Sunday 24 December 2017

ചാന്തുപൊട്ടും ഉനൈസും പാർവതിയും

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് സിനിമയിലെ സൂപ്പർസ്റ്റാറുകൾ സമൂഹത്തിൽ അടിച്ചേല്പിക്കുന്ന സ്ത്രീ വിരുദ്ധത, ലൈംഗീകന്യൂനപക്ഷവിരുദ്ധത എന്നിവ. ഈ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് അഭിനേത്രി ആയ പാർവതി ഒരു പരിപാടിയിൽ കസബ എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രം അതേ ചിത്രത്തിലെ മറ്റൊരു സ്ത്രീ പോലീസ് കഥാപാത്രത്തോട് ചിത്രത്തിലെ ഒരു രംഗത്ത് പെരുമാറുന്ന രീതി പാർവതിയെ വല്ലാതെ വേദനിപ്പിച്ചു എന്നും അത്തരം രംഗങ്ങൾ അവർ പ്രതീക്ഷിക്കുന്നില്ല എന്നുമുള്ള അഭിപ്രായം പങ്കുവെച്ചതിനെ തുടർന്നാണ്. ഇതെതുടർന്ന് ഇത്തരം നിരവധി രംഗങ്ങളെപ്പറ്റി സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശദമായ വിമർശനാത്മകമായ ചർച്ചകൾ നടന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് മുഹമ്മദ് ഉനൈസ് എന്ന വ്യക്തി ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് ഫേസ് ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ്. അതിനെ തുടർന്ന് മലയാളം സിനിമാലോകത്തിനു വേണ്ടി മുഹമ്മദ് ഉനൈസിനോട് മാപ്പുചോദിച്ചുകൊണ്ട് പാർവ്വതി ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഉനൈസിനു ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ഉണ്ടായ ദുരനുഭവങ്ങളെ നിഷേധിക്കാൻ വേണ്ടിയല്ല എന്റെ ഈ കുറിപ്പ്. മറിച്ച് ഉനൈസിന്റെ കുറിപ്പ് വായിച്ച നടി പാർവതി സിനിമലോകത്തിനു വേണ്ടി ഉനൈസിനോട് മാപ്പ് ചോദിച്ചതിനെ കുറിച്ചാണ്. അങ്ങനെ മാപ്പ് ചോദിച്ചതിനോട് ഞാൻ വിയോജിക്കുന്നു എന്നറിയിക്കാനാണ്. സിനിമ തീർച്ചയായും ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം തന്നെയാണ്. ഉനൈസിന്റെ ആ വാദം അംഗീകരിക്കുന്നു. ചാന്ത്പൊട്ട്എന്ന സിനിമ പൂർണ്ണമായും ഞാനും കണ്ടിട്ടില്ല. പല അവസരങ്ങളിലായി സിനിമയുടെ 80% ഭാഗങ്ങൾ കണ്ടിട്ടുണ്ടാവും. ആ സിനിമയിൽ ഞാൻ മനസ്സിലാക്കിയിടത്തോളം സ്ത്രൈണമായ ചേഷ്ടകൾ പ്രകടിപ്പിക്കുന്ന ദിലീപിന്റെ കഥാപാത്രത്തിനു നേരിടേണ്ടി വരുന്ന ജീവിത ദുരന്തങ്ങൾ ആണ് ആ കഥയുടെ അടിസ്ഥാനം. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രാൻസ്ജന്ററോ, ഹോമോസെക്ഷ്വൽ ആയ വ്യക്തിയോ അല്ല. അമ്മൂമ്മ പെൺകുട്ടി വേണം അവരുടെ മോഹം കൊണ്ട് (അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ, അമ്മൂമ്മ പൂതിയാൽ ഈ കുഞ്ഞുകാതിലായ് രാധ എന്നാദ്യമായെ ചൊല്ലാം) രാധ എന്ന് വിളിച്ചു പെൺകുട്ടിയെ പോലെ അണിയിച്ചൊരുക്കി വളത്തിയതുകൊണ്ട് അയാൾക്കുണ്ടാകുന്ന ഒന്നാണ് പെരുമാറ്റത്തിലെ സ്ത്രൈണ സ്വഭാവം. പറഞ്ഞു വന്നത് ലൈംഗീകന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് (ആ കഥയിലെ കഥാപാത്രം ലൈംഗീകന്യൂനപക്ഷം അല്ലെങ്കിലും) പൊതുവിൽ സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ തന്റെ ചിത്രത്തിലൂടെ കാട്ടുകയാണ് അതിന്റെ ശില്പികൾ ചെയ്യുന്നത്.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ബെന്നി പി നായരമ്പലം എന്ന എന്റെ നാട്ടുകാരൻ (വൈപ്പിൻകരക്കാരൻ) തന്നെയാണ് ചെയ്തിരിക്കുന്നത്. കാർത്തികേയൻ എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി "അറബിക്കടലും അത്ഭുതവിളക്കും" എന്ന പേരിൽ രാജൻ പി ദേവിനു വേണ്ടി ബെന്നി പി നായരമ്പലം രചിച്ച നാടകം ആണ് പിന്നീട് "ചാന്തുപൊട്ട്" എന്ന സിനിമയാകുന്നത്. നാടകത്തിൽ രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ റോൾ ചെയ്തതും ബെന്നി പി നായരമ്പലം ആയിരുന്നു. സിനിമയിലെ രാധാകൃഷ്ണനെ പോലെ ഒരു തിരിച്ചുവരവ് യഥാർത്ഥ ജീവിതത്തിൽ കാർത്തികേയനില്ലായിരുന്നു. മാനസീക വിഭ്രാന്തി പിടിപെട്ട് കാർത്തികേയൻ എവിടെയോ പോയ്മറഞ്ഞു. ലൈഗീകന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്നവർക്ക് (ആ ചിത്രത്തിലെ നായകകഥാപാത്രമായ രാധാകൃഷ്ണൻ അത്തരം വിഭാഗത്തിൽ പെടുന്ന ആൾ അല്ലെങ്കിലും) സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ തങ്ങളുടെ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ചാന്തുപൊട്ടിന്റെ ശില്പികൾ ചെയ്തത്.  

