Friday 19 August 2016

കച്ചവടവൽക്കരിക്കപ്പെടുന്ന ശബരിമല

ശബരിമല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം ഇന്ന് വളരെ വാർത്താപ്രാധാന്യം നേടിയ സംഭവം ആയിരുന്നു. ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെയും രേഖപ്പെടുത്തുന്നു.

എന്റെ വിശ്വാസപ്രകാരം ശബരിമലയിലെ ധർമശാസ്താ പ്രതിഷ്ഠനടത്തിയതും അവിടെ ക്ഷേത്രം നിർമ്മിച്ചതും അതിനുള്ള ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിച്ചതും പരശുരാമൻ ആണ്. പരശുരാമൻ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷെ പ്രതിഷ്ഠയിലെയും ആചാരങ്ങളിലേയും വൈശിഷ്ട്യം കൊണ്ട് ശബരിമല ഇന്നും മറ്റ് അയ്യപ്പെക്ഷേത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.  അതുകൊണ്ടു തന്നെ അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടർന്നും പാലിക്കപ്പെടണം എന്നതാണ് എന്റെ ആഗ്രഹം. ഭക്തർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്ന പേരിൽ ശബരിമല കഴിഞ്ഞ ഏതാനും ദശാബ്ദബ്ദങ്ങൾകൊണ്ട് ഏറെ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും കൂടുതൽ ഭക്തരെ ആകർഷിക്കുക എന്നതാണ് കാലാകാലങ്ങളിലെ സർക്കാരുകളും ദേവസ്വം ബോർഡും ചെയ്തുവരുന്നത്. ഈ ജനബാഹുല്യം ശബരിമലയുടെ പരിസ്ഥിതിയെ തീർച്ചയായും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആണ് തീർച്ചയായും ഉണ്ടാകേണ്ടത്. അതിനു ഉതകുന്ന നടപടികൾ ആണ് സ്വീകരിക്കേണ്ടത്. 

ഭഗവാനും ഭക്തനും ഒന്നാവുന്ന തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. തൊഴാൻ പോകുന്നതും കൂടെ വരുന്നതും എല്ലാം അയ്യൻ. ഭഗവാനും ഭക്തനും ഒന്നാകുന്ന തത്വമസിയിൽ അധിഷ്ഠിതമായ ശബരിമലയിൽ എന്തിനാണ് ചിലർക്ക് മാത്രം വേറെ ക്യൂ? പൈസകൊടുത്ത് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന സംവിധാനം എന്തിനാണ്? നടുത്തുന്ന വഴിപാടുകളെ അടിസ്ഥാനപ്പെടുത്തി ഭക്തരെ തട്ടാക്കി തിരിക്കുന്ന സമ്പ്രദായം എന്തിന്? എല്ലാവരും അയ്യനാകുമ്പോൾ ഒരു അയ്യനെക്കാൾ മറ്റൊരു അയ്യൻ കേമനാകുന്നത് എങ്ങനെ? ശബരിമലയിൽ രണ്ട് തരം ക്യൂ മാത്രം മതി എന്നതാണ് എന്റെ അഭിപ്രായം. ഇരുമുടിക്കെട്ടുമേന്തി അയ്യനെ തൊഴാൻ എത്തുന്നവർക്ക് പതിനെട്ട് പടികൾ കയറാനുള്ള ഒരു ക്യു. ഇരുമുടി ഇല്ലാതെ വരുന്നവർക്ക് അയ്യനെ 
തൊഴാൻ മറ്റൊരു ക്യു. ഈ രണ്ട് ക്യൂവിൽ നിന്ന് അയ്യനെ തൊഴാൻ തയ്യാറുള്ളവർ മാത്രം മല ചവിട്ടിയാൽ മതി. അല്ലാത്തവരും വരണം എന്ന് ആർക്കാണ് ആഗ്രഹം? എന്തായാലും അയ്യപ്പസ്വാമിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് കരുതുന്നില്ല. കൂടുതൽ ആളുകൾ വരണം എന്ന കച്ചവടതന്ത്രത്തിന്റെ ഭാഗമാണ് പ്രത്യേക ക്യൂവും കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സൗകര്യം എന്ന ആശയവും. 
"കൈക്കലർത്ഥമൊനന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ
കൈയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതം തന്നെന്നാലും
തിക്തകാരസ്കരഫലമായിട്ടു തീരും"
എന്ന ഭഗവാൻ  കൃഷ്ണന്റെ വാക്കുകൾ ആണ് ഓർമ്മവരുന്നത്. ശബരിമലയിൽ ഉള്ളത് പരിമിതങ്ങളായ സൗകര്യങ്ങൾ ആണ്. അതനുസരിച്ച് ആ കഷ്ടതകൾ സഹിച്ച് ഭഗവാനെ കാണാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. ഇത് തീർത്ഥാടനം ആണ്. തീർത്ഥാടനം അല്പം ദുഷ്കരം ആകുന്നതാണ് നല്ലത്. അതുകൊണ്ട് മലചവിട്ടി, കാനനപാതകൾ താണ്ടി, നിലത്ത് കിടന്നുറങ്ങി ദുർഘടങ്ങൾ കടന്ന് വരുന്നവർ മാത്രം ഇവിടെ എത്തിയാൽ മതി എന്ന് സർക്കാരും ദേവസവും തീരുമാനിക്കണം. അതുകൊണ്ട് കൂടുതൽ സൗകര്യങ്ങൾ റോപ്പ് വേയും, വിമാനത്താവളവും, ഹെലിപ്പാടും ഒന്നും ശബരിമലയിൽ ഒരുക്കേണ്ടതില്ല.ഇത് ഈ വിഷയത്തിൽ എന്റെ അഭിപ്രായം.