Tuesday, 9 March 2010

ഇതോ ജനാധിപത്യം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ പാര്‍ലമെന്റില്‍ നടന്നുവരുന്ന ഒരു നാടകം ആണ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുടെ അവതരണം. ഭരണഘടനയുടെ ഏറ്റവും വിപ്ലവകരമായ ഭേദഗതി എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നിയമനിര്‍മ്മാണം കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ടും സാധ്യമായിട്ടില്ല. പലപ്പോഴും നാമമാത്രമായ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നടപടി നീട്ടിവെക്കുകയാണ് പതിവ്. ലോക വനിതാദിനമായ ഇന്ന് ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും ചര്‍ച്ചചെയ്ത് പാസാക്കുമെന്നും രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയിലെ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും ലജ്ജാകരമായ സംഭവങ്ങള്‍ക്കാണ് ഇന്ന് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഈ ബില്‍ അവതരിപ്പിക്കുന്നതിന് നിയമമന്ത്രിയെ ക്ഷണിച്ചത് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ ഹമീദ് അന്‍സാരിയായിരുന്നു. ഈ ഭേദഗതിയെ എതിര്‍ക്കുന്ന നാമമാത്രമായ സാമാജീകരില്‍ ചിലര്‍ അദ്ദേഹത്തെ പോലും ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിവസമായി മാറി ഇത്. പ്രധാന രാഷ്ട്രീയകഷികള്‍ എല്ലാം ഈ നിയമ നിര്‍മ്മാണത്തെ അനുകൂലിക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് മറുഭാഗത്തുള്ളത്. സഭാദ്ധ്യക്ഷനെ ആക്രമിക്കുകയും രേഖകള്‍ വലിച്ചുകീറി അദ്ദേഹത്തിനു നേരെയും സഭക്കുള്ളിലും വലിച്ചെറുയുകയും ചെയ്യുന്ന ഇത്തരക്കാരെ വീണ്ടും സഭാംഗങ്ങളാകുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുന്നതിനുള്ള നിയനിര്‍മ്മാണമാണ് ആദ്യം വേണ്ടത്. നാളെ വീണ്ടും ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അപമാനകരമായ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കാം.

12 comments:

  1. സഭയുടെ അച്ചടക്കതെയും കഴിവിനെ തന്നെയും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തി....

    കടുത്ത ശിക്ഷാ നടപടി കൊടുത്തു മാതൃക കാണിക്കയാണ് വേണ്ടത്

    ReplyDelete
  2. നമുക്കു നാണിച്ചു തലകുനിക്കാം, അല്ലാതെന്താ?

    ReplyDelete
  3. കണ്ണാ, എഴുത്തുകാരിചേച്ചി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. അങ്ങനെ ഇന്ന് ഒരു വിധം ഈ നിയമം പാസാക്കി. ഇനി ഇതിന്റെ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ കാത്തിരുന്നു കാണാം.

    ReplyDelete
  4. മണീ...ഇതിണ്റ്റെ ഉദ്ദെശശുദ്ധിയും, ശരിയായ ഫലപ്രാപ്തിയും ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ചിലരെങ്കിലും സൂചിപ്പിച്ചതുപോലെ ഉത്തരേന്‍ഡ്യന്‍ സവര്‍ണ്ണ മേധാവിത്ത്വത്തിണ്റ്റെ ഹിഡണ്‍ അജന്‍ഡയും അതിണ്റ്റെ പിന്നിലെ യഥാര്‍ത്യവും കാത്തിരുന്നു കാണാം.... സസ്നേഹം

    ReplyDelete
  5. ഈ ബില്ലിന്റെ ചുവടുപിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം. രാഷ്ട്രപതി മുതൽ ആരംഭിച്ച്‌.....

    ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

    ഇനി ചുമ്മാ ഒരു കാര്യംകൂടി, സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക്‌ നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്‌, അതല്ലെ തുല്യത?

    കൂടുതൽ വായനയ്‌ക്ക്‌

    http://georos.blogspot.com/2010/03/333-56.html

    33.3% കൂടിയാൽ സംവരണം 49 ശതമാനം?

    ReplyDelete
  6. ഒരു യാത്രികന്‍, കാക്കര ഇവിടെയെത്തിയനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി.
    ഒരു യാത്രികന്‍ ഈ നിയമത്തിന്റെ ഉദ്ദേശുദ്ധിയും ഇത് നമ്മുടെ ജനാധിപത്യക്രമത്തില്‍ വരുത്തുമെന്ന് പലരും പറയുന്ന വിപ്ലവകരമായ മാറ്റങ്ങളും കാത്തിരുന്ന് കാണേണ്ടതുതന്നെ എന്ന താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ഒപ്പം ഇതിന്റെ പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പല രാഷ്ട്രീയ കളികളും ചര്‍ച്ചചെയ്യപ്പെടേണ്ടതുതന്നെ. എന്നാലും ഞാന്‍ പ്രധാനമായും ഇവിടെ പരാമര്‍ശിക്കാന്‍ ശ്രമിച്ചത് നമ്മുടെ സാമാജീകരുടെ സാംസ്കാരീക നിലവാരത്തിലെ തകര്‍ച്ചയാണ്. കുറേക്കൂടി മാന്യമായ പ്രതികരണങ്ങളും പ്രവര്‍ത്തികളും ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നവരല്ലെ നമ്മള്‍. എല്ലാത്തവണയും ഈ ബില്ലോ സമാനമായ ബില്ലുകളോ അവതരിപ്പിക്കപ്പെടുമ്പോള്‍ ഇത്തരം അപലപനീയമായ സംഭവങ്ങള്‍ സഭയില്‍ ഉണ്ടാകുന്നു. ഇവിടെ ഉപരാഷ്ട്രപതികൂടിയായ സഭാദ്ധ്യക്ഷന്റെ മൈക്ക് ഒടിച്ചതും രേഖകള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും ബലമായി പിടിച്ചുവാങ്ങി എറിഞ്ഞതും അങ്ങേയറ്റം മോശമായ പ്രവൃത്തിയായിപ്പോയി. സ്വന്തം മനഃസാക്ഷിക്കനുസരിച്ച മാത്രം പ്രവര്‍ത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തിട്ട് വിപ്പ് അനുസരിച്ച വോട്ടു ചെയ്യാന്‍ വിധിക്കപ്പെട്ട വിഭാഗത്തില്‍ 33% അല്ല 100% സ്ത്രീകളായാലും എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്നു കാണാം.

    ReplyDelete
  7. കാക്കര: നേരത്തെ ഞാന്‍ എഴുതിയ മറുപടി കണ്ടുകാണുമല്ലൊ. നമ്മുടെ സാമജീകര്‍ എപ്പോള്‍ കൈപൊക്കണം ആര്‍ക്ക് / എന്തിന് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവരല്ല. സഭാംഗങ്ങള്‍ പോലുമല്ലാത്ത അവരുടെ പാര്‍ട്ടിനേതാക്കളും കമ്മറ്റികളും എടുക്കുന്ന തീരുമാനങ്ങള്‍ വിപ്പിന്റെ രൂപത്തില്‍ അവരുടെമേല്‍ അടീച്ചേല്‍പ്പിക്കപ്പെടുകയാണെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. സംവരണം കൊണ്ട് എല്ലാം നേടാന്‍ സാധിക്കും എന്ന വിശ്വാസം എനിക്കില്ല. ഇന്ന് ഏറ്റവും കൂട്ടുതല്‍ ജനങ്ങളെ പാട്ടിലാക്കാന്‍ സാധിക്കുന്നതും കൂടുതന്‍ വോട്ട് ബാങ്കുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നതും ഈ സംവരണ രാഷ്ട്രീയത്തിലൂടെയാണല്ലൊ.

    ReplyDelete
  8. മണികണ്ഠൻ,

    വിപ്പ്‌ അടിച്ചമർത്താനുള്ള ഒരു ഉപാധിയായി മാറി.

    വിപ്പിന്‌ പകരം പരസ്യമായ വോട്ടിംഗ്‌ മതി.

    ReplyDelete
  9. കാക്കര: ഞാന്‍ മനസ്സിലാക്കിയിടത്തോളം നമ്മുടെ പാര്‍ലമെന്റില്‍ രഹസ്യ ബാലറ്റ് ഇല്ല. മൂന്നു വിധം വോട്ടിങ്ങാണ് ഇന്ന് പാര്‍ലമെന്റില്‍ ഉള്ളത്
    1.ശബ്ദവോട്ട്
    2.ഇലക്ട്രോണിക വോട്ടിങ്
    3.ഡിവിഷന്‍ (പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി)

    ആദ്യത്തെ സംവിധാനത്തില്‍ എല്ലായിപ്പോഴും ഭരണപക്ഷത്തിന് അനുകൂഅലമായ തീരുമാനം പ്രഖ്യാപിക്കുകയാണ് പതിവ്.

    രണ്ടാമത്തേതില്‍ സഭാധ്യക്ഷന്‍ വോട്ടിങ്ങ് പ്രഖ്യാപിച്ചാല്‍ ഓരോ അംഗവും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സീറ്റില്‍ ഇരിക്കണം. വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ഓരോരുത്തരും തങ്ങള്‍ക്ക് മുന്‍പിലുള്ള പാനലിലെ ചുവപ്പ്, പച്ച, മഞ്ഞ് ഇന്നീ ബട്ടണുകളില്‍ ഒന്നില്‍ (അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കുന്നെങ്കില്‍ പച്ച, എതിര്‍ക്കുന്നെങ്കില്‍ ചുവപ്പ് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ മഞ്ഞ എന്ന ക്രമത്തില്‍)അമര്‍ത്തണം. വോട്ടിങ്ങ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ ഇതു ചെയ്തിരിക്കണം. അങ്ങനെ വോട്ടിങ്ങ് നടന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആകെ ചെയ്ത വോട്ടുകളെ സംബന്ധിക്കുന്ന വിവരം സഭയിലെ ഇലക്ട്രോണിക് സ്ക്രീനില്‍ തെളിയും. ഒപ്പം സഭാധ്യക്ഷന്റെ ഇരു വശത്തുമായി ഉള്ള പാനലില്‍ ഓരോ അംഗവും ചെയ്ത വോട്ടിനു സ്മാനമായ നിറത്തിലുള്ള ബള്‍ബ് അയാളുടെ സീറ്റിന് പ്രതിനിധാനം ചെയ്യുന്ന പാനലില്‍ തെളിയും. ഇതില്‍ നിന്നും ഓരോ അംഗവും ഏതുതരം വോട്ടാണ് ചെയ്തതെന്ന് അറിയാന്‍ സാധിക്കും. പാര്‍ട്ടി വിപ്പിന് പ്രതികൂലമായി വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആ അംഗം പാര്‍ട്ടിക്കും സഭയ്ക്കും പുറത്താവും.

    ReplyDelete
  10. മൂന്നാ‍മത്തെ രീതിയില്‍ എല്ലാ അംഗങ്ങള്‍ക്കും നമ്പര്‍ അനുസരിച്ചുള്ള ബാലറ്റ് നല്‍കുന്നു. ഇതില്‍ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തണം. തുടര്‍ന്ന് ബാലറ്റുകളിലെ വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നു. നമ്പര്‍ പ്രകാരം ആയതിനാല്‍ ഓരോ അംഗവും ചെയ്ത വോട്ട് അറിയാന്‍ സാധിക്കും. അത് രഹസ്യമാക്കി വെക്കാറില്ല. ഇവിടെയും പാര്‍ട്ടി തീരുമാനത്തിന് എതിരായി വോട്ടുചെയ്യുന്നവര്‍ പുറത്താക്കപ്പെടും.

    അങ്ങനെ മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കും എന്ന് ദൈവനാമത്തിലും, സത്യപ്രതിജ്ഞയും, ദൃഢപ്രതിജ്ഞയും എല്ലാം ചെയ്യുന്നവര്‍ വിപ്പ് എന്ന വാളിനു മുന്‍പില്‍ അതെല്ലാം മറക്കുന്ന കാഴ്ച നാം കാണുന്നു.

    ReplyDelete
  11. വിശദമായ മറുപടിയ്‌ക്ക്‌ നന്ദി.

    ഒരു സംശയം കൂടി, രാജ്യസഭ അംഗം, പ്രസിഡന്റ് തുടങ്ങിയ തിരഞ്ഞെടുപ്പിൽ ഇങ്ങനെയാണോ?

    ReplyDelete
  12. കാക്കര നന്ദി. രാജ്യസഭയിലേയ്ക്ക് ഓരോ സംസ്ഥാനത്തുനിന്നും അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പാര്‍ട്ടികള്‍ എം എല്‍ എ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. ഇത് പിന്തുടരാന്‍ അംഗങ്ങള്‍ ബാധ്യസ്തരാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് മിക്കവാറും സംവായത്തിലൂടെ ആകാറാണ് പതിവ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും വിപ്പ് നല്‍കാറൂണ്ടെന്നാണ് ഞാന്‍ മനഃസ്സിലാക്കുന്നത്.

    ReplyDelete

Thank you for visiting my blog. Please leave your comments here.