Showing posts with label Bus Service. Show all posts
Showing posts with label Bus Service. Show all posts

Thursday, 4 January 2018

ബസ്സുകളിലെ വാതിലുകൾ




ഇന്നത്തെ മനോരമയിൽ നിന്നുള്ള വാർത്ത. കൊച്ചിയിൽ ഇത്തരം വാർത്തകൾ ഇതിനു മുൻപും ധാരാളം കേട്ടിട്ടുണ്ട്. വാതിൽ ഇല്ലാത്ത ബസ്സിൽ നിന്നും തെറിച്ചു വീണ് ആളുകൾ മരിക്കുന്നത് സംബന്ധിച്ച്. ഇവിടെ അത് ഗർഭിണി ആയിപ്പോയി. അവർ മരിക്കുകയും അവരുടെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തു. തീർത്തും സങ്കടകരം തന്നെയാണ് ഇത്തരത്തിലുള്ള ഓരോ മരണവും.

പല സുഹൃത്തുക്കളും ആ സ്ത്രീയ്ക്ക് സീറ്റ് ലഭിക്കാഞ്ഞതുകൊണ്ടാണ് അപകടം എന്ന് പറയുന്നത് കണ്ടു. സീറ്റ് ലഭിച്ചിരുന്നു എങ്കിൽ അവർ അപകടത്തിൽ പെടില്ലായിരുന്നു. മറ്റാർക്കെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ഇവിടെ വിഷയം ഡോർ ഉണ്ടായിട്ടും അത് തുടന്നിട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു ബസ്സുകളിൽ ഡ്രൈവർ പ്രവർത്തിപ്പിക്കുന്ന ന്യുമാറ്റിക് ഡോറുകൾ വേണമെന്ന ആവശ്യത്തിനു സർക്കാരുകൾ മുഖം തിരിക്കുന്നതാണ് ഇവിടെ പ്രധാനപ്രശ്നം. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് സർക്കാർ ആണെന്ന് ഞാൻ പറയും. കൃത്യമായി പറഞ്ഞാൽ ഉമ്മൻ ചാണ്ടി സർക്കാർ. പിന്നെ ഇപ്പോഴത്തെ വിജയൻ സർക്കാരും എറണാകുളം ആർ ടി എ കൊച്ചിയിൽ ഇത്തരം അപകടങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാ ബസ്സുകൾക്കും വാതിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ബസ്സുടമകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയെ സമീപിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി എറണാകുളം ആർ ടി എ യുടെ ഈ തീരുമാനം സ്റ്റേ ചെയ്തു. നിയമം അങ്ങനെ പറയുന്നില്ല അത്രെ. അതിനെതിരെ എറണാകുളം ആർ ടി എ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എങ്കിലും അന്നത്തെ സർക്കാർ അനുവദിച്ചില്ല. നിയമം ഇല്ലാത്തതിനാൽ ഹൈക്കോടതിയിൽ പോയിട്ടും കാര്യമില്ല എന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ വർഷം ആറുകഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ കരുതി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറല്ല. എല്ലാ ബസ്സുകൾക്കും ഡ്രൈവർ ഓപ്പറേറ്റഡ് ന്യുമാറ്റിക് ഡോർ സ്ഥാപിക്കണം എന്നതാണ് എറണാകുളം ആർ ടി എയുടെ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ ഈ കേസ് നിലവിൽ പെന്റിങ്ങാണ്. അതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു.

