Showing posts with label Self Financing Colleges. Show all posts
Showing posts with label Self Financing Colleges. Show all posts

Wednesday, 4 April 2018

പിണറായി സർക്കാരിന്റെ സ്വാശ്രയപ്രേമം

ഇന്ന് കേരളനിയമസഭ രണ്ട് സ്വാശ്രയകോളേജുകൾ നടത്തിയ വഴിവിട്ട, ക്രമവിരുദ്ധമായ പ്രവേശനങ്ങൾക്ക് നിയമസാധുതനൽകുന്നതിനുള്ള ബിൽ നിയമമാക്കി മാറ്റിയ ഈ വേളയിൽ രണ്ട് വ്യക്തികളോട് നന്ദി പറയണം എന്ന് എനിക്ക് തോന്നുന്നു. ഈ രണ്ട് വ്യക്തികളും എന്റെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് കടകവിരുദ്ധമായ വിശ്വാസങ്ങൾ ഉള്ളവരാണെങ്കിലും അവരെ അഭിനന്ദിക്കാതെ തരമില്ല. അതിൽ പ്രഥമഗണനീയൻ ഡെക്കാൺ ക്രോണിക്കിളിന്റെ എഡിറ്റർ കൂടിയായ ശ്രീ കെ ജെ ജേക്കബ് ആണ്. നവമാദ്ധ്യമങ്ങളിലെ തന്റെ പോസ്റ്റുകളിലൂടെ ആയാലും ഡെക്കാൺ ക്രോണീക്കിളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളിലൂടെ ആയാലും സർക്കാർ ചെയ്യുന്ന ഈ തട്ടിപ്പിനെ കുറിച്ച് വലിയൊരു അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഗഹനമായ പഠനം അദ്ദേഹം നടത്തിയിട്ടുണ്ട്. ഏതൊക്കെ ഘട്ടത്തിൽ എന്തെല്ലാം തട്ടിപ്പുകൾ ആണ് സർക്കാർ ഈ കോളേജിലെ നിയമനങ്ങൾക്ക് സാധുത ലഭിക്കുന്നത് ചെയ്തതെന്ന് തന്റെ റിപ്പോർട്ടുകളിലൂടേയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടേയും നിരന്തരമായി അദ്ദേഹം വായനക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഭാവിയെകരുതിയാണ് ഈ നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ സ്വരത്തിൽ പറയുമ്പോഴും ദാൽ മേം കുച്ച് കാലാ ഹെ എന്ന് ഞാൻ ഉൾപ്പടെ പലർക്കും പറയാൻ സാധിക്കുന്നത് അതു കൊണ്ടാണ്. അത്തരം അറിവുകൾക്ക് ശ്രീ കെ ജെ ജേക്കബിനെ നന്ദി അറിയിക്കുന്നു.

രണ്ടാമത്തെ വ്യക്തി ത്രിത്താല മണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന ശ്രീ വി ടി ബൽറാം എം എൽ എ ആണ്. ഇന്ന് ഈ ബില്ലിനെതിരായി കേരളനിയമസഭയിൽ കേട്ട ഏകശബ്ദം VT Balram എം എൽ എയുടേതാണ്. നിങ്ങൾ ചെയ്യുന്നത തട്ടിപ്പാണെന്ന് സർക്കാരിന്റെ മുഖത്തുനോക്കി പറയാൻ കേരളനിയമസഭയിൽ ഇന്ന് ധൈര്യം കാണിച്ച ഏകജനപ്രതിനിധി ശ്രീ വി ടി ബൽറാം എം എൽ എ ആണ്. അദ്ദേഹത്തിന്റെ പല നിലപാടുകളോടും രാഷ്ട്രീയത്തോടും ഉള്ള വിയോജിപ്പ് നിലനിറുത്തിക്കൊണ്ട് തന്നെ ഈ വിഷയത്തിൽ സത്യം തുറന്നു പറയാൻ അദ്ദേഹം കാണിച്ച ആത്മാർത്ഥതയ്ക്ക് ധൈര്യത്തിനു അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

