Monday 19 June 2017

പുതുവൈപ്പിലെ ഐ ഒ സി വിരുദ്ധസമരം

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വൈപ്പിൻ. ഏതാനും നാളുകൾക്ക് ശേഷം വൈപ്പിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. മുൻപ് കേരളത്തിന്റെ മൊത്തം ജനശ്രദ്ധപിടിച്ചുപറ്റിയ നിരവധിസമരങ്ങൾക്ക് വൈപ്പിൻ വേദിയായിട്ടുണ്ട്. അതുപോലെ അതിജീവനത്തിനായുള്ള ഒരു സമരത്തിലൂടെയാണ് വൈപ്പിൻ ഇപ്പോൾ ശ്രദ്ധാകേന്ദ്രം ആകുന്നത്. വൈപ്പിനിലെ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന പാചകവാതകസംഭരണിയ്ക്കെതിരായി തദ്ദേശവാസികളായ ജനങ്ങൾ ജാതിമതരാഷ്ട്രീയഭേദമന്യേ നടത്തുന്ന സമരം ആണ് ഇപ്പോൾ വൈപ്പിനെ വീണ്ടും വാർത്തകളിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വൈപ്പിൻകരയുടെ തെക്കേഅറ്റത്ത് അറബിക്കടലിനോട് ചേർന്ന നിരവധി പദ്ധതികൾ ആണ് വന്നിട്ടുള്ളത്. ആദ്യം വന്ന എൽ എൻ ജി ടെർമിനൽ, പിന്നീട് വന്ന എസ് പി എം പദ്ധതി ഇപ്പോൾ ഐ ഒ സിയുടെ പാചകവാതസംഭരണിയും. ഇവയെല്ലാം അത്യധികം അപകടകരമായ സ്ഫോടനസാദ്ധ്യതയുള്ള പെട്രോകെമിക്കൽ മിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നവയാണെന്നത് വൈപ്പിൻ നിവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടാമതായി മത്സ്യബന്ധനം ഉപജീവനമാക്കിയ വലിയൊരു വിഭാഗം ജനതയാണ് വൈപ്പിന്റെ തീർപ്രദേശത്തുള്ളത്. ഈ വലിയ പദ്ധതികൾ അവരുടെ ജീവനോപാധിയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. 

എന്താണ് ഐ ഒ സിയുടെ പുതുവൈപ്പിലെ പദ്ധതി

ഇപ്പോൾ വൈപ്പിനിലെ പ്രശ്നങ്ങൾക്ക് കാരണം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന പാചകവാതകസംഭരണിയാണെന്ന് മുൻപ് പറഞ്ഞുവല്ലൊ. എന്താണ് ഈ പദ്ധതി? എന്തൊക്കെയാണ് ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതികവും അല്ലാത്തതുമായ പ്രശ്നങ്ങൾ? എന്തെല്ലാം നിയമലംഘനങ്ങൾ ആണ് ഇവിടെ നടക്കുന്നത്? ഈ കാര്യങ്ങൾ കേരളഹൈക്കോടതിയിലെ അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകസംഭരണിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളഹൈക്കോടതിയിലും ഗ്രീൻ ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിലും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനു വേണ്ടി ഹാജരാകുന്ന ശ്രീ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.

എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തിൽ കടൽക്കരയിൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽതത്തിരമാലയിൽ നിന്ന് 500 മീറ്റർ അകലെയുള്ള GPS കോ.ഓർഡിനേറ്റുകൾ പ്രൊജക്റ്റ് സൈറ്റ് ആയി നൽകിയാണ് IOC സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിർമ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയിൽ പൂർണ്ണമായി കുഴിച്ചിടുന്ന വൻ ടാങ്കറുകളിൽ സ്റ്റോർ ചെയ്ത് അത് ടാങ്കറുകളിൽ നിറച്ച് വിതരണം നടത്തുക എന്നതാണ് പ്ലാന്റിൽ വിഭാവനം ചെയ്യുന്നത്.ഹൈടൈഡ് ലൈനിൽ നിന്ന് 200 മീറ്റർ വിട്ട് നിർമ്മാണം നടത്താൻ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസർക്കാരും അംഗീകാരം നൽകി. എന്നാൽ കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിൽ ആണ് നിർമ്മാണം നടത്തുന്നത്. ഓരോ വർഷവും 2-3 മീറ്റർ വീതം കടൽ എടുത്തുപോകുന്ന ഇറോഷൻ സോൺ ആണ് ഇതെന്നു നാട്ടുകാരും, ഒരു മീറ്റർ എങ്കിലും പ്രതിവർഷം കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് 10 മീറ്റർ ലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിനകത്ത് അടിച്ചു കയറി മതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഇത്രവലിയ ടാങ്ക് നിർമ്മാണം നടക്കുന്നത്. ഇപ്പോൾ നിർമ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റർ വിട്ടുള്ള ഒരു സർവ്വേ നമ്പറിൽ മാത്രമേ നിർമ്മാണം നടത്താൻ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാൽ 200 മീറ്റർ വിട്ട് പദ്ധതി ആ പ്ലോട്ടിൽ നടക്കില്ല എന്നാണു IOC യുടെ വാദം. IIT പഠനം അനുസരിച്ച് മതിൽ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടൽക്ഷോഭത്താൽ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ. മത്സ്യത്തൊഴിലാളികൾ ആണ് ഭൂരിപക്ഷം. ഓയിൽ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങൾ പോലും മൽസ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും, പ്ലാന്റ് അൽപ്പം പോലും മാറ്റില്ലെന്ന IOC യുടെ പിടിവാശി ആണ് പ്രശ്നം എന്നൊക്കെയാണ് സമരക്കാരുടെ പരാതി. പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും അവർ ചോദ്യം ചെയ്യുന്നു. അനുമതികളിലെ വ്യവസ്ഥകൾ പാലിച്ച് നിയമപരമായി നിർമ്മാണം നടത്താൻ IOC ക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അതിന്റെ മറവിൽ 200 മീറ്ററിനുള്ളിൽ ആണ് നിർമാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹരജിയിൽ കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. പഞ്ചായത്ത് ഒരനുമതിയും നൽകിയിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിൽ ആണ് IOC. കേരളത്തിലെ SEZ നയത്തിൽ SEZ ൽപ്പോലും പഞ്ചായത്ത്രാജ് നിയമം ബാധകമാണെന്നും, കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും ഇളങ്കുന്നപുഴ പഞ്ചായത്തും വാദിക്കുന്നു.സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചു. തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികൾ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചു. ആദ്യം നിർമ്മാണം നിർത്തി വെയ്ക്കാനും പിന്നീട് HTL (High Tide Line) നിന്ന് 200 മീറ്റർ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കർശനമായി പാലിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും NGT (National Green Tribunal) ഉത്തരവിട്ടു. കോടതി നിയോഗിച്ച കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് പ്രതിനിധികൾ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. പാരിസ്ഥിതികാനുമതി വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. 5 വർഷം മുൻപ് നൽകിയ അനുമതിയിൽ തിരുത്തൽ വേണമെന്നാണ് അവർ പറഞ്ഞത്. നാളിതുവരെ തിരുത്തൽ നടത്തിയിട്ടില്ല. കോടതിവിധി ലംഘിച്ചു നടക്കുന്ന നിർമ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർ നൽകിയ കേസ് ജൂലൈ 4 നു വാദം കേൾക്കാൻ ഇരിക്കുകയാണ്. ജൂൺ മാസം ട്രിബ്യുണൽ അവധിയാണ്. (ഹരീഷ് വാസുദേവന്റെ പോസ്റ്റ് പൂർണ്ണമായും ഇവിടെ വായിക്കാം )

ഈ പദ്ധതിയ്ക്കെതിരെ തദ്ദേശവാസികൾ വർഷങ്ങളായി സമരം ചെയ്തുവരുന്നു. പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 2016 ജൂലയ് മാസത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിസ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാനും തൽസ്ഥിതിതുടരാനും ഐ ഒ സിയ്ക്ക് നിർദ്ദേശം നൽകി. പദ്ധതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ വിവിധമേഖലകളിലെ വിദഗ്ദ്ധന്മാർ അടങ്ങുന്ന ഒരു സമിതിയെ ദേശീയ ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തി. എന്നാൽ പിന്നീട് 2017 ഫെബ്രുവരി മാസത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനു അനുമതി നൽകിയിരുന്നു. ഈ കേസിന്റെ അന്തിമമായ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും ഈ  പദ്ധതിയുടെ നിലനില്പെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. പദ്ധതി നീണ്ടുപോകുന്നത് കോർപ്പറേഷനു ഭീമമായ സാമ്പത്തിക നഷ്ടം വരുത്തും എന്നതായിരുന്നു കോർപ്പറേഷന്റെ വാദം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഈ തീരുമാനം വന്നതു മുതൽ പദ്ധതിപ്രദേശത്ത് തദ്ദേശവാസികൾ സമരം ചെയ്തു വരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ തങ്ങളുടെ വാദം കേൾക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കണം എന്നതാണ് അവരുടെ ആവശ്യം. ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റിൽ പറയുന്നതുപോലെ  ജൂലയ് 4നു ആണ് ദേശീയ ഹരിത ട്രിബ്യൂണൽ ഈ വിഷയത്തിൽ വാദം കേൾക്കുന്നത്. 

തുടർച്ചയായി നടക്കുന്ന സമരങ്ങൾ മൂലം നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പദ്ധതി പ്രദേശത്ത് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ജില്ലാകളക്ടർ മുഹമ്മദ് വൈ സഫീറുള്ള 14/06/2017നു ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് പോലീസ് സ്വീകരിച്ച നടപടികൾ ആണ് ഇപ്പോൾ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളത്. പദ്ധതി പ്രദേശത്തുനിന്നും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ പോലീസ് കുട്ടികൾ ഉൾപ്പടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പുതുവൈപ്പിൽ നിന്നും എറണാകുളത്ത് പ്രതിഷേധത്തിനെത്തിയ പുതുവൈപ്പ് നിവാസികളേയും വഴിയാത്രക്കാരേയും എറണാകുളം ഡി സി പി യതീഷ് ചന്ദ്ര മനുഷ്യത്വരഹിതമായിട്ടാണ് നേരിട്ടത്. കുട്ടികളും പ്രായമായവരും ഉൾപ്പടെ പലർക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി എല്ലാവരേയും രാത്രി തന്നെ വിട്ടയച്ചു. 16/06/2017നു മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ സമരക്കാരെ അറിയിച്ചത് നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെച്ചു എന്നാണ്. എന്നാൽ 17/06/2017-ൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തി പ്രധാനമന്ത്രി തിരിച്ചു പോയതിനു ശേഷം 18/06/2017-ൽ രാവിലെ വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ ഐ ഒ സി എൽ അധികാരികൾ പുനഃരാരംഭിക്കുകയായിരുന്നു. അതിനെതിരെ തദ്ദേശവാസികൾ സംഘടിക്കുകയും അവർക്ക് നേരെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും കല്ലേറുണ്ടായതായും ആരോപിക്കപ്പെടുന്നു. തുടർന്ന് നിർമ്മാണമേഖലയിലേയ്ക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ ശക്തമായ പോലീസ് നടപടിയാണ് ഉണ്ടായത്. അതിലും നിരവധി സമരക്കാർക്ക് പരിക്കേറ്റു പലർക്കും കാര്യമുറിവേറ്റത് തലയിൽ ആണ്. അതേ തുടർന്ന് ശക്തമായ സമ്മർദ്ദങ്ങളുടെ ഫലമായി മുഖ്യമന്ത്രി സമരക്കാരെ 21/06/2017 ബുധനാഴ്ച തിരുവനന്തപുരത്ത് ചർച്ചയ്ക്ക് കഷണിച്ചിട്ടുണ്ട്. അതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കുകയാണെന്ന് ഐ ഒ സി എൽ അധികാരികളും അറിയിച്ചിട്ടുണ്ട്. 

16/06/2017-നു എറണാകുളത്ത് സമരത്തെ നേരിട്ട യതീഷ് ചന്ദ്രയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എം എൽ എയും മുൻമന്ത്രിയുമായ സഖാവ് എൻ ശർമ്മ രംഗത്തുവന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. ഭരണപക്ഷത്തുനിന്നും ഇത്രയും ആവശ്യങ്ങൾ ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ നിന്നും അദ്ദേഹത്തിനു ഈ സമരത്തോടുള്ള നിലപാടെന്താണെന്നും ഊഹിക്കാൻ സാധിക്കും. പോലീസ് നടപടിയിൽ മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പോലീസ് നടപടിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മീഡിയ വൺ റിപ്പോർട്ടർ എന്നീ ചാനലുകളിൽ നടന്ന ചർച്ഛകൾ ഈ വിഷത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായകമാവും എന്ന് കരുതുന്നു. ഇതുവരെ മുഖ്യമന്ത്രി ഈ സമരത്തോട് സ്വീകരിച്ചിരിക്കുന്ന നിലപാടിൽ നിന്നും സമരത്തെ അവഗണിച്ചു മുന്നേറാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം എന്ന് കരുതേണ്ടിവരും.

കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞാണ് പലരും ഈ പോലീസ് നടപടി ആവശ്യമായി വന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. വിളപ്പിൽ ശാലയിലെ മാലിന്യ സംഭരണകേന്ദ്രം തുറക്കണം എന്ന് പറഞ്ഞതും ഇതേ ഹൈക്കോടതി ആണ്. അതിനെ ജനങ്ങൾ എതിർത്ത് തോല്പിച്ചിട്ടുമുണ്ട്. അന്ന് സർക്കാർ ജനങ്ങൾക്കൊപ്പം ആയിരുന്നു. ജനങ്ങളെ വെടിവെച്ചു കൊന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ച ഒരു സർക്കാർ ഉണ്ടായിരുന്നു. പശ്ചിമബംഗാളിൽ ബുദ്ധദേവിന്റെ. 35 കൊല്ലത്തെ ഭരണമാണ് അതോടെ അവിടെ അവസാനിച്ചത്. ഇന്ന് പാർടി ജനറൽ സെക്രട്ടറി രാജ്യസഭാംഗം ആകാൻ കോൺഗ്രസ്സിന്റെ കാലുപിടിക്കേണ്ട ഗതികേടിൽ എത്തിയ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. അത് പിണറായി വിജയനും ഓർക്കുന്നത് നല്ലത്. പശ്ചിമബംഗാളിൽ ഇപ്പോഴും ബി ജെ പിയേയും മമതയേയും ജനങ്ങൾക്ക് വിശ്വാസമുണ്ട്. മൂന്നരപതിറ്റാണ്ട് തങ്ങളെ ഭരിച്ച പാർട്ടിയെ വെറുപ്പോടെ തന്നെയല്ലെ ജനം ഇപ്പോഴും കാണുന്നത്. വികസനം വേണം. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ജനപങ്കാളിത്തത്തോടെ ആകണം അതെന്നുമാത്രം. ഇവിടെ ഒരു കുഴപ്പം ഉണ്ട്. ഇത് ഒരു ജനാധിപത്യരാജ്യം ആയിപ്പോയി. അല്ലെങ്കിൽ എന്തുമാകാമായിരുന്നു.

എട്ടുവർഷത്തിലധികമായി നിർമ്മാണപ്രവർത്തനം നടക്കുന്ന ഒരു പദ്ധതിയെ അന്തിമഘട്ടത്തിൽ തടയുന്നത് ശരിയല്ലെന്ന് പറയുന്ന സുഹൃത്തുക്കൾ ഉണ്ട്. ഞാൻ മനസ്സിലാക്കുന്നത്  ആ വാദം തെറ്റാണെന്നാണ്. 2009ൽ ഇപ്പോൾ ഈ പ്ലാന്റ് നിർമ്മാണം നടക്കുന്ന സ്ഥലം പ്രത്യേകസാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് അവിടെ ചുറ്റുമതിൽ കെട്ടുകയും റോഡ് നിർമ്മിക്കുകയും എല്ലാം നടത്തിയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 2015 ജൂലയ് 24നു ദി ഹിന്ദുവിൽ വന്ന ഒരു റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്

Work on the long-awaited multi-user liquid terminal on Puthuvype island, mostly for import of cooking gas, was awarded to a Visakhapatnam-based company on Thursday. The Rs.217-crore work would be supervised by the Cochin Port Trust for the Indian Oil Corporation and completed in 24 months, said a press release from the CPT on Thursday. The proposal for an LPG import terminal was mooted in 2009 to end the road transport of LPG from Mangalore. Kerala, with a consumer base of around 80,000, requires about 6.5 lakh tonnes of cooking gas annually. Indian Oil Corporation was allotted 37 acres on Puthuvype island for the facility. Around 30,000 tonnes of LPG is moved between Mangalore and different destinations in Kerala using bullet tankers. The bullet tankers take around 12 hours to haul LPG from Mangalore to destinations in Kerala. The project was held up despite several accidents on National Highway 47 involving LPG tankers, including the one at Chala, near Kannur on August 27, 2012 in which 20 people were killed. Another LPG tanker was involved in a major accident near Karunagappally on December 31, 2009. The proposed terminal has a capacity to handle around six lakh tonnes of LPG annually in the initial stage. The Indian Oil Corporation was awarded the multi-user liquid terminal on a nomination basis in March 2013 and a concession agreement was signed on April 4, 2015. In addition to cooking gas, the proposed terminal will handle bunkers and liquids under the supervision of the Port Trust, said the press release.