സീറ്റു സംവരണം എന്നത് ഈ വിഷയത്തിൽ പരിഹാരമേ അല്ല. എളുപ്പം ഇങ്ങനെ ഓരോ സീറ്റ് സംവരണം നൽകി ആളുകളെ സുഖിപ്പിക്കലാണല്ലൊ. നിലവിൽ 60% അധികം സംവരണം ഉണ്ട് ബസ്സിലെ സീറ്റുകൾക്ക്. ആകെ സംവരണം 50% കൂടുതൽ ആവരുതെന്ന നിർദ്ദേശം ബസ്സിലെ സീറ്റുകളുടെ കാര്യത്തിൽ ബാധകമല്ലെന്ന് തോന്നുന്നു. തോന്നിയ പടി എല്ലാവർക്കും സംവരണം ചെയ്തുകൊടുത്താൽ മതിയല്ലൊ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് ആദ്യം 5% സ്ത്രീകൾക്കും 5% പുരുഷന്മാർക്കും എന്നാക്കി. പിന്നെ അത് 10% വീതമാക്കി (G. O. (P)No.11/2013/Tran Dated 13/02/2013) . അതുപോലെ ഭിന്നശേഷിക്കാർക്ക് 2.5% സ്ത്രീ, 2.5% പുരുഷൻ (G. O.(P)No.5/2012/Tran Dated 02/02/2012). അമ്മയും കുഞ്ഞും ഒരു സീറ്റ്. ഇപ്പോൾ ദാ ഗർഭിണിയ്ക്കും 1 സീറ്റ് ഉണ്ടത്രേ. ജനറൽ സീറ്റുകൾ ഇത്ര ശതമാനം വേണം എന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടോ ആവോ? പല സ്വകാര്യബസ്സുകളിലും സംവരണസീറ്റുകൾ കഴിഞ്ഞാൽ ആകെ നാലു അല്ലെങ്കിൽ ആറ് സീറ്റാണ് ബാക്കി പൊതുവിഭാഗത്തിനായി അവശേഷിക്കുക. പെർമിറ്റിൽ പറയുന്ന അത്രയും സീറ്റുകൾ ഇല്ലെങ്കിൽ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവാറും ഇല്ല. പൊതുസീറ്റുകൾ കുറവുള്ള പല ബസ്സുകളെക്കുറിച്ചു ഞാൻ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായി കണ്ടില്ല.

Saturday, 29 October 2016

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.


അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾഡിൾ കപ്പലുകൾ വന്നാൽ അന്ന് ഗോശ്രീ റോഡിൽ ഉള്ളവർക്ക് കഷ്ടപ്പാടാണ്. കണ്ടെയ്നർ ടെർമിനലിൽ നിന്നും വരിവരിയായി ലോറികൾ പുറത്തേയ്ക്ക് വരുന്നതും അവ ഗോശ്രീ റോഡിനെ മുറിച്ച് വളയ്ക്കുന്നതും നിറയെ ലോഡുമായി ഇഴഞ്ഞിഴഞ്ഞ് പാലങ്ങൾ കയറുന്നതും ചെറീയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കണ്ടെയ്നർ ലോറികൾ ടെർമിനലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സ്ഥലത്തു തന്നെ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതും ഗതാഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനെല്ലാം പുറമെ വാഹനങ്ങൾ കേടാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ പിന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാകും ഫലം. ഏറ്റവും തിരക്കേറിയ വൈകീട്ടും രാവിലേയും ഉള്ള സമയത്ത് കണ്ടെയ്നർ ഗതാഗതം നിരോധിക്കണം എന്ന ആവശ്യത്തോടെ അതിനാൽ തന്നെ പൂർണ്ണമായി യോജിക്കുന്നു.

Thursday, 20 October 2016

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. 

(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്) 

Sunday, 16 October 2016

പറവൂർ - കളമശ്ശേരി മെഡിക്കൽ കോളേജ് ബസ്

പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു?
പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ V D Satheesan Mla മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്തുന്ന സർവ്വീസ് ആളുകുറവാണ്. എന്നാൽ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്നവരും ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും ആയി പലർക്കും മെഡിക്കൽ കോളേജിൽ നിന്നുള്ള അവസാനത്തെ സർവ്വീസ് എന്ന നിലയിൽ 7:10നു മെഡിക്കൽ കോളേജിൽ നിന്നുള്ള സർവ്വീസ് വലിയ ഉപകാരപ്രദം തന്നെ ആണ്. അതുകൂടാതെ കളമശ്ശേരി ഭാഗത്തുനിന്നും മുപ്പത്തടം, എടയാർ, പാനായിക്കുളം, കൊങ്ങോർപ്പിള്ളി എന്നിവിടങ്ങളിലേയ്ക്ക് എത്തേണ്ടവർക്കും ഈ സർവ്വീസ് അനുഗ്രഹം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി രാവിലെ ഉള്ള ഒരു സർവ്വീസ് മാത്രമാണ് നടത്തുന്നത്. ഞാൻ ഉൾപ്പടെ കളമശ്ശേരിയിൽ ജോലിചെയ്യുന്ന പലരും ഈ ബസ്സിന്റെ ലാസ്റ്റ് ട്രിപ്പിലെ യാത്രക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർവ്വീസ് നിറുത്തലാക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിലുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.A. K. SaseendranCollector, Ernakulam ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Friday, 23 May 2014

ഇനി എന്ത്?

എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ ട്രിപ്പുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ നടത്തുന്ന സമരങ്ങൾ ഞാൻ എന്റെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നല്ലൊ. അതിന്റെ തുടർച്ചയാണ് ഇത്. പറവൂർ ജോയിന്റ് ആർ ടി ഒ ഈ വിഷയത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ അന്വേഷണം സംബന്ധിക്കുന്ന റിപ്പോർട്ട് ഒന്നും പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും ലഭിക്കാത്തതിനാൽ ആണ് ഉത്തരം തരാൻ നിർവ്വാഹമില്ലാത്തതെന്നും ആർ ടി ഒയ്ക്ക് നൽകിയ അപ്പിലിനുള്ള മറുപടിയിൽ പറയുന്നു. ഞാൻ ഉന്നയിച്ചിട്ടുള്ള പരാതിയിൽ പറയുന്ന ബസ്സുകൾ സർവ്വീസ് നടത്തുന്ന സ്ഥലം നോർത്ത് പറവൂർ ജോയിന്റ് ആർ ടി ഒയുടെ അധികാരപരിധിയിൽ ആയതിനാലാണ് അദ്ദേഹത്തോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. അങ്ങനെ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്ന ബസ്സുടമകൾക്കെതിരായി സ്വീകരിക്കുന്ന നടപടികൾ ആ ബസ്സിന്റെ പെർമിറ്റ് ഫയലിൽ ആണ് രേഖപ്പെടുത്തുകയത്രെ. അതല്ലാതെ അന്വേഷണവിവരങ്ങൾ സംബന്ധിക്കുന്ന പൊതുവായ ഒരു റിപ്പോർട്ട് ഇല്ലെന്ന് മറുപടിയിൽ പറയുന്നു. മറുപടി ഇങ്ങനെ അവസാനിക്കുന്നു "വിവരാവകാശനിയമം 2005 പ്രകാരം ചോദ്യാവലികൾക്കോ വ്യാഖ്യാനങ്ങൾക്കൊ സ്പഷ്ടീകരണങ്ങൾക്കൊ മറുപടി നൽകാൻ വ്യവസ്ഥയില്ല. എന്നിരുന്നാലും പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ വിശദീകരണം അംഗീകരിച്ച് താങ്കളുടെ അപ്പീൽ പരിഗണിച്ചതിൽ മേല്പറഞ്ഞ മേഖലകളിൽ രാത്രികാലങ്ങളിൽ അനധികൃതമായി സർവ്വീസ് നിറുത്തുന്ന ബസ്സുകളുടെ നമ്പർ സഹിതം പരാതിനൽകിയാൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചു കൊണ്ട് താങ്കളുടെ അപ്പീൽ തീർപ്പാക്കി ഇതിനാൽ ഉത്തരവാകുന്നു"

ഇനി എന്ത്? എന്നുള്ളതാണ് എന്റെ ചോദ്യം. ഞാൻ ആവശ്യപ്പെട്ടത് എന്റെ പരാതി പരിഗണിച്ച് ആർ ടി എ നകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആർ ടി എ സെക്രട്ടറികൂടിയായ എറണാകുളം ആർ ടി ഒ കൈക്കൊണ്ട നടപടികൾ സംബന്ധിക്കുന്ന വിശദാംശങ്ങൾ ആണ്. അന്വേഷണം നടത്താനും സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ അടിയന്തിരമായി ശിക്ഷാനടപടികൾ സ്വീകരിക്കാനും ആണ് ആർ ടി എ നിർദ്ദേശം നകിയത്. അതനുസരിച്ച്  അന്വേഷണം നടത്തിയിട്ടുള്ളത് നോർത്ത് പറവൂർ ജോയിന്റ് ആർ ടി ഒ ആണെങ്കിൽ ആ അന്വേഷണം സംബന്ധിക്കുന്ന വിശദാംശങ്ങൾ ലഭ്യമാക്കേണ്ട ചുമതല വിവരാവകാശനിയമം അനുസരിച്ച് എറണാകുളം ആർ ടി ഒയ്ക്ക് ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് നൽകാത്തത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെ? അന്വേഷണം നടത്തി ആ വിവരം പെർമിറ്റ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബാധ്യതയില്ലെ? .  ആർ ടി ഒ തന്ന മറുപടിയുടെ സ്കാൻകോപ്പി ചുവടെ ചേർക്കുന്നു.ആർക്കെങ്കിലും ഈ വിഷയത്തിൽ ശരിയായ മാർഗ്ഗനിർദ്ദേശം നകാൻ സാധിക്കും എങ്കിൽ സന്തോഷം.



