Sunday 27 October 2019

വാളയാർ കേസ് മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത്


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്ക്,

വാളയാർ കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകും
എന്ന് ഉറപ്പ് നൽകിക്കൊണ്ട് പിണറായി വിജയൻ 08/03/2017നു
ഫേസ്ബുക്കിൽ ചേർത്ത കുറിപ്പ്

വാളയാൽ കേസിലെ വിധി വന്നത് അങ്ങയുടെ ഉപദേശികൾ അങ്ങയെ അറിയിച്ചു കാണും എന്ന് കരുതട്ടെ. അങ്ങയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണ മികവുകൊണ്ടാണോ അതോ അങ്ങയുടെ പാർടിയുടെ സമ്മർദ്ദത്തിന്റെ ഫലം കൊണ്ടാണോ എന്നറിയില്ല, കുറ്റവാളികൾ എന്ന് പറഞ്ഞ് കോടതിയുടെ മുൻപാകെ കൊണ്ടു നിറുത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരിക്കുന്നു. മറ്റൊരു കേസുണ്ട് ഇതുപോലെ കേരളം വളരെ ചർച്ച ചെയ്തത്, എടപ്പാളിലെ ഒരു തീയറ്ററിൽ വച്ച് ഒരു പെൺകുട്ടിയെ അവളുടെ അമ്മ തന്നെ മൊയ്തീൻകുട്ടി എന്ന മറ്റൊരു നരാധമനു വിട്ടുകൊടുത്തത്. എടപ്പാൾ തീയറ്റർ പീഡനം എന്ന പേരിൽ കേരളം വളരെ ചർച്ച ചെയ്തതാണ്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് കുറ്റപത്രം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ആ കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്നാണ്. അങ്ങേയ്ക്ക് മുൻപ് കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് മുഖ്യന്ത്രി ആയിരുന്ന അച്യുതാനന്ദൻ ചില വിഐപികളെ കൈയ്യാമം വച്ച് നടത്തിക്കും എന്നൊക്കെ പീഡനത്തിനിരയായി പിന്നീട് മരണമടഞ്ഞ ഒരു പെൺകുട്ടിയുടെ അച്ഛനു വാക്കുനൽകിയാണ് അധികാരത്തിൽ എത്തിയത്. അതെന്തായി എന്ന് കേരളം പിന്നീട് കാണുകയും ചെയ്തു. എന്താണ് അങ്ങയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിൽ അങ്ങ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. ഇത്തരം പോലീസുകാരെ ഇനിയും വച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെങ്കിൽ പെൺകുട്ടികളുടെ അച്ഛന്മാർ ഇനി തോക്കെടുത്ത് ഇറങ്ങേണ്ടിവരും തന്റെ പെണ്മക്കളെ അപമാനിച്ചവരോട് പകരം വീട്ടാൻ. തോക്ക് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയപക്ഷം മഴുവെങ്കിലും എടുക്കാൻ അവർ നിർബന്ധിതരായേക്കാം.

സർക്കാരിന്റെ ഔദ്യോഗിക വെബസൈറ്റ് പറയുന്നതനുസരിച്ച് ഒരുപാട് വകുപ്പുകൾ അങ്ങ് കൈകാര്യം ചെയ്യുന്നുണ്ട് (Portfolios: General Administration; All India Services; Planning and Economic Affairs; Science, Technology and Environment; Scientific Institutes; Personnel and Administrative Reforms; Election; Integration; Sainik Welfare; Distress Relief; State Hospitality; Airports; Metro Rail; Inter State River Waters; Information and Public Relations; Non-Resident Keralites Affairs; Home; Vigilance; Administration of Civil and Criminal Justice; Fire and Rescue Services; Prisons; Printing and Stationery; Inland Navigation (Construction of Waterways); Kerala Shipping and Inland Navigation Corporation; Pollution Control; Transport and subjects not mentioned elsewhere.) ഇനി ഈ വകുപ്പുകളുടെ ബാഹുല്യം നിമിത്തമാണോ ആഭ്യന്തരം ഇങ്ങനെ കുത്തഴിഞ്ഞ അവസ്ഥയിൽ ആയത്. അങ്ങനെ എങ്കിൽ മെച്ചപ്പെട്ട കഴിവുള്ള ആർക്കെങ്കിലും ഈ വകുപ്പ് കൈമാറ്റം ചെയ്യണം എന്നൊരു അഭ്യർത്ഥന ഉണ്ട്.

നെടുങ്കണ്ടം പോലീസ് കൊലപാതകം അന്വേഷിക്കാൻ അങ്ങ് തന്നെ മുൻകൈ എടുത്ത് ജസ്റ്റിസ് നാരായണ കുറുപ്പിനെ അന്വേഷണ കമ്മീഷൻ ആയി നിയമിച്ചിട്ടുള്ളതാണല്ലൊ. പക്ഷെ കേസ് അന്വേഷിച്ഛിരുന്ന ക്രൈംബ്രാഞ്ച് നാരായണ കുറുപ്പ് കമ്മീഷനോട് സഹകരിക്കുന്നില്ല എന്നും കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ കമ്മീഷനു നൽകുന്നില്ല എന്നും ആക്ഷേപം കമ്മീഷൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. വരാപ്പുഴയിൽ ശ്രീജിത്തിനെ പോലീസുകാർ തന്നെ കൊന്നതാണ്. ആ കേസന്വേഷണവും എവിടെ എത്തി എന്നത് അറിയില്ല. പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന അങ്ങയുടെ പോലീസ് സേനയെ കുറിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ച് നടത്തിയ പരാമരശങ്ങൾ ഉപദേശികൾ അങ്ങയെ ധരിപ്പിച്ചിട്ടുണ്ടാകും എന്ന് കരുതട്ടെ.

പോലീസിൽ ആണെങ്കിൽ മേലുദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവാതെ സാധാരണ പോലീസുകാർ തന്നെ ആത്മഹത്യ ചെയ്യുന്നു. ചിലരാകട്ടെ വീട് വിട്ടുപോകുന്നു. അതുകൂടാതെ മേലുദ്യോഗസ്ഥർ ജാതി പറഞ്ഞ് അപമാനിക്കുന്നത് സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന പോലീസുകാരും ഉണ്ട്. ചീമേനി തുറന്ന ജയിലിലെ ഒരു പോലീസുദ്യോഗസ്ഥൻ ആത്മഹത്യചെയ്ത വാർത്ത ഇന്നലേയും കണ്ടു. പോലീസ് ഡ്രൈവർ ഗവാസ്കറെ പോലുള്ളവർക്കാണെങ്കിൽ മേലുദ്യോഗസ്ഥന്റെ മക്കളുടെ ചവിട്ടും തൊഴിയും കൊള്ളേണ്ട അവസ്ഥയാണ്.

ചുരുക്കത്തിൽ തികഞ്ഞ അരാജകത്വമാണ് അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിൽ ഉള്ളത്. അങ്ങ് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്ത ഒരു കാര്യം പോലീസ് വകുപ്പിനു അവമതിപ്പുണ്ടാക്കിയ അന്നത്തെ ഡിജിപി ശ്രീ ടി പി സെൻകുമാറിനെ ആ സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. അങ്ങനെ നിയമിച്ചതാണ് ഇപ്പോഴത്തെ ഡി ജി പി ശ്രീ ലോക് നാഥ് ബഹ്റയെ. അന്ന് അങ്ങ് കൈക്കൊണ്ട ലോജിക്ക് അനുസരിച്ചാണെങ്കിൽ ഈ ബഹ്റയെ ഇപ്പോൾ എത്രതവണ ആ പദവിയിൽ നിന്നും മാറ്റേണ്ട സമയം കഴിഞ്ഞു എന്ന് അങ്ങേയ്ക്ക് തോന്നുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സെൻകുമാറിന്റെ കാര്യത്തിൽ സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പിഴയും അടച്ച് തിരികെ എടുക്കേണ്ട അവസ്ഥയിൽ ആയിരുന്നല്ലൊ അങ്ങ്.

ചുരുക്കത്തിൽ അങ്ങും അങ്ങയുടെ ഡിജിപിയും ആഭ്യന്തര വകുപ്പിന്റെ ചുമതലകൾ ഒഴിഞ്ഞ് കൂടുതൽ കാര്യപ്രാപ്തി ഉള്ള ആരെയെങ്കിലും ഈ ചുമതലകൾ ഏല്പിക്കുന്നതാവും ഈ നാടിനും കേരള പോലീസിനും നല്ലതെന്ന് തോന്നുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കും എന്ന പ്രതീക്ഷയോടെ നിറുത്തുന്നു.

സവിനിയം
കേരളത്തിലെ ഒരു പ്രജ.

അവലംബം

വാളായാർ കേസിൽ പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് ആ കുട്ടികളുടെ അമ്മയുടെ പ്രതികരണം https://www.mathrubhumi.com/crime-beat/crime-news/walayar-case-verdict-1.4225461

എടപ്പാൾ പീഡനം കുറ്റപത്രം നൽകാത്തത് സംബന്ധിച്ച് ന്യൂസ് 18-ൽ വന്ന വാർത്ത് https://malayalam.news18.com/embed/videos/MTI4OTgz/?

നെടുങ്കണ്ടം കൊലപാതകം പോലീസ് നാരായണക്കുറിപ്പ് അന്വേഷണക്കമ്മീഷനുമായി സഹകരിക്കുന്നുല്ല എന്ന് വാർത്ത https://janamtv.com/80179689/?

വാളയാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവരിൽ നടന്ന ചർച്ച https://youtu.be/u_LkrKj1kuY

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.