Showing posts with label Current Affairs. Paliament. Show all posts
Showing posts with label Current Affairs. Paliament. Show all posts

Tuesday, 9 March 2010

ഇതോ ജനാധിപത്യം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ പാര്‍ലമെന്റില്‍ നടന്നുവരുന്ന ഒരു നാടകം ആണ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുടെ അവതരണം. ഭരണഘടനയുടെ ഏറ്റവും വിപ്ലവകരമായ ഭേദഗതി എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നിയമനിര്‍മ്മാണം കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ടും സാധ്യമായിട്ടില്ല. പലപ്പോഴും നാമമാത്രമായ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നടപടി നീട്ടിവെക്കുകയാണ് പതിവ്. ലോക വനിതാദിനമായ ഇന്ന് ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും ചര്‍ച്ചചെയ്ത് പാസാക്കുമെന്നും രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയിലെ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും ലജ്ജാകരമായ സംഭവങ്ങള്‍ക്കാണ് ഇന്ന് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഈ ബില്‍ അവതരിപ്പിക്കുന്നതിന് നിയമമന്ത്രിയെ ക്ഷണിച്ചത് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ ഹമീദ് അന്‍സാരിയായിരുന്നു. ഈ ഭേദഗതിയെ എതിര്‍ക്കുന്ന നാമമാത്രമായ സാമാജീകരില്‍ ചിലര്‍ അദ്ദേഹത്തെ പോലും ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിവസമായി മാറി ഇത്. പ്രധാന രാഷ്ട്രീയകഷികള്‍ എല്ലാം ഈ നിയമ നിര്‍മ്മാണത്തെ അനുകൂലിക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് മറുഭാഗത്തുള്ളത്. സഭാദ്ധ്യക്ഷനെ ആക്രമിക്കുകയും രേഖകള്‍ വലിച്ചുകീറി അദ്ദേഹത്തിനു നേരെയും സഭക്കുള്ളിലും വലിച്ചെറുയുകയും ചെയ്യുന്ന ഇത്തരക്കാരെ വീണ്ടും സഭാംഗങ്ങളാകുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുന്നതിനുള്ള നിയനിര്‍മ്മാണമാണ് ആദ്യം വേണ്ടത്. നാളെ വീണ്ടും ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അപമാനകരമായ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കാം.

Wednesday, 23 July 2008

ലജ്ജിക്കാം നമുക്ക് ഈ സാമാജികരെ ഓര്‍‌ത്ത്.

ഇന്നു ഒരു നാടകത്തിനു കൂടി അന്ത്യം ആയിരിക്കുന്നു. മന്‍‌മോഹന്‍ സിങ് നേതൃത്വം നല്‍‌കുന്ന മന്ത്രിസഭ ലോക്‍സഭയുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആ പരമോന്നത വേദിയില്‍ എന്തെല്ലാം ദൌര്‍‌ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടന്നത് എന്നതിനെ സംബന്ധിക്കുന്ന ചില റിപ്പോര്‍‌ട്ടുകള്‍ വ്യത്യസ്ത വാര്‍ത്താമാധ്യമങ്ങളില്‍ വന്നത് കാണുകയായിരുന്നു ഞാന്‍ ഇതു വരെ. നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ മൂല്ല്ല്യം എത്രമാത്രം അധഃപതിച്ചു എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്‌ടാന്തങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നത്‌.

പല മാധ്യമങ്ങളും എറ്റവും ഖേദകരമായി വിവരിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിന് അകത്തു അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്ന നടപടിയാണ്. സാധാരണ കുതിരിക്കച്ചവടം കഴുതക്കച്ചവടം എന്നെല്ലാം കേട്ടു മാത്രം ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇന്നു അതിനു തെളിവു സഹിതം അംഗങ്ങള്‍ നമ്മളെ കാണിച്ചുതന്നിരിക്കുന്നു. ഇതും ഇവിടെ നടക്കുമെന്ന്. അതില്‍ വലിയ അത്ഭുതം ഒന്നും ഇല്ലെന്നണ് ഞാന്‍ കരുതുന്നത്‌. പാര്‍‌ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു പോലും കൈക്കൂലിവാങ്ങിച്ച മഹാന്‍‌മാര്‍ നമുക്കുണ്ടെന്ന സത്യം നാം മറക്കരുത്. നമ്മുടെ പ്രതിനിധികളാണ് പാര്‍ലമെന്റില്‍ ഉള്ളത്. അപ്പോള്‍ തീര്‍ച്ചയായും കള്ളന്മാരുടേയും, കൊലപാതകികളുടെയും പ്രതിനിധികളും അവിടെക്കാണും. അത്തരക്കാര്‍ എവിടെയിരുന്നാലും ആ സ്വഭാവം കാണിക്കുകതന്നെ ചെയ്യും. ഇവിടെ മൂന്നു അംഗങ്ങള്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തു എന്ന അവകാശത്തോടെ ഇത്രയും പണം പാര്‍ലമെന്റില്‍ എത്തിച്ചു എങ്കില്‍ ഇതില്‍ കൂടുതല്‍ എത്രപേര്‍ വാങ്ങി പോക്കറ്റില്‍ ഇട്ടിരിക്കും. നമ്മുടെ സാമാന്യസമൂഹത്തെ ബാധിച്ചിരിക്കുന്ന അഴിമതിയില്‍ നിന്നും ജനപ്രതിനിധികള്‍ മുക്തരാണെന്നു വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നേ ഞാന്‍ പറയൂ. തിഹാര്‍ ജയിലില്‍ അടക്കപ്പെടുന്നതിനു മുന്‍പേ ഒരു മുന്‍ പ്രധാനമന്ത്രി മരിച്ചു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സങ്കടകരമായി തോന്നിയതു ചന്തകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭൂരിഭാഗം അംഗങ്ങളും സഭയില്‍ പേരുമാറിയത് എന്നതാണ്. സഭക്കു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുന്നതിനു വ്യക്തമായ ചട്ടങ്ങള്‍ ഉണ്ട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇത്തവണ ലംഘിക്കപ്പെട്ടു. ഒരംഗത്തേയും വ്യക്തമായി പ്രസംഗിക്കാന്‍ മറുഭാഗത്തുള്ളവര്‍ സമ്മതിച്ചില്ല എന്നതു എറ്റവും നാണിപ്പിക്കുന്ന ഒന്നാണ്. സാധാരണയായി ഒരംഗം പ്രസംഗിക്കുമ്പോല്‍ അതിനെ എതിര്‍‌ക്കുന്നവര്‍ എന്തെങ്കിലും ക്രമപ്രശ്നം (point of order) ഉന്നയിക്കുനയാണ് പതിവ്‌. എന്നാല്‍ ഇത്തവണ കണ്ടത്‌ സംഘം ചേര്‍ന്നു ഒച്ചവെച്ച് പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയാണ്. സ്‌പീക്കറുടെ ആവര്‍‌ത്തിച്ചുള്ള പല അഭ്യര്‍ത്ഥ്നകളും ബധിരകര്‍‌ണ്ണങ്ങളിലാണ് പതിച്ചത്. ഇത്തരം പ്രവൃത്തികളില്‍ നിന്നും അംഗങ്ങളെ പിന്തിരിപ്പിക്കുവാന്‍ പാര്‍‌ട്ടിനേതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതൊരിക്കലും ഒരു ജനാധിപത്യ സംവിധാനത്തിനോ, പാര്‍ലമെന്റിനോ ഭൂഷണം അല്ല.

അതിലും അപമാനകരം താന്‍ മുന്നോട്ടുവച്ച വിശ്വാസപ്രമേയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും, വാദമുഖങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അവകാശവും ലംഘിക്കപ്പെട്ടു എന്നതാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായ ഒരു സംഭവം ആവും ഇതു. പ്രധാനമന്ത്രിക്കു തന്റെ മറുപടിപ്രസംഗം ഒരു വരിപോലും പൂര്‍ത്തിയാക്കാനാ‍കാതെ സഭയുടെ മേശപ്പുറത്തു വെച്ചു പിന്‍‌മാറേണ്ടി വരുക. സഭാനേതാവുകൂടിയാണ് പ്രധാനമന്ത്രി എന്നതു വിസ്മരിക്കരുത്. അംഗങ്ങള്‍ക്കുള്ള ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല സ്‌പീക്കറുടേതാണ്. ഇവിടെ എത്രയും പെട്ടന്ന് ഇതെല്ലാം അവസാനിപ്പിച്ച “ഊണും കഴിച്ച് ഉറങ്ങാനുള്ള” ധൃതിയിലായുരുന്നു സ്‌പീക്കര്‍ എന്നു തോന്നുന്നു. പ്രക്ഷുബ്‌ധമായ രംഗങ്ങള്‍ മുറുപടിപ്രസംഗത്തിനിടെ ഇതിനു മുന്‍‌പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശ്രീ സോമനാഥ്‌ ചാറ്റര്‍‌ജിയെക്കാളും പ്രാഗത്ഭ്യം കുറഞ്ഞ സ്‌പീക്കര്‍മാര്‍ ഇതിലും ഭംഗിയായി അതു കൈകാര്യം ചെയ്യുകയും പ്രധാനമന്ത്രിയെ തന്റെ മറുപടി പൂര്‍‌ണ്ണമായും പറയാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതു അദ്ദേഹത്തിന്റെ അവകാശം ആണ്. അതുപോലും ഇന്നു ലംഘിക്കപ്പെട്ടു, തീരെ സഹിഷ്‌ണുത ഇല്ലാത്തവരായിരിക്കുന്നു നമ്മുടെ സാമാജികര്‍.

ഇന്നു സഭയില്‍ നടന്ന ഈ സംഭവങ്ങളെല്ലാം നമ്മുടെ ജനാധിപത്യത്തിനും, ഉന്നതമായ സംസ്കാരികതക്കും അപമാനകരമാണ്. നമുക്കു ലജ്ജിക്കാം ഇത്തരം അധനന്മാരെ ഓര്‍‌ത്ത്.