ഈ വിഷയത്തിൽ അഖിലേന്ത്യാതലത്തിൽ വിവരാവകാശനിയമം അനുസരിച്ച് വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഒരു കൂട്ടം ആളുകളുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഞാൻ ഉന്നയിച്ച സംശയങ്ങൾകൂടി ഇവിടെ ചേർക്കുന്നു

I am writing this from the southern tip of India, Kerala. I am from Cochin. The public transport system in our state is dominated by private stage carriages. About 75% of buses operating in our state are dominated by private bus operators. The main problem we are facing in my place is most of these buses (Private and State owned RTC) do not ply after 9PM even though they supposed to operate till 10:30PM. Many complaints are lodged against these operators but authorities do not take strict action against them. At last one of my complaints was taken up by Ernakulam Regional Transport Authority (RTA) meeting held on 03/10/2013. RTA is responsible for fixing time schedule for various routes, approving permit to private as well as state owned transport corporation buses (KSRTC), fixing fare stages, hearing complaints against operation of buses. It is a three member body headed by district collector as chairman and deputy transport commissioner and district police superintendent as members.

The Ernakulam RTA meeting held on 03/10/2013 took my complaint for hearing and I presented my arguments before it. After the hearing RTA directed its Secretary (Regional Transport Officer, Ernakulam) to conduct an enquiry based on my complaint and take urgent action U/S 86(5) of Motor Vehicles Act against stage carriages curtailing trips violating permit condition.

There was no response for three months. Then on 17/02/2014 I filed an application under RTI Act 2005 to the PIO, Regional Transport Office, Ernakulam through which I requested to furnish the details of enquiry conducted as per the RTA direction, details of buses which were found curtailing trips and details of actions taken against these buses U/S 86(5) of MV Act as directed by RTA. I got a reply from PIO RT Office Ernakulam on13/03/2014 saying that “Officer concerned is directed to conduct enquiry in this matter and take necessary actions against these buses. But no information regarding the enquiry is available at this office. Action will be taken once the report is submitted” This reply was not satisfactory for me and I filed an appeal to RTO, Ernakulam (who is also Secretary RTA to whom the RTA has given direction to conduct enquiry) on 05/04/2014.

Today (22/05/2014) I got a reply for my appeal from RTO Ernakulam. The reply is dated 16/05/2014 and was posted on 21/05/2014. It says that “your place comes under the North Parur joint RT Office. A copy of RTA decision was forwarded to North Parur Joint RTO and he was directed to conduct an enquiry as per the RTA direction. But no common report from North Parur Joint RTO was received at this office. Details of actions taken against buses curtailing trips will be noted on the permit file of individual bus. No such files of buses operating in your region are maintained at RT Office Ernakulam. There was no report available from North Parur Joint RTO about details of actions taken. That was why PIO replied that details of action taken are not available.” It also says that “As per Right to Information Act 2005 no replies are to be given if the information asked for is questionnaires, explanations and clarifications. Even though, accepting the explanation form PIO your appeal is considered and assure you that strict action will be taken against buses curtailing trips if complaints are given with bus number, your appeal is disposed herewith

Now I want to know the following.

Can I give appeal against the decision of RTO Ernakulam. I asked details regarding the enquiry conducted on my complaint (it was not any questionnaire, explanation or clarification) . If any enquiry was conducted by North Parur Joint RTO there will be a report at North Parur Joint RT Office who is a junior officer of the same department and as per RTI Act 2005 RTO Ernakulam is liable to collect the report from his subordinate officer and give it to me. 

Or the other better option is to give a fresh RTI application at North Parur Joint RT Office asking the details of enquiry done as per the direction of Secretary RTA Ernakulam. Can you give me proper guidance in this matter?