അതായത് ഇത്തരത്തിലുള്ള ഒരു പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ആലോചനകൾ 2009-ൽ ആരംഭിച്ചു എങ്കിലും പലകാരണങ്ങൾ കൊണ്ടും അത് നീണ്ടുപോയി എന്നാണ്. ഒടുവിൽ 2013-ൽ ആണ് ഐ ഒ സിയ്ക്ക് ഇതിനുള്ള അനുമതി ലഭിക്കുന്നതും 2015 ജൂലയ് മാസത്തിൽ ആണ് വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിയ്ക്ക് ഇതിന്റെ നിർമ്മാണക്കരാർ ലഭിക്കുന്നതും. നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽ തന്നെ പരിസരവാസികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു എന്നത് 2015 ഡിസംബർ 2-ലെ ദി ഹിന്ദു വാർത്തയിൽ നിന്നും മനസ്സിലാക്കാം. 2016-ൽ തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പെട്ടന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല തദ്ദേശവാസികളുടെ ഈ സമരം എന്നതു വ്യക്തമാണ്. ദി ഹിന്ദുവിലെ വാർത്തയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.

The project site turned into a stage for high drama on December 2 with the protestors blocking trucks transporting steel for building the LPG tanks here. Soon, the police rushed to the spot but the stand off continued for several hours till the protestors were forcibly removed from the spot. The protestors, on the other hand, maintain that the terminal posed a threat to the residential areas in Vypeen island - one of the thickly populated areas in the country. Further, it was being initiated without an approval from the Elamkunnapuzha panchayat, the concerned local body and in violation to the Coastal Regulation Zone norms.

വികസനം വേണം എന്ന് പറയുമ്പോൾത്തന്നെ അത് ജനങ്ങളെ വിശ്വാസത്തിൽ എടുത്താവണം. തൊഴിലിടവും താമസസ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും നൽകി ആകണം വികസനം നടപ്പിലാക്കാൻ. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു പദ്ധതി നമുക്ക് മുന്നിൽ തന്നെ ഉണ്ട്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ. കോടകളാണ് മുടക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവെ മേല്പാലം ഇവിടെ വന്നു, 8 കിലോമീറ്റർ നീളത്തിൽ അതിൽ ഇപ്പോൾ ട്രെയിൻ പോകുന്നുണ്ടോ എന്ന് തന്നെ അറിയില്ല. റോഡ് കണക്ടിവിറ്റിക്കായി അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ 316 കുടുംബങ്ങളെ ആണ് പുനരധിവാസമോ നഷ്ടപരിഹാരമോ നൽകാതെ മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കിയത്.  ഒൻപത് വർഷങ്ങൾക്ക് ഇപ്പുറം അവരുടെ അവസ്ഥ എന്തെന്ന് ഇവിടെ നാരദ ന്യൂസ് പോർട്ടലിന്റെ ഈ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അത്തരം വികസങ്ങൾ ആകരുത്. സിങ്കൂരും മൂലമ്പള്ളിയും ഒന്നും പുതുവൈപ്പിൽ ആവർത്തിക്കാതിരിക്കട്ടെ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പ്രാതിനിധ്യത്തിലുള്ള വികസനങ്ങൾ വരട്ടെ. അതാണ് നല്ലത്. പുതുവൈപ്പിലെ ഈ പ്രക്ഷോഭങ്ങൾ കൂടുതൽ രക്തരൂക്ഷിതം  അല്ലാതെ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ സമാപിക്കും എന്ന് പ്രത്യാശിക്കുന്നു.

Sunday 4 June 2017

അഖില കേസ് W.P.(Crl.)297/2016 KHC

കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി പൊതുവിൽ ചർച്ചചെയ്യപ്പെടുന്ന വാർത്തകളിൽ ഒന്നാണ് അഖില കേസ്. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയായ അശോകൻ സ്വന്തം മകളെ (അഖില) കണ്ടെത്തണമെന്നും അന്യായമായ തടങ്കലിൽ നിന്നും അവളെ മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയും  അതിൽ ഹൈക്കോടതി ഉത്തരവും ആണ് ഏറെ ചർച്ചചെയ്യപ്പെട്ടത്. ഈ ഉത്തരവ് സംബന്ധിക്കുന്ന പല വാർത്തകളും വളച്ചൊടിക്കപ്പെട്ടതോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ ആണ്. അതിനാൽ തന്നെ ഈ കേസിന്റെ നാൾ വഴികളെക്കുറിച്ചും കേസിൽ വിധിയിൽ എത്തിച്ചേരാൻ ഹൈക്കോടതി പറയുന്ന കാരണങ്ങളും മനസ്സിലാക്കുന്നത് നല്ലതാവും എന്ന് കരുതുന്നു. 

അഖില കേസിന്റെ നാൾവഴികൾ

ആദ്യത്തെ ഹേബിയസ് കോർപ്പസ്

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി അശോകൻ പൊന്നമ്മ ദമ്പതികളുടെ ഏകമകൾ ആണ് അഖില (24/2017). ഹിന്ദുമതത്തിൽ ഈഴവ സമുദായത്തിൽ വരുന്ന വരാണ് അശോകനും പൊന്നമ്മയും. അശോകൻ ഈശ്വരവിശ്വാസി ആയിരുന്നില്ല എങ്കിലും പൊന്നമ്മ അമ്പലങ്ങളും പൂജയും എല്ലാം വിശ്വസിക്കുന്ന വ്യക്തിയായിരുന്നു. അഖില സേലത്ത് ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ചേർന്ന് ഹോമിയോപ്പതിയിൽ ബിരുദപഠനം നടത്തുകയായിരുന്നു.  ആദ്യം വർഷം കോളേജ് ഹോസ്റ്റലിൽ ആണ് അഖില താമസിച്ചിരുന്നത്. എന്നാൽ പിന്നീട് ഭക്ഷണം ശരിയല്ലെന്ന കാരണം പറഞ്ഞ് കോളേജിനു വെളിയിൽ അഖിലയും നാലു സുഹൃത്തുക്കളും ചേർന്ന് വാടകവീടെടുത്ത് താമസിക്കുകയായിരുന്നു. ആദ്യകാലത്ത് പാചകത്തിനായി അവർ ഒരു സഹായി വെച്ചിരുന്നു എങ്കിലും പിന്നീട് അവരെ ഒഴിവാക്കി സ്വന്തമായി പാചകം ചെയ്ത് വന്നു. അഖിലയുടെ സുഹൃത്തുക്കളിൽ രണ്ടുപേർ ഹിന്ദുക്കളും രണ്ടു പേർ മുസ്ലീങ്ങളും ആയിരുന്നു. മുസ്ലീം സുഹൃത്തുക്കളിൽ ജസീനയുമായി അഖിലയ്ക്ക് വലിയ അടുപ്പം ഉണ്ടായിരുന്നു. അശോകൻ നൽകിയ പരാതി അനുസരിച്ച് ജസീനയും അവരുടെ സഹോദരി ഫസീനയും അഖിലയെ ഇസ്ലാം വിശ്വാസത്തിലേയ്ക്ക് ആകർഷിക്കുകയും തുടർന്ന് അവരുടെ പിതാവായ അബൂബക്കറിന്റെ സഹായത്തോടെ നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ഒരു മതപരിവർത്തന കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ വച്ച് മതം മാറ്റുകയും ചെയ്തു എന്നാണ്  ആരോപിച്ചത്. ഈ മതപരിവർത്തനകേന്ദ്രം നടത്തിവന്നത് എസ് ഡി പി ഐ എന്ന സംഘടന ആണെന്നും അശോകൻ ആരോപിച്ചിരുന്നു.

അശോകൻ നൽകിയ സത്യവാങ്ങ്മൂലം അനുസരിച്ച് 06/01/2016നു ജസീനയും ഫസീനയും അവരുടെ പിതാവായ അബൂക്കറും ചേർന്ന് അഖിലയെ അശോകന്റെ അറിവോ സമ്മതമോ ഇല്ലാതെ കടത്തിക്കൊണ്ട് പോവുകയും അതെ തുടർന്ന് അശോകൻ മകളെ കാണ്മാനില്ലെന്ന പരാതി പെരിന്തൽമണ്ണ പോലീസിൽ നൽകുകയും (Crime No. 21 of 2016) ചെയ്തു. ഈ കേസിന്റെ അന്വേഷണം നടത്തിയ പെരിന്തൽമണ്ണ പോലീസ് അബൂബക്കറെ അറസ്റ്റ് ചെയ്തു എങ്കിലും അഖിലയെ കണ്ടത്താൻ സാധിച്ചില്ല. തുടർന്ന് മകളെ കണ്ടത്താൻ പോലീസിനു നിർദ്ദേശം നൽകണമെന്ന് ആവശ്യവുമായി ഒരു ഹേബിയസ് കോർപ്പസ് ഹർജി (W.P.(Crl.) No. 25 of 2016) അശോകൻ കേരള ഹൈക്കോടതി മുൻപാകെ നൽകി. ഈ ഹർജി ഫയലിൽ സ്വീകരിച്ചകോടതി പെരിന്തൽമണ്ണ പോലീസ് ഹർജിക്കാരന്റെ പരാതിയിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണം എന്ന് ഗവണ്മെന്റ് പ്ലീഡർക്ക് 14/01/2016-ൽ നിർദ്ദേശം നൽകി.

പിന്നീട് ഈ കേസ് 19/01/2016-ൽ പരിഗണിച്ചപ്പോൾ അഖില നേരിട്ട് കോടതിയിൽ ഹാജരാവുകയും തന്റെ അഭിഭാഷകൻ ആയ പി കെ ഇബ്രാഹിം മുഖാന്തരം തന്നെയും ഈ കേസിലെ കക്ഷിയായി പരിഗണിക്കണം എന്ന് ഒരു അപേക്ഷസമർപ്പിക്കുകയും (I.A. No. 792 of 2016) ചെയ്തു. പ്രസ്തുത അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ താൻ 24 വയസ്സുള്ള യുവതിയാണെന്നും സേലത്ത് ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ബി എച്ച് എം എസ് പൂർത്തിയാക്കിയ ശേഷം ഹൗസർജൻസി ചെയ്തുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു. (എന്നാൽ ഹൗസർജൻസി ചെയ്തുകൊണ്ടിരിക്കുകയാണെന്ന പ്രസ്താവന കളവാണെന്നും അഖില ഹൗസർജൻസിയ്ക്ക് ചേർന്നിട്ടില്ലെന്നും കോടതി പിന്നീട് കണ്ടെത്തി). തന്റെ സുഹൃത്തുക്കളായ ജസീന, ഫസീന എന്നിവരുടെ കൃത്യനിഷ്ഠയോടെയുള്ള പ്രാർത്ഥനയും സത്സ്വഭാവവും തനിക്ക് വളരെ മതിപ്പുളവാക്കിയെന്നും അവരിലൂടെ ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു എന്നും പറയുന്നു. തുടർന്ന് പുസ്തകങ്ങളിലൂടേയും ഇന്റെർനെറ്റ് വീഡിയോകളിലൂടേയും ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ തനിക്ക് ഒന്നിലധികം ദൈവങ്ങൾ ഉള്ള വിശ്വാസത്തിൽ അധിഷ്ടിതമായ ഹിന്ദുവിശ്വാസത്തെക്കാളും ഏകദൈവത്തിൽ അധിഷ്ഠിതമായ ഇസ്ലാം വിശ്വാസം കൂടുതൽ സ്വീകാര്യമായി തോന്നി എന്നും പറയുന്നു. അങ്ങനെ പരസ്യമായി പ്രഖ്യാപിക്കാതെ ആണെങ്കിലും താൻ സേലത്തെ വാടകവീട്ടിലും സ്വന്തം വീട്ടിലും എല്ലാം ഇസ്ലാമികമതപ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുമായിരുന്നു. ഒരിക്കൽ വീട്ടിൽ വെച്ച് നിസ്കരിക്കുന്നത് പ്രിതാവായ അശോകൻ കാണുകയും നിരീശ്വരവാദിയായ അദ്ദേഹത്തെ സംബന്ധിച്ച് ഇസ്ലാം തീവ്രവാദത്തിന്റെ മതമായതിനാൽ അതിൽ നിന്നും പിന്തിർപ്പിക്കാൻ ശ്രമിച്ചു. അതിനാൽ താൻ വീണ്ടും തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിച്ചുപോന്നു. 2015 നവംബർ മാസത്തിൽ തന്റെ മുത്തച്ഛൻ മരിച്ച അവസരത്തിൽ മരണാന്തരകർമ്മങ്ങൾ നടക്കുന്നതിനാൽ 40 ദിവസം തുടർച്ചയായി തനിക്ക് വീട്ടിൽ നിൽക്കേണ്ടി വന്നു, ഈ അവസരത്തിൽ ബന്ധുക്കൾ ആ കർമ്മങ്ങൾ ചെയ്യാൻ തന്നെ നിർബന്ധിക്കുകയും ഇതുമൂലം ഉണ്ടായ മാനസികസമ്മർദ്ദം താങ്ങാനാകാതെ 02/01/2016-ൽ മുസ്ലീം ആകാൻ തീരുമാനിച്ചുറച്ച് താൻ വീട്‌വിട്ടിറുങ്ങുകയായിരുന്നു എന്നും അഖില പറയുന്നു. അങ്ങനെ അവിടെ നിന്നും നേരെ ജസീനയുടെ മലപ്പുറം പെരിന്തൽമണ്ണയിലുള്ള വീട്ടിൽ എത്തിച്ചേർന്നു. ജസീനയുടെ പിതാവ് അബൂബക്കർ അഖിലയെ ഇസ്ലാമിക പരിവർത്തനത്തിന്റെ ഭാഗമായ കോഴ്സുകൾ നടത്തുന്ന കെ ഐ എം എന്ന സ്ഥാപനത്തിൽ ചേർക്കാൻ കൊണ്ടുചെന്നു എങ്കിലും അവിടെ പ്രവേശനം ലഭിച്ചില്ല. തുടർന്ന് തർബിയത്തുൽ ഇസ്ലാം സഭ എന്ന സ്ഥാപനം തന്നെ പ്രവേശിപ്പിക്കാം എന്ന് പറഞ്ഞു എങ്കിലും അവിടെ പ്രവേശനം ലഭിക്കുന്നതിനു അച്ഛനമ്മമാരെ കൂട്ടിവരണം എന്ന് നിർദ്ദേശിച്ചു. ഈ ഘട്ടത്തിൽ താൻ സ്വന്തം ആഗ്രഹപ്രകാരം പരപ്രേരണകൂടാതെ ആണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന സത്യവാങ്മൂലം എഴുതി നൽകുകയും ചെയ്തു. തുടർന്ന് അബൂബക്കർ തന്റെ വീട്ടിൽ താമസിപ്പിക്കാൻ ബിദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനാൽ സത്യസരണി എന്ന മറ്റൊരു സ്ഥാപനത്തെ സമീപിക്കുകയും അവിടെ എത്തിയപ്പോൾ രാത്രി ആയതിനാൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലവുമായി രണ്ട് ദിവസം കഴിഞ്ഞുവരാൻ പറഞ്ഞ് തിരികെ അയച്ചു. തുടർന്ന് 2/01/2016 മുതൽ 4/01/2016 വരെയുള്ള ദിവസങ്ങളിൽ അബൂബക്കറിന്റെ വീട്ടിൽ താമസിച്ച തന്നെ തുടർന്നും അവിടെ താമസിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് അബൂബക്കർ കോളേജിലേയ്ക്ക് മടക്കി അയക്കുകയായിരുന്നു എന്നും അഖില സത്യവാങ്മൂലത്തിൽ പറയുന്നു.