ഇനി നാളെ ഈ കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. കേരളനിയമസഭപാസാക്കിയ ഈ നിയമം അംഗീകരിക്കുമോ ചറ്റുകൊട്ടയിൽ കളയുമോ എന്നറിയില്ല. ഡി എൽ എഫ് എന്ന വമ്പൻ കൈയ്യേറ്റകാരൻ ഇവിടെ ചിലവന്നൂർ കായൽ കൈയ്യേറി നിർമ്മിച്ച അനധികൃതനിർമ്മാണം ഒരു കോടിയുടെ നാമമാത്രമായ പിഴ ഈടാക്കി നിയമസാധുത നൽകിയ സംവിധാനം ആണ് നമുക്കുള്ളത്. ആ നിർമ്മാണം യഥാസമയം നിയമലംഘനം കണ്ടെത്തി തടയേണ്ടിരുന്ന സംവിധാനങ്ങൾ കുംഭകർണ്ണ സേവനടത്തുകയാണെന്ന് പറഞ്ഞതല്ലാതെ ആ സംവിധാനങ്ങളെ ഉണർത്താൻ പോന്ന ഒന്നും ആ വിധിയിൽ ഉണ്ടായിരുന്നില്ല. സർക്കാർ ഈ രണ്ട് കോളേജുകൾക്ക് വിധിച്ച കുട്ടിയൊന്നുക്ക് 3 ലക്ഷം രൂപ എന്ന പിഴ അംഗീകരിച്ച് ഈ നിയമലഘനവും സാധൂകരിച്ചു നൽകിക്കൂടായ്കയില്ല. രണ്ട് കോളേജുകൾ നടത്തിയ അനധികൃത പ്രവേശനങ്ങൾക്ക് ചൂട്ടുപിടിക്കുന്ന ഈ കേസ് നടത്താൻ സർക്കാർ ഇതുവരെ ചിലവാക്കിയത് 3 കോടി രൂപയാണെന്ന് കേൾക്കുന്നു. നാളേയും കേരളത്തിനു വേണ്ടി ഹാജരാകുന്നത് മുൻ സോളിസിറ്റർ ജനറൽ മുകുൾ റൊത്തഗിയെ പോലെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകൻ ആണ്. അതും പോകുന്നത് കാലിയായിക്കൊണ്ടിരിക്കുന്ന, ക്ഷേമപെൻഷനുകൾ നൽകാൻ പോലും പണമില്ലാത്ത കേരളത്തിന്റെ പൊതുഖജനാവിൽ നിന്നാണ്. ഓർക്കുക എല്ലാം ശരിയാക്കാൻ വന്നവർ ശരിയാക്കുന്നത് ആരുടെയൊക്കെ അവശ്യങ്ങൾ ആണെന്ന. "കള്ളം പറയുന്നവരെ കരുതിയിരിക്കുക"

Thursday, 23 March 2017

പ്രതീക്ഷയ്ക്കൊത്തുയരാത്ത ന്യായാസനങ്ങൾ

സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങളും അതെ തുടർന്ന് ആത്മഹത്യചെയ്യുകയോ പഠനം തന്നെ നിറുത്തുകയോ ചെയ്യുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തകളും ആണ് കുറച്ചു നാളുകളായി നമ്മൾ എല്ലാവരും ചർച്ചചെയ്യുന്നത്. അതിൽ തന്നെ ഏറെ ഞെട്ടിപ്പിച്ച ഒന്നാണ് പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകം. ഇതിനെത്തുടർന്ന് ഉണ്ടായ പല വെളിപ്പെടുത്തലുകളിൽ ഇതേ നെഹ്രു കോളേജിന്റെ തന്നെ മാനേജ്മെന്റിനു കീഴിൽ വരുന്ന ലക്കിടിയിലെ കോളേജിൽ പഠിക്കുന്ന ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ പാമ്പാടിയിലെ കോളേജിലെ 'ഇടിമുറിയിൽ' കൊണ്ടുവന്ന് കൃഷ്ണദാസും സംഘവും മർദ്ദിച്ചതുമായ ബന്ധപ്പെട്ട കേസ് ഇപ്പോൾ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഈ കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനും റിമാന്റ് ചെയ്യാനും ഈ കേസിന്റെ അന്വേഷണം പുതുതായി ഏറ്റെടുത്ത പോലീസ് സംഘത്തിനു സാധിച്ചിട്ടുണ്ട്. കേസ് ആദ്യം ആന്വേഷിച്ച പഴയന്നൂർ പോലീസിനുണ്ടായ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പുതിയ സംഘം