Monday, 24 March 2014

ആർ ടി എ അന്വേഷണം

എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള എന്റെ പരാതികൾ ഞാൻ മുൻപും എന്റെ ബ്ലോഗിൽ പലവട്ടം ഉന്നയിച്ചിട്ടുള്ളതാണല്ലൊ. ഇത്തരത്തിൽ ഞാൻ എറണാകുളം ആർ ടി എ മുൻപാകെ ഒരു പരാതി നൽകിയിരുന്നു. 03/10/2013-ൽ ചേർന്ന എറണാകുളം ആർ ടി എ യോഗം എന്റെ പരാതി പരിഗണിക്കുകയും താഴെ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശം നൽകുകയും (Supplementary Item-16) ചെയ്തു.
Heard and perused the complaint filed by Mr. Manikantan, Ooradil Kamalabhavanam, Kuzhuppilly, Ayyampillyregarding the curtailment of night services inrespect stage carriages including KSRTC on the routes Njarakkal-Cherai-Paravoor, Vypin-Pallippuram and Cherai-Njarakkal. Secretary RTA is directed to conduct enquiry on complaint and take urgent action U/S 86(5) of MV Act against  such carriages curtialing trips violating permit condition.
ഈ നിർദ്ദേശത്തിൽ ആർ ടി ഒയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള തുടർനടപടികൾ അറിയുന്നതിനായി 17/02/2014-ൽ വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ മൂന്നുകാര്യങ്ങൾക്കുള്ള മറുപടിയാണ് അഭ്യർത്ഥിച്ചിരുന്നത്.
  1. ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ
  2. മേല്പറഞ്ഞ അന്വേഷണത്തിൽ കണ്ടെത്തിയ സർവ്വീസ് റദ്ദാക്കുന്ന സ്വകാര്യബസ്സുകളെയും കെ എസ് ആർ ടി സി ബസ്സുകളേയും സംബന്ധിക്കുന്ന വിവരങ്ങൾ
  3. രാത്രികാലസർവ്വീസുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ ആർ ടി എ നിർദ്ദേശം അനുസരിച്ച് മേട്ടോർ വാഹനനിയമം 86(5) അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ള ശിക്ഷാനടപടികൾ സംബന്ധിക്കുന്ന വിശദവിവരങ്ങൾ
ഈ അപേക്ഷയുടെ മറുപടി കഴിഞ്ഞ ദിവസം ലഭിച്ചു. അത് ചുവടെ ചേർക്കുന്നു.

വിവരാവകാശനിയമം അനുസരിച്ച് ലഭിച്ച മറുപടി
  1.  1&2 ഈ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതുമായി സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങൾ ഈ ഓഫീസിൽ ലഭിച്ചിട്ടില്ല
  2.  3 റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നതാണ്.
എന്റെ സംശയം ഇതാണ് ജില്ലാകളക്‌ടർ അദ്ധ്യക്ഷനും, മദ്ധ്യമേഖലാ ട്രാൻസ്പോർട്ട് കമ്മീഷണർ, എറണാകുളം റൂറൽ എസ്പി എന്നിവർ അംഗങ്ങളും ആയുള്ള ആർ ടി എ യുടെ ഒരു ഉത്തരവ് നടപ്പാക്കുന്നതിൽ എന്തുകൊണ്ട് ഇത്രകാലതാമസം ഉണ്ടാകുന്നു. ബസ്സുകളുടെ സർവ്വീസ് റദ്ദാക്കലിനെകുറിച്ചുള്ള വാർത്തകൾ ഇപ്പോഴും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്വേഷണം നടത്തി സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾ കണ്ടെത്തുക എന്നത് അത്ര വിഷമം പിടിച്ച പദ്ധതിയല്ല. അനുവദിക്കപ്പെട്ടിരിക്കുന്ന 23 തിരുകൊച്ചി സർവ്വീസുകളിൽ 11 എണ്ണം മാത്രമേ സർവ്വീസ് നടത്തുന്നുള്ളു എന്ന് കെ എസ് ആർ ടിസി തന്നെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആർ ടി ഓഫീസിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലാത്തതിനാൽ അപ്പീൽ നലകാനാണ് തീരുമാനും. കൂടാതെ ആർ ടി എയുടെ ഉത്തരവിൽ ഇതുവരെ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന വസ്തുത ബഹുമനപ്പെട്ട എറണാകുളം ജില്ലാകളക്‌ടറുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഉദ്ദേശിക്കുന്നു.  ഈ വിഷയത്തിൽ ഞാൻ മുൻപ് എഴുതിയ ബ്ലോഗുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുന്നു.