06/01/2016-ൽ കോളേജിൽ മുസ്ലീം വിശ്വാസപ്രകാരമുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ അഖിലയെ അർച്ചന എന്ന സുഹൃത്ത് കാണുകയും ആ കുട്ടി ഈ വിവരം അഖിലയുടെ മാതാപിതാക്കളെ വിളിച്ചു പറയുകയും ചെയ്തു. അതേത്തുടർന്ന് അച്ഛൻ വീണു കാലൊടിഞ്ഞു എന്നും  എത്രയും പെട്ടന്നെ തിരികെ വീട്ടിൽ എത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഫോൺകോൾ അഖിലയ്ക്ക്  അമ്മയിൽ നിന്നും ലഭിച്ചു. അച്ഛനു അപകടം ഒന്നും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കിയ അഖില വീട്ടിലേയ്ക്ക് പോകാതെ പെരിന്തൽമണ്ണയിലുള്ള ജസീനയുടെ വീട്ടിലേയ്ക്ക് തിരിച്ചു. ഈ യാത്രക്കിടയിൽ സത്യസരണിയിൽ വിളിച്ച് താൻ അവിടെ ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അബൂബക്കറിന്റെ വീട്ടിൽ താൻ ഉണ്ടാകുമെന്നും അവിടെ വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും അഖില ആവശ്യപ്പെട്ടു. അബൂബക്കർ അഖിലയെ സത്യസരണിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ സത്യസരണി സൈനബ എന്ന സാമൂഹ്യപ്രവർത്തകയെ സമീപിക്കുകയും അഖിലയുടെ കാര്യത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് സൈനബ (ഏഴാം കക്ഷി) അബൂബക്കറുമായി സംസാരിക്കുകയും അഭിപ്രായവ്യത്യാസത്തെ തുടർന്ന് അവിടെ നിന്നും പോവുകയും ചെയ്തു. തുടർന്ന് അബൂബക്കറിന്റെ വീട്ടിൽ നിന്നും സൈനബയുടെ വീട്ടിലേയ്ക്ക് 07/01/2016നു താമസം മാറുകയായിരുന്നു എന്നും തന്റെ സ്ത്യവാങ്മൂലത്തിൽ അഖില പറയുന്നു. ഈ കാര്യങ്ങൾ എല്ലാം വ്യക്തമാക്കിക്കൊണ്ട് ഒരു രജിസ്റ്റേർഡ് ലെറ്റർ താൻ അച്ഛനും ഡി ജി പിയ്ക്കും അയച്ചിരുന്നു എന്നും അഖില തന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

അശോകൻ പെരിന്തൽമണ്ണ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് തന്നെയും സൈനബയേയും ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് ഹൈക്കൊടതിയിൽ റിട്ട് പെറ്റീഷൻ നൽകിയെന്നും (W.P. (C) No. 1965 of 2016) ആ പെറ്റീഷന്റെ തുടർ നടപടികൾക്കായി ഹൈക്കോടതിയിൽ വന്നപ്പോഴാണ് തന്റെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെക്കുറിച്ച് അറിഞ്ഞതെന്നും അതിനാലാണ് നേരിട്ട് ഹാജരായതെന്നും അഖില കോടതിയിൽ ബോധിപ്പിച്ചു. ഈ വിഷയങ്ങൾ എല്ലാം 19/01/2016-ൽ വിശദമായി പരിഗണിച്ച കോടതി അഖില ആരുടെയും അന്യായമായ തടങ്കലിൽ അല്ലെന്നു നിരീക്ഷിച്ച് അഖിലയെ സൈനബയ്ക്കൊപ്പം പോകാൻ അനുവദിച്ചു. അശോകൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരിജി 25/01/2016-ൽ തീർപ്പാക്കിയ കോടതി അഖിലയെ അവർ സ്വന്തം ഇഷ്ടപ്രകാരം ആണ് സത്യസരണിയിൽ താമസിക്കുന്നതെന്ന വസ്തുത രേഖപ്പെടുത്തിക്കൊണ്ട് അവിടെ തുടർന്നു താമസിക്കാനും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അവരെ സന്ദർശിക്കാനുള്ള അനുമതി നൽകിക്കൊണ്ടും ഉത്തരവായി.

രണ്ടാമത്തെ ഹേബിയസ് കോർപ്പസ് ഹർജി

തന്റെ മകളെ രാജ്യത്തിനു വെളിയിലേയ്ക്ക് കടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നും അത് തടയണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അശോകൻ 16/08/2016-ൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തന്റെ  മകളെ നിർബന്ധപൂർവ്വം ജസീനയും ഫസീനയും അവരുടെ പിതാവായ അബൂബക്കറും ചേർന്ന് മതം മാറ്റുകയായിരുന്നു എന്നും അബൂക്കറിനെതിരായ നിയമനടപടികൾ ഒഴിവാക്കുന്നതിനാണ് അഖില തന്റെ മുൻസത്യവാങ്മൂലത്തിൽ താൻ സത്യസരണിയിൽ ചേരുന്നതിന് അബൂബക്കർ എതിരായിരുന്നു എന്ന തെറ്റായ വിവരം ഉൾപ്പെടുത്തിയതെന്നും അശോകൻ തന്റെ രണ്ടാമത്തെ ഹർജിയിൽ ആരോപിച്ചു.

19/08/2016-ൽ ഈ ഹർജി (W.P.(Crl.)297/2016) പരിഗണിച്ച ഹൈക്കോടതി അഖിലയെ നിരീക്ഷിക്കാൻ കേസിലെ ഒന്നുമുതൽ നാലുവരെയുള്ള കക്ഷികളോട് (എസ് പി മലപ്പുറം, എസ് പി കോട്ടയം, എറണാകുളം റേഞ്ച് ഐ ജി,  ഡി ജി പി) ആവശ്യപ്പെട്ടു. തുടർന്ന് 22/08/2016-ൽ ഈ കേസ് വാദത്തിനെടുത്തപ്പോൾ തങ്ങൾ സൈനബയുടെ വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ അഖിലയെ അജ്ഞാതമായ ഏതോ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായും അവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഇതെത്തുടർന്ന് കേസ് മറ്റൊരു ദിവസം പരിഗണിക്കുന്നതിനായി മാറ്റി. എന്നാൽ അന്നേദിവസം തന്നെ മറ്റൊരവസരത്തിൽ സൈനബയും അഖിലയും കോടതിയിൽ ഹാജരായിട്ടുണ്ടെന്നും ആ കേസ് പരിഗണിക്കണമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതനുസരിച്ച് കേസ് പരിഗണിച്ച കോടതി അഖിലയോടും മാതാപിതാക്കളോടും വിവരങ്ങൾ ആരാഞ്ഞു. താൻ ബി എച്ച് എം എസ് പഠനം പൂർത്തിയാക്കി എന്നും ഹൗസർജൻസി ചെയ്യാൻ പോവുകയാണെന്നും അഖില കോടതിയെ അറിയിച്ചു. സത്യസരണിയിൽ നിന്നും ഇസ്ലാം മതത്തെ സംബന്ധിക്കുന്ന കോഴ്സുകൾ താൻ പൂർത്തിയാക്കി എന്നും ഇസ്ലാം മതം സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചു എന്നും അഖില കോടതിയെ അറിയിച്ചു. തനിക്ക് മാതാപിതാക്കൾക്കൊപ്പം പോകാൻ താല്പര്യമില്ലെന്നും സൈനബയ്ക്കൊപ്പം പോകാൻ അനുവദിക്കണമെന്നും അഖില കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ ഒരു മാസമായി തന്റെ മകളെ കാണ്മാനില്ലായിരുന്നു എന്നും അതിനാൽ അവളെ സൈനബക്കൊപ്പം അയക്കുന്നത് അപകടമാണെന്നും അശോകൻ വാദിച്ചു. ഒടുവിൽ കേസിന്റെ തുടർ നടപടികൾ കഴിയുന്നതുവരെ അഖിലയെ വനികൾക്കായുള്ള ഹോസ്റ്റലിൽ താമസിപ്പിക്കാനും അതിന്റെ ചിലവുകൾ അശോകൻ വഹിക്കാനും ഈ കേസിൽ വിശദമായ ഒരു അന്വേഷണം നടത്താനും കോടതി ഉത്തരവായി.

27/09/2016-ൽ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബഞ്ച് ഈ കേസ് പരിഗണിക്കുകയും അന്നേദിവസം അഖില എഴുതിനൽകിയ പ്രസ്താവനയിൽ കഴിഞ്ഞ 35 ദിവസമായി തന്റേതല്ലാത്ത കാരണങ്ങളാൽ താൻ ഹൈക്കോടതിയുടെ അന്യായമായ കസ്റ്റഡിയിൽ ആണെന്നും ആരേയും കാണാൻ അനുവദിക്കുന്നില്ലെന്നും തന്റെ പിതാവിന്റെ വക്കീലിന്റെ പ്രേരണമൂലമാണ് ഇപ്പോൾ ഈ ഹേബിയ്സ് കോർപ്പസ് നൽകിയിരിക്കുന്നതെന്നും അറിയിച്ചു. തനിക്ക് പാസ്പോർട്ട് ഇല്ലെന്നും അതിനാൽ അച്ഛൻ ആരോപിക്കുന്നതുപോലെ സിറിയയിലേയ്ക്ക് തന്നെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല എന്നും അഖില കോടതിയെ ബോധിപ്പിച്ചു. തന്നെ തനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് തങ്ങാൻ അനുവദിക്കണം എന്ന അഖിലയുടെ അഭ്യർത്ഥന പരിഗണിച്ച കോടതി പച്ചാളത്തെ ശാന്തിനികേതൻ ഹോസ്റ്റലിൽ അഖിലയെ തുടർന്നും താമസിപ്പിക്കണമെന്ന് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നും അഖില ആവശ്യപ്പെട്ടതുപ്രകാരം സൈനബയ്ക്കൊപ്പം പോകാൻ അനുവദിക്കുന്നു എന്നും ഉത്തരവിട്ടു, കോടതി ആവശ്യപ്പെടുന്ന അവസരങ്ങളിൽ എല്ലാം ഹാജരാകാമെന്ന് അഖിലയും, അഖിലെ ഹാജരാക്കാമെന്ന് സൈനബയും സൈനബയുടെ അഡ്വക്കേറ്റ് ആയ പി കെ ഇബ്രാഹിമും കോടതിയ്ക്ക് ഉറപ്പ് നൽകി. അഖില സൈനബയുടെ വീട്ടിൽ നിന്നും താമസം മാറുകയാണെങ്കിൽ ആ വിവരം പെരിന്തൽമണ്ണ Dy SP-യെ മുൻകൂട്ടി അറിയിക്കണമെന്നും പുതിയ താമസസ്ഥലത്തിന്റെ മുഴുവൻ വിലാസവും ടെലിഫൊൺ നമ്പറും നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

14/11/2016-ൽ ഈ കേസ് വീണ്ടും ഹൈക്കോടതി (ആദ്യം പരിഗണിച്ച ഡിവിഷൻ ബഞ്ച്) പരിഗണിച്ചപ്പോൾ തന്റെ മകളുടെ ഭാവിയിലും സൈനബയോടൊപ്പം അവൾ താമസിക്കുന്നതിലും തനിക്കുള്ള ആശങ്ക അശോകൻ കോടതിയെ ബോധിപ്പിച്ചു. ബി എച് എം എസ് പഠനം പൂർത്തിയാക്കിയ മകൾ ഹൗസർജൻസി ചെയ്യാത്ത്തിനാൽ ഹോമൊഇയോ ഡോക്ടർ എന്ന നിലയിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല എന്നും എത് അവളുടെ ഭാവി ഇല്ലാതാക്കും എന്ന് അശോകൻ ഹൈക്കോടതിയെ അറിയിച്ചു, തന്റെ മകളെ നിർബന്ധപൂർവ്വം മതം മാറ്റിയതാണെന്ന് മുൻവാദം അശോകൻ ആവർത്തിച്ചു. എന്നാൽ ഈ വാദങ്ങൾ നിരാകരിച്ച സത്യസരണിയുടേയും സൈനബയുടെയും അഭിഭാഷകർ അഖില സ്വതന്ത്രയാണെന്നു കോടതിയെ അറിയിച്ചു. അഖിലയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് എസ് ശ്രീകുമാർ അഖില ഹോമിയോ ഡോക്ടർ ആയി ജോലിചെയ്യുന്നുണ്ടെന്നും അവർക്ക് ജീവിക്കാൻ ആവശ്യമായ വരുമാനം കണ്ടെത്തുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. സൈനബയ്ക്ക് അഖിലയെ പരിപാലിക്കാനുള്ള വരുമാനം ഉണ്ടോ എന്നതിലും സംശയം പ്രകടിപ്പിച്ച കോടതി രണ്ടുപേരുടേയും വരുമാനം സംബന്ധിക്കുന്ന വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

19/12/2016-ൽ കേസ് പരിഗണിച്ച കോടതി ഹൗസർജൻസി പൂർത്തിയാക്കാത്ത അഖില ഹോമിയോ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു എന്നും 2000രൂപ മാസവരുമാനം ഉണ്ട് എന്നുമുള്ള മുതിർന്ന അഭിഭാഷകൻ എസ് എസ് ശ്രീകുമാറിന്റെ വാദത്തിൽ സംശയം പ്രകടിപ്പിക്കുകയും അഖില എത്രയും വേഗം ഹൗസർജൻസി പൂർത്തിയാക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. അതുപോലെ അപരിചിതയായ സൈനബയ്ക്കൊപ്പം അഖില താമസം തുടരുന്നതിലെ അതൃപ്തി രേഖപ്പെടുത്തിയ കോടതി അഖില എത്രയും പെട്ടന്ന് സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് താമസം മാറണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനായി സേലം ശിവരാജ്  ഹോമിയോപൊതിക് മെഡിക്കൽ കോളേജിൽ ചേർന്ന് ഹൗസർജൻസി ചെയ്യണമെന്നും അവിടത്തെ വനിതാ ഹോസ്റ്റലിലേയ്ക്ക് താമസം മാറണമെന്നും നിർദ്ദേശിച്ചു. തന്റെ കക്ഷിയ്ക്ക് ഹൗസർജൻസി പൂർത്തിയാക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും അതിനു തയ്യാറാണെന്നും അഭിഭാഷകനായ ശ്രീകുമാർ കോടതിയെ അറിയിച്ചു. ഇതനുസരിച്ച് അഖിലയുടെ സർട്ടിഫിക്കറ്റുകളുമായി 21നു കോടതിയിൽ ഹാജരാകാൻ അശോകനോട് കോടതി നിർദ്ദേശിച്ചു. അന്നേദിവസം അഖിലയും കോടതിയിൽ ഹാജരാകണം എന്ന് ഹൈക്കോടതി അഖിലയുടെ അഭിഭാഷകനെ അറിയിച്ചു. അഖിലയുടെ താമസത്തിന്റേയും പഠനത്തിന്റേയും ചിലവുകൾ  വഹിക്കാൻ താൻ തയ്യാറാണെന്നും അശോകൻ കോടതിയെ അറിയിച്ചു.  അതനുസരിച്ച് കേസ് 21/12/2016-ലേയ്ക്ക് പോസ്റ്റ് ചെയ്തു.

