Monday 18 November 2019

ശബരിമല റിവ്യൂ പെറ്റീഷൻ

ശബരിമല റിവ്യു പെറ്റീഷൻ പരിഗണിച്ച ഭരണഘടന ബഞ്ച് ജസ്റ്റിസുമാരായ
ഇന്ദു മൽഹോത്ര, ഖാൻവിൽക്കർ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്,
റൊഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് (കടപ്പാട് ലൈവ് ലോ)

12 കൊല്ലം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം, ആ കാലയളവിൽ പല ബഞ്ചുകൾ മറിഞ്ഞ ഒടുവിൽ ഭരണഘടനയുടെ തലനാരിഴകീറിപരിശോധിക്കാൻ ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടു. അവിടെയും തുടർച്ചയായ വാദം കഴിഞ്ഞ് അതിൽ 4:1 എന്ന അനുപാതത്തിൽ കാണ്ഡം കാണ്ഡം വരുന്ന കാര്യകാരണങ്ങൾ നിരത്തി വിധിയും പറഞ്ഞു. ആ വിധിയുടെ റിവ്യൂ പെറ്റീഷനുമായി ആളുകൾ പോയി. അതിലും ഒരു മൂന്നരമണിക്കൂർ വാദം കേട്ട് അതിന്റെ തീരുമാനം പറയാൻ ഒരു ആറു മാസം കാത്തിരുന്നപ്പോൾ ദേ പറയുന്നു ആദ്യം പരിഗണിച്ച വിഷയം പരിഗണിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടോ എന്ന് ഞങ്ങൾ ഒന്നുകൂടെ പരിശോധിക്കട്ടെ എന്നിട്ട് നിങ്ങളുടെ റിവ്യു പെറ്റീഷനിൽ തീരുമാനം എടുക്കാം എന്ന്. ആഹോ ഭാഗ്യം അഹോ ഭാഗ്യം.


പൊതുവിൽ ജഡ്ജിമാർക്ക് പൊതുജനത്തോട് എന്തു ഉത്താവാദിത്വം ഉണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. സുപ്രീംകോടതിയ്ക്ക് ഉണ്ടോ എന്ന് ഇപ്പോൾ അവർ സംശയിക്കുന്ന അധികരം ഉപയോഗിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കഴിഞ്ഞ കുറെ നാളുകളായി ചുരുങ്ങിയപക്ഷം ഈ സംസ്ഥാനത്തെങ്കിലും എത്ര ലക്ഷം ആളുകളുടെ മനഃസമാധാനവും ജീവിതവും ആണ് ഇല്ലാതാക്കിയത്. സമാധാനപരമായി ആളുകൾ പോയിരുന്ന ഒരു തീർത്ഥാടനകേന്ദ്രത്തെ എത്രമാത്രം ഭീതിതമായ അന്തരീക്ഷത്തിൽ എത്തിച്ചു. സന്നിധാനത്ത് നാമജപം നടത്തിയതിനു പോലും ആളുകൾ എത്ര ദിവസമാണ് ജയിലിൽ കിടന്നത്? തങ്ങളുടെ വിശ്വാസത്തിനേറ്റ മുറിവിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർ അവർക്ക് എന്തു നീതിയാണ് ഈ കോടതി നൽകാൻ പോകുന്നത്?


എന്നിട്ടു ചില ന്യായാധിപർ പറയുന്നു ഭരണഘടനയാണ് വിശുദ്ധപുസ്തകം എന്ന്. ഏട്ടിലെ പശു പുല്ലു തിന്നില്ല മൈ ലോർഡ്. ഈ നാട്ടിലെ ഒരു സാധാപോലീസ് സ്റ്റേഷനിൽ പോലും ഭയമില്ലാതെ തനിയെ ചെല്ലാൻ സാധാരണക്കാരനു ആത്മവിശ്വാസം താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്കുകളും താങ്കൾ ഉൾപ്പടെയുള്ളവർ പുറപ്പെടുവിക്കുന്ന വിധി വാചകങ്ങളും നൽകുന്നില്ല മൈ ലോഡ്. സാധാരണക്കാരനു ഇപ്പോഴും താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളേക്കാൾ വിശ്വാസം അവനവന്റെ മതഗ്രന്ഥങ്ങളിലെ വാക്ക്യങ്ങളെ ആണ്. അതിൽ വിശ്വസിച്ചാണ് അവരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്യങ്ങളേക്കാൾ സ്വന്തം മതവിശ്വാസം സാധാരണക്കാരനു പ്രിയമാകുന്നത്.

സ്വന്തം പിഞ്ചുകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ പോലും അവർക്ക് ശരിയായ ശിക്ഷ നൽകാൻ സാധിക്കാത്ത താങ്കളുടേ വിശുദ്ധഗ്രന്ഥത്തിലെ വകുപ്പുകളേക്കാൾ സാധാരണക്കാരൻ വിശ്വസിക്കുന്നത് എല്ലാത്തിനു മുകളിലെ അവന്റെ ദൈവത്തിന്റെ കോടതിയെ ആണ്. പുരോഗമനവാദികളും നിരീശ്വരവാദികളുമായ താങ്കളെ പോലുള്ളവർ എങ്ങനെ ഒക്കെ അപഹസിച്ചാലും ആ വിശ്വാസം ആണ് അവരെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് മൈ ലോഡ് ഇനിയും നാട്ടിലെ ജനങ്ങളുടെ ദൈവ വിശ്വാസത്തിനും മേലെ ആണ് താങ്കൾ പറയുന്ന വിശുദ്ധപുസ്തകത്തിലെ വകുപ്പുകളും ചട്ടങ്ങളും എന്ന് സാധാരണക്കാരനു ബോധ്യമാകണമെങ്കിൽ സാധാരണക്കാരനു നീതി ലഭിക്കാൻ പാകത്തിൽ നാട്ടിലെ കോടതികളും നീതിന്യായ വ്യവസ്ഥയും മാറണം. അങ്ങനെ താങ്കളുടെ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളെ വിശ്വസിക്കാൻ ഈ നാട്ടിലെ ജനങ്ങൾക്ക് കഴിയുന്ന കോടതികൾ നീതി നടപ്പിലാക്കും എന്ന വിശ്വാസം സാധരണക്കാരനു ഉണ്ടാകുന്ന കാലത്ത് ഞങ്ങൾ താനെ പറയും ഞങ്ങളുടെ വിശ്വാസത്തേക്കാൾ ഈ നാട്ടിലെ നിയമപുസ്തകം തന്നെ വലുതെന്ന്. അതുവരെ സ്വന്തം വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം എന്ന് അഭ്യർത്ഥനയാണുള്ളത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28-ലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ റിവ്യുഹർജികളിൽ 2019 നവംബർ 14നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ചുള്ള എന്റെ സംശയങ്ങൾ 2019 നവംബർ 16നു ഒരു ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ചിരുന്നു. ഇടയ്ക്ക് നെറ്റ്‌വർക്ക് കട്ടായതിനെ തുടർന്ന് രണ്ട് ഭാഗങ്ങളായി പോയ ആ വീഡിയോയുടെ രണ്ട് ഭാഗങ്ങളും ചുവടെ ചേർക്കുന്നു.





ശബരിമല 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധി : https://drive.google.com/open?id=1yiPOmbywZkatVg8yKkONY-FD2h-UNWDf

റിവ്യു പെറ്റീഷനിലെ 2019 നവംബർ 14നു പുറപ്പെടുവിച്ച വിധി: https://drive.google.com/open?id=1W0i_1YFiR0yjdPHzhDYRXkmXK4xB_mVp

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.