Showing posts with label Election. Show all posts
Showing posts with label Election. Show all posts

Thursday, 17 October 2019

ഉപതിരഞ്ഞെടുപ്പും എൻ എസ് എസ് നിലപാടും

മുക്കിയ തിരഞ്ഞെടുപ്പ് ആപ്പീസർക്ക് എൻ എസ് എസ് വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങിയത് പിടിച്ചിട്ടില്ല പോലും. ആരും പരാതി ഒന്നും കൊടുത്തിട്ടില്ല. പക്ഷെ സംഗതി വർത്തകളിൽ കണ്ടാണ് ആപ്പീസർ അറിഞ്ഞത്. ആരെങ്കിലും പരാതി തന്നാൽ നടപടി എടുക്കും എന്നും ആപ്പീസർ പറഞ്ഞത് ഇന്നലെ ആണ്. ഇന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട് പരാതികൊടുക്കും എന്ന്. അല്ല കോടിയേരി നിങ്ങളുടെ ആറന്മുള നിയമസഭ മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സഭാസ്ഥാനാർത്ഥി സഭാവ് വീണ ജോർജ്ജിനെ ഓർത്തഡൊക്സ് സഭയുടെ ലോഹഇട്ട അച്ചന്മാർ എഴുന്നള്ളിച്ചു കൊണ്ടു നടപ്പോഴും സഭ പരസ്യമായി ആ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചോദിച്ചപ്പോളും അത് ചട്ടലംഘനം ആണെന്ന് തോന്നിയില്ലെ? തിരഞ്ഞെടുപ്പ് ആപ്പീസർ അന്നൊക്കെ കണ്ണും കെട്ടിയാണോ ഇരുന്നത്. ചിലർ ചെയ്യുമ്പോൽ മാത്രമേ ആപ്പീസർക്ക് ചട്ടോം വകുപ്പും ഒക്കെ ഓർമ്മവരൂ എന്നുണ്ടോ?

ഇനി എൻ എസ് എസിനോടാണ്. വട്ടിയൂർക്കാവിൽ മാത്രമേ യി ഡി എഫിനു പിന്തുണയുള്ളോ അതോ എല്ലാ മണ്ഡലങ്ങളിലും നയം അതാണോ? അങ്ങനെ ആണെങ്കിൽ അത് ആനമണ്ടത്തരം എന്നേ പറയാനുള്ളു. ഈ തീരുമാനം എടുക്കാനുള്ള കാരണം ശബരിമല വിഷയത്തിൽ വിസ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചു എന്നതാണല്ലൊ. അങ്ങനെ ആണെങ്കിൽ വിശ്വാസികളെ വഞ്ചിച്ചത് സി പി എം ആണ്. അതിനു ഏറാൻ മൂളിയ എൽ ഡി എഫിലെ സംഘടനകൾ ആണ് അവരെ തോല്പിക്കുക എന്നതാവണം ആയിരുന്നു എൻ എസ് എസിന്റെ നയം, നിലപാട്. അല്ലാതെ യു ഡി എഫിനു പിന്തുണ നൽകുക എന്നതല്ല. ശരിയാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശബരിമല കേസിൽ എടുത്ത നിലപാടായിരുന്നു ശരി. കേസ് നടന്ന സമയത്തും അവർ എടുത്ത നിലപാട് ശരിയായിരുന്നു. കേസ് വിധി വന്നശേഷം മറ്റെല്ലാ സംഘടനകളേയും പോലെ ആദ്യം വിധിയ്ക്കൊപ്പം നിന്നെങ്കിലും പിന്നീട് വിശ്വാസികളുടെ വികാരം മാനിച്ച് നിലപാട് മാറ്റിയ സംഘടനയാണ് കോൺഗ്രസ്സ് അതും സമ്മതിക്കുന്നു.