തുടർന്നുണ്ടായ പല സംഭവവികാസങ്ങളിൽ ഇപ്പോൾ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പാമ്പാടി കോളേജിൽ കൊല്ലപ്പെട്ട ജിഷ്ണു പ്രണൊയ്‌യുടെ അമ്മ മഹിജയ്ക്കെതിരെ പരാതിയുമായി പോകാനുള്ള ബാർ കൗൺസിലിന്റെ തീരുമാനം. ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മറ്റുപ്രതികൾക്കെല്ലാം വിചാരണക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ കേരള ഹൈക്കോടതിയിൽ പ്രസ്തുത ജാമ്യഹർജി പരിഗണിച്ച ബഞ്ച് കൃഷ്ണദാസ് എന്ന പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അതും തെറ്റായ വിവരങ്ങൾ കോടതിയിൽ ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്ന വസ്തുത വെളിയിൽ വന്നിട്ടും ആ വസ്തുത പ്രസ്തുത ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തെറ്റായ വിവരങ്ങൾ പറഞ്ഞ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രസ്തുത ബഞ്ച് നടപടി എടുത്തതും ഇല്ല. ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡി ജി പി മഞ്ചേരി ശ്രീധരൻ നായരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

ലക്കിടി കോളേജിലെ വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ ഇതേ കൃഷ്ണദാസും കൂട്ടരും തട്ടീക്കൊണ്ടു പോവുകയും അന്യായമായി തടങ്കലിൽ വെയ്ക്കുകയും മർദ്ദിക്കുകയും, ദുരുപയോഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ രേഖകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്ത കേസിൽ കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഇതേ ബഞ്ച് കൃഷ്ണദാസ് അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വസ്തുത പ്രോസിക്യൂഷൻ അറിയിച്ചിട്ടും ആ മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികളുമായി മുന്നോട്ട് പോയത് തീർത്തും അസാധാരണവും തെറ്റായതുമായ നടപടിയാണെന്ന് വിവിധ നിയമവിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷ്ണദാസ് അറസ്റ്റിലും റിമാന്റിലും ആയി രണ്ടു ദിവസം പിന്നിടുന്നു. വിചാരണക്കോടതി കൃഷ്ണദാസ് ഉൾപ്പടെ പല പ്രതികളുടേയും ജാമ്യ ഹർജി തള്ളുകയും ചെയ്യുന്നു. അപ്പോളും കേരള ഹൈക്കോടതിയിലെ ബഞ്ച് കൃഷ്ണദാസിനു വേണ്ടി സമർപ്പിക്കപ്പെട്ട മുൻക്കുർ ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ട് പോവുകയാണ്. കൃഷ്ണദാസിന്റെ അറസ്റ്റോടെ മുൻകൂർജാമ്യം എന്ന ആവശ്യം അപ്രസക്തമായ സാഹചര്യത്തിൽ കേരള ഹൈക്കോടതിയിലെ ഈ ബഞ്ചിന്റെ നടപടി പല നിയമജ്ഞരേയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.


ഈ സാഹചര്യത്തിൽ ആണ് ഈ ജാമ്യഹർജി പരിഗണിക്കുന്ന ജഡ്ജി കൃഷ്ണദാസിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ലക്കിടി കോളേജിലെ ഒരു പരിപാടിയിൽ സംബന്ധിക്കുകയും ഇവിടെ പ്രതിസ്ഥാനത്ത് ആരോപണവിധേയരായി നിൽക്കുന്ന വ്യക്തികൾക്കൊപ്പം വേദി പങ്കെടുന്ന ചിത്രങ്ങൾ സൗത്ത് ലൈവ് പുറത്തുവിടുന്നതും ഈ വാദം കേൾക്കുന്ന ജഡ്ജിയ്ക്ക് നെഹ്രുഗ്രൂപ്പിലെ തന്നെ പലരുമായും അടുത്ത ബന്ധം ഉണ്ടെന്ന വാർത്തകൾ വരുന്നത്. ഷഹീർ ഷൗക്കത്തലിയും ആ പരിപാടിയിൽ സംബന്ധിച്ച ആളായതിനാൽ അന്ന് ഇതേ ജഡ്ജി അവിടെ നടത്തിയ പ്രസംഗത്തിലും മറ്റും കോളേജിലെ പ്രിൻസിപ്പൾ (സെബാസ്റ്റ്യൻ) ഉൾപ്പടെ പലരും തന്റെ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞതായി ചാനൽ ചർച്ചയിൽ (മാതൃഭൂമി 21/03/2017) വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ മഹിജയ്ക്കുണ്ടായ സംശയം ന്യായമാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ അവർ അത്തരം ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകിയതിൽ തെറ്റായൊന്നും കാണാൻ സാധിക്കുന്നില്ല. ഇത്തരം ഒരു ആരോപണം ഉണ്ടായ സാഹചര്യത്തിൽ ഈ കേസിൽ തുടർ വാദം കേൾക്കുന്നതിൽ നിന്നും പ്രസ്തുത ബഞ്ച് സ്വമേധയാ പിന്മാറുന്നതാണ് ഉചിതം എന്നാണ് ഞാൻ കരുതുന്നത്.