിച്ചാലും.
വ്യക്തമാണ്.
******************************************
12. ബ്രാഹ്മണിക് തന്ത്ര വിദ്യയിൽ പുന:പ്രതിഷ്ഠ നടത്തി പൂർണ്ണമായും നമ്പൂതിരി നിയന്ത്രണത്തിലാക്കാൻ വേണ്ടിയാണ് ശബരിമല ക്ഷേത്രം 1950ൽ അഗ്നിക്കിരയാക്കിയത്. അതു വരെ മലഅരയരുടെ അയ്യപ്പ സങ്കൽപ്പമായിരുന്ന പ്രതിഷ്ഠ; പുനപ്രതിഷ്ഠ നടത്തിയപ്പോൾ ശാസ്താ വിഗ്രഹ സങ്കൽപ്പമായി മാറ്റുകയും അയ്യപ്പൻ അതിൽ വിലയം പ്രാപിച്ചു എന്നും പ്രഖ്യാപിച്ചു. അതോടെ മലഅരയൻമാരെ അവിടന്ന് പൂർണ്ണമായും അടിച്ച് പുറത്താക്കി. അടുത്ത കാലത്തായി ധർമ്മ ശാസ്താവിന് പൂർണ്ണ - പുഷ്ക്കല എന്നീ ഭാര്യമാരുണ്ടെന്നും അച്ചൻകോവിലിലെ ധർമ്മശാസ്താ പ്രതിഷ്ഠ ഭാര്യാസമേതനാണ് എന്നും അങ്ങനെയുള്ള ധർമ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ എങ്ങിനെ യുവതികൾക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയും എന്ന ചർച്ച മുറുകിയപ്പോഴാണ് പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായപ്പോൾ ശബരിമല അയ്യപ്പ ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്ത്. അയ്യപ്പനെ നൈഷ്ടിക ബ്രഹ്മചാരിയാക്കി വീണ്ടും പ്രചരണം തുടങ്ങിയത്. തിരുവാഭരണത്തിൽ പൂർണ്ണ - പുഷ്ക്കല രൂപങ്ങൾ ഉണ്ട്.
ഉത്തരം: ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. ശബരിമല തീ വച്ചത് ആരാണെന്നു ഓരോ ഹിന്ദുവിനും അറിയാം. അത് കനലായി നെഞ്ചിനുള്ളിൽ ഇന്നും നിലനിൽക്കുന്നു. .ഹിന്ദു കാലത്തിനായി കാത്തു നിൽക്കാറില്ല എന്നോർമ്മ എല്ലാവർക്കും ഉള്ളത് നന്ന്. അവ ആളിക്കത്തിയാൽ നടക്കുന്നത് മറ്റൊന്നായിരിക്കും. ക്രിസ്ത്യൻ മതമൗലീകവാദികൾ അഗ്നിക്കിരയാക്കിയ ചരിത്ര തെളിവുകൾ മാറി മാറി വരുന്ന സർക്കാരുകൾ മനഃപൂർവം പൂഴ്ത്തിവച്ചു കൊണ്ടാണ് അയ്യപ്പോനോടുള്ള നന്ദി കാണിച്ചിരുന്നത്. ആരാണ് അഗ്നിക്കിരയാക്കിയതെന്നുള്ള അന്വേഷണ റിപ്പോർട്ട് ആണു ഭക്തന് അറിയേണ്ടത്. അല്ലാതെ ക്ഷേത്രത്തിലേ മന്ത്രവും ധ്യാനവും അല്ല. ക്ഷേത്രം തീവച്ചത് ആര്? എവിടെ അന്വേഷണ റിപ്പോർട്ട്? അതറിയാൻ ഭക്തന് അവകാശം ഉണ്ട്. എവിടെ ആ റിപ്പോർട്? അതിനു വേണ്ടി പ്രതികരിക്കാമോ? കാലങ്ങളായി കിട്ടിയ കോടാനുകോടികളിൽ നിയപ്രകാരമുള്ള ഹിന്ദുധർമ്മ പരിപാലനത്തിനായി കൊടുക്കേണ്ടുന്ന തിരുവിതാംകൂർ രാജാവിന്റെ ഉടമ്പടി പ്രകാരം ഉള്ള ധനം എവിടെ? ഏതു ഹൈന്ദവ കാര്യങ്ങൾക്കായി ആണു ആ പണം ചിലവഴിച്ചത്? ഹിന്ദു ധർമ്മ പരിപാലനവും മത പാഠ ശാലകൾ, സഹോദര ക്ഷേത്ര സഹായങ്ങൾ, കാവുകുളം സംരക്ഷണം എന്നിവയ്ക്കുള്ള സഹായങ്ങൾ, ശബരിമലയും ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളുടെ വിഹിതത്തിൽ നിന്നാണ് ചെയ്യേണ്ടത് എന്ന് നിയപ്രകാരം ഇത്ര ഇത്ര ധനം ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യേണം എന്ന് നിയമവ്യവസ്ഥ ഇരിയ്ക്കേ എന്ത് കൊണ്ട് ചെയ്തില്ല? നിയമപ്രകാരം നീക്കിവയ്ക്കുന്ന ഈ ധനം ആർക്കും കിട്ടിയതായി അറിവില്ല അതിനെതിരെ പ്രതികരിക്കേണ്ട? അതറിയാൻ ഭക്തന് അവകാശം ഉണ്ട്. ഹിന്ദു എവിടെ എല്ലാം ഉയർന്നിട്ടുണ്ടോ അവിടെ എല്ലാം ഈ ധർമ്മത്തെ തകർക്കാൻ പിച്ച ചട്ടിയുമായി ഇറങ്ങി ചില ആൾക്കാർ കാലാകാലങ്ങളിൽ ചെയ്തു കൊണ്ടിരിന്നു. ഇത് പോലെ നിയമപരമായി അറിയേണ്ട ആയിരകണക്കിന് ചോദ്യം ഇവിടുത്തെ ഓരോ ഹൈന്ദവനും മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു. അതിനുള്ള ഉത്തരമാണ് ഞങ്ങൾക്ക് അറിയേണ്ടത്. തരാൻ പറ്റുമോ? ഞങ്ങൾക്കറിയാം സ്വന്തം നാടിന്റെ പൈതൃകം കണ്മുന്നിൽ ചുട്ടെരിയുകാണ് എന്ന്. ഞങ്ങൾക്ക് ഞങ്ങളുടെ പൂർവ്വസൂരികളുടെ വചനത്തിൽ വിശ്വാസമുണ്ട്. ഈ ധർമ്മം നശിക്കില്ല. തെക്കു കുമാരിയും വടക്കു മഹാമേരുവും ഉള്ള കാലത്തോളം ശക്തിപീഠങ്ങളിൽ അമൃത ബിന്ദു തർപ്പണം ഉള്ള കാലത്തോളം ഈ നാടിന്റെ പൈതൃകത്തെ നശിപ്പിക്കാൻ കഴിയില്ല ഒരു ശക്തിക്കും. ചിരപുരാതനവും നിത്യനൂതനവുമാണ് എന്റെ ധർമ്മം. എന്ന് കരുതി ഞങ്ങൾ പ്രതികരിക്കാതെ ഇരിക്കില്ല. അവസാന ശ്വാസം വരെയും ഞങ്ങൾ പൊരുതും എല്ലാ രീതിയിലും. കാരണം ഓരോ ഹിന്ദുവിലും ക്ഷാത്രവീര്യം ഉണ്ട്. അവൻ ഭീരു അല്ല. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും അതിനുവേണ്ടി പ്രതികരിക്കാതെ ക്ഷേത്രത്തിലെ മന്ത്രവും ധ്യാനവും ഭക്തന് അറിയിച്ചു കൊടുക്കാനുള്ള ബീമാനേച്ചിയുടെ ധൃതിയും ചേതോവികാരവും മനസ്സിലാകുന്നുണ്ട്. ബാക്കി കാലം തെളിയിക്കട്ടെ. എന്തായാലും ഹിന്ദുവിനെ ഉദ്ധരിക്കാൻ ആണു ബീമനേച്ചിയുടെ ഉദ്ദേശം എങ്കിൽ ആദ്യം മുകളിൽ ഉള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത് ഭക്ത ജന സമക്ഷം എത്തിക്കുക.
ശാക്തേയ ഉപാസകരായ സഹോദരങ്ങളോട് അഭ്യർത്ഥന.
പൂർവ്വികാചാരത്തിൽ നിന്ന് ശാക്തേയത്തിലേക്ക് വന്നത് ഒരു മാറ്റം. ശാക്തേയത്തിൽ നിന്ന് തന്ത്രമാർഗ്ഗത്തിലേക്ക് (കേരള) വന്നത് മറ്റൊരു മാറ്റം. കാലാനുസൃതമായ ചില മാറ്റങ്ങൾ വന്നിരുന്നു എന്നത് സത്യം. കേരളത്തിന്റെ പാരമ്പര്യം ശാക്തേയത്തിൽ അധിഷ്ടിതമാണ്. എന്നാൽ അത് ശബരിമല പോലെ ഉള്ള ഒരു ക്ഷേത്രത്തിൽ അല്ല കൊണ്ട് വരേണ്ടത്. കാരണം ശബരിമല എന്നത് ഹൈന്ദവ വിശ്വാസികളുടെ സാകേതം ആണു. ഹൈന്ദവ വിശ്വാസികൾ ശൈവം ശക്തം വൈഷ്‌ണവം തുടങ്ങിയ അനവധി ആചാരങ്ങളിൽ ഉള്ളവർ കൂടി ഉള്ളതാണ്. യുക്തിപരമായി ചിന്തിച്ചാൽ ശബരിമല എന്നപോലെ ഉള്ള പൊതുവായ മത ക്ഷേത്രത്തിൽ അല്ല. നിങ്ങൾ ചിന്തിക്കുക. മറിച്ചു ശാക്തേയം നിൽനിർത്തേണ്ടത് കുടുംബ ക്ഷേത്രങ്ങളിലും കാവുകളിലും ആണ്. വർഷത്തിൽ നൂറുകണക്കിന് കാവുകളിൽ ആണ് ആചാരധ്വംസനം നടക്കുന്നത്. അവിടെ ആണു ശബ്ദം പോങ്ങേണ്ടത്. ധർമ്മത്തിനെതിരായി പ്രവർത്തിച്ച ചുരുക്കം ചിലരുടെ പ്രഹസനം കണ്ടു ചില ആളുകൾ അയ്യപ്പന്റെ ഇഛ ആണന്നു പറഞ്ഞവർ ലക്ഷകണക്കിന് അമ്മമാർ തെരുവിലിറങ്ങി നാമം ജപിച്ചതും പ്രതികരിച്ചതും തല്ലുകൊണ്ടതും സർവ്വം മറന്നുകൊണ്ട് അയ്യപ്പന് വേണ്ടി പൊരുതിയതും കാണാതെ പോകുകയും അത് അയ്യപ്പന് പറയാനുള്ളത് ഭക്തരിലൂടെ പറഞ്ഞത് ആണന്നു ധരിക്കാതെ പോയല്ലോ എന്ന് ചെറിയ വേദനായാൽ നിർത്തുന്നു. ചതിക്കുഴികൾ അനവധി ഉണ്ട് അറിയാതെ പോലും ഹിന്ദു വീഴരുത്.
ദേശസ്യ രാഷ്ട്രസ്യ കുലസ്യരാജ്ഞാ
കാരൊതു ശാന്തിം ഭഗവാൻ കുലേശ
തയ്യാറാക്കിയത്: സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക് ഹെറിറ്റേജിലെ തന്ത്രികാചാര്യൻ & Bodhi Dutta
------------------------------------------------------------------------------
പ്രസ്താവന:
ഇവിടെ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ തർക്കമുള്ളവർക്ക് മറുപടി നൽകാൻ ഞാൻ അശക്തനാണ്. ഫേസ്ബുക്കിലെ പോസ്റ്റുകളുടെ ലിങ്ക് മുകളിൽ ചേർത്തിട്ടുണ്ട്. തർക്കങ്ങൾ അവിടെ ഉന്നയിക്കാവുന്നതാണ്. ഭാവിയിൽ റഫറൻസിനായി ആർക്കും ഉപയോഗിക്കാമെന്നുള്ള സൗകര്യം ഉള്ളതിനാൽ ഈ ലേഖനങ്ങൾ ഇവിടെ പകർത്തിയതാണ്. ഒറിജിനൽ ലേഖനത്തിലേതിൽ നിന്നും ചില വാചകങ്ങളുടെ ഘടനയിൽ അർത്ഥവ്യത്യാസം വരുത്താതെ മാറ്റം വരുത്തിയിട്ടുണ്ട്.
ഈ ആർട്ടികൾ എഴുതിയത് ഞാൻ ആണ് 2018 ഇൽ ബോധി ദത്ത എന്ന സുഹൃത്ത് പറഞ്ഞപ്പോൾ എഴുതിയത് ആണ് എന്ന് മാത്രം. ഞാൻ ആണ് SITH ആചാര്യൻ
ReplyDeleteവളരെ നന്ദി
Delete