എന്നാൽ ഒക്ടോബർ 8നു സംഘം ശബരിമല വിഷയത്തിൽ സുചിന്തിതമായി വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിച്ച ശേഷം ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിന്നതും ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ എത്തിക്കാനുള്ള പിണറായി വിജയന്റെ സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിലകൊണ്ടതും ജയിൽ വാസവും പോലീസ് മർദ്ദനവും ഉൾപ്പടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിയതും വിവിധ സംഘപരിവാർ പ്രസ്താനങ്ങൾ ആണെന്ന കാര്യം പെരുന്നയിലെ ഡയർക്ടർബോർഡും ജനറൽ സെക്രട്ടറിയും മറക്കരുതായിരുന്നു. ആ ശക്തമായ പ്രതിരോധം കൊണ്ട് മാത്രമാണ് നെടുംബാശ്ശേരിയിൽ വന്നിറങ്ങിയ തൃപ്തി ദേശായി ഉൾപ്പടെയുള്ള ആക്റ്റിവിസ്റ്റുകൾക്ക് മടങ്ങിപ്പോകേണ്ടീ വന്നത്. രാത്രിയുടെ മറവിൽ ഹിജഡകൾ എന്ന വ്യാജേന എത്തിച്ച രണ്ട് ആക്റ്റിവിസ്റ്റുകളെ വളഞ്ഞ വഴിയിൽ സന്നിധാനത്ത് എത്തിക്കേണ്ട അവസ്ഥ കേരള പോലീസ് എസ്കോഋട്ട് സർവ്വീസിനുണ്ടായത്.

ഇത്രയും പ്രത്യക്ഷമായ പ്രതിരോധവുമായി പീഡനങ്ങളും ജയിൽ വാസവും ഏറ്റുവാങ്ങി സംഘപരിവാർ പ്രസ്ഥാനങ്ങൾ വിശ്വാസികൾക്കൊപ്പം നിന്നപ്പോൾ നാമമാത്രമായ പ്രതിരോധങ്ങൾ പേരിനു മാത്രമുള്ള പ്രതിഷേധങ്ങൾ ആണ് കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സന്നിധാനത്ത് പിണറായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നൊന്നായി സമാധാനപരമായി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയിൽ നടന്ന നാമജപത്തിലൂടെ തകർന്നുവീണത് നാമെല്ലാം കണ്ടതാണ്, സന്നിധാനത്ത് ശരണമന്ത്രം വിളിച്ചതിനു അറസ്റ്റുചെയ്യപ്പെട്ട ഭൂരിഭാഗം ആളുകളും വിവിധ സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവർ ആയിരുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനു നിരുപാധിക പിന്തുണ നൽകാൻ തീരുമാനിച്ച എൻ എസ് എസ് ഡയറക്ടർബോർഡ് ഈ കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല എന്നത് ദുഃഖകരം തന്നെ ആണ്.

കോടതി വിധി എതിരായാൽ ശബരിമല വിശ്വാസസംരക്ഷണത്തിനുള്ള ഏകമാർഗ്ഗം നിയമ നിർമ്മാണം ആണ്, യു ഡി എഫ് പ്രതിനിധി ആയ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിൽ പറയുന്നതുപോലെ അയ്യപ്പവിശ്വാസികളെ ഒരു പ്രത്യേകവിഭാഗമായി പരിഗണിക്കുകയും ശബരിമല ക്ഷേത്രത്തിലെ ആചാരസംരക്ഷണത്തിനായി ഒരു നിയമം നിർമ്മിക്കുകയും ചെയ്യണമെങ്കിൽ അതിനു ബിജെപിയുടെ പിന്തുണ ഇല്ലാതെ സാധിക്കില്ല എന്നത് അറിയാത്തവർ അല്ലല്ലൊ പെരുന്നയിൽ ഉള്ളത്. കോൺഗ്രസ്സ് ഇനി അടുത്ത ഏതെങ്കിലും കാലഘട്ടത്തിൽ ഭാരതം ഭരിക്കും എന്നതാണ് എൻ എസ് എസിന്റെ വിശ്വാസം എങ്കിൽ നിങ്ങൾ മൂഡസ്വർഗ്ഗത്തിൽ ആണെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

എൻ എസ് എസ് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം ആയിരുന്നു സാമ്പത്തിക സംവരണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10% സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് ഈ സർക്കാരാണ്. കോൺഗ്രസ്സ്, മറ്റ് കോൺഗ്രസ്സ് ഇതര സർക്കാരുകൾ ചെയ്തതുപോലെ പിന്നോക്ക, ന്യൂനപക്ഷ വോട്ട് ബാങ്കുകളെ ലക്ഷ്യം വച്ചു മാത്രം പ്രവർത്തിക്കുന്ന ഒന്നല്ല എൻ ഡി എ സർക്കാർ എന്നതും പെരുന്നയിലെ ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡും ഓർക്കണമായിരുന്നു. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് എല്ലാ വിഭാഗത്തിനും വികസനം എന്നത് ആപ്തവാക്യമാക്കിയ സർക്കാരാണ് എൻ ഡി എയുടേത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നതിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ആയിരുന്നു എന്നാണ് എനിക്ക് ജനറൽ സെക്രട്ടറിയേയും ഡയറക്ടർ ബോർഡ് മെംബർമാരേയും ഓർമ്മിപ്പിക്കാനുള്ളത്.