21/12/2016-ലെ സംഭവങ്ങൾ

അഖിലയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 21/12/2016-ൽ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ കോടതി നേരത്തെ ആവശ്യപ്പെട്ടതുപോലെ അശോകനും അഖിലയും കോടതിയിൽ ഹാജറുണ്ടായിരുന്നു. അഖില അന്ന് വന്നത് ഇതുവരെ ഈ കേസിൽ കോടതിയിൽ എത്തിയിട്ടില്ലാത്ത ഒരാൾക്കൊപ്പം ആയിരുന്നു. അത് ആരാണെന്ന് കോടതി ആരാഞ്ഞപ്പോൾ അഖിലയുടെ അഭിഭാഷകനായ ശ്രീകുമാർ അത് അഖിലയുടെ ഭർത്താവാണെന്നും അഖില 19/12/2016-ൽ ഇസ്ലാമിക ആചാരപ്രകാരവും ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ അനുസരിച്ചും വിവാഹിതയായി എന്നും കോടതിയെ അറിയിച്ചു. ഈ നടപടിയിൽ കോടതി ശക്തമായ എതിർപ്പും അതൃപ്തിയും അറിയിച്ചു. ഇതുവരെ കോടതിയിൽ അഖിലയും, സൈനബയും നൽകിയ ഉറപ്പുകൾക്ക് നേരെ വിപരീതമായ പ്രവർത്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കോടതി പറഞ്ഞു. അഖിലയുടെ വിവാഹം സംബന്ധിച്ച വിവരങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ശ്രീകുമർ ഹാജറാക്കിയ വിവാഹം സംബന്ധിക്കുന്ന രേഖകൾ വിശദമായി തന്നെ പരിശോധിച്ചു. ഇതു സംബന്ധിച്ച് 21/12/2016-ലെ ഉത്തരവിൽ കോടതി വിശദമായി പ്രതിപാദിക്കുന്നുണ്ട് (പേജ് 21 മുതൽ 31 വരെ)

കോടതിയിൽ ഹാജറാക്കിയ രേഖകൾ പ്രകാരം ഈ വിവാഹം നടത്തിക്കൊടുത്തത് പുത്തൂർ ജുമാ മസ്ജിദിലെ ഖാസിയാണ്. പുത്തൂർ സ്രാമ്പിക്കൽ വീട്ടിൽ വെച്ചാണ് (സൈനബയുടെ വീട്ടിൽ) ഈ വിവാഹം നടത്തിയത്. വിവാഹം നടന്നതായുള്ള സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് സെക്രട്ടറി, തൻവീറുൾ ഇസ്ലാം സംഘം, പുത്തൂർ, കോട്ടയ്ക്കൽ മലപ്പുറം ഡിസ്ട്രിക്റ്റ് എന്ന സ്ഥാപനം ആണ്. ഈ സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുള്ളതായോ ഇത്തരം ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം ഉള്ള സ്ഥാപനമായോ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സ്ഥാപനം കടലാസു സംഘടനമാത്രമാണോ എന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രസ്തുത സർട്ടിഫിക്കറ്റിൽ വരന്റേയും വധുവിന്റേയും ബന്ധുക്കളുടേയും മറ്റ് അതിഥികളുടെയും സാന്നിദ്ധ്യത്തിൽ പുത്തൂർ സ്രാമ്പിക്കൽ വീട്ടിൽ വെച്ച് ഇസ്ലാമിക ആചാരപ്രകാരം വിവാഹം നടന്നു എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരം വധുവിന്റെ ഭാഗത്തുനിന്നും ഈ വിവാഹത്തിൽ പങ്കെടുത്തവർ ആരാണെന്ന് കോടതി  അശോകനോട് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു വിവാഹം നടന്നതായി തങ്ങൾക്ക് അറിവില്ലെന്ന് അശോകൻ കോടതിയെ ധരിപ്പിച്ചു. തുടർന്ന് ഇതേ വിഷയം അഖിലയുടെ അഭിഭാഷകനായ ശ്രീകുമാറിനേട് കോടതി ആരാഞ്ഞു. അതിനു ഇത് സർട്ടിഫിക്കർ തയ്യാറാക്കിയതിൽ വന്ന് പിഴവാണെന്നും സാധാരണ ഉപയോഗിക്കുന്ന വാചകം അതുപൊലെ എഴുതിപ്പോയതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വരന്റെ ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ മറ്റൊരു രേഖ ഒത്തുങ്കൽ പഞ്ചായത്തിൽ ഈ വിവാഹം രജിസ്റ്റെർ ചെയ്യുന്നതിനായി സമർപ്പിച്ച അപേക്ഷയുടേയും അതിനായി ഒടുക്കിയ ഫീസിന്റെ രസീതിന്റേയും ഫേട്ടോസ്റ്റാറ്റ് പകർപ്പുകൾ ആയിരുന്നു. അതിൽ വരന്റെ പേര് ഷെഫിൻ ജഹാൻ എന്നും പെൺകുട്ടിയുടെ പേര് അഖിൽ അശോകന്റെ മകൾ ഹാദിയ എന്നും ആയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു, തുടർന്ന് ഈ സർട്ടിഫിക്കറ്റിൽ പറയുന്ന വ്യക്തികളെക്കുറിച്ചും വിവാഹം നടത്തിയ സ്ഥാപനത്തെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

ഈ വിവാഹം തിടുക്കത്തിൽ നടത്തിയ ഒന്നായാണ് കാണുന്നതെന്ന് ഗവണ്മെന്റെ പ്ലീഡർ കോടതിയെ അറിയിച്ചു. ചെർപ്പുളശേരി പോലീസ് രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു കേസിൽ (Crime No.510 of 2016) തടങ്കലിൽ എന്ന് ആരോപിക്കപ്പെട്ട സ്ത്രീ പട്ടാമ്പി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ 164 സ്റ്റേറ്റ്മെന്റിൽ താൻ സൈനബ എന്ന് സ്ത്രീയുടെ നിർദ്ദേശപ്രകാരം ആണ് ഒരു മുസ്ലീം പുരുഷനെ കോടതിനടപടികളിൽ നിന്നും രക്ഷനേടുന്നതിനു വേണ്ടി വിവാഹം കഴിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ആ സൈനബയും ഈ കേസിലെ സൈനബയും ഒരേ ആൾ തന്നെയാണെന്നും കോടതിയെ ധരിപ്പിച്ചു. ആ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഗവണ്മെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദത്തെ സൈനബയുടെ അഭിഭാഷകൻ പി കെ ഇബ്രാഹിം ശക്തിയുക്തം എതിർത്തു. തന്റെ കക്ഷി ഇത്തരം ഒരു കേസിലും നിലവിൽ ആരോപണവിധേയയല്ലെന്നും മേല്പറഞ്ഞ 164 സ്റ്റേമെന്റിനെക്കുറിച്ച് തന്റെ കക്ഷിയ്ക് അറിവില്ലെന്നും  അദ്ദേഹം അറിയിച്ചു. ഈ എതിർപ്പ് കോടതി രേഖപ്പെടുത്തി. ഗവണ്മെന്റ് പ്ലീഡറുടെ വാദം ഈ വിവാഹം അഖിലയെ ഇപ്പോൾ അവർ അകപ്പെട്ടിരിക്കുന്ന വ്യക്തികളുടെ പിടിയിൽ നിന്നും കോടതി മോചിതയാക്കാതിരിക്കുന്നതിനായി തട്ടീക്കൂട്ടിയ ഒന്നാണെന്നായിരുന്നു. അഖില കോടതിയിൽ ഹാജറുണ്ടെന്നും ആരുടെയെങ്കിലും പ്രേരണയ്ക്ക് വിധേയമായാണോ വിവാഹിതായാതെന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ കോടതിയ്ക്ക് നേരിട്ട് ചോദിക്കാം എന്ന് അഖിലയുടെ അഭിഭാഷകൻ ശ്രീകുമാർ പറഞ്ഞു എങ്കിലും ഇപ്പോൾ അത്തരം ഒരു നടപടിയിലേയ്ക്ക് കടക്കാൻ കോടതി ആഗ്രഹിക്കുന്നില്ല എന്ന പ്രതികരണമാണ് കോടതിയിൽ നിന്നും ഉണ്ടായത്.

കോടതി രക്ഷാകർതൃത്വം ഏറ്റെടുത്ത് (Parens Patriae Juridiction) കോടതിയുടെ നിരീക്ഷണത്തിൽ സൈനബയ്ക്കൊപ്പം താമസിക്കാൻ അനുവദിച്ച വ്യക്തിയാണ് അഖില. സൈനബയുടെ പക്കൽ നിന്നും താമസം മാറുന്നപക്ഷം ആ വിവരം പെരിന്തൽമണ്ണ ഡി എസ് പിയെ അറിയിക്കണെമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അഖിലയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കോടതി മുൻകൈഎടുത്ത് നടത്തിവരികയായിരുന്നു. അതിനു തയ്യാറാണെന്ന് അഖിലയുടെ അഭിഭാഷകനും മകളുടെ പഠനത്തിനാവശ്യമായ ചിലവുകൾ വഹിക്കാൻ തയ്യാറാണെന്ന് അശോകനും കോടതിയെ അറിയിച്ചിരുന്നു. ഈ തീരുമാനം കോടതി ചർച്ചചെയ്ത അതേ ദിവസം കോടതിയെ അറിയിക്കാതെ ധൃതിയിൽ അഖിലയുടെ വിവാഹം സൈനബയുടെ നേതൃത്വത്തിൽ നടത്തിയതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ കോടതി, അഖിലയെ പോലീസ് അകമ്പടിയോടെ എറണാകുളത്ത് എസ് എൻ വി സദനം എന്ന ലേഡീസ് ഹോസ്റ്റലിൽ എത്തിക്കാനും അവിടെ ഈ കേസിന്റെ നടപടികൾ അവസാനിക്കുന്നതുവരെ താമസിപ്പിക്കാനും ഉത്തരവിട്ടു. ഈ കാലയളവിൽ അഖിലയ്ക്ക് മൊബൈൽ ഫോൺ നൽകരുതെന്നും മാതാപിതാക്കളെ അല്ലാതെ മറ്റാരേയും കാണാൻ അനുവദിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. അഖിലയുടെ താമസത്തിനുള്ള ചിലവുകൾ അശോകൻ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതുകൂടാതെ നടന്നു എന്ന് പറയപ്പെടുന്ന വിവാഹത്തിലെ വരന്റെ സ്ഥാനത്തുള്ള ഷെഫിൻ ജഹാന്റെ വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം, മുൻകാലചരിത്രങ്ങൾ മറ്റ് അവശ്യമായ വിവരങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മലപ്പുറം എസ് പിയ്ക്ക് നിർദ്ദേശം നൽകി. അതുപോലെ ധൃതിപിടിച്ച് ഈ വിവാഹം നടത്താനുണ്ടായ സാഹചര്യം, അതുമയി ബന്ധപ്പെട്ട വ്യക്തികൾ, ഈ വിവാഹസർട്ടിഫിക്കറ്റ് നൽകിയ സംഘടനയുടെ പശ്ചാത്തലം, മുൻകാലപ്രവർത്തനങ്ങൾ എന്നിവയും അന്വേഷിക്കണമെന്നും ഡി ജി പി ഈ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും  റിട്ട് പെറ്റീഷനിൽ ആരോപിക്കപ്പെടുന്നതുപോലുള്ള തീവ്രവാദബന്ധം ഈ സംഭവങ്ങൾക്ക് ഉണ്ടോ എന്നതും പരിശോധിക്കപ്പെടണമെന്ന്  കോടതി ആവശ്യപ്പെട്ടു. ആ അന്വേഷണ റിപ്പോർട്ട് കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാക്കണം എന്നും ഉത്തരവായി. വിവാഹ സർട്ടിഫിക്കറ്റ് കോടതിയിൽ നിന്നും ഉത്തരവുണ്ടാകുന്നതു വരെ നൽകരുതെന്ന നിർദ്ദേശവും  ഒത്തുങ്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കോടതി നൽകി. കേസ് 06/01/2017-ലേയ്ക്ക് പോസ്റ്റ് ചെയ്തു.

കേസിലെ തുടർന്നുള്ള കോടതി നടപടികൾ

06/01/2017-ൽ ഈ കേസ് പരിഗണിച്ചപ്പോൾ ഗവണ്മെന്റ് പ്ലീഡർ 04/01/2017നു പോലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിച്ചു. ഈ റിപ്പോർട്ട് കോടതിയുടെ നിശിതമായ വിമർശനത്തിനു കാരണമായി. കോടതി ആവശ്യപ്പെട്ടതു പ്രകാരം വിശദമായ അന്വേഷണം നടത്താതെ ഉപരിപ്ലവമായ ചില വസ്തുതകൾ മാത്രമാണ് പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. വിവാഹത്തിനു മുൻപ് ഷെഫിൻ ജഹാനും അഖിലയും തമ്മിൽ എന്തെങ്കിലും പരിചയം ഉണ്ടായിരുന്നോ, ഏതു സാഹചര്യത്തിൽ ആണ് ഈ വിവാഹം ധൃതിപിടിച്ച് നടത്തിയത്, ആരാണ് ഈ വിവാഹം നടത്താൻ തീരുമാനിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ഒന്നും ആ റിപ്പോർട്ടിൽ ഇല്ലായിരുന്നു. വധുവിന്റെ ബന്ധുക്കൾ ആരും വിവാഹത്തിൽ എത്തിയില്ലെന്നും ഏകദേശം അൻപതോളം ആളുകൾ ആണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ഉള്ള വിവരം മാത്രമാണ് ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അതിനാൽ 21/12/2016-ലെ കോടതി വിധി അനുസരിച്ച് സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. ഈ അന്വേഷണത്തിനു ഡി ജി പി മേൽനോട്ടം വഹിക്കുകയും വേണം.

അഖില ഏകാന്തജീവിതം ആണ് ഹോസ്റ്റലിൽ നയിക്കുന്നതെന്നും അവൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അഖിലയുടെ അഭിഭാഷകൻ ശ്രീകുമാർ കോടതിയെ അറിയിച്ചു. അഖില നൽകിയ ഉറപ്പ് വിശ്വസിച്ചാണ്  21/12/2016-ൽ തുടർന്ന് പഠിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാം എന്ന് കോടതി പറഞ്ഞത്. അങ്ങനെ സ്വതന്ത്രമായി പഠിക്കാനുള്ള സാഹചര്യം അവർക്ക് കോടതി നൽകിയതാണ്. ഇപ്പോഴും അച്ഛനമ്മമാർക്കൊപ്പം പോകാൻ തയ്യാറാകാത്തതുകൊണ്ടാണ് അഖിലയ്ക്ക്  ഹോസ്റ്റലിൽ കഴിയേണ്ടിവരുന്നത്. അവർ പോകാൻ താല്പര്യപ്പെടുന്ന സൈനബ കോടതിയെ അറിയിക്കാതെ നടത്തിയ വിവാഹത്തിലെ കക്ഷിയാണ്. അതിനാൽ അവർക്കൊപ്പം ഇനി അഖിലയെ വിടാൻ സാധിക്കില്ല. അഖിലയ്ക്ക് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അവരുടെ സുരക്ഷിതത്വത്തെ കരുതി ആണെന്നും കോടതി പറഞ്ഞു (പേജ് 35) അഖില ഹോസ്റ്റലിൽ താമസിക്കുന്നതിനാൽ അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കണം എന്ന നിർദ്ദേശത്തോടെ കോടതി  കേസ് 23/01/2017ലേയ്ക്ക് പോസ്റ്റ് ചെയ്തു.

23/01/2017-ൽ കോടതി കേസ് പരിഗണിച്ചപ്പോൾ പോലീസ് സമർപ്പിച്ചിരുന്ന അന്വേഷണറിപ്പോർട്ടിൽ സൈനബ മുൻകൈയ്യെടുത്താണ് അഖിലയുടെ വിവാഹം നടത്തിയതെന്നും, അത് അഖിലയുടെ മാതാപിതാക്കളെ അറിയിക്കാതെ ആയിരുന്നു എന്നും പരാമർശിച്ചിരുന്നു. അതിനാൽ ഇങ്ങനെ ധൃതിയിൽ വിവാഹം നടത്താനുണ്ടായ സാഹചര്യം സൈനബ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടർന്ന് 07/02/2017-ൽ ഷെഫിൻ ജഹാന്റെ പശ്ചാത്തലം സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. പിന്നീട് 22/02/2017-ൽ കേസ് പരിഗണിച്ചപ്പോൾ സൈനബ ഒരു സത്യവാങ്ങ്മൂലം സമർപ്പിക്കുകയും ഗവണ്മെന്റ് പ്ലീഡർ മൂന്നു രേഖകൾ ഒരു മെമ്മോ സഹിതം സമർപ്പിക്കുകയും ചെയ്തു. കോടതി ഇവ കേസിന്റെ ഭാഗമായി അംഗീകരിച്ച് ഫയലിൽ സ്വീകരിച്ചു. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ കൂടൂതൽ സമയം അനുവദിക്കണം എന്ന സൈനബയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.

അശോകനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജേന്ദ്രൻ തന്റെ കക്ഷിയുടെ ഏകമകളായ അഖിലയെ ജസീന ഫസീന എന്നീ സഹോദരിമാരും അവരുടെ പിതാവായ അബൂബക്കറും ചേർന്ന മസ്തിഷ്ക പ്രക്ഷാളനം നടത്തിയാണ് മതം മാറ്റിയതെന്നും വിവിധ സ്ഥലങ്ങളിൽ അവളെ കൂട്ടിക്കൊണ്ടുപോയി പല വ്യക്തികൾ നടത്തിയ പ്രേരണയിലൂടെ അവൾക്ക് ജന്മം നൽകിയ അച്ഛനമ്മമാർക്ക് പോലും എതിരാവുന്ന നിലയിൽ ആക്കിയതാണെന്നും വാദിച്ചു. ബി എച്ച് എം എസിനു ചേരുന്ന അവസരത്തിൽ 20 വയസു മാത്രം പ്രായമുണ്ടായിരുന്ന അഖില ഇത്തരം പ്രേരണകൾക്ക് പെട്ടന്ന് വഴിപ്പെടാനുള്ള സാഹചര്യം ആണുണ്ടായിരുന്നതെന്നും വാദിച്ചു. പോലീസ് സൂപ്രണ്ട് സമർപ്പിച്ച ഒരു പ്രസ്താവനയിൽ അഖിലയെ ഇസ്ലാമിലേയ്ക്ക് ആകർഷിക്കുന്നതിൽ ഷാനിൽ, അദ്ദേഹത്തിന്റെ ബന്ധുവായ ഷെറിൻ ഷഹാന, ഷെറിൻ ഷഹാനയുടെ ഭർത്താവ്  ഫസിൽ മുസ്തഫ എന്നിവർക്കുള്ള പങ്കിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും ഈ വിഷയം അഖിലയും സൈനബയും, മറ്റുള്ളവരും കോടതിയിൽ  നിന്നും  മറച്ചുവെയ്ക്കുകയാണെന്നും വാദിച്ചു. സത്യസരണി നിയമവിരുദ്ധമായ നിർബന്ധിതമതപരിവർത്തനത്തിനു സഹായം ചെയ്യുന്ന ഒരു സ്ഥാപനം ആണെന്നും അതിനു വലിയ സാമ്പത്തിക പിൻബലം ഉണ്ടെന്നും ആ സ്ഥപനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ ഒരാളാണ് ഫെഫിൻ ജഹാനെന്നും രജേന്ദ്രൻ വാദിച്ചു. അഖിലയിൽ സൈനബയും സത്യസരണിയും മറ്റുള്ളവരും വലിയ സ്വാധീനമാണ് നേടിയിരിക്കുന്നതെന്നും അതുകൊണ്ടാണ് പഠനം പോലും പകുതിവഴിയിൽ ഉപേക്ഷിച്ചുപോരാൻ അഖില തയ്യാറായതെന്നും അദ്ദേഹം വാദിച്ചു. അഖിലയ്ക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നഷ്ടമായെന്നും അതിനാൽ തന്നെ അവരുടെ പിടിയിൽ നിന്നും അഖിലയെ മോചിപ്പിച്ച് മാതാപിതാക്കൾക്ക് തിരികെ കൊടുക്കാനുള്ള ഉത്തരവുണ്ടാകണമെന്നും അദ്ദേഹം വാദിച്ചു. മക്കൾക്ക് പ്രായപൂർത്തിയായതുകൊണ്ട് അവരെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ രക്ഷിതാക്കൾക്കുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാൻ ചില കോടതിവിധികൾ സഹിതം അദ്ദേഹം വാദം തുടർന്നു. സമാനമായി നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെട്ട ആതിര കേസിലെ ഹേബിയസ് കോർപ്പസ് പെറ്റീഷനും (W.P.(Crl.) No. 235 of 2016) അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു (പേജ് 38 -41വരെ).