സിനിമ ജനങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമം ആണെന്ന ഉനൈസിന്റെ ആ വാദം അംഗീകരിക്കുന്നു. ഉനൈസിനുണ്ടായ അനുഭവങ്ങൾ നിഷേധിക്കുകയല്ല, മറിച്ച് അത്തരം ഒരു അനുഭവം ഉണ്ടാകത്തക്കവിധത്തിലുള്ള സന്ദേശങ്ങൾ ഒന്നു ആ സിനിമ നൽകുന്നില്ല എന്നുമാണ് ഞാൻ പറഞ്ഞത്. ചാന്തുപൊട്ട് എന്ന സിനിമയുടെ പേരിൽ ഉനൈസിനോട് മലയാളസിനിമാലോകം മൊത്തം മാപ്പു ചോദിക്കേണ്ട ഒന്നും ആ സിനിമയിൽ ഇല്ല. ചാന്തുപൊട്ട് എന്ന ചിത്രം രാധാകൃഷ്ണന്റെ സമരമാണ് (struggle) മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തനിക്കും അവകാശമുണ്ടെന്ന് സ്ഥാപിക്കാനുള്ള സമരം. ചില ലൈംഗീകന്യൂനപക്ഷവിഭാഗങ്ങൾക്ക് സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും അവഹേളനങ്ങളും രാധാകൃഷ്ണന്റെ അനുഭവങ്ങളിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. എന്നിട്ടും ആ ലൈംഗീകന്യൂനപക്ഷങ്ങളെ അവഹേളിക്കാൻ സമൂഹത്തിലെ ചിലർ ആ ചിത്രത്തിന്റെ പേരുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നു എങ്കിൽ കുഴപ്പം ചിത്രത്തിന്റേതല്ല, അത്തരത്തിൽ ആളുകളെ അവഹേളിക്കുന്ന വ്യക്തികളുടേതാണ്. അതിനു പാർവതിയ്ക്കു മാത്രമല്ല  ആ വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉനൈസിനോട് മാപ്പ് ചോദിക്കാം. അല്ലാതെ മലയാള സിനിമയുടെ പേരിൽ മാപ്പു ചോദിക്കേണ്ട ആവശ്യം ഇല്ല എന്നതു തന്നെയാണ് എന്റെ നിലപാട്.