പിന്നെ പെരുന്നയിൽ നിന്നും എന്ത് തീരുമാനം വന്നാലും അതിനെ ചോദ്യം ചെയ്യാതെ ശിരസ്സാവഹിക്കുന്നവരല്ല കരയോഗങ്ങളും കരയോഗാംഗങ്ങളും എന്നത് ജനറൽ സെക്രട്ടറിയ്ക്കും ബോർഡ് മെംബർമാർക്കും നല്ലപോലെ അറിയാമെന്ന് കരുതുന്നു. നിങ്ങളിൽ പലരേയും പോലെ രാഷ്ട്രീയ അടിമത്തം ഇല്ലാത്ത എന്നാൽ വ്യക്തമായ രാഷ്ട്രീയ ബോധവും നിലപാടും ഉള്ളവരാണ് കരയോഗാംഗങ്ങൾ. അതുകൊണ്ട് തന്നെ ഉചിതമായ നിലപാട് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.

മുഖ്യതിരഞ്ഞെടുപ്പ് ആപ്പീസർക്കും എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്കും നല്ല നമസ്കാരം.

Saturday, 19 May 2018

കർണ്ണാടക എന്റെ നിഗമനങ്ങൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനും അധികാരത്തിൽ വരാനും തന്നെയാണ്. അതിനായി ജനപിന്തുണ ഉണ്ടായി. കർണ്ണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ചെയ്തു. പക്ഷെ ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. ഏതാനും ചില സീറ്റുകളുടെ കുറവ്. ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ കൂടുതൽ സീറ്റുകൾ ഉണ്ടെങ്കിലേ ഭരിക്കാൻ പറ്റൂ എന്നില്ല. വിശ്വാസവോട്ട് നടക്കുന്ന അവസരത്തിൽ സഭയിൽ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായാൽ മതി. അതുകൊണ്ട് 104 സീറ്റുകൾ നേടിയ ഭാരതീയ ജനതാപാർട്ടി കർണ്ണാടകയിൽ സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചത് വലിയ തെറ്റായി ഞാൻ കാണുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒക്കെ ഇതിനു മുൻപും ന്യൂനപക്ഷ സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. നരസിഹറാവു സർക്കാർ ഭരിച്ച അഞ്ചുവർഷവും ന്യൂനപക്ഷസർക്കാരായിരുന്നു. പല നിർണ്ണായകമായ വോട്ടെടുപ്പുകളിലും ചില അംഗങ്ങൾ വിട്ടുനിന്നതു കൊണ്ട് (അതിന്റെ പിന്നിലെ കളികൾ വേറേ) സർക്കാർ അഞ്ചുവർഷവും തികച്ചു. 

ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഭരണഘടനയിൽ ഇല്ലാത്തതുകൊണ്ടാണ് പലപ്പോളും വിരുദ്ധങ്ങളായ ഉത്തരവുകൾ ഉണ്ടാകുന്നത്. ഒരു കാര്യം മാത്രം വ്യക്തമാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിമുറിയിലോ അല്ല. അത് സഭയിൽ തന്നെ ആണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ ഭാരതീയ ജനത പാർട്ടിയെ ഗവർണ്ണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.  അത് ഗവർണ്ണറുടെ വിവേചനാധികാരം. കോൺഗ്രസ്സും ജെഡിഎസും തിരഞ്ഞെടുപ്പിനു മുൻപ് സഖ്യമുണ്ടാക്കി മത്സരിച്ച് 116 സീറ്റുകൾ ജയിച്ചിരുന്നു എങ്കിൽ തീർച്ചയായും അവരെ തന്നെ ക്ഷണിക്കണമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയ സഖ്യം എന്ന നിലയിൽ അവരെ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയ്ക്ക് അവസരം നൽകിയതിനു ശേഷം മതി എന്ന കർണ്ണാടക ഗവർണ്ണറൂടെ തീരുമാനം ശരിയാണെന്നാണ് എന്റെ നിഗമനം. സർക്കാരിയ കമ്മീഷൻ ശുപാർശകൾ പ്രകാരം 30 ദിവസത്തെ സമയം വരെ പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർക്ക് ഏതെങ്കിലും കക്ഷിയ്ക്ക് നൽകാവുന്നതാണ്. എന്നാൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യങ്ങൾ വരുമ്പോൾ അധികം സമയം അനുവദിക്കരുതെന്ന നിർദ്ദേശം സുപ്രീംകോടതിയുടേതായിട്ടുണ്ട്. അതുകൊണ്ട് 15 ദിവസത്തെ സാവകാശം നൽകിയ ഗവർണ്ണറുടെ നടപടി ഉചിതമെന്ന് കരുതുന്നില്ല. പ്രോ ടേം സ്പീക്കറുടെ നിയമനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്സും ജെ ഡി എസും നൽകിയ ഹർജികൾ സുപ്രീകോടതി പരിഗണിക്കുകയും അവരുടെ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോ ടേം സ്പീക്കർ ആയി നിയമിക്കണം എന്ന നിയമം ഇല്ലാത്തതിനാൽ അത്തരം ഒരു നിർദ്ദേശം ഗവർണ്ണർക്ക് നൽകാൻ സാധിക്കില്ല എന്ന് തന്നെ കോടതി വ്യക്തിമാക്കി. 