Saturday, 18 January 2014

വിവരാവകാശം - അല്പം പ്രതീക്ഷ നൽകുന്ന വാർത്ത.

ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടുകൊണ്ട് ആർ ടി ഓഫീസിൽ കൊടുത്ത വിവരാവകാശ അപേക്ഷയിൽ അത്തരം വിവരം സൂക്ഷിച്ചുവെച്ചിട്ടില്ല എന്ന മറുപടികിട്ടിയത് ഞാൻ കഴിഞ്ഞ ബ്ലോഗ്‌പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലൊ. ഈ വിഷയത്തിൽ മറ്റൊരു വിവരാവകാശ അപേക്ഷയും അതിനു കിട്ടിയ മറുപടിയിൽ ഒരു അപ്പീൽ അപേക്ഷയും നൽകിയിരുന്നു. ഇതിൽ അപ്പീൽ പരിഗണിച്ച ആർ ടി ഒ ബസ്സുകളുടെ സമയ വിവരപ്പട്ടിക തയ്യാറാക്കിവെയ്ക്കാൻ പബ്ലിക് ഇൻഫോർമേഷൻ ആഫീസർക്ക് നിർദ്ദേശം നൽകിയതായുള്ള മറുപടി കിട്ടിയുണ്ട്.
വിശദമായ വായന്യ്ക്ക് ദയവായി എന്റെ പുതിയ ബ്ലോഗ് സന്ദർശിക്കുക. നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി.

Saturday, 21 September 2013

ബസ്സുകളുടെ സമയക്രമം ആർ ടി ഓഫീസിൽ ലഭ്യമല്ല!

എറണാകുളം ജില്ലയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയക്രമം എറണാകുളം ആർ ടി ഓഫീസിൽ അന്വേഷിച്ചാൽ കിട്ടും എന്നായിരുന്നു എന്റെ ധാരണ. ഇനി നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ ഒരു ധാരണ ഉണ്ടെങ്കിൽ അതുമാറ്റാൻ സമയമായി. കാരണം അങ്ങനെ സമയക്രമം 'ക്രോഡീകരിച്ച്' വയ്ക്കുന്ന സമ്പ്രദായം ആർ ടി ഓഫീസിൽ ഇല്ലത്രെ! എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനി സമയക്രമം അറിയാൻ എന്തുചെയ്യണം? അതാണ് എന്റെ ചോദ്യം.

G7/188/2013/RTI/E റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എറണാകുളം തീയതി 11/09/2013