തുടർന്ന് വാദിച്ച സീനിയർ ഗവണ്മെന്റ് പ്ലീഡറും അഖില നിർബന്ധിത മതപരിവർത്തനത്തിനാണ് വിധേയയായത് എന്ന വാദം ആണ് മുന്നോട്ട് വച്ചത്. ജസീനയും ഫസീനയും അവരുടെ പിതാവായ അബൂബക്കറും പിന്നീട് ഷാനിബ്, അദ്ദേഹത്തിന്റെ ബന്ധുവായ ഷെറിൻ ഷഹാന, ഷെറിൻ ഷഹാനയുടെ ഭർത്താവ ഫസൽ മുസ്തഫ എന്നിവരും തുടർന്ന് സത്യസരണി എന്ന സ്ഥാപനയും സൈനബയും എല്ലാം ഈ മതപരിവർത്തനത്തിൽ പങ്കാളികൾ ആയവരാണ്. നരകത്തിന്റേയും പാപംചെയ്യുന്നവർക്ക് നരകത്തിൽ അനുഭവിക്കേണ്ടിവരുന്ന യാതനകളുടെയും ചിത്രങ്ങളും  വീഡിയോകളും കാണിച്ചും അതിൽ നിന്നും രക്ഷനേടുന്നതിനുള്ള ഏകമാർഗ്ഗം ഇസ്ലാം ആണെന്ന് വിശ്വസിപ്പിച്ചും ആണ് അഖിലയെ മതം മാറിന്നതിനുള്ള തീരുമാനത്തിൽ എത്തിച്ചത്. അഖില സത്യസരണിയുടേയും സൈനബയുടേയും സ്വാധീനത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഷെഫിൻ ജഹാനുമായി നടത്തിയ വിവാഹം അഖിലയുടെ കാര്യത്തിൽ കോടതിനടപടികൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ്. ഷെഫിൻ ജഹാൻ മതപരിവർത്തനം നടത്തുന്ന സംഘടനയുടെ പ്രവർത്തകൻ ആണ്. ക്രിമിനൽ കേസിൽ പ്രതിസ്ഥാനത്തുള്ള ആളാണ്, ഗൾഫിൽ ജോലിഉണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു എങ്കിലും അഖിലയുമായുള്ള വിവാഹത്തിനു ശേഷം ഈ കേസ് പരിഗണിക്കുന്ന എല്ലാ ദിവസവും കോടതിയിൽ എത്തുന്നുണ്ട്. നിലവിൽ ഷെഫിൻ ജഹാൻ തൊഴിൽ രഹിതനാണ്. മുൻപ് ഒമാനിലെ അസിബ എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ജീവിതത്തിലെ ഓരോ ചെറിയകാര്യവും ഫേസ്ബുക്കിൽ കുറിക്കുന്ന ഷെഫിൻ ജഹാൻ തന്റെ വിവാഹക്കാര്യം മറച്ചു വെച്ചു എന്നും കോടതി ഈ വിഷയത്തിൽ അന്വേഷണത്തിനു ഉത്തരവായശേഷം 10/01/2017നു മാത്രമാണ് നിക്കാഹിന്റെ ചിത്രം ഷെഫിൻ ജഹാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് വിവാഹക്കാര്യം ഫേസ്ബുക്കിൽ ചേർക്കാതിരുന്നതെന്ന് വാദം അംഗീകരിക്കാൻ കഴിയില്ല. ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം അഖില കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകൾ പലതിലും രേഖപ്പെടുത്തിയ പേരുകൾ വ്യത്യാസമുള്ളതാണ്. അതിനാൽ ആ രേഖകൾ യഥാർത്ഥമായി കരുതാനാവില്ല.  ഇതെല്ലാമായിരുന്നു ഗവണ്മെന്റ് പ്ലീഡറുടെ വാദം.

സത്യസരണിയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി രവീന്ദ്രന്റേതായിരുന്നു തുടർന്നുള്ള വാദങ്ങൾ. സത്യസരണി മറ്റുമതങ്ങളിൽ ഇസ്ലാമിലേയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും അറിവുകളും നൽകുന്ന ചാരിറ്റബിൾ സ്ഥപനം ആണ്. ഇവിടത്തെ അന്തേവാസികൾക്ക് ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങളും വിവിധ ആചാരങ്ങളെക്കുറിച്ചുള്ള പരിശീലനവും നൽകി അവരെ യഥാർത്ഥവിശ്വാസികൾ ആക്കി മാറ്റാനാണ് ഇവിടെ ശ്രമിക്കുന്നത്. വിവിധ കാലയളവുകൾ ദൈർഘ്യമുള്ള പല കോഴ്സുകളും സത്യസരണി നടത്തുന്നുണ്ട്. രണ്ടുമാസം ദൈർഘ്യമുള്ള ഒരു കേഴ്സാണ്  അഖില അവിടെ ചെയ്തത്. അശോക്ൻ ആരോപിക്കുന്നതുപോലെ സൈനബ യാതൊരു തരത്തിലും അഖിലയെ സ്വാധീനിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. സത്യസരണിയുടെ പേരിലുള്ള ആരോപണങ്ങൾ എല്ലാം തെറ്റാണെന്നു തെളിയിക്കുന്ന സത്യവാങ്മൂലങ്ങൾ കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ അശോകന്റെ ഹർജി തള്ളണം എന്നതായിരുന്നു രവീന്ദ്രന്റെ വാദങ്ങൾ.

പിന്നീട് സൈനബയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പി കെ ഇബ്രാഹിമിന്റെ വാദങ്ങൾ ആയിരുന്നു. അശോകൻ മുൻപും ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയിലെ മറ്റൊരു ബഞ്ചിനെ സമീപിച്ചിരുന്നു. അഖില ആരുടേയും അന്യായമായ തടങ്കലിൽ അല്ലെന്ന് കണ്ടെത്തിയ കോടതി ആ ഹർജി തള്ളുകയായിരുന്നു. അന്ന് മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറാകാതിരുന്ന അഖിലയെ അവരുടെ സ്വന്തം ഇഷ്ടപ്രകാരം സൈനബയ്ക്കൊപ്പം പോകാൻ അനുവദിക്കുകയാണ് കോടതി ചെയ്തത്. അതിനു ശേഷം അഖില സൈനബയ്ക്കൊപ്പം ആണ് താമസിച്ചു വരുന്നത്. (എന്നാൽ ഈ വാദം ശരിയല്ല എന്ന് കോടതി പിന്നീട് പറയുന്നു. ആദ്യത്തെ ഹർജിയിൽ അഖില താൻ സത്യസരണി എന്ന സ്ഥാപനത്തിലെ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന സത്യവാങ്മൂലം ആണ് നൽകിയത്. കോടതി അവിടെ തുടർന്നും താമസിക്കാനും പഠനം തുടരാനുമുള്ള അനുവാദമാണ് നൽകിയത്. അഖിലയുടെ മാതപിതാക്കൾക്ക് ഹോസ്റ്റലിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി അഖിലയെ സന്ദർശിക്കുന്നതിനുള്ള അനുവാദവും അന്ന് കോടതി നൽകിയിരുന്നു പേജ് 66) അഖില കോടതിയിൽ എല്ലാ  അവസരങ്ങളിലും നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ഹാജരായിട്ടുണ്ട്. അവർ സൈനബയുടെ അന്യായമായ തടങ്കലിൽ ആണെന്ന വാദം അതിനാൽ തന്നെ ശരിയല്ല. അഖിലയെ താമസിപ്പിക്കുന്നതിനുള്ള വരുമാനം സൈനബെയ്ക്ക് ഉണ്ടെന്ന് തെളിയിക്കുന്നതിനായി സൈനബയുടെയും അവരുടെ ഭർത്താവ് അലിയാരുടേയും വരുമാനം സംബന്ധിക്കുന്ന വിവരങ്ങൾ അദ്ദേഹം കോടതിയിൽ ഹാജരാക്കി. അഖില മുസ്ലീം ആയ ഒരു യുവാവിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് 'വേ ടു നിക്കാഹ്' എന്ന സൈറ്റിൽ അവരുടെ പേര് സൈനബ ചേർത്തത്. അതുവഴിയാണ് ഷെഫിൻ ജഹാന്റെ ആലോചന വന്നതും അവരുമായി സംസാരിച്ച് ആ വിവാഹം നടത്തിയതും. അത് അഖിലയുടെ ഇഷ്ടപ്രാകാരം ആയിരുന്നു. ഒരു സാമൂഹ്യപ്രവർത്തക എന്ന നിലയിൽ നിരാലംബയായ ഒരു സ്ത്രീയ്ക്ക് അഭയം നൽകുക മാത്രമാണ് സൈനബ ചെയ്തത്. അതിൽ തെറ്റ് ആരോപിക്കുന്നത് ശരിയല്ല. പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ടെന്നത് സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി അദ്ദേഹം അവതരിപ്പിച്ചു. അതിനാൽ ഭർത്താവിനൊപ്പം പോകാനും അവർക്കിഷ്ടമുള്ള ജീവിതം നയിക്കാനും അവരെ അനുവദിക്കണം. സൈനബയ്ക്കും സത്യസരണിയ്ക്കും എതിരായ അശോകന്റെ അരോപണങ്ങൾ കെട്ടുകഥകൾ മാത്രമാണ്. അതുകൊണ്ടൂതന്നെ അശോകന്റെ ഹർജി തള്ളണം എന്നതായിരുന്നു സൈനബയ്ക്ക് വേണ്ടി ഹാജരയ പി കെ ഇബ്രാഹിമിന്റെ വാദം.

ഈ കേസിൽ തന്നേയും ഒരു കക്ഷിയായി ചേർക്കണം എന്ന ആവശ്യം കോടതി മുൻപാകെ അഖില ഉന്നയിച്ചിരുന്നു. എന്നാൽ കോടതി അത് അനുവദിച്ചില്ല. പക്ഷെ ഈ കേസിന്റെ വിവിധ ഘട്ടങ്ങളിൽ സത്യവാങ്ങ്മൂലങ്ങളും എതിർ സത്യവാങ്ങ്മൂലങ്ങളും അഖില സമർപ്പിച്ചിട്ടുണ്ട്. അതെല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് അഖിലയ്ക്കു വേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്മൂലങ്ങൾ അഭിഭാഷകരായ പി സഞ്ചയ് പർവ്വതി മേനോൻ എന്നിവർ വഴി ആയിരുന്നു. എന്നാൽ ഹൈക്കോടതി രജിസ്ട്രിയുടെ രേഖകൾ അനുസരിച്ച് അഖിലയ്ക്ക് വേണ്ടി ഹാജരാകുന്നതിനു ഈ അഭിഭാഷകർ വക്കാലത്ത് നൽകിയിരുന്നില്ല. പിന്നീട് അഖിലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ മുഹമ്മദ് ഇഖ്ബാൽ ഈ അഭിഭാഷകരിൽ നിന്നുള്ള നൊ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നത് ഈ വ്യക്തികൾ വ്യക്തമാക്കുന്നില്ലെന്ന് ഹൈക്കോടതി പറയുന്നു (പേജ് 50). അഖിലയ്ക്ക് വേണ്ടി നിലവിൽ ഹാജരാകുന്നത് മുഹമ്മദ് ഇഖ്ബാൽ, ശ്രീകുമാർ എന്നിവരാണ്.

അഖിലയ്ക്ക് വേണ്ടി ഹാജറായ അഭിഭാഷകനും സൈനബയുടെ അഭിഭാഷകൻ പറഞ്ഞ അതേ കാര്യങൾ തന്നെയാണ് കോട്തിയിൽ പറഞ്ഞത്. ബി എച്ച് എം എസിനു ചേർന്നതും ജസീനയും ഫസീനയും നടത്തുന്ന ചിട്ടയായ പ്രർത്ഥനകൾ അവരിലൂടെ ഇസ്ലാം മതത്തിലേയ്ക്ക് ആകൃഷ്ടയായത്, തുടർന്നു വീട് ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, അബൂക്കർ സഹായികാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സൈനബയെ അഭയം പ്രാപിച്ചത് അങ്ങനെ എല്ലാം അഖില തന്റെ സത്യവാങ്മൂലങ്ങളിൽ വിശദമായി പറയുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.അഖില പ്രായപൂർത്തിയായ, ബി എച് എം എസ് പാസായ, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള വ്യക്തിയാണ്. അങ്ങനെ സ്വന്തം തല്പര്യപ്രകാരമാണ് വേ ടു നിക്കാഹ് എന്ന സൈറ്റിൽ അഖില പേർ` രജിസ്റ്റർ ചെയ്തത്. അതുവഴിയാണ് ഷെഫിൻ ജഹാന്റെ ആലോചന വന്നത്. ഷെഫിൻ ജഹാൻ തീവ്രവാദ ബന്ധ്മുള്ള വ്യക്തിയല്ല.  എസ് ഡി പി ഐ എന്ന രാഷ്ട്രീയപ്പാർട്ടിയുടെ സജീവപ്രവർത്തകൻ  ആണ്. ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തി അല്ല ഷെഫിൻ ജഹാൻ. നിലവിൽ ഉള്ള് ക്രിമിനൽ കേസ് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി അ എഇ വൈ എഫ് എന്ന് സംഘടനയുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുള്ളതാണ്. ഇപ്പോൾ അഖില എത്തിയിരികുന്ന അവസ്ഥയ്ക്ക് അഖില അല്ലാതെ മറ്റാരും ഉത്തരവാദികൾ അല്ല. ആരുടേയും പ്രേരണ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആണ് അഖില ഈ തീരുമാനങ്ങൾ എല്ലാം എടുത്തത്. എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കോടതിയിൽ നിന്നും മറച്ചുവെച്ച കാര്യം

അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ തന്നെയും കക്ഷിയായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖില കോടതിയിൽ 04/09/2016-ൽ സമർപ്പിച്ച അപേക്ഷയിലും (I.A. No. 14827 of 2016) അതിനൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലും അഖില പറയുന്ന കാര്യം താൻ മൂന്നര വർഷം മുൻപേ ഇസ്ലാം മതത്തിൽ ആകൃഷ്ടയായി എങ്കിലും ഔപചാരികമായി തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്പോൾ മാത്രമാണ് എന്നായിരുന്നു. അതിലൂടെ കോടതിയെ അഖില ബോധ്യപ്പെടുത്താൻ ശ്രമിച്ചത് താൻ 2016 മുതൽ മാത്രമാണ് തന്റെ വിശ്വാസം ഔപചാരികമായി പ്രഖ്യാപിക്കുന്നത് എന്നാണ്. പെരിന്തൽ മണ്ണ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ (Crime No.21 of 2016, പെരിന്തൽമണ്ണ പോലീസിൽ അശോകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തത്) ചെയ്ത കേസ് ഡയറി പരിശോധിച്ച കോടതി 10/09/2015 നു എറണാകുളത്തുള്ള ദേവസി എ സി എന്ന എന്ന നോട്ടറി മുൻപാകെ അഖില ഒപ്പിട്ടു നൽകിയ സത്യവാങ്മൂലത്തെക്കുറിച്ച് പരാമർശിക്കുന്നു. അതനുസരിച്ച് താൻ സ്വന്തം ഇഷ്ടപ്രകാരവും പരപ്രേരണ ഇല്ലാതേയും ഇസ്ലാം വിശ്വസപ്രകാരമാണ് ജീവിക്കുന്നതെന്നും താൻ 'ആസിയ' എന്ന മുസ്ലീം പേര് സ്വീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതേ കേസ് ഡയറിയിൽ ഷെറിൻ ഷഹാന എന്ന 20 വയസ്സ്സുള്ള സ്ത്രീയുടെ പ്രസ്താവനയും ഉണ്ട്. ഷെറിൻ ഷഹാന രണ്ടു മാസമായി മംഗലാപുരത്ത് ഭർത്താവുമൊത്താണ് താമസിക്കുന്നത്. പ്ല്സ് ടു പാസായ ഷെറിൻ തലശ്ശേരി അറബി കോളേജിൽ പഠിക്കുകയാണ്. തന്റെ ബന്ധുവായ ഷാനിബ് ആണ് അഖിലയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ഷെറിൻ തന്റെ പ്രസ്താവനയിൽ പറയുന്നു. ഷാനിബ് ചാറ്റിങ്ങിലൂടെ ആണ് അഖിലയെ പരിചയപ്പെടുന്നത്.  അഖില ഇസ്ലാം മത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താനുമായി നിരന്തരം ടെലിഫോണീൽ സംസാരിക്കുമായിരുന്നു. ആദ്യമായി നേരിൽ കാണുന്നത് 2015 സെപ്തംബർ മാസത്തിൽ കലൂരിൽ വെച്ചാണ്. ഷറിൻ നിർദ്ദേശിച്ച പലപേരുകളിൽ നിന്നും ആണ് ആസിയ എന്ന പേര് അഖില തിരഞ്ഞെടുത്തത്. തന്റെ ഭർത്താവായ ഫസൽ മുസ്തഫ നിർദ്ദേശിച്ചതനുസരിച്ചാണ് എറണാകുളത്തെ നേട്ടറി മുൻപാകെ ഈ സത്യവാങ്മൂലം നക്ല്കിയത്. ഹിന്ദുക്കൾ  ഇസ്ലാമിലേയ്ക്ക് വലിയതോതിൽ മതംമാറ്റപ്പെടുന്നു എന്ന ആരോപണം നിലനിന്നതിനാൽ ആണ്  അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. കേസ് ഡയറിയിൽ ഉള്ള ഫസൽ മുസ്തഫയുടെ (ഫസൽ മുസ്തഫ മംഗലാപുരത്ത് ബി സി റോഡിൽ ദാറുൽ ഹുദാ മോസ്കിൽ പഠിക്കുന്ന വ്യക്തിയാണ് 23 വയസ്സ് പ്രായം) സ്റ്റേറ്റ്മെന്റിലും ഇതേ വിവരങ്ങൾ തന്നെ ആണ് ഉണ്ടായിരുന്നത്. താനും ഭാര്യയും ചേർന്ന് ഒരിക്കൽ അഖിലയുടെ അവരുടെ വീടിനു സമീപം വണ്ടിയിൽ കൊണ്ടുവിട്ടിട്ടുണ്ടെന്നും പറയുന്നു. ഷെറിന്റെ സ്റ്റേറ്റ്മെന്റിൽ ജസീനയും ഫസീനയുമായി അവർ സംസാരിച്ചിട്ടുണ്ടെന്നും പറയുന്നു. 04/01/2017-ൽ അഖില തന്നെ വിളിച്ച് ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി കോഴിക്കോടുള്ള ഒരു സ്ഥാപനത്തിൽ ചേരാൻ പോകുന്ന കാര്യം പറഞ്ഞതായും, താൻ അവരെ മംഗലാപുരത്തേയ്ക്ക് വിളിച്ചെങ്കിലും തീരുമാനം പിന്നീടറിയിക്കാം എന്നാണ് അഖില പറഞ്ഞതെന്നും ഷെറിൻ പറയുന്നു.  ഷെറിൻ ജഹാനയുടേയും ഫസൽ മുസ്ത്ഫയുടേയും സ്റ്റേറ്റ്മെന്റുകൾ കേസ് ഡയറിയിൽ ഉണ്ടെങ്കിലും അഖിലയെ ഇവർക്ക് പരിചയപ്പെടുത്തിയ ഷാനിബിനെ പോലീസ് ചോദ്യം ചെയ്തതായൊ ആ ആളുടെ മൊഴി രേഖപ്പെടുത്തിയതായോ ഉണ്ടായിരുന്നില്ല. ഇതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയ. ഈ മൂന്നു വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ അഖിലയും മറ്റും നൽകിയ സത്യവാങ്ങ്മൂലങ്ങളിലും ഇല്ലായിരുന്നു.

പേരിലെ വ്യത്യാസങ്ങൾ

അഖില നോട്ടറി മുൻപാകെ 2015 സെപ്തംബറിൽ എറണാകുളത്തെ നോട്ടറി മുൻപാകെ നൽകിയ സത്യവാങ്ങ്മൂലത്തിൽ തന്റെ പേർ 'ആസിയ' എന്നാണ് രേഖപ്പെടുത്തിയതെങ്കിൽ കേരൾ ഹൈക്കോടതിയിൽ ആദ്യം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 'അധിയ" (Akhila Ashokan @ Adhiya) എന്നാണ് രേഖപ്പെടുത്തിയത്. വിലാസം ദേവികൃപ, ടി വി പുരം, വൈക്കം കോട്ടയം എന്നും. വിവാഹ സർട്ടിഫിക്കറ്റിൽ "Hadiya", D/o Akhil Ashokan എന്നാണ് രേഖപ്പെടുത്തിയത്. 04/09/2016-ൽ കേരളഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ Akhila Ashokan @ Hadiya എന്നുമാണ് സ്വന്തം പേര് രേഖപ്പെടുത്തിയിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സ്വന്തം പേര് ഇടയ്ക്കിടെ മാറ്റുന്നതെന്ന് കോടതി ചോദിക്കുന്നു. അശോകന്റെ അഭിഭാഷകനും ഗവണ്മെന്റ് പ്ലീഡറും പരമർശിച്ചതുപോലെ പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള മനഃപൂർവ്വമായ ശ്രമമാണോ അതോ മറ്റാരെങ്കിലും പറഞ്ഞുകൊടുക്കുന്നതനുസരിച്ച് അവർ സ്വന്തം ഭാഗം അവതരിപ്പിക്കുകയാണോ എന്നും കോടതി ചോദിക്കുന്നു (പേജ് 60)

അന്വേഷണ ഉദ്യോഗസ്ഥനെതിരായ വിമർശനം

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പെരിന്തൽമണ്ണ ഡി എസ് പി ആണ്. അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനം ആണ് കോടതി നടത്തുന്നത്. ഈ കേസിൽ പേരിനു പോലും ഒരു അന്വേഷണം അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ പെരുമാറുന്നു അല്ലെങ്കിൽ ഒന്നും ചെയ്യാതിരിക്കുക എന്ന അവസ്ഥയിൽ അദ്ദേഹം എത്തിയിരിക്കുന്നു. നിർബന്ധിതമതം മാറ്റത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അദ്ദേഹം അറിയുന്നില്ലെ? അദ്ദേഹം ഏതെങ്കിലും സ്വാധീനങ്ങൾക്ക് വഴിപ്പെട്ടിട്ടുണ്ടോ എന്ന സംശയവും കോടതി ഉന്നയിക്കുന്നുണ്ട്. ഡി ജി പി ഈവിഷയത്തിൽ പ്രത്യേകം ശ്രദ്ധനൽകണമെന്നും ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുകള്ള വീഴ്ചകൾക്ക് ആവശ്യമെങ്കിൽ വകുപ്പുതല നടപടികൾ കൈക്കൊള്ളണം എന്നും കോടതി പറയുന്നു.

കോടതിയുടെ മറ്റ് നിരീക്ഷണങ്ങൾ

ഈ കേസിൽ അഖിലയും, സൈനബയും സത്യസരണിയും കോടതിയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് ഈ മതം മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങൾ എല്ലാം അഖില സ്വന്തം തീരുമാനപ്രകാരം നടത്തിയതാണെന്നാണ്. എന്നാൽ ഇത് വിശ്വസിക്കാൻ ആകില്ല എന്നതാണ് കോടതി നിലപാട്. ബി എച്ച് എം എസിനു പഠിക്കുന്ന ഒരു കുട്ടി തന്റെ പഠനം ഉപേക്ഷിച്ചു പരിചിതമല്ലാത്ത ഒരു മതത്തെക്കുറിച്ചുള്ള പഠനത്തിനു ഇറങ്ങിത്തിരിക്കുന്നത് സാധാരണമായി തോന്നുന്നില്ല. കൃത്യമായ ലക്ഷ്യത്തോടെ മതപഠനത്തിനു ഇറങ്ങുന്നവർ ഉണ്ട്. അവർക്ക വ്യക്തമായ കാരണങ്ങൾ പറയാൻ സാധിക്കും. ഇവിടെ അഖില അങ്ങനെ പറയുന്നില്ല. മാത്രമല്ല കേവലം രണ്ടുമാസത്തെ പഠനം കൊണ്ട് അവർ ഇസ്ലാമിനെക്കുറിച്ചുള്ള പഠനം അവസാനിപ്പിച്ചിരിക്കുന്നു. തുടർന്ന് എന്തെങ്കിലും പഠനം അവർ നടത്തിയതായി പറയുന്നില്ല. ബി എച്ച് എം എസ് പഠനത്തിന്റെ ആദ്യവർഷത്തിൽ എല്ലാ വിഷയങ്ങൾക്കും പരാജയപ്പെട്ട വിദ്യാർത്ഥിയാണ് അഖില. എന്നാൽ പിന്നീട് പഠിച്ച് എല്ലാ വിഷയങ്ങളും പാസായിട്ടുമുണ്ട്. ഇനി പൂർത്തീകരിക്കാനുള്ളത് ഹൗസർജൻസി മാത്രമാണ്. ആ ഘട്ടത്തിൽ അച്ഛനമ്മമാരേയും പഠനവും എല്ലാം ഉപേക്ഷിച്ച് മതപഠനത്തിനിറങ്ങാനുള്ള കാരണം എന്താണ്? ജസീനയും ഫസീനയുമായുള്ള സൗഹൃദമാണ് തന്നെ ഈ മതത്തിലേയ്ക്ക് ആകർഷിച്ചതെന്ന് മാത്രമാണ് അഖില പറയുന്നത്. കൂടാതെ പുസ്തകങ്ങളും ഇന്റെർനെറ്റും എല്ലാം ഈ മതത്തെ കുറിച്ച് അറിയാൻ സഹായിച്ചു എന്നും പറയുന്നു. എന്നാൽ ഏതെല്ലാം പുസ്തകങ്ങകൾ ആണ് ഇന്റെർനെറ്റിലെ ഏതെല്ലാം വിവരങ്ങൾ ആണ് എന്നതൊന്നും പറയുന്നുമില്ല. ജസീന, ഫസീന എന്നിവരെക്കൂടാതെ ഷെറിൻ ജഹാൻ, ഫസൽ മുസ്തഫ, ഷാനിബ് എന്നിവരും അഖിലയെ സ്വാധീനിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ ഇവരുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം ഒന്നും നടത്തിയിട്ടുമില്ല. ഇതെല്ലാം പറയുന്ന കോടതി മറ്റൊന്നു കൂടി വ്യക്തമാക്കുന്നു. അഖില ഹിന്ദു വിശ്വാസമാണോ  ഇസ്ലാം വിശ്വാസമാണോ സ്വീകരിക്കേണ്ടതെന്നത് തങ്ങളുടെ വിഷയം അല്ല. മതവും വിശ്വാസവും ഒരു വ്യക്തിയുടെ വ്യക്തിപരമായ തീരുമാനങ്ങൾ ആണ്. അതിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ല. ആ വിഷയത്തിൽ കോടതിക്ക് ആശങ്കയും ഇല്ല. ഇവിടെ കോടതി ആശങ്കപ്പെടുന്നത് 23 വയസ്സുള്ള യുവതിയായ അഖില അച്ഛനമ്മമാർക്കൊപ്പം പോകാൻ തയ്യാറാകുന്നില്ല എന്നതാണ്.

ആദ്യത്തെ ഹേബിയസ് കോർപ്പസ് പരിഗണിച്ച അവസരത്തിൽ സൈനബയ്ക്കൊപ്പം കോടതിയിൽ എത്തിയ അഖില താൻ സ്വമേധയാ വീടുവിട്ടു വന്നതാണെന്നും തന്നെ ആരും അന്യായമായ തടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്നും, ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി മർക്കസ്ഉൽ ഹിദായ സത്യസരണി ട്രസ്റ്റ് ആന്റ് ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ നിന്നും പഠിക്കുകയാണെന്നും കോടതിയെ അറിയിച്ചതനുസരിച്ച് അവിടെ തുടർന്നും താമസിക്കാനും പഠിക്കാനും കോടതി അനുവദിക്കുകയായിരുന്നു. എന്നാൽ രണ്ടാമത്തെ ഹേബിയസ് കോർപ്പസ് പരിഗണിക്കുന്ന അവസരത്തിൽ പോലീസ് നൽകിയ റിപ്പോർട്ടനുസരിച്ച് അഖില അവിടെ തമാസിക്കുന്നില്ല എന്നാണ് കോടതിയെ അറിയിച്ചത്. പിന്നീട് താൻ സൈനബയ്ക്കൊപ്പം ആണ് താമസിക്കുന്നതെന്ന് അഖില കോടതിയെ അറിയിക്കുകയായിരുന്നു. സത്യസരണിയിൽ നിന്നും എങ്ങനെയാണ് വീണ്ടും സൈനബയുടെ അടുത്ത് എത്തിയതെന്ന് കോടതിയിൽ വ്യക്തമാക്കിയതും ഇല്ല. രണ്ടാമത്തെ ഹർജിയിൽ മകളെ വിദേശത്തേയ്ക്ക് കടത്താനുള്ള പദ്ധതികൾ നടക്കുന്നു എന്ന് അശോകന്റെ ആരോപണത്തിൽ പോലീസ് അന്വേഷണത്തിനു ഉത്തരവായതിനാലാണ് അന്വേഷണം കഴിയുന്നതുവരെ എറണാകുളത്തെ വനിതാ ഹോസ്റ്റലിൽ താമസിപ്പിക്കാൻ തീരുമാനിച്ചത്. അതും അച്ഛനമ്മമാർക്കൊപ്പം പോകാൻ അഖില തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ആണ് കോടതി അങ്ങനെ തീരുമാനിച്ചത്. എന്നാൽ പിന്നീട് 35 ദിവസങ്ങൾക്ക് ശേഷം കോടതിയിലെ മറ്റൊരു ബഞ്ച് അഖിലയെ സൈനബക്കൊപ്പം താമസിക്കാൻ അനുവദിക്കുകയായിരുന്നു. അതും അഖില സൈനബയുടെ പക്കൽ നിന്നും താമസം മാറ്റുകയാണെങ്കിൽ ആ വിവരം പെരിന്തൽമണ്ണ ഡി എസ് പിയെ അറിയിക്കണം എന്ന് നിർദ്ദേശത്തോടെ ആണ് ആ അനുവാദം നൽകിയത്. അതിൽ നിന്നും വ്യക്തമായ കാര്യം സൈനബയ്ക്കൊപ്പം താമസിക്കാനുള്ള അനുവാദം മാത്രമാണ് കോടതി നൽകിയത്. എന്നാൽ അത് അഖിലയുടെ രക്ഷാകർതൃത്വം കോടതി സൈനബയ്ക്ക് അനുവദിച്ചു നൽകിയതായി അവർ തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് സൈനബയും അവരുടെ ഭർത്താവും അഖിലയെ ഷെഫിൻ ജഹാനു വിവാഹം ചെയ്തു നൽകിയത്. എന്നാൽ ഇത്തരം ഒരു വിവാഹം നടത്തുന്നതു സംബന്ധിക്കുന്ന ഒരു വിവരവും അവർ കോടതിയെ അറിയിച്ചതുമില്ല. ഇതിൽ നിന്നെല്ലാം കോടതിയെ തെറ്റിദ്ധരിപ്പിക്കാനും കോടതിയുടെ നടപടിക്രമങ്ങളിൽ നിന്നും അഖിലയെ മോചിപ്പിക്കാനും ഉള്ള മനഃപൂർവ്വമായ ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