സ്വന്തം സാമാജികരുടെ കൂറിലും സത്യസന്ധതയിലും വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസ്സും ജെ ഡി എസും  അവരെ റിസോർട്ടുകളിൽ പൂട്ടിയിട്ടതും ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിക്കൊണ്ടിരുന്നതും. ഭാരതീയ ജനത പാർടി അതിന്റെ സാമാജികരെ ഇങ്ങനെ തടവിലാക്കിയ വാർത്തകൾ ഒന്നും കണ്ടില്ല. ഇത്തരത്തിൽ സ്വന്തം പാർട്ടി നേതൃത്വത്തിനുപോലും വിശ്വാസമില്ലാത്ത സാമാജികരെവച്ചാണ് കോൺഗ്രസ്സ് ജെ ഡി എസ് സഖ്യം സർക്കാർ ഉണ്ടാക്കാനും ഭരണം നടത്താനും പോകുന്നത്. നല്ലകാര്യം. എന്തായാലും കർണ്ണാടക നിയമസഭാ തിരഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം നേടിത്തന്നെയാണ് ഭാരതീയ ജനത പാർടിയുടെ 104 സാമാജികർ വിജയിച്ചതും കർണ്ണാടകയിലേ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും. ഏതുവിധേനയും ആരെ കൂട്ടുപിടിച്ചും ഭാരതീയ ജനത പാർടിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്നത് ദശാബ്ദങ്ങളായി  കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികൾ പുലർത്തിവരുന്ന നയമാണ്. അതിന്റെ ഫലമായി കോൺഗ്രസ്സ് മൂന്നു സംസ്ഥാനങ്ങളിലേയ്ക്ക് ചുരുങ്ങി. ലോക് സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ പോലും അംഗബലം ഇല്ലാത്ത പാർടിയായി. എന്നാൽ ഇന്ന് ഭാരതീയ ജനത പാർടിയും അത് നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (ദേശിയ ജനാധിപത്യ സഖ്യം എൻ ഡി എ) എന്ന സഖ്യവും രാജ്യംഭരിക്കുന്ന പാർടിയും ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ഭരണം കൈയ്യാളുന്ന പാർടിയും ആയി. അതുപോലെ ഇടതു പാർട്ടികളും. ഇന്ന് കേരളത്തിൽ മാത്രമായി ഇടതുപാർടികളുടെ  ഭരണം ചുരുങ്ങി. ഇനിയും സ്വന്തം നയങ്ങളും ആദർശങ്ങളും പണയംവെച്ച് ഭാരതീയ ജനത പാർട്ടിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താനുള്ള ശ്രമം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തുടരുക തന്നെ വേണം. അത് തീർച്ചയായും ഭാരതീയ ജനത പാർടിയ്ക്ക് ഗുണമേ ചെയ്യൂ. 

Monday, 12 March 2012

അനൂപ് ജേക്കബും ചട്ട ലംഘനവും.