ഇനി അല്പം ചരിത്രം കൂടി പറയാം. ഞാൻ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ്. എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ നിന്നും സ്വകാര്യബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളുമായി മുന്നൂറിനടുത്ത് ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. രാത്രി 10:10വരെ ഹൈക്കോടതി ജങ്ഷനിൽ നിന്നും ഈ റൂട്ടിൽ ബസ്സ് സർവ്വീസ് ഉണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി രാത്രി 8 മണിക്ക് ശേഷം ഈ റൂട്ടിൽ സർവ്വീസ് നടത്തേണ്ട പല ബസ്സുകളും സർവ്വീസ് നടത്തുന്നില്ല. കാരണം കുടിവെള്ളപൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത (കഴിഞ്ഞ ഏഴുവർഷമായി തകരാതെ കിടന്ന ഈ പാത സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്ന് ഹൈക്കോടതി വരെ പരാമർശിച്ചതാണ്. കുടിവെള്ള പൈപ്പുകൾക്കായി വെട്ടിപ്പൊളിക്കാത്ത ഭാഗങ്ങൾ ഇപ്പോഴും ഒരു തകരാറും ഇല്ലാതെ നിൽക്കുന്നുണ്ട്) സഞ്ചാരയോഗ്യമാക്കാത്തതു തന്നെ. ഇതുമൂലം രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങഷനിൽ നിന്നും ബസ്സിൽ കയറാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. വൈപ്പിനിൽ താമസിക്കുന്ന നല്ലൊരു വിഭാഗം ആളുകളും ജോലിയ്ക്കും പഠനത്തിനും ആശ്രയിക്കുന്നത് എറണാകുളം നഗരത്തെ ആണ്. ജോലിക്കാരിൽ നല്ലൊരു വിഭാഗം കുറഞ്ഞ ശംബളത്തിൽ എറണാകുളത്തെ വിവിധവാണിജ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും. ഇങ്ങനെയുള്ള ജനങ്ങൾ പലപ്പോഴും ബസ്സ് ലഭിക്കാതെ ഓട്ടോ റിക്ഷയിൽ ഇരുന്നൂറും മുന്നൂറും രൂപ മുടക്കിയാണ് രാത്രി വീടെത്തുന്നതുതന്നെ. സ്ഥിരമായി രാത്രി സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരെ പരാതി നൽകുക എന്ന ഉദ്ദേശത്തോടെ രാത്രി 8 മണിക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസ്സുകളുടെ വിവരം നൽകണം എന്ന് ആവശ്യപ്പെട്ട് ഞാൻ 16/08/2013 എറണാകുളം ആർ ടി ഓഫീസിൽ വിവരാവകാശനിയമപ്രകാരം അപേക്ഷനൽകി. അതിനുള്ള മറുപടിയാണ് മുകളിലെ ചിത്രം.ഈ മറുപടിയിൽ  ബസ്സുകളുടെ നമ്പർ സഹിതം അപേക്ഷിച്ചാൽ അവയുടെ സമയക്രമം അറിയിക്കാം എന്നാണ് പറയുന്നത്.  ബസ്സുകൾ ഏതൊക്കെ എന്നറിയാതെ എങ്ങനെയാണ് ഞാൻ അവയുടെ നമ്പർ വെച്ച് സമയക്രമം (ടൈം ഷെഡ്യൂൾ) നൽകാൻ ആവശ്യപ്പെടുക? കെ എസ് ആർ ടി സി ബസ്സുകളുടെ നമ്പർ എങ്ങനെ നൽകും? സാധാരണ വിവരാവകാശനിയമപ്രകാരം നൽകുന്ന മറുപടിയിൽ ആ മറുപടി തൃപ്തികരമല്ലെങ്കിൽ സമീപിക്കേണ്ട അപ്പെലറ്റ് അതോറിറ്റി ഏതെന്ന വിവരം രേഖപ്പെടുത്തിയിരിക്കും. ഇവിടെ അതും സൂചിപ്പിച്ചിട്ടില്ല.

Sunday, 30 June 2013

ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം


സുപ്രീംകോടതി ഉത്തരവിനെ മുൻനിറുത്തി സൺഫിലിം നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പോടെ സംസ്ഥാന മോട്ടോർ വാഹനവകുപ്പ പുറത്തിറക്കിയ നോട്ടീസാണ് ചിത്രത്തിൽ. നിയമം നടപ്പാക്കണം എന്ന ദൃഡനിശ്ചത്തെ തീർച്ചയായും അനുമോദിക്കുന്നു.ചില നിയമങ്ങൾ അനുസരിക്കേണ്ടതും ചിലത് അനുസരിക്കേണ്ടാത്തതും എന്ന അവസ്ഥ മാറണം. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിരവധി നിയമങ്ങൾ ഉണ്ട്. അതെല്ലാം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുന്നതിൽ ഇത്തരത്തിലുള്ള ഒരു ജഗ്രത വകുപ്പിൽ നിന്നും ഉണ്ടാകുന്നില്ല. അതിലൊന്നാണ് വലിയ വാഹനങ്ങളുടെ പരമാവധി വേഗത 60 കിലോമീറ്ററിൽ നിജപ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ്. ഇതും സുപ്രീംകോടതി ശരിവെച്ച ഒന്നാണ്. ഇത് ഉറപ്പുവരുത്തുന്നതിൽ എന്ത് നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്.

