Thursday, 23 March 2017

പ്രതീക്ഷയ്ക്കൊത്തുയരാത്ത ന്യായാസനങ്ങൾ

സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങളും അതെ തുടർന്ന് ആത്മഹത്യചെയ്യുകയോ പഠനം തന്നെ നിറുത്തുകയോ ചെയ്യുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തകളും ആണ് കുറച്ചു നാളുകളായി നമ്മൾ എല്ലാവരും ചർച്ചചെയ്യുന്നത്. അതിൽ തന്നെ ഏറെ ഞെട്ടിപ്പിച്ച ഒന്നാണ് പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകം. ഇതിനെത്തുടർന്ന് ഉണ്ടായ പല വെളിപ്പെടുത്തലുകളിൽ ഇതേ നെഹ്രു കോളേജിന്റെ തന്നെ മാനേജ്മെന്റിനു കീഴിൽ വരുന്ന ലക്കിടിയിലെ കോളേജിൽ പഠിക്കുന്ന ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ പാമ്പാടിയിലെ കോളേജിലെ 'ഇടിമുറിയിൽ' കൊണ്ടുവന്ന് കൃഷ്ണദാസും സംഘവും മർദ്ദിച്ചതുമായ ബന്ധപ്പെട്ട കേസ് ഇപ്പോൾ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഈ കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനും റിമാന്റ് ചെയ്യാനും ഈ കേസിന്റെ അന്വേഷണം പുതുതായി ഏറ്റെടുത്ത പോലീസ് സംഘത്തിനു സാധിച്ചിട്ടുണ്ട്. കേസ് ആദ്യം ആന്വേഷിച്ച പഴയന്നൂർ പോലീസിനുണ്ടായ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പുതിയ സംഘം

തുടർന്നുണ്ടായ പല സംഭവവികാസങ്ങളിൽ ഇപ്പോൾ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പാമ്പാടി കോളേജിൽ കൊല്ലപ്പെട്ട ജിഷ്ണു പ്രണൊയ്‌യുടെ അമ്മ മഹിജയ്ക്കെതിരെ പരാതിയുമായി പോകാനുള്ള ബാർ കൗൺസിലിന്റെ തീരുമാനം. ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മറ്റുപ്രതികൾക്കെല്ലാം വിചാരണക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ കേരള ഹൈക്കോടതിയിൽ പ്രസ്തുത ജാമ്യഹർജി പരിഗണിച്ച ബഞ്ച് കൃഷ്ണദാസ് എന്ന പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അതും തെറ്റായ വിവരങ്ങൾ കോടതിയിൽ ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്ന വസ്തുത വെളിയിൽ വന്നിട്ടും ആ വസ്തുത പ്രസ്തുത ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തെറ്റായ വിവരങ്ങൾ പറഞ്ഞ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രസ്തുത ബഞ്ച് നടപടി എടുത്തതും ഇല്ല. ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡി ജി പി മഞ്ചേരി ശ്രീധരൻ നായരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

ലക്കിടി കോളേജിലെ വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ ഇതേ കൃഷ്ണദാസും കൂട്ടരും തട്ടീക്കൊണ്ടു പോവുകയും അന്യായമായി തടങ്കലിൽ വെയ്ക്കുകയും മർദ്ദിക്കുകയും, ദുരുപയോഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ രേഖകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്ത കേസിൽ കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഇതേ ബഞ്ച് കൃഷ്ണദാസ് അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വസ്തുത പ്രോസിക്യൂഷൻ അറിയിച്ചിട്ടും ആ മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികളുമായി മുന്നോട്ട് പോയത് തീർത്തും അസാധാരണവും തെറ്റായതുമായ നടപടിയാണെന്ന് വിവിധ നിയമവിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷ്ണദാസ് അറസ്റ്റിലും റിമാന്റിലും ആയി രണ്ടു ദിവസം പിന്നിടുന്നു. വിചാരണക്കോടതി കൃഷ്ണദാസ് ഉൾപ്പടെ പല പ്രതികളുടേയും ജാമ്യ ഹർജി തള്ളുകയും ചെയ്യുന്നു. അപ്പോളും കേരള ഹൈക്കോടതിയിലെ ബഞ്ച് കൃഷ്ണദാസിനു വേണ്ടി സമർപ്പിക്കപ്പെട്ട മുൻക്കുർ ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ട് പോവുകയാണ്. കൃഷ്ണദാസിന്റെ അറസ്റ്റോടെ മുൻകൂർജാമ്യം എന്ന ആവശ്യം അപ്രസക്തമായ സാഹചര്യത്തിൽ കേരള ഹൈക്കോടതിയിലെ ഈ ബഞ്ചിന്റെ നടപടി പല നിയമജ്ഞരേയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.