പിറവം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മനഃപൂർവ്വം സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്താതെ ചട്ടലംഘനം നടത്തി എന്ന “ദേശാഭിമാനിയിലെ” ഈ വാർത്തയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. ദേശാഭിമാനി ഇങ്ങനെ പറയുന്നു “നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഡമ്മി സ്ഥാനാര്‍ഥിയായി അനൂപിന്റെ അമ്മ ആനി ജേക്കബ് (ഡെയ്സി) പൊടുന്നനെ പത്രിക സമര്‍പ്പിച്ചത് വിവാദമായിരുന്നു. ഡമ്മി സ്ഥാനാര്‍ഥിയായി പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കേസിന്റെ കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ പത്രിക തള്ളാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍ക്കണ്ടാണ് ആനിയെക്കൊണ്ട് അവസാനദിവസം പത്രിക കൊടുപ്പിച്ചത്. സൂക്ഷ്മപരിശോധനവേളയില്‍ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറിനെ കൊണ്ടുവന്നതും വെറുതെയായിരുന്നില്ല. സത്യവാങ്മൂലത്തിലെ പിഴവ് ഉയര്‍ന്നുവന്നാല്‍ ശക്തമായി വാദിക്കാനാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. ഇങ്ങനെയൊരു കേസ് നിലവിലുണ്ടെന്നും അത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പത്രിക സമര്‍പ്പിച്ച അനൂപിനടക്കം അറിവുള്ളതാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്“ ഇത്രയും വായിച്ചപ്പോൾ നമ്മുടെ നിലവിലെ എം എൽ എ മാരുടെ ക്രിമിനൽ പശ്ചാത്തലം ഒന്ന് പരിശോധിക്കാം എന്ന് കരുതി. ഇന്ന് എല്ലാവിവരങ്ങളും ഇന്റെർനെറ്റ് വഴി വിരൽത്തുമ്പിൽ ലഭ്യമാണല്ലോ. അങ്ങനെ കിട്ടിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

2011-ൽ കേരള നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ 67 പേർക്കെതിരെ നിലവിൽ ക്രിമിനൽ കേസുകൾ ഉണ്ട്. അതിൽ 11 പേർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾക്ക് (കൊലപാതകശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം) കേസെടുത്തിട്ടുണ്ട്. ഐ പി സി 324, 308, 307, 304, 326, 325, 243, 294, 198, 383, 253 എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരം കേസ് ചുമത്തപ്പെട്ടിട്ടുള്ളവർ സി പി ഐ (എം), കോൺഗ്രസ്സ് എന്നീപാർട്ടികളിൽ 5 പേർ വീതം. ഇത്തരത്തിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടവർ സി ദിവാകരൻ (4), അൻ‌വർ സാദത്ത് (3) ബാലകൃഷ്ണൻ (3), എ പ്രദീപ് കുമാർ (3), ടി വി രജേഷ് (2), വിഷ്ണുനാഥ് (2), കെ വി വിജയദാസ് (2), ഹൈബി ഈഡൻ (1) ഷിബു ബേബി ജോൺ (1), അഡ്വ. എം എ വഹീദ് (1). രസകരമായ ഒരു കാര്യം 2006-ൽ ശ്രീ ബാബു എം പാലിശ്ശേരി കുന്ദംകുളത്തുനിന്നും മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ഐ പി സി 143, 147, 148, 283, 323, 324, 353 എന്നിങ്ങനെ പല വകുപ്പുകളിലായി തൃശ്ശൂർ സി ജെ എം കോടതിയിലും കുന്ദംകുളം എഫ് ജെ എം കോടതിയിയിലും മൂന്നു കേസുകൾ നിലവിലുണ്ടായിരുന്നു. 2011-ൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്‌മൂലം അനുസരിച്ച് ഗുരുതരമായ കേസുകൾ ഒന്നും അദ്ദേഹത്തിനെതിരെ ഇല്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല. ഭരണം മാറുന്നതോടെ ഇങ്ങനെ പലതും എഴുതിത്തള്ളും. അത്രയൊക്കയേ ഈ കേസുകൾക്ക് ആയുസ്സുള്ളു. മാരകായുധം ഉപയോഗിച്ച് മുറിവേല്പിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന ഒരാൾ (ഐ പി സി 324) മന്ത്രിയായും ഉണ്ട്. ഇവിടെ അനൂപ് ജേക്കബിനെതിരെയുള്ള 143, 147 149, 188 എന്നീവകുപ്പുകൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്ന നിലവാരത്തിൽ വരുന്നതും അല്ല.

പറഞ്ഞു വന്നത് ഇതൊക്കെ സത്യവാങ്‌മൂലത്തിൽ ചേർത്താലും അയോഗ്യത ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് ഈ ആരോപിക്കപ്പെടുന്നതുപോലെ മനഃപൂർവ്വം ചേർക്കാതിരുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അത്രമാത്രം.

അവലംബം:
1. http://myneta.info/
2. http://www.empoweringindia.org/new/home.aspx