അതുപോലെ കൂടുതൽ ആളുകളെ കുത്തിനിറയ്ക്കുന്നതിനായി പെർമിറ്റ് പ്രകാരം ഉള്ള സീറ്റുകൾ ഇളക്കി മാറ്റി സർവ്വീസ് നടത്തുന്ന ബസ്സുകൾ ഉണ്ട്. പുതിക്കിയ സംവരണം അനുസരിച്ച് ഒരു ബസ്സിൽ 50% സീറ്റുകളും സംവരണം ചെയ്യപ്പെട്ടവയാണ് (25% വനിതകൾ, 10% മുതിർന്ന വനിതകൾ, 2.5% വികലാംഗരായവനിതകൾ 10% മുതിർന്ന പുരുഷ്ന്മാർ, 2.5% വികലാംഗരായ പുരുഷ്ന്മാർ ഇങ്ങനെ അകെ 50%). അതിനർത്ഥം സംവരണം ചെയ്യപ്പെടാത്ത മറ്റുള്ള സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളുടെ എണ്ണത്തിന് തുല്യമാവണം എന്നാണ്. എന്നാൽ പല ബസ്സുകളിലും പൊതുസീറ്റുകൾ 30% താഴെയാണ്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും മോട്ടോർവാഹനവകുപ്പ് യാതൊരു നടപടിയും എടുത്തിട്ടില്ല. ഇത്തരത്തിലുള്ള രണ്ട് ബസ്സുകൾക്കെതിരെ ഞാൻ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

രാത്രികാല സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരായ നടപടിയും ഇതുപോലെ തന്നെ. ഞാൻ യാത്രചെയ്യുന്ന വടക്കൻ പറവൂർ ഞാറയ്ക്കൽ റൂട്ടിൽ വിവരാവകാശനിയമപ്രകാരം എനിക്ക് നൽകിയ മറുപടി അനുസരിച്ച് രാത്രി 10 മണിയ്ക്ക് ശേഷവും സ്വകാര്യബസ്സുകൾക്ക് സർവ്വീസ് നടത്താൻ പെർമിറ്റ് ഉണ്ട്. പക്ഷെ നിലവിൽ 8:40നു ശേഷം സ്വകാര്യബസ്സ് സർവ്വീസ് ഈ റൂട്ടിൽ ഇല്ല. പിന്നെ ഉള്ളത് 10:30നുള്ള കെ എസ് ആർ ടി സി ബസ്സ് മാത്രമാണ്. ഇതിനെതിരെ പരാതിപറഞ്ഞാലും ഫലം ഇല്ല.

വൈറ്റില - ഗുരുവായൂർ - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് ഇല്ലാത്ത ബസ്സുകൾ ഫാസ്റ്റ് പാസ്സെഞ്ചർ നിരക്ക് ഈടാക്കുന്നതും മുട്ടാർ - മഞ്ഞുമ്മൽ വഴി സർവ്വീസ് നടത്തേണ്ട ബസ്സുകൾ വരാപ്പുഴപ്പാലം വഴി നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നു. വരാപ്പുഴ പാലം ക്യാമറ ഉപയോഗിച്ച് നിരീക്ഷണ വിധേയമാക്കിയാൽ തന്നെ ഈനിയമലംഘകരെ കണ്ടെത്താവുന്നതേയുള്ളു. സ്വകാര്യ ബസ്സുകൾ മ്യൂസിക് സിസ്റ്റം നിരോധിച്ചിരിക്കുമ്പോൾ പല ബസ്സുകളും രണ്ട് എൽ സി ഡി ടീവി ഘടിപ്പിച്ച് സിനിമയും പ്രദർശിപ്പിച്ചാണ് സർവ്വീസ് നടത്തുന്നത്. എയർ ഹോൺ ഉപയോഗം (അതും നിയമം മൂലം നിരോധിക്കപ്പെട്ടതു തന്നെ) അതു പറയാതിരിക്കുന്നതാണ് ഭേദം.

സംഘടിതരായ വാഹന ഉടമകളുടെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങുന്ന സമീപനം ആണ് പലപ്പോഴും മോട്ടോർവാഹനവകുപ്പ് സ്വീകരിക്കുന്നത്. അസംഘടിതരായ വാഹന ഉടമകളെ സൺഫിലിം ഒട്ടിച്ചതിന്റെ പേരിൽ പീഢിപ്പിക്കുമ്പോഴും കർട്ടൻ ഇട്ട് ഉള്ളിലെ കാഴ്ചകൾ മറയ്ക്കുന്ന തരത്തിൽ വാഹനം ഓടിക്കിന്നവരെ കണ്ടില്ലെന്ന് നടിക്കുന്നു. 

സംഘടിതരായ സ്വകാര്യബസ്സ് മുതലാളിമാരോടുള്ള മോട്ടോർവാഹനവകുപ്പിന്റെ സമീപനം മാറ്റിയേ തീരൂ.