Friday 27 February 2009

ബ്ലോഗുകളെ സംബന്ധിച്ച സുപ്രീം‌കോടതിയുടെ നിർണ്ണയക വിധി | A Landmark Judgment on Blogging by Supreme Court

സൂര്യനുകീഴിലുള്ള എന്തിനെപ്പറ്റിയും എന്ത് അഭിപ്രായവും എഴുതാം എന്നും അത്തരം ലേഖനങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ഉള്ള ബൂലോകത്തിന്റെയും (Blogsphere) , ഓൺ ലൈൻ കമ്മൂണിറ്റികളുടേയും, വാദങ്ങളെ മാറ്റിമറിക്കാൻ പോന്ന ഒരു സുപ്രധാന നിരീക്ഷണം ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റീസ് ശ്രീ കെ ജി ബാലകൃഷ്ണനും ജസ്റ്റീസ് ശ്രീ സദാശിവനും അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി.

ഇതിന് ആധാരമായ സംഭവം ഇപ്രകാരമാണ്. കേരളത്തിൽ നിന്നുള്ള അജിത് ഡി എന്ന കം‌പ്യൂട്ടർ വിദ്യാർത്ഥി ഓർക്കുട്ടിൽ ശിവസേനക്കെതിരായ ഒരു ഓൺ ലൈൻ കമ്മ്യൂണിറ്റി ഉണ്ടാക്കി. ഈ കമ്മ്യൂണിറ്റിയിൽ ഈ സംഘടന രാജ്യതാല്പര്യത്തിനെതിരായും, രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നതായും ആരോപിക്കുന്ന ലേഖനങ്ങൾ അജ്ഞാതരായ (Anonymous) വ്യക്തികൾ പ്രസിദ്ധീകരിച്ചു. ഇതെത്തുടർന്ന് ശിവസേനയുടെ സംസ്ഥാന യുവജനവിഭാഗം സെക്രട്ടറി; ശ്രീ അജിത്തിനെതിരെ പൊതുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷൻ 506 & 295A വകുപ്പുകൾ അനുസരിച്ചുള്ള ക്രിമിനൽ കേസ് മുംബൈയിലെ താനെ പോലീസ് സ്‌റ്റേഷനിൽ ആഗസ്റ്റ് 2008-ൽ രജിസ്റ്റർ ചെയ്തു. ഈ അവസരത്തിൽ ശ്രീ അജിത്ത് കേരളാഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നേടുകയും, കേസിലെ ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവായിക്കിട്ടുന്നതിന് അഭിഭാഷകനായ ശ്രീ ജോജി സക്കറിയ (Jogy Scaria) മുഖാന്തരം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. തന്റെ ബ്ലോഗിൽ നടത്തിയിട്ടുള്ളത് അഭിപ്രായ പ്രകടനത്തിനുള്ള തന്റെ മൗലീകാവകാശം മാത്രമാണെന്നും ഇത് ഒരു ക്രിമിനൽ കുറ്റമായി പോലീസ് കാണേണ്ടതില്ലെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു. ശ്രീ അജിത്തിന്റെ ഈ അപേക്ഷ സുപ്രീം കോടതി നിരസിക്കുകയാണ് ഉണ്ടായത്. വിധിന്യായത്തിൽ (Ajith Vs Shiv Sena) കോടതി ഇപ്രകാരം പറഞ്ഞതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു “ ക്രിമിനൽ കേസ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ റദ്ദുചെയ്യുവാൻ ഞങ്ങൾക്കാവില്ല. താങ്കൾ ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥിയാണ്. എത്ര ആളുകൾ ഇന്റെർനെറ്റ് പോർട്ടലുകൾ നോക്കുന്നു എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ ബോധ്യം താങ്കൾക്കുണ്ട്. അതുകൊണ്ട് താങ്കളുടെ പോർട്ടലിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആരെങ്കിലും ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അതിനെ അഭിമുഖീകരിക്കേണ്ട ബാദ്ധ്യത താങ്കൾക്കുണ്ട്. താങ്കൾ ബന്ധപ്പെട്ട കോടതി മുൻപാകെ താങ്കളുടെ നിലപാട് വ്യക്തമാക്കുകതന്നെ വേണം”

ഞാൻ ഈ വാർത്തയെപ്പറ്റി അറിയുന്നത് ജോ എന്ന ബ്ലൊഗറുടെ ഏറ്റവും പുതിയ പോസ്റ്റിൽ നിന്നാണ്. ഈ വാർത്തയെപ്പറ്റിയുള്ള ജോയുടെ നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ The Blogger Rights എന്ന പോസ്റ്റിൽ വായിക്കാവുന്നതാണ്. ഇതു സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും വായനക്കാരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാവുന്നതാണ്. ഇതു സംബന്ധിച്ച The Hindu പത്രത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാവുന്നതാണ്.

ഈ കേസിന്റെ തുടർനടപടികൾക്കായി ശ്രീ അജിത്ത് താനെയിലെ കോടതിയിൽ ഹാജരാകേണ്ടി വരും. അദ്ദേഹത്തിന്റെ ബ്ലോഗിൽ മറ്റുവ്യക്തികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്ക് ബ്ലോഗിന്റെ ഉടമ എന്ന നിലയിൽ അദ്ദേഹം ഉത്തരവാദിയാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ബൂലോകവും ബ്ലോഗർക്കുള്ള അവകാശങ്ങളെപ്പറ്റി ചൂടേറിയ ചർച്ചകൾക്ക് വേദിയായിരുന്നല്ലോ. ഈ കേസും ഇതിന്റെ അന്തിമ വിധിയും ഒരു പക്ഷേ ബ്ലോഗ് എന്ന ഈ മാധ്യമത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കാം.

Sunday 22 February 2009

കൊച്ചിൻ ഫ്ലവർ ഷോ 2009 | Cochin Flower Show 2009

Ernakulam District Agri - Horticultural Society എല്ലാ വർഷവും കൊച്ചിയിൽ പുഷ്പ സസ്യ ഫല പ്രദർശനം സംഘടിപ്പിക്കറുണ്ട്. ഈ വർഷത്തെ കൊച്ചിൻ ഫ്ലവർ ഷോ ഇപ്പോൾ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുകയാണ്. 2009 ഫെബ്രുവരി 20 മുതൽ 25 വരെയാണ് ഈ വർഷത്തെ പ്രദർശനം. ഇന്നു ഈ പ്രദർശനം കാണാൻ പോയപ്പോൾ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. പുഷ്പങ്ങൾ നേരിൽക്കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഒരിക്കലും ഈ ചിത്രങ്ങൾക്ക് നൽകാൻ സാധിക്കില്ല. ഞാൻ അവിടെ എത്തിയത് രാത്രി ഏഴുമണിയ്ക്കു ശേഷം ആയതിനാലും ചിത്രങ്ങൾ എടുക്കുന്നതിൽ എനിക്കുള്ള പരിചയക്കുറവും പൂക്കളുടെ ഭംഗിയെ കര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇത് എല്ലാവരും ക്ഷമിക്കം എന്നു കരുതുന്നു.

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്കു നീട്ടിയില്ലാ...........








ഇതൊരു ബോൺ‌സായ് ആൽമരം. ഇദ്ദേഹത്തിന് അൻപതു വർഷം പ്രായം വരും.

ഇതു ദക്ഷിണ നേവൽ കമാന്റ് വക.

ഇതാ മറ്റൊരു ഇത്തിരിക്കുഞ്ഞൻ. ഇവൻ ചാമ്പയുടെ ബോൺ‌സായ് വെർഷൻ.

ബോൺ‌സായ് കുടുംബത്തിലെ മറ്റൊരു വ്യക്തി. മാവ്

കേരളത്തിന്റെ കാർഷിക സമൃദ്ധി (??) വിളിച്ചൊതുന്ന സ്റ്റാളുകളിൽ ഒന്ന്. ഇതു കണ്ടപ്പോൾ വിഷു അടുത്തു എന്നതോന്നലാണ് ഉണ്ടാ‍യത്.

ഇനി പൂക്കൾ കൊണ്ടുള്ള ചില അലങ്കാരങ്ങൾ കാണാം.


ഇതു വാഴപ്പോളയും മറ്റു പച്ചക്കറികളും കൊണ്ടുണ്ടാക്കിയ വ്യാളി (ഡ്രാഗൺ).
ഇത്രയും പാടുപെട്ട് ഇതുണ്ടാക്കിയ കലാകാർന്മാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

പണ്ടു സമൃദ്ധിയുടെ പ്രതീകമായി വീടിന്റെ ഉമ്മറത്ത് ഇത് തൂക്കുമായിരുന്നു. ഇപ്പോൾ ....
തറവാട്ടിലെ പഴയ അടുക്കളയാണ് ഇതു കണ്ടപ്പോൾ ഓർമ്മവന്നത്. വെണ്ടയും, പീച്ചിങ്ങയും എല്ലാം ഇതു പോലെ ഉണക്കി വിത്തിനായി സൂക്ഷിക്കുമായിരുന്നു. അതും ചിമ്മിണിയിലെ പുകയിൽ.

ഇനി ഓർക്കിഡുകളുടെ ലോകമാണ്




മനോഹരമായ ധാരളം പുഷ്പങ്ങളും, വൈവിധ്യങ്ങളായ പലതരം സസ്യങ്ങളും ഇത്തവണത്തെ പ്രദർശനത്തിൽ ഉണ്ട്. ഇതോടൊപ്പം വിവിധതരം സസ്യങ്ങൾ, ഓർക്കിഡ്, ആന്തൂറിയം എന്നിവയൂടെ വില്‍പ്പനസ്റ്റാളുകളും പ്രദർശന നഗരിയിൽ ഉണ്ട്. ഒരാൾക്ക് പ്രവേശന പാസ്സ് 25 രൂപയും ക്യാമറയ്ക്ക് 25 രൂപയുടെ സ്‌പെഷ്യൽ പാസ്സും എടുക്കണം.

Wednesday 4 February 2009

കുഴുപ്പിള്ളിക്കാരുടെ ഉത്സവം - പള്ളത്താം‌കുളങ്ങരെ താലപ്പൊലി

ഞാൻ എറണാകുളം ജില്ലയിൽ മഹാനഗരമായ എറണാകുളത്തിനു സമീപം വൈപ്പിൻ എന്ന ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന് കുഴുപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ താ‍മസക്കാരനാണെന്നത് ബൂലോകത്തിൽ ചിലർക്കെങ്കിലും അറിയാം എന്നു കരുതുന്നു. (അറിയാത്തവർ ഇപ്പോൾ അറിഞ്ഞില്ലൊ) ഞങ്ങളുടെ നാട്ടിലെ പ്രധാന ആഘോഷം ഞങ്ങളുടെ ദേശദേവതയായ പള്ളത്താം‌കുളങ്ങരെ ഭഗവതിയുടെ താലപ്പൊലി മഹോത്സവമാണ്. കൊച്ചുന്നാളിലേ മുതൽ ഏറെ കൗതുകത്തോടെ നോക്കിയിരുന്ന ഒന്നാണ് ഉത്സവവും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളും, ആഘോഷങ്ങളും. ഞങ്ങൾക്കെല്ലാം ഓണത്തേക്കാളും, വിഷുവിനെക്കാളും സന്തോഷകരം ദേവിയുടെ താലപ്പൊലി തന്നെ. താ‍ലപ്പൊലിക്ക് മാസങ്ങൾ മുൻപേതന്നെ അതിന്റെ ഒരുക്കങ്ങൾ തുടങ്ങും. മേളക്കാർ, ആനകൾ, പന്തൽ, ഇല്ലുമിനേഷൻ, അങ്ങനെ ഇതിന്റെ ഭാരവാഹികൾ തിരക്കോടു തിരക്ക്. ക്ഷേത്രത്തിന്റെ പൂജകളും, ഓരോമാസത്തിലും വരുന്ന പ്രധാന പൂജകളും എല്ലാം നടത്തുന്നത് ദേവസ്വം (ക്ഷേത്രം ഭരണസമിതി) ആണ്. ഇതിനായി പ്രധാനമായും അശ്രയിക്കുന്നത് ഭണ്ഡാരത്തിൽ നിന്നും, ക്ഷേത്രത്തിൽ ഭക്തജനങ്ങൾ നടത്തുന്ന വഴിപാടുകളിൽ നിന്നും ഉള്ള വരുമാനം തന്നെ. പണ്ട് ക്ഷേത്രാവശ്യത്തിനുള്ള നെല്ല് സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിച്ചിരുന്നു എങ്കിലും ഇന്ന് അതും പുറമെനിന്നും വാങ്ങേണ്ട അവസ്ഥയിലാണ്. അതുപോലെ തന്നെ ഉത്സവനാളുകളിലെ ആചാരാനുസാരമുള്ള കർമ്മങ്ങളും ദേവസ്വം നടത്തുന്നു. എന്നാൽ പ്രധാന ദിവസമായ താലപ്പൊലി നാളിലെ ആഘോഷങ്ങൾ രണ്ടു ചേരുവാരങ്ങളുടെ (ക്ഷേത്രത്തിന്റെ തെക്കും വടക്കും ഭാഗത്തുള്ള സമുദായാങ്കങ്ങൾ ചേർന്നുള്ള ഭരണകമ്മിറ്റികൾ. ഇവ തെക്കേച്ചേരുവരും, വടക്കേച്ചേരുവാരം എന്നിങ്ങനെ അറിയപ്പെടുന്നു) ചുമതലയാണ്. വീറും വാശിയും മത്സരബുദ്ധിയും നിറഞ്ഞഉത്സവത്തിന് ഇതു കാരണമാവുന്നു. മേളത്തിനു കൂടുതൽ പ്രധാന്യം ഉള്ള ഇവിടെ കേരളത്തിലെ പ്രശസ്തരായ വാദ്യകലാകാരന്മാരെ എത്തിക്കാൻ ഇരു ചേരുവാരങ്ങളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെ ആനക്കമ്പത്തിലും ഇവിടത്തുകാർ ഒട്ടും പിന്നിലല്ല. എഴുന്നള്ളിക്കുന്ന ആനകളൂടെ എണ്ണത്തിലും ഇവിടെ മത്സരം ഉണ്ട്. ദേവിയുടെ തിടമ്പ് ഒരോ വർഷവും ഓരോ ചേരുവാരങ്ങൾക്കും മാറിമാറി ലഭിക്കുന്നു.

ഞങ്ങളുടെ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ഉപദേവതകൾ ആരും ഇല്ലെന്നതാണ്. സാധാരണക്ഷേത്രങ്ങളിൽ കാണുന്ന ഗണപതി പ്രതിഷ്ഠപോലും ഇവിടെ ഇല്ല. ക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണെന്നതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശക്തി സ്വരൂപിണിയായ ദുർഗ്ഗാഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ക്ഷേത്രത്തിനു മുൻപിലുള്ള വിശാലമായ മൈതാനത്താണ് ഉത്സവം നടക്കുന്നത്. സാധാരണ ദിവസങ്ങളിൽ നാട്ടുകാർക്ക് ഇതൊരു പാർക്കാണ്. രാവിലെ വ്യായാമത്തിനും, വൈകീട്ട് സ്വൈരസല്ലാപത്തിനും ധാരാളം ആളുകൾ ഇവിടെ എത്തുന്നു. ഈ ക്ഷേത്രത്തിനു സമീപത്തായി കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു ശിവക്ഷേത്രവും, ഗൗഢസാരസ്വതബ്രാഹ്മണസമൂഹത്തിന്റെ ഒരു ശ്രീകൃഷ്ണക്ഷേത്രവും ഉണ്ട്. മുഖ്യപ്രതിഷ്ഠയായ ബാലകൃഷ്ണസ്വാമിയെക്കൂടാതെ ഹനുമാൻ, ഗണപതി, മഹാലക്ഷ്മി, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ്, നാഗരാജാവ് എന്നീ പ്രതിഷ്ഠകളും കൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉണ്ട്.

ഈ വർഷത്തെ താലപ്പൊലി മഹോത്സവം 23/02/2009നു കൊടികയറുന്നതോടെ ആരംഭിക്കുന്നു. വൈകീട്ട് 7:30നു ശേഷം കൊടികയറ്റം. താലപ്പൊലി മഹോത്സവം ഫെബ്രുവരി 27നു ആണ്. രാവിലെ 8 മണിക്ക് പഞ്ചാരിമേൾത്തോടെയുള്ള കാഴ്ച ശ്രീബലി (ശീവേലി). പിന്നീട് വൈകീട്ട് 3:15 മുതൽ രാത്രി 8 മണി വരെ നീളുന്ന പൂരം. 3:15 പഞ്ചവാദ്യത്തോടെ ആരംഭിക്കുന്നു. പഞ്ചവാദ്യം കഴിയുമ്പോൾ പാണ്ടിമേളമായി. മേളം കാണുന്നതിനായി ധാരാളം ആളുകൾ എത്താറുണ്ട്. രാത്രി 8 മണിക്ക് വെടിക്കെട്ട്, പിന്നെ 12:30 മുതൽ 3:30 വരെ വീണ്ടും എഴുന്നള്ളിപ്പ്. ഇതിൽ രാവിലത്തെ ശീവേലി ഒഴികെ മറ്റെല്ലാം രണ്ടു ചേരുവാരങ്ങളൂം വാശിയോടെ നടത്തുന്നതാണ്. രാവിലെ 4 മണിക്ക് 150 ഓളം കലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളത്തോടെ പ്രധാന ആഘോഷമായ താ‍ലപ്പൊലി പര്യവസാനിക്കുകയായി. ഇതിന്റെ അവസാനത്തിൽ ക്ഷേത്രത്തിലെ പ്രധാന പൂജാരി താലത്തിന്റെ അകമ്പടിയോടെയെത്തി ദേവിയെ എതിരേറ്റ് ക്ഷേത്രത്തിനു അകത്തേക്ക് കൊണ്ടുപോവുന്നു.




തുടർന്നുള്ള ദിവസങ്ങളിൽ വേല, പടയണി, ആൾതൂക്കം എന്നീചടങ്ങുകൾ ഉണ്ട്. അസുരനാ‍യ ദാരികനെ പിടിക്കുന്നതിനായി ദേവന്മാരും ഭൂതഗണങ്ങളും നടത്തിയ അന്വേഷണത്തെ ഒർമ്മിപ്പിക്കുന്നു പടയണി. ഇതു 02/03/2009 വെള്ളിയാഴ്ച വെളുപ്പിന് നാലുമണിക്കാണ്. ദേവിയാൽ വധിക്കപ്പെടുന്ന ദാരികന്റെ ദേഹവുമായി ഭൂതഗണങ്ങളും, ദേവന്മാരും ലോകംചുറ്റിയതിന്റെ അനുസ്മരണയിൽ ആൾതൂ‍ക്കം നടത്തുന്നു. ഇതു അന്നെദിവസം (02/03/2009) വൈകീട്ട് 5:30 ന് ആണ്. ആൾതൂക്കത്തെതുടർന്ന് ദീപാരാധന. ദീപാരധാ‍നയ്ക്കു ശേഷം നടയടച്ചാൽ പിന്നെ 7 ദിവസത്തെയ്ക്ക് ദേവിക്കും ഭൂതഗണങ്ങൾക്കും വിശ്രമമാണ്. എഴാംനാളെ പിന്നെ ഭക്തജനങ്ങൾക്ക് ദർശനത്തിനായി നടതുറക്കൂ. കൊടിയിറക്കിയ ശേഷമുള്ള ആറാട്ടെഴുന്നള്ളിപ്പും ഇവിടുത്തെ പ്രത്യേകതയായി പറയപ്പെടുന്നു.

ആനകൾ: ഇത്തവണത്തെ താലപ്പൊലിമഹോത്സവത്തിന് ഭഗവതിയുടെ തിടമ്പേറ്റാൻ തെക്കേച്ചേരുവാരത്തിൽ എത്തുന്നത് തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ ആണ്. കൂടാതെ എട്ടു ഗജവീരന്മാരും തെക്കേച്ചേരുവാരത്തിൽ രാമചന്ദ്രനോടൊപ്പം അണിനിരക്കുന്നു. പാമ്പാടി രാജൻ, ചെറായി കൃഷ്ണപ്രസാദ്, കൊങ്ങാട് കുട്ടിശങ്കരൻ, കരുവന്തല കാളിദാസൻ, പുതുപ്പള്ളി സാധു, മധുരപ്പുറം കണ്ണൻ, പേരണ്ടൂർ പാർത്ഥസാരഥി, എടവനക്കാട് ശ്രീപരമേശ്വരൻ എന്നിവരാണ് ആ ഗജവീരന്മാർ.

വടക്കേച്ചേരുവാരം അണിനിരത്തുന്ന ആനകൾ ചേർപ്പുളശ്‌ശേരി പാർത്ഥൻ, പള്ളത്താം‌കുളങ്ങരെ ഗിരീശൻ, അന്നമനട ഉമാമഹേശ്വരൻ, വാളക്കയം ഗണേശൻ, വാളക്കയം വിജയൻ, കോഴിപ്പറമ്പിൽ അയ്യപ്പൻ, ഇടക്കുന്നി അർജ്ജുനൻ, കോണാർക്ക് ഗണപതി, പൂമുള്ളി അർജ്ജുനൻ എന്നിഅവയാണ്. രണ്ടു കൂട്ടരും ഒൻപതു വീതം ഗജവീർന്മാരെ അണിനിരത്തുന്നു.

മേളം തെക്കേച്ചേരുവാരം
പഞ്ചവാദ്യം
തിമില: സർവ്വശ്രീ ചോറ്റാനിക്കര വിജയൻ, കുനിശ്‌ശേരി അനിയൻ, ചോറ്റാനിക്കര നന്ദപ്പൻ, കലാമണ്ഡലം മോഹനൻ, കോങ്ങാട്ട് രാധാകൃഷ്ണൻ മുതല്‍പ്പേർ
മദ്ദളം: സർവ്വശ്രീ ചേർപ്പുളശ്‌ശേരി ശിവൻ, കുണ്ടുവം‌പാടം തങ്കമണി, കലാമണ്ഡലം കുട്ടിനാരായണൻ, കാട്ടുകുളം വേണു, കാട്ടുകുളം പൊന്നു മുതൽ പേർ
ഇടയ്ക്ക: സർവ്വശ്രീ ചേന്ദമംഗലം ഉണ്ണിക്കൃഷ്ണൻ, കാവിൽ ഉണ്ണിക്കൃഷ്ണവാര്യർ
താളം: സർവ്വശ്രീ ചിറയത്ത് തങ്കുമാരാർ, പൊയ്യ രവി, കിടങ്ങൂർ വേണു മുതല്‍പ്പേർ
കൊമ്പ്: സർവ്വശ്രീ ചെങ്ങമനാട് അപ്പു നായർ, ഓടക്കാലി മുരളി, വരവൂർ മണികണ്ഠൻ, പേരാമംഗലം മധു മുതൽ പേർ
ചെണ്ടമേളം
ചെണ്ട: സർവ്വശ്രീ ചേരാനല്ലൂർ ശങ്കരൻ‌കുട്ടി മാരാർ, തിരുവല്ല രാധാകൃഷ്ണൻ, ചൊവ്വല്ലൂർ മോഹനൻ, ചൊവ്വല്ലൂർ സുനി, മുതൽ പേർ
വലന്തല: സർവ്വശ്രീ പരിയാത്ത് ഉണ്ണി മാരാർ, പൊറാത്ത് കൊച്ചനിയൻ, കൊടകര അജി മുതൽ പേർ
കുഴൽ: സർവ്വശ്രീ കൊടകര ശിവരാമൻ നായർ, ചേലക്കര ഗിരിജൻ, പനമണ്ണ മനോഹരൻ, പട്ടിക്കാട് അജി മുതൽ പേർ
കൊമ്പ്: സർവ്വശ്രീ ഓടക്കാലി മുരളി, ഓടക്കാലി കൃഷ്ണകുമാർ, മച്ചാട്ട് മണികണ്ഠൻ മുതൽ പേർ
താളം: സർവ്വശ്രീ പൊയ്യ രവി, കിടങ്ങൂർ വേണു, പെരുവാരം രാജി, പെരുവാരം സോമൻ മുതൽ പേർ.

മേളം വടക്കേച്ചേരുവാരം
പഞ്ചവാദ്യം
തിമില: സർവ്വശ്രീ ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, പെരുവനം കൃഷ്ണകുമാർ, കീഴൂർ മധുസൂദനക്കുറുപ്പ്, അന്നമനട മുരളീധര മാരാർ, ചാലക്കുടി മണി, കാവിൽ സുന്ദര മാരാർ, ഇരിങ്ങോൾ കണ്ണൻ മുതൽ പേർ
മദ്ദളം: സർവ്വശ്രീ കല്ലേക്കുളങ്ങര കൃഷ്ണവാര്യർ, പെരുവനം ഹരിദാസ്, കലാമണ്ഡലം ശശി, കാവിൽ കുട്ടൻ മാരാർ, പഴയന്നൂർ നാരായണൻ നമ്പൂതിരി, കലാനിലയം പ്രകാശൻ മുതൽ പേർ
ഇടയ്ക്ക: സർവ്വശ്രീ തിരുവില്വാമല ഹരി, കാവിൽ അജയൻ മാരാർ
താളം: സർവ്വശ്രീ മണിയാം പറമ്പിൽ മണി, കുമ്മത്ത് നന്ദനൻ, പറമ്പി നാരായണൻ, പെരുവനം മുരളി, തൃക്കൂർ രഘു മുതൽ പേർ
കൊമ്പ്: സർവ്വശ്രീ കുമ്മത്ത് രാമൻ നായർ, ചേർപ്പ് ഉണ്ണിക്കൃഷ്ണൻ, ഊരകം ശശി കുമാർ, കോങ്ങാട് രാധാകൃഷ്ണൻ, ചേപ്പ് ഉദയൻ മുതൽ പേർ

ചെണ്ടമേളം
ചെണ്ട: മേളകലാചക്രവർത്തി ശ്രീ പെരുവനം കുട്ടൻ മാരാർ, സർവ്വശ്രീ കേളത്ത് അരവിന്ദാക്ഷൻ, പഴുവിൽ രഘുകുമാർ, പെരുവനം ഗോപകുമാർ, മായന്നൂർ ബാലൻ, പെരുവനം അനിൽകുമാർ മുതൽ പേർ
വലന്തല: സർവ്വശ്രീ പെരുവനം ഗോപാലകൃഷ്ണൻ, ചേലക്കര രാമകൃഷ്ണൻ നായർ, അവിട്ടത്തൂർ ശങ്കരൻ കുട്ടി, മായന്നൂർ നാരായണൻ നായർ, അന്തിക്കാട് പത്മനാഭൻ മുതൽ പേർ
കുഴൽ: സർവ്വശ്രീ വെളുപ്പായ നന്ദനൻ, ഊരകം അനിൽ കുമാർ, ഊരകം ചന്ദ്രൻ, ഇന്നമുടി ഹരിഹരൻ, ഊരകം ദിനേശ് മുതൽ പേർ
താളം: സർവ്വശ്രീ മണിയാം പറമ്പിൽ മണി, കുമ്മത്ത് നന്ദനൻ, പറമ്പി നാരായണൻ, പെരുവനം മുരളി, തൃക്കൂർ രഘു മുതൽ പേർ.
കൊമ്പ്: സർവ്വശ്രീ കുമ്മത്ത് രാമൻ നായർ, ചേർപ്പ് ഉണ്ണിക്കൃഷ്ണൻ, ഊരകം ശശി കുമാർ, കോങ്ങാട് രാധാകൃഷ്ണൻ, ചേപ്പ് ഉദയൻ മുതൽ പേർ

ഇതു കൂടാതെ 26/02/2009 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് സർവ്വശ്രീ ചൊവ്വല്ലൂർ മോഹനൻ & സർവ്വശ്രീ ചൊവ്വല്ലൂർ സുനി എന്നിവർ അവതരിപ്പിക്കുന്ന ഡബിൾ തായമ്പകയും (തെക്കേച്ചേരുവാരം) 01/03/2009 ശ്രീ കൊടകര കൃഷ്ണൻ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും (വടക്കേച്ചേരുവാരം) ഉണ്ട്.

ഇതിനെല്ലാം പുറമെ വിവിധകലാപരിപാടികൾ (നൃത്ത സന്ധ്യ, നങ്ങ്യാർ കൂത്ത്, നാടകങ്ങൾ, ഓട്ടൻ തുള്ളൽ, ഭക്തിഗാനസുധ, സംഗീതകച്ചേരി, ഭജനമാല), താലം എന്നിവയും ഉണ്ട്

മുൻ‌വർഷങ്ങളിലെ താലപ്പൊലി മഹോത്സവത്തിന്റെ ചിത്രങ്ങൾ താഴെയുള്ള ലിങ്കുളിൽ ലഭ്യമാണ്. ഫ്ലിക്കർ, പികാസ എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളിലെ സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു എന്തെന്നാൽ ഇവ മേല്പറഞ്ഞ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തവയാണ്.
2006 ലെ ചിത്രങ്ങൾ (മൊബൈൽ ക്യാമറയിൽ എടുത്തതിനാൽ അത്ര വ്യക്തമല്ല)
2007ലെ ചിത്രങ്ങൾ
2008ലെ ചിത്രങ്ങൾ

ഈ ഉത്സവവിശേഷങ്ങൾ ബൂലോക സുഹൃത്തുക്കൾക്കും പ്രത്യേകിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കുഴുപ്പിള്ളിക്കാർക്കുമായി സമർപ്പിക്കുന്നു.

(ഇവിടെ ചേർത്തിരിക്കുന്ന കലാകാരന്മാർ, വാദ്യമേളക്കാർ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങളും അതുപോലെ തന്നെ ആനകളുടെ വിവരങ്ങളും ഉത്സവം നോട്ടീസിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഇതിൽ വരുന്ന മാറ്റങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല.)