ഈ സാഹചര്യത്തിൽ ആണ് ഈ ജാമ്യഹർജി പരിഗണിക്കുന്ന ജഡ്ജി കൃഷ്ണദാസിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ലക്കിടി കോളേജിലെ ഒരു പരിപാടിയിൽ സംബന്ധിക്കുകയും ഇവിടെ പ്രതിസ്ഥാനത്ത് ആരോപണവിധേയരായി നിൽക്കുന്ന വ്യക്തികൾക്കൊപ്പം വേദി പങ്കെടുന്ന ചിത്രങ്ങൾ സൗത്ത് ലൈവ് പുറത്തുവിടുന്നതും ഈ വാദം കേൾക്കുന്ന ജഡ്ജിയ്ക്ക് നെഹ്രുഗ്രൂപ്പിലെ തന്നെ പലരുമായും അടുത്ത ബന്ധം ഉണ്ടെന്ന വാർത്തകൾ വരുന്നത്. ഷഹീർ ഷൗക്കത്തലിയും ആ പരിപാടിയിൽ സംബന്ധിച്ച ആളായതിനാൽ അന്ന് ഇതേ ജഡ്ജി അവിടെ നടത്തിയ പ്രസംഗത്തിലും മറ്റും കോളേജിലെ പ്രിൻസിപ്പൾ (സെബാസ്റ്റ്യൻ) ഉൾപ്പടെ പലരും തന്റെ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞതായി ചാനൽ ചർച്ചയിൽ (മാതൃഭൂമി 21/03/2017) വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ മഹിജയ്ക്കുണ്ടായ സംശയം ന്യായമാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ അവർ അത്തരം ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകിയതിൽ തെറ്റായൊന്നും കാണാൻ സാധിക്കുന്നില്ല. ഇത്തരം ഒരു ആരോപണം ഉണ്ടായ സാഹചര്യത്തിൽ ഈ കേസിൽ തുടർ വാദം കേൾക്കുന്നതിൽ നിന്നും പ്രസ്തുത ബഞ്ച് സ്വമേധയാ പിന്മാറുന്നതാണ് ഉചിതം എന്നാണ് ഞാൻ കരുതുന്നത്.

1 comment:

  1. ആശങ്കപ്പെട്ടതുപോലെ കൃഷ്ണദാസിനെ ഉടൻ മോചിപ്പിക്കണം എന്ന് ഹൈക്കോടതി. മാതൃഭൂമി വാർത്ത ഇവിടെ വായിക്കാം

    കൊച്ചി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും കൃഷ്ണദാസിനെ അടിയന്തിരമായി മോചിപ്പിക്കണമെന്നും ഹൈക്കോടതി. കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

    ഒരുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യസ്ഥയിലാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. പിആര്‍ഒ സജിത് വിശ്വനാഥന്റെ അറസ്റ്റ് കോടതി തടയുകയും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

    പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. എത്രയും പെട്ടെന്ന് കൃഷ്ണദാസിനെ വിയ്യൂര്‍ ജയിലില്‍നിന്ന് മോചിപ്പിക്കണം. നിലവിലുള്ള നിയമമവ്യവസ്ഥയുടെ ലംഘനമാണ് അറസ്റ്റുമായി ബന്ധപ്പെട്ട് നടന്നത്. പ്രതിക്കു ലഭിക്കേണ്ട മുഴുവന്‍ അവകാശങ്ങളും ഹനിക്കപ്പെട്ടു. അന്വേഷണോദ്യോഗസ്ഥനായ ഫ്രാന്‍സിസ് ഹന്റിക്കെതിരെ വകുപ്പുതല നടപടിയും കോടതിയലക്ഷ്യം ഉള്‍പ്പെടയുള്ള നടപടികളും സ്വീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

    പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്‍ അനാവശ്യമായ തിടുക്കം കാട്ടി. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് വൈകിച്ചു. രാത്രിയിലാണ് മജിസ്‌ടേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ഇത് പ്രതികള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനും ജാമ്യം ലഭിക്കുന്നതിനുമുള്ള അവസരം നിഷേധിക്കുന്നതിന് ബോധപൂര്‍വ്വം ചെയ്തതാണ്.

    എന്തിനുവേണ്ടിയാണ് അറസ്റ്റെന്ന് കേസ് ഡയറിയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജിക്കാരനായ വിദ്യാര്‍ഥി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെയാണ് പി. കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

    ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന് പുറമെ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

    ReplyDelete

Thank you for visiting my blog. Please leave your comments here.