സൈനബയ്ക്കൊപ്പം താമസിക്കുന്ന അഖില ബി എച്ച് എം എസ് കോഴ്സ് പൂർത്തിയാക്കി എങ്കിലും ഹൗസർജൻസി ചെയ്തിരുന്നില്ല. ഇതു കൂടി കഴിഞ്ഞാലെ ഒരു മെഡിക്കൽ പ്രാക്ടീഷണർ എന്ന നിലയിൽ ജോലിചെയ്യാൻ അഖിലയ്ക്ക് സാധിക്കുമായിരുന്നുള്ളു. എന്നാൽ കോടതിയിൽ അഖില സമർപ്പിച്ച രേഖകളിൽ അഖില മറ്റൊരു ഹോമിയോ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും അതിൽ നിന്നും മാസം രണ്ടായിരം രൂപ വരുമാനം ഉണ്ടെന്നും കോടതിയെ  അറിയിച്ചിരുന്നു. അതുപോലെ അഖിലയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും അഖിലയെ പരിപാലിക്കാനു ഉള്ള സൈനബയുടെ സാമ്പത്തിക സ്ഥിതിയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അതിനാൽ അവരുടെ വരുമാനം സംബന്ധിച്ച വിശദാംശങ്ങൾ റേഷൻകാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നും ഇടത്തരം വരുമാനം മാത്രമുള്ളതാണ് സൈനബയുടെ കുടുംബം എന്ന് കോടതി കണ്ടെത്തി. എന്നാൽ ഉയർന്ന ഫീസുവാങ്ങുന്ന ഒരു അഭിഭാഷകനെ വെച്ചാണ് സൈനബ ഈ കേസ് നടത്തിയിരുന്നത്. അതുപോലെ അഖിലയുടെ അഭിഭാഷകനും മെച്ചപ്പെട്ട ഫീസ് വാങ്ങുന്ന ധാരാളം കേസുകൾ ഉള്ള വ്യക്തിയാണ്. അതുകൂടാതെ പഠിച്ചിരുന്നപ്പോളും പഠനം ഉപേക്ഷിച്ച ശേഷവും സേലത്തു നിന്നും എറണാകുളത്തും പെരിന്തൽമണ്ണയിലും എല്ലാം പലതവണ അഖില വരുകയും ചെയ്തിട്ടുണ്ട്. മറ്റാരുടേയെങ്കിലും സാമ്പത്തിക പിന്തുണയില്ലാതെ അഖിലയ്ക്കും സൈനബയ്ക്കും ഈ കേസ് നടത്താനും യാത്രകൾ ചെയ്യാനും സാധിക്കില്ലെന്ന് കോടതി നിരീക്ഷിക്കുന്നു. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഏക ഘടകം  എസ് ഡി പി ഐ എന്ന സംഘടനയുടേയോ അതിന്റെ പോഷക ഘടകങ്ങളുടേയോ പ്രവർത്തകർ ആണ് ഇവർ എന്നതാണ്. അഖിലയെ വിവാഹം കഴിച്ചു എന്ന പറയപ്പെടുന്ന ഷെഫിൻ ജഹാനും ഇതേ സംഘടനയുടെ പ്രവർത്തകനാണ്. ഇതിൽ നിന്നെല്ലാം അഖിലയെ നിയന്ത്രിക്കുകയും ആവശ്യമായ സാമ്പത്തികമായ പിന്തുണ നൽകുകയും ചെയ്യുന്ന അദൃശ്യശക്തികൾ ഉണ്ടെന്നത് വ്യക്തമാണ്. അതാരെന്നു കണ്ടെത്തുന്നതിനുള്ള്അ ഒരു ശ്രമവും ഇവിടെ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയതായി കാണുന്നില്ല. ഷെറിൻ ഷഹാന, ഫസൽ മുസ്തഫ, ഷാനിബ് എന്നിവരുമായി തനിക്കുള്ള ബന്ധം അഖില കോടതിയിൽ നിന്നും മനഃപൂർവ്വം മറച്ചുവെച്ചു. ഈ കേസിൽ ജസീന, ഫസീന അബൂബക്കർ എന്നിവർക്കുള്ള പങ്കും മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് അഖില നടത്തുന്നത്. അതിനാൽ അഖില പറയുന്ന വാദങ്ങൾ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ല.

അഖിലയുമായി സംസാരിച്ച കോടതി അഖിലയെ വിലയിരുത്തുന്നത് ശരാശരി നിലവാരത്തിൽ ഉള്ള വ്യക്തി എന്നാണ്. അവർ പഠിച്ച ഏതാനും ചില അറബി സൂക്തങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ഗവണ്മെന്റ് പ്ലീഡറുടേയും പോലീസിന്റേയും അഭിപ്രായത്തിൽ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ നരകത്തിൽ പോകേണ്ടിവരും എന്ന് പറഞ്ഞാണ് നിർബന്ധപൂർവ്വം അവരെ ഇസ്ലാമിലേയ്ക്ക് മാറ്റിയത്. അവർക്ക് അച്ഛനമ്മമാരോടുള്ള വിരോധവും അഖിലയുടെ മനസ്സിൽ വളർത്താൻ സാധിച്ചിട്ടുണ്ട്. സ്വതന്ത്രവും വ്യക്തവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള വ്യക്തി അല്ല അഖില എന്ന് കോടതി വിലയിരുത്തുന്നു. ജീവിതത്തിൽ എന്തായിത്തീരണം എന്ന കാര്യത്തിൽ വ്യക്തമായ ഒരു കാഴ്ചപ്പാടും അഖിലയ്ക്കില്ല. അങ്ങനെ ഒരാൾ സ്വയം എടുത്ത തീരുമാനങ്ങൾ ആണ് ഇതെല്ലാം എന്നത് വിശ്വസിക്കാവുന്നതല്ല എന്ന് കോടതി പറയുന്നു.

ഈ ഘട്ടത്തിൽ ആണ് സമാനസ്വഭാവമുള്ള ആതിര കേസുമായി കോടതി ഈ കേസിനെ താരതമ്യം ചെയ്യുന്നത്. ആതിരക കേസിലും തന്റെ  മകളെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി ആതിരയുടെ പിതാവ കോടതിയെ സമീപിക്കുകയായിരുന്നു (W.P.(Crl.) No. 235 of 2016). ആതിരയും ഇടത്തരം ഹിന്ദു കുടുംബത്തിൽ നിന്നുള്ള യുവതിയായിരുന്നു. അവരേയും നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കി എന്ന ആരോപണവുമായാണ് പിതാവ് കോടതിയെ സമീപിച്ചത്. അതിൽ ചേർപ്പുളശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടന്ന അന്വേഷണത്തിൽ (Crime No. 50 of 2016) ആതിരയെ തുടർച്ചയായ ഫോൺ സംഭാഷണങ്ങളിലൂടെ സ്വാധീനിക്കുകയും മതം മാറ്റത്തിനു വിധേയയാക്കുകയും ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആ കേസിൽ അറസ്റ്റിൽ ആയ വ്യക്തികൾ എസ് ഡി പി ഐ / പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുള്ളവർ ആയിരുന്നു. ഈ കേസിലെ ഏഴാം കക്ഷിയായ  സൈനബയുടെ റോൾ ആ കേസിൽ ഷീന ഫർസാനയും അവരുടെ ഭർത്താവ് മുജീബ് റഹ്മാനും ആണ് ചെയ്തിട്ടുള്ളത്. ഈ കേസിലെ സൈനബയ്ക്കും ആ കേസുമായി ബന്ധമുണ്ടെന്ന് പറയുന്നു. കോടതിനടപടികളിൽ നിന്നും ഒഴിവാകാൻ മുസ്ലീം യുവാവിനെ വിവാഹം കഴിക്കാൻ ആതിരയെ ഉപദേശിച്ചത് ഈ കേസിലെ സൈനബ ആണ്. ആ കേസിൽ കുറ്റവാളികൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രധാന കുറ്റാരോപിതനായ നൗഫൽ കുരിക്കൾ ഇപ്പോഴും രാജ്യത്തിനു വെളിയിൽ ആയതിനാൽ ആ കേസിലെ ഹർജി ഇപ്പോഴും തീരുമാനമായിട്ടില്ല. രണ്ട് കേസിലും പദ്ധതി നടപ്പിലാക്കിയ രീതി സമാനമാണ്. ഫോൺകോളുകൾ പരിശോധിച്ച പോലീസിനു  കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 600 മണിക്കൂർ വരെ ആതിര ഫോണിൽ സംസാരിച്ചിട്ടുണ്ടായിരുന്നു. വീടുവിട്ടിറങ്ങുന്നതിനു മുൻപുള്ള ദിവസങ്ങളിൽ രാത്രി വളരെ വൈകിയും ഫൊൺ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ആതിരയും ആദ്യം സ്വന്തം ഇഷ്ടപ്രകരമാണ് എല്ലാം ചെയ്തതെന്ന് വാദം ആണ് ഉന്നയിച്ചത്. മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറല്ല എന്ന് പറഞ്ഞു. എന്നാൽ പിന്നീട് തനിക്കു പറ്റിയ അപകടം മനസ്സിലാക്കിയ ആതിര അച്ഛനമ്മമാർക്കൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.  അഖില കേസിൽ സൈനബയ്ക്ക് വേണ്ടി ഹാജരായ പി കെ ഇബ്രാഹിം എന്ന അഭിഭാഷകൻ തന്നെയാണ് ആതിര കേസിൽ ആതിരക്ക് വേണ്ടി ഹാജരായത്. ഈ സമാനതകൾ എല്ലാം ഉണ്ടായിട്ടും അഖില കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആതിരകേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സഹകരണം തേടാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ സമാനതകളുടെ പശ്ചാത്തലത്തിൽ അഖില കേസ് ഡി ജി പിയുടെ നേരിട്ടുമേൽ നോട്ടത്തിലും നിയന്ത്രണത്തിലും അന്വേഷിക്കണം എന്ന് കോടതി ആവശ്യപ്പെടുന്നു. ഡി ജി പിയിലും താഴ്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ അത്രയും വിപുലവും സമഗ്രവുമായ അന്വേഷണം നടക്കില്ല എന്നതാണ് കോടതി പറയുന്നത്.

അഖില വിവാഹിതയാണെന്നും ഭർത്താവിനൊപ്പം പോകാൻ അനുവദിക്കണം എന്ന അപേക്ഷ അഖിലയുടെ അഭിഭാഷകൻ മുന്നോട്ട് വച്ചിരുന്നു. 14/11/2016-ൽ അഖില അപരിചിതയായ സൈനബ എന്ന സ്ത്രീയ്ക്കൊപ്പം തുടരുന്നതിലെ അതൃപ്തി കോടതി പ്രകടിപ്പിച്ചിരുന്നു. അതിനാൽ അഖില പഠനം പൂർത്തിയാക്കണം എന്നും സൈനബ തന്റെ വരുമാനം വ്യക്തമാക്കണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് 24/11/2016-ൽ അഖില സമർപ്പിച്ച സത്യവാങ്മൂലത്തിൽ അച്ഛൻ കൈവശം വച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്ന പക്ഷം ഹൗസർജൻസി ചെയ്യാനും പഠനം പൂർത്തിയാക്കാനും തയ്യാറാണെന്ന് അഖില അറിയിച്ചു. അതുപോലെ 24/10/2016-ൽ സമർപ്പിച്ച മറ്റൊരു സത്യവാങ്ങ്മൂലത്തിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തന്നെ ആതുരസേവനരംഗത്ത് തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, രാജ്യം വിടാൻ തനിക്ക് താല്പര്യമില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. 25/11/2017-ൽ സൈനബ അവരുടെ സാമ്പത്തിക സ്ഥിതിവ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിലൊന്നും അഖിലയുടെ വിവാഹാലോചനകൾ നടക്കുന്നതിനെപ്പറ്റിയോ വിവാഹത്തെപ്പറ്റിയോ ഒരു പരാമർശവും ഉണ്ടായിരുന്നില്ല. ഈ സത്യവാങ്മൂലങ്ങളും അഖിലയുടെ അഭിഭാഷകനായ ശ്രീകുമാർ സമർപ്പിച്ച അപേക്ഷയും വിശ്വാസത്തിൽ എടുത്ത കോടതി 19/12/2016-ൽ അഖിലയും അശോകനും 21/12/2016 നു കോടതിമുൻപാകെ ഹാജറാകണമെന്നും അന്നേ ദിവസം അഖിലയുടെ തുടർപഠനം സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ കോടതിയിൽ നിന്നും ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഇതേ ദിവസം തന്നെയാണ് അഖിലയുടെ വിവാഹം നടന്നു എന്ന് പറയപ്പെടുന്നത്. ഈ വിവാഹം കോടതിയുടെ നടപടികളിൽ നിന്നും  അഖിലയെ മോചിപ്പിക്കുന്നതിനായി തട്ടിക്കൂട്ടിയതാണെന്ന് അതിനാൽ തന്നെ സംശയിക്കുന്നു. അഖിലയെ വിദേശത്തേയ്ക്ക് കടത്താനുള്ള ശ്രമങ്ങൾ ഉണ്ടെന്ന് അശോകൻ 16/08/2016-ൽ നൽകിയ ഹർജിയിൽ പറയുന്നു. അഖിലയുടെ പേര് വേ ടു നിക്കാഹ് എന്ന സൈറ്റിൽ  ചേർത്തത് 2016 ഏപ്രിൽ മാസത്തിൽ ആണെന്ന് സൈനബ പറയുന്നു. അതും ഇപ്പോൾ വിവാഹം നടത്തിയ രീതിയും ഹരിജിയിലെ ആശങ്കകൾ സാധൂകരിക്കുന്നതാണ്. സൈനബ നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് കോടതി അഖിലയെ സൈനബയ്ക്കൊപ്പം താമസിക്കാൻ അനുവദിച്ചത്. കേസ് നടന്നുകൊണ്ടിരുന്ന അവസരത്തിൽ ആണ് സൈനബയും അവരുടെ ഭർത്താവും ചേർന്ന് അഖിലയുടെ വിവാഹം നടത്തുന്നത്. എന്നാൽ ഈ വിവരം അവർ കോടതിയിൽ നിന്നും മറച്ചുവെയ്ക്കുകയും ചെയ്തു. അത് കോടതി അവരിൽ അർപ്പിച്ച വിശ്വാസത്തിന്റെ ലംഘനമായാണ് കോടതി കാണുന്നത്. അവർക്ക് അഖിലയുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള ഒരു അവകാശവും ഇല്ലെന്നും ഇത്തരത്തിൽ പെരുമാറിയ അവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും കോടതി നിരീക്ഷിക്കുന്നു.

അഖില ഇസ്ലാം മതം സ്വീകരിച്ചതായി  പല സ്ഥലങ്ങളിലും ആവർത്തിക്കുന്നെങ്കിലും അതു സംബന്ധിച്ച ഔദ്യോഗികമായ ഒരു രേഖയും കോടതിയിൽ ഹാജരാക്കിയിട്ടില്ല. അതുമാത്രമമല്ല മുൻപ് പരാമർശിക്കപ്പെട്ടതുപോലെ പല സ്ഥലങ്ങളിലും പല പേരുകൾ ആണ് ഉപയോഗിച്ചു കാണുന്നത്. അതുകൊണ്ടു തന്നെ അഖിലയുടെ ഇപ്പോഴത്തെ വ്യക്തിത്വത്തിൽ അവ്യക്തത നിലനില്ക്കുന്നു എന്ന് കോടതി നിരീക്ഷിക്കുന്നു. ഷെഫിൻ ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ തീവ്രനിലപാടുകളിലേയ്ക്ക് ഷഫിനുള്ള ചായ്‌വ് വ്യക്തമാക്കുന്നതാണെന്ന്  നിരീക്ഷിക്കുന്ന കോടതി ഷഫിൻ അംഗമായ വാട്ട്സ് അപ് ഗ്രൂപ്പായ തണലിലെ ഒരംഗമായിരുന്ന മൻസി ബാറൂഖിയെ ദേശവിരുദ്ധപ്രവർത്തനങ്ങളുടെയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദസംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ 02/06/2011 നാഷണൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസി അറസ്റ്റുചെയ്ത കാര്യം കോടതി സൂചിപ്പിക്കുന്നുണ്ട്. ഷെഫിൻ നിലവിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. ഈ വിഷയങ്ങൾ എല്ലാം മുൻനിറുത്തി അഖിലയുടെ ഷഫിൻ ജഹാനുമായി നടന്നു എന്ന് പറയപ്പെടുന്ന വിവാഹം കോടതി നടപടികളിൽ നിന്നും ഒഴിവാകാനുള്ള നാടകം മാത്രമാണെന്ന് കോടതി വിലയിരുത്തുന്നു. ഷഫിൻ മുൻപ് വിദേശത്ത് ജോലിചെയ്തിരുന്ന വ്യക്തിയാണെന്നും ഷഫിന്റെ മാതാവ് ഇപ്പോഴും വിദേശത്താണുള്ളതെന്നും തിരികെ വിദേശത്തുപോകാൻ തീരുമാനിച്ചിട്ടുള്ള വ്യക്തിയാണ് ഷഫിൻ എന്നും കോടതി പറയുന്നു. അങ്ങനെ ഷഫിനൊപ്പം അഖിലയും വിദേശത്തു പോകുന്ന അവസരത്തിൽ അഖിലയുടെ പേരിൽ ഇപ്പോഴുള്ള അവ്യക്തത  അവരെ കണ്ടെത്തുന്നത് ദുഷ്കരമാക്കുമായിരുന്നു എന്നും കോടതി നിരീക്ഷിക്കുന്നു.

സൈനബയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ഇബ്രാഹിം, പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും അവനോ അവളക്കോ ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും അത് തടയാനുള്ള അവകാശം മാതാപിതാക്കൾക്കില്ലെന്നും വ്യക്തമാക്കുന്ന പല സുപ്രീംകോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടിയിരുന്നു, ഇബ്രാഹിം ചീണ്ടിക്കാട്ടിയ കേസുകൾ എല്ലാം ഇഷ്ടപ്പെട്ട  പുരുഷനോടൊപ്പം താമസിക്കാൻ മതം മാറിയ സ്ത്രീകളെ സംബന്ധിക്കുന്നതാണ്. എന്നാൽ ഈ കേസ് അതിൽ നിന്നും വ്യത്യസ്തമാണ്. മതത്തിൽ ആകൃഷ്ടയായാണ് താൻ ഇസ്ലാം സ്വീകരിച്ചതെന്നാണ് അഖില പറയുന്നത്. ആ കഥ വിശ്വാസയോഗ്യമല്ലെന്ന് കോടതി പറയുന്നു. അതിനാൽ നിലവിലെ അവസ്ഥയിൽ അഖിലയെ അവർ ആവശ്യപ്പെടുന്നതുപോലെ പ്രവർത്തിക്കാൻ അനുവദിക്കാനാകില്ല.ഖ്

ഹൈക്കോടതി ഉത്തരവിലെ 48, 49, 50 ഖണ്ഡികകൾ

ചുരുക്കത്തിൽ അഖില അഖിലയുടെ മതം മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ഒരു രേഖയും കോടതി മുൻപാകെ ഹാജരാക്കിയിട്ടില്ല. സ്വന്തം പേരു പോലും പല സ്ഥലങ്ങളിലും പലരീതിയിൽ ആണ് അഖില പരാമർശിച്ചിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് സ്വന്തം പേരിന്റെ കാര്യത്തിൽ പോലും വ്യക്തമായ ഒരു തീരുമാനം എടുക്കാൻ അഖിലയ്ക്ക് ആയിട്ടില്ല എന്നതാണ്. ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കണം എന്ന ആഗഹം പറഞ്ഞ അഖില സത്യസരണിയിലെ രണ്ടുമാസത്തെ പഠനം കൊണ്ട് അത് അവസാനിപ്പിച്ചു. സത്യസരണിയിലെ ഹോസ്റ്റലിൽ പഠനത്തിനായി താമസിക്കാൻ കോടതി അനുവദിച്ച അഖില പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം വീട്ടിൽ പോകാതെ സൈനബയുടെ വീട്ടിൽ തിരികെ എത്തിയത് എന്തിന് എന്നും വ്യക്തമാക്കുന്നില്ല. ഈ കേസിന്റെ നടപടികൾക്കിടയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് പഠനം തുടരണമെന്നും ഹൗസർജൻസി പൂർത്തിയാക്കണം എന്നു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഠത്തിനായി അയക്കുന്നതിനു കോടതിയിൽ ഹാജരാകാൻ പറഞ്ഞ അവസരത്തിൽ കോടതിയിൽ ഹാജരായ അഖില താൻ വിവാഹിതയാണെന്ന് അറിയിക്കുന്നു. ഇതിൽ നിന്നെല്ലാം അഖിലയ്ക്ക് സ്ഥിരമായ നിലപാടുകളോ സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്കപ്പാടോ ഇല്ല എന്ന് മനസ്സിലാകുന്നു. അഖിലയെ അച്ഛനമ്മമാരിൽ നിന്നും അകറ്റാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പറയുന്ന കാര്യങ്ങൾക്കൊപ്പിച്ച് അഭിനയിക്കുന്ന മാനസീക അവസ്ഥയിൽ ആണ് അഖില ഉള്ളത്. അഖിലയെ മാതാപിതാക്കളിൽ നിന്നും അകറ്റുന്നതുകൊണ്ട് അവർക്കുള്ള നേട്ടം എന്തെന്നതും വ്യക്തമല്ല. തീവ്രവാദബന്ധമുള്ള വ്യക്തികൾ തന്റെ മകളെ രാജ്യത്തിനു വെളിയിലേയ്ക്ക് കടത്താനുള്ള സാദ്ധ്യതയുണ്ടെന്ന് അശോകൻ തന്റെ ഹർജിയിൽ ആരോപിക്കുന്നുണ്ട്. അതുപോലെ തന്റെ മകളെ മുസ്ലീം ആയ ഒരു വ്യക്തിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ ആശങ്ക ഇവിടെ ചുരുളഴിഞ്ഞ സംഭവങ്ങളിലൂടെ സാധൂകരിക്കപ്പെടുന്നു. സൈനബയും അവരുടെ ഭർത്താവും ചേർന്ന് അഖിലയുടെ രക്ഷാകർതൃസ്ഥാനത്തു നിന്നാണ് വിവാഹം നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു. അവർക്ക് ഈ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള ഒരു അവകാശവും ഇല്ല. അഖിലയെ വിവാഹം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ക്രിമിനൽ കേസുകളിലെ കുറ്റാരോപിതൻ ആണ്. ആ വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അയാളുടെ തീവ്രനിലപാടുകൾ വ്യക്തമാക്കുന്നു. അഖിലയും ഈ വ്യക്തിയും തമ്മിൽ മുൻപരിചയം ഇല്ല. ഈ വിവാഹം ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് നടന്നത്. സൈനബയാണ് അഖിലയുടെ പേര് ആ സൈറ്റിൽ ചേർത്തത്. സമാനമായ മറ്റൊരു കേസിൽ കോടതി നടപടികളിൽ നിന്നും ഒഴിവാകാൻ ആ കേസിൽ അഖിലയുടെ സ്ഥാനത്തുള്ള വ്യക്തിയോട് മുസ്ലീം യുവാവിനെ വിവാഹം ചെയ്യാൻ ഉപദേശിച്ച ആളാണ് സൈനബ എന്ന് അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ വ്യക്തമാക്കുന്നു. ആ കേസിലെ നിയമനടപടികൾ പുരോഗമിക്കുകയാണ്. (ഇടത്തരം സാമ്പത്തികസ്ഥിതിയിൽ ഉള്ള) അഖിലയ്ക്കോ സൈനബനയ്ക്കോ നിലവിൽ സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ (കേസുനടത്തുന്നതിലോ വലിയ അഭിഭാഷകരെ നിയമിക്കുന്നതിലോ) ഉള്ളതായി കാണുന്നില്ല. ഇതെല്ലാം സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു സംവിധാനത്തിന്റെ പിൻബലം ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഉണ്ടെന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഈ സാഹചര്യത്തിൽ അഖില ആവശ്യപ്പെടുന്നതുപോലെ അവരുടെ ഇഷ്ടപ്രകാരം ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുന്നത് അവരുടെ സുരക്ഷിതത്വത്തിനു ഗുണകരമാകും എന്ന് കോടതി വിശ്വസിക്കുന്നില്ല. അവർക്ക് ഇപ്പോൾ വേണ്ടത് മാതാപിക്കളുടെ പരിചരണവും സംരക്ഷണയും മാർഗ്ഗനിർദ്ദേശവും ആണ്. (വിധിന്യായത്തിലെ നാല്പത്തി എട്ടാം ഖണ്ഡിക, പേജ് 87 - 90)

സ്വന്തം മകളുടെ സുരക്ഷിതത്തിനും സൗഖ്യത്തിനും ഏറ്റവും പരമമായ പ്രാധാന്യം നൽകുന്നത് അവളുടെ മാതാപിതാക്കൾ തന്നെയാണ്. എല്ലാ ജന്തുജീവജാലങ്ങളിലും കാണുന്ന ഈ പൊതു സ്വഭാവത്തിനു മനുഷ്യകുലവും അപവാദം അല്ല. തിരശ്ശീലയ്ക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ശക്തികൾ അഖിലയുടെ മനസ്സിൽ മാതാപിതാകളോടുള്ള വെറുപ്പ് / വിദ്വേഷം വളർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. വീട്ടിലേയ്ക്ക് മടങ്ങണം എന്ന് അപേക്ഷിക്കുന്ന ആ അച്ഛന്റെ സങ്കടവും ആശങ്കകളും ഈ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കിടയിൽ ഞങ്ങൾ കണ്ടതാണ്. 24/10/2016-ൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ (ഏഴാം ഖണ്ഡിക) അഖില ഇസ്ലാമിക വിശ്വാസപ്രകാരമുള്ള പ്രാർത്ഥനയും മതാചാരങ്ങളും പിന്തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ആവലാതിക്കാരൻ ഈ കോടതിയെ അറിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിക രീതിയിലുള്ള ആചാരങ്ങൾ വീട്ടിൽ അനുഷ്ടിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കാനുള്ള ചിലവും താൻ വഹിക്കാമെന്ന് ആവലാതിക്കാരൻ അറിയിച്ചിട്ടുണ്ട്. അതിനാൽ അഖിലയ്ക്ക് മാതാപിതാക്കളെ കുറിച്ച് പരാതി ഉണ്ടാകേണ്ട കാര്യം ഇല്ല. 24 വയസ്സുള്ള പെൺകുട്ടിയായ അഖില സ്വന്തം മാതാപിതാക്കളുടെ അടുത്ത് മാത്രമാവും ഏറ്റവും സുരക്ഷിത. (ഖണ്ഡിക 49, പേജ് 90-91)

24 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ചൂഷണം ചെയ്യപ്പെടാനും അപകടപ്പെടാനും ഏറെ സാദ്ധ്യതകൾ ഉണ്ട്. നിയമവ്യവസ്ഥപ്രകാരം രക്ഷാകതൃത്വാധികാരം വിനിയിയോഗിക്കുന്ന ഈ കോടതിയ്ക്ക് അവളുടെ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിയുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട്. സുരക്ഷിതമായ കരങ്ങളിൽ ഏല്പിക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ മുന്നിൽ എത്തപ്പെടുന്ന അഖിലയെപ്പോലുള്ള പെൺകുട്ടികളുടെയെങ്കിലും സുരക്ഷ ഉറപ്പാക്കേണ്ട ബാദ്ധ്യത കോടതികൾക്ക് നിർവഹിക്കാനാവൂ. അച്ഛനമ്മമാരുടെ പക്കൽ നിന്നും അഖിലയെ അകറ്റുന്നതിലൂടെയും,  തിവ്രവാദബന്ധമുള്ള വ്യക്തിയുമായി ബന്ധങ്ങൾ ഉള്ള ആളും ക്രിമിനൽ കേസിൽ കുറ്റാരോപിതനും ആയ ഷെഫിൻ ജഹാനെ പോലുള്ള ഒരാളുമായി അഖിലയുടെ വ്യാജ വിവാഹം നടത്തുന്നതിലൂടേയും വിശ്വാസയോഗ്യയല്ല താൻ എന്ന് സൈനബ തെളിയിച്ചിരിക്കുന്നു. പ്രായപൂർത്തിയായ വനിതയുടെമേൽ രക്ഷിതാക്കൾക്കുള്ള അധികാരം നിലനിൽക്കുന്നതാണെന്ന് ഈ കോടതിയിലെ മറ്റൊരു ഡിവിഷൻ ബഞ്ച് (Lal Parameswar v. Ullas (supra)) വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങൾ ആ തീരുമാനത്തോട് സർവ്വാത്മാനാ യോജിക്കുന്നു. ഹിന്ദു യുവതികളെ പ്രേമം നടിച്ച് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് ഈ കോടതിയിലെ മറ്റൊരു സിംഗിൾ ബഞ്ച് സൂചിപ്പിച്ചിട്ടുണ്ട് (Shahan Sha A v. State of Kerala (supra)) അത്തരം പ്രവർത്തനങ്ങൾ നമുക്ക് ചുറ്റുമുള്ള സമൂഹത്തിൽ തുടരുന്നു എന്നത് യാഥാർത്ഥ്യമായി നിലനിൽക്കുന്നു. അതിനാൽ അഖിലയുടെ മാതാപിതാക്കൾ ആയ ആവലാതിക്കാരനേയും ഭാര്യയേയും അഖിലയെ ഏല്പിക്കുന്നു. അഖിലയ്ക്ക് ആവശ്യമായ പരിചരണം നൽകേണ്ടതും,  ഹൗസർജൻസി പൂർത്തിയാക്കേണ്ടതും, ജോലിചെയ്യാൻ യോഗ്യയാക്കേണ്ടതും അങ്ങനെ സ്വന്തം കാലിൽ സ്വതന്ത്രയായി ജീവിക്കാൻ പ്രാപ്തയാക്കേണ്ടതും ആണ്. അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമായ വിവാഹം മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ എടുക്കേണ്ടതാണ്. നടന്നു എന്ന് പറയപ്പെടുന്ന വിവാഹം വ്യാജമാണ്, അതിനു നിയമത്തിന്റെ ദൃഷ്ടിയിൽ ഒരു സാധുതയും ഇല്ല. സൈനബയ്ക്കും അവരുടെ ഭർത്താവിനും അഖിലയെ രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നും വിവാഹം കഴിച്ചുകൊടുക്കാനുള്ള ഒരു യോഗ്യതയും ഇല്ല. അതിനാൽ നടന്നു എന്ന് പറയപ്പെടുന്ന് ആ വിവാഹം അസാധുവാണ്. (ഖണ്ഡിക 50, പേജ് 91-93)

കോടതി താഴെപ്പറയുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നു

  1. റിട്ട് പെറ്റീഷൻ അനുവദിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തിനനുസൃതമായ നിലവിൽ എറണാകുളം എസ് എൻ വി സദനം ഹോസ്റ്റലിൽ കഴിയുന്ന അഖിലയുടെ മാതാപിതാക്കൾക്ക് അഖിലയുടെ ക്സ്റ്റഡി അനുവദിക്കുന്നു. കോട്ടയം ജില്ലാപോലീസ് മേധാവിയോ അദ്ദേഹം നിർദ്ദേശിക്കുന്ന സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസറോ വനിത പോലീസ് കോൺസ്റ്റബിൾമാരുടെ സാന്നിദ്ധ്യത്തിൽ അഖിലയെ ഹോസ്റ്റലിൽ നിന്നും ആവലാതിക്കാരന്റെ വീടുവരെ അനുഗമിക്കേണ്ടതാണ്. ആവലാതിക്കാരനും, ഭാര്യയ്ക്കും അഖിലയ്ക്കും കോട്ടയം ജില്ലാപോലീസ് മേധാവി സംരക്ഷണം ഒരുക്കേണ്ടതും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവർക്കുമേൽ നിരീക്ഷണം ഏർപ്പെടുത്തേണ്ടതുമാണ്.
  2. 19/12/2016നു പുത്തൂർ സ്രാമ്പിക്കൽ ഹൗസിൽ (സൈനബയുടെ വീട്) വെച്ച് പുത്തൂർ ജുമാ മസ്ജിദ് ഖാസി നടത്തിക്കൊടുത്തു എന്ന് ആരോപിക്കപ്പെടുന്ന അഖിലയുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നു.
  3. ഈ കോടതിയിൽ W.P.(Crl.) No. 235 of 2016 ആയി ബന്ധപ്പെട്ടതും,  ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ 510/2016 ആയി രജ്സിറ്റർ ചെയ്തിരിക്കുന്നതുമായ ആതിരയുടെ നിർബന്ധിത മതപരിവർത്തനം സംബന്ധിക്കുന്ന കേസിന്റെ അനേഷണവുമായി സംയോജിപ്പിച്ചുകൊണ്ട് പെരിന്തൽമണ്ണ പോലീസ് No. 21 of 2016 രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസിന്റെ അന്വേഷണം ഡി ജി പിയുടെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ്. ഡി ജി പി ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ പരാമർശിച്ചിരിക്കുന്ന സംഘടനകളുടെ പ്രവർത്തനങ്ങൾ അന്വേഷിക്കേണ്ടതാണ്. ആ അന്വേഷണം എത്രയും വേഗം പൂർത്തീകരിക്കേണ്ടതും കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതും ആണ്. 
  4. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഡി ജി പി നടത്തേണ്ടതും ആവശ്യമെന്ന് കണ്ടാൽ വകുപ്പുതല നടപടികൾ സ്വീകരിക്കേണ്ടതും ആണ്. ഈ ഉത്തരവിന്റെ പകർപ്പ് തുടർനടപടികൾക്കായി ഡി ജി പിയ്ക്ക് അയച്ചുകൊടുക്കാൻ രജിസ്ട്രിയോട് ആവശ്യപ്പെടുന്നു.
കോടതിഭാഷയും നിയമവും പരിചിതമല്ലാത്ത ഒരു സാധാരണക്കാരൻ എന്ന നിലയിൽ അഖില കേസിലെ (W.P.(Crl.)297/2016 KHC) കോടതി ഉത്തരവ് മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഞാൻ ഇവിടെ നടത്തുന്നത്. ഈ വിഷയത്തിൽ കോടതിയുടെ കണ്ടെത്തലുകളോട് പൂർണ്ണമായും യോജിക്കുന്നു. ഇത്രയും ജാഗ്രതