Showing posts with label Corruption. Show all posts
Showing posts with label Corruption. Show all posts

Tuesday, 3 April 2018

സത്യപ്രതിജ്ഞയും ധൂർത്തും

പിണറായി വിജയൻ മന്ത്രി സഭയിലെ രണ്ട് എൻ സി പി മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയ പണവും അത് സംബന്ധിക്കുന്ന കണക്കിലെ പൊരുത്തക്കേടുകളും സംബന്ധിക്കുന്ന ന്യൂസ് 19 കേരളം ചാനൽ റിപ്പോർട്ടാണ് ഈ പോസ്റ്റിനു ആധാരം

തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായ
തുകയുടെ വിശദാംശങ്ങൾ
പൂച്ചയ്ക്കുട്ടിയ്ക്ക് പിന്നാലെ മുരണ്ടു നടന്ന് ശൃംഗാരവർത്തമാനം പറഞ്ഞ് എൻ സി പിയുടെ മന്ത്രമ്യായ ശ്രീ എ കെ ശശീന്ദ്രൻ മന്ത്രി രാജിവെച്ചതിനെ തുടർന്ന് എൻ സി പിയിൽ നിന്നും മന്ത്രിപദമേറ്റ കുവൈറ്റ് ചാണ്ടി എന്ന തോമ ചാണ്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സർക്കാർ ഖജനാവിൽ നിന്നും പൊടിച്ചത് 5,98,510രൂപ. സംഗതി രാജ് ഭവന്റെ പുറത്ത് ലക്ഷങ്ങൾ ചെലവാക്കി പ്രത്യേകം പന്തലൊക്കെ ഇട്ട് തോമസ് ചാണ്ടിയുടെ അന്തസ്സിനു (സർക്കാർ ഖജനാവിൽ പൂച്ചപെറ്റുകിടക്കുവാണെങ്കിലും ആ കുറവൊന്നും ഏറ്റവും ധനികനായ എം എൽ എമാരിൽ ഒരാളായ തോമസ് ചാണ്ടിയുടെ; അതും എൻ സി പി എന്ന 'ദേശീയപാർടിയ്ക്ക്' ഇന്ത്യയിൽ ആകെയുണ്ടാകാൻ പോകുന്ന ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ആഡംബരത്തിനു തടസ്സമാവരുതല്ലൊ) യോജിച്ച വിധത്തിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പിണറായി നടത്തിക്കൊടുത്തു. അങ്ങനെ ആർഭാടമായി അധികാരം ഒക്കെ ഏറ്റെടുത്ത് ചാണ്ടി അങ്ങനെ മുന്നോട്ട് പോകുമ്പോഴാൺ് കായൽ കൈയ്യേറ്റവും തുടർന്നുള്ള വിവാദങ്ങളും. അങ്ങനെ ചാണ്ടിച്ചനു ആറുമാസത്തിനുള്ളിൽ തന്നെ ഗതികെട്ട് രാജിവെച്ച് പോകേണ്ടി വന്നതൊക്കെ ചരിത്രം. 

എ  കെ ശശീന്ദ്രന്റെ രണ്ടാംവട്ട സത്യപ്രതിജ്ഞയ്ക്ക് ചിലവായ
തുകയുടെ വിശദാംശങ്ങൾ
പിന്നെ നമ്മൾ കണ്ടത് ഒരു ഓട്ടമത്സരം ആയിരുന്നു. ചാണ്ടിച്ചനും കണ്ടൻപൂച്ചയും തമ്മിൽ. ആരാദ്യം കോടതിയിൽ നിന്നും നിരപരാധിത്വം സ്ഥാപിച്ച് വരുന്നുവോ അയാൾക്ക് മന്ത്രിസ്ഥാനം. ഇതായിരുന്നു പിണറായിയുടെ നിലപാട്. പിന്നത്തെ കഥയൊക്കെ പറയാതെ തന്നെ എല്ലാവർക്കും അറിയാല്ലൊ. സുപ്രീംകോടതിയിൽ പോയി ചാണ്ടിച്ചൻ പെട്ടതും ആ നേരം കൊണ്ട് വിജലൻസ് കോടതി കണ്ടൻപൂച്ചയെ വിട്ടയക്കും അന്നായാപ്പോൾ ചാണ്ടിച്ചന്റെ പി എ യുടെ മക്കളെ നോക്കാൻ നിന്ന മഹാലക്ഷ്മി വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും കേസുമായി പോയതും ഒക്കെ. എങ്ങനെ ഒക്കെ പല പ്രതിബന്ധങ്ങളും കടന്ന് മത്സരത്തിൽ ജയിച്ചത് കണ്ടൻപൂച്ച ആയിരുന്നു.

എന്തായാലും ചാണ്ടിച്ചന്റെ പോലെ കോടികളുടെ ആസ്ഥിയൊന്നും പ്രഖ്യാപിക്കാത്ത ആളായതുകൊണ്ട് ഇത്തവണ കണ്ടൻപൂച്ചയുടെ സത്യപ്രതിജ്ഞ ഒതുക്കത്തിൽ രാജ് ഭവന്റെ ഉള്ളിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. പക്ഷെ എങ്ങനെയൊക്കെ ഒതുക്കിയിട്ടും ചടങ്ങു കഴിഞ്ഞപ്പോൾ സർക്കാർ ഖജനാവിനു ചെലവ് 4,74,452 രൂപ. പിന്നെ ആശംസകൾ അറിയിക്കാനുള്ള ബൊക്ക വാങ്ങിയ വകയിൽ ടൂറിസം വകുപ്പിനു ഒരു ഇരുപതിനായിരം രൂപ വേറേം ചെലവായി. സത്യപ്രതിജ്ഞയ്ക്ക് ചെലവായ നാലേമുക്കാൻ ലക്ഷത്തിൽ മൂന്നേമുക്കാലും ഇല്ലാത്ത പന്തൽ കെട്ടിയ വകയിൽ ആണെന്നതാണ് മറ്റൊരു രസകരമായ കാര്യം. 

കണ്ടൻപൂച്ച ഇട്ടേച്ചു പോയ വീട് ചാണ്ടിച്ചൻ മോടിപിടിപ്പിച്ചതും, കണ്ടൻപൂച്ച തന്നെയാണോ മുരണ്ടതെന്ന് അന്വേഷിക്കാൻ വച്ച കമ്മീഷനു കൊടുത്തതും ഒക്കെ വേറെ ചിലവ്. എന്നാലും മുണ്ടുമുറുക്കേണ്ടത് നമ്മൾ സാധാരണ ജനം തന്നെ. കർഷകപെൻഷൻ വിതരണം മുടങ്ങീട്ട് ഏഴുമാസം. കെ എസ് ആർ ടി സി യ്ക്ക് രണ്ട് മന്ത്രിമാർ ആർഭാടമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിടത്തെ പെൻഷൻ മുടങ്ങി ആളുകൾ ആത്മഹത്യചെയ്യുകയും മരുന്നുമേടിക്കാൻ പണമില്ലാതെ അലയുകയും ആയിരുന്നു. സത്യപ്രതിജ്ഞാ ചെലവുകൾ സംബന്ധിക്കുന്ന ന്യൂസ് 18 റിപ്പോർട്ട് ചുവടെ ചേർക്കുന്നു.


Sunday, 23 October 2016

കാട്ടിലെ തടിയും ജയരാജൻ മന്ത്രിയും



ചിറ്റപ്പൻ ജയരാജൻ സ്വന്തം നാട്ടിലെ ക്ഷേത്രപുനരുദ്ധാരണത്തിനു 1050 ഘന മീറ്റർ തടിവേണം എന്ന ക്ഷേത്രം കമ്മറ്റിക്കാർ നൽകിയ അപേക്ഷ സ്വന്തം ലറ്റർ പാഡിൽ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയത് സംബന്ധിച്ച് എ എൻ ഷംസീർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, ഇതേ ചോദ്യം തന്നെയാണ് മറ്റുപലരും ചോദിക്കുന്നതും. ചോദ്യം ഇതാണ്

"എന്താണ് ജയരാജൻ ചെയ്ത തെറ്റ്? അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും കുറേപ്പേർ നൽകിയ അപേക്ഷ വനം മന്ത്രിക്ക് ഫോർവേഡ് ചെയ്തതോ? ജയരാജന്റെ കുടുംബത്തിന് അങ്ങനെ ഒരു ക്ഷേത്രം സ്വന്തമയുണ്ടോ എന്നത് അന്വേഷിക്കാൻ എങ്കിലും അന്വേഷണാത്മക മാധ്യമപ്രവർത്തകർ വാർത്ത പടച്ചുണ്ടാക്കുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ടതയിരുന്നു."

ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്. മന്ത്രിയുടെ ഓഫീസ് പോസ്റ്റ് ഓഫീസ് അല്ല. തനിക്ക് കിട്ടുന്ന കത്തുകൾ നേരെ കൈമാറിയാൽ പോര, അത് സ്വന്തം കവറിങ്ങ് ലെറ്ററോടെ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോ എന്നത് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയ്ക്കുണ്ട്. വാർത്തയുടെ സത്യാവസ്ഥ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കണം എന്ന് പറയുന്നവർ, ഈ കത്തിൽ പരാമർശിക്കുന്ന 1050 ഘന മീറ്റർ മരം ആവശ്യമാണെന്ന വസ്തുതയുടെ സത്യാവസ്ഥ മന്ത്രി അന്വേഷിച്ചോ എന്നത് അന്വേഷിക്കത്തത് എന്തുകൊണ്ട്? തന്റെ പക്കൽ ഇത്തരത്തിൽ ഒരു ആവശ്യം വന്നപ്പോൾ അതിൽ പറയുന്ന പ്രകാരം 1050 ഘനമീറ്റർ (ക്യുബിക് മീറ്റർ) മരം ആവശ്യമുണ്ടെന്നത് വാസ്തവമാണോ എന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത മന്ത്രിയ്ക്കില്ലെ? അതന്വേഷിക്കാതെ തനിക്കു കിട്ടിയ ലെറ്റർ കവറിങ്ങ് ലെറ്ററോടെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയ ഇ പി ജയരാജൻ വനംവകുപ്പ് മന്ത്രിയേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലെ? വാർത്തകൾ അനുസരിച്ച് ഈ ക്ഷേത്രത്തിന്റെ പുനരിദ്ധാരണക്കമ്മറ്റിയിൽ ഉള്ളവർ മന്ത്രിയ്ക്ക് അറിയാവുന്നവരോ ബന്ധുക്കളോ ആണ്. സ്വന്തക്കാരുടെ വാക്കുകൾ വിശ്വസിച്ച മന്ത്രി കാര്യങ്ങൾ ശരിയായി അന്വേഷിക്കാതെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയായിരുന്നു. ഇത് സ്വജനപക്ഷപാതം അല്ലാതെ മറ്റെന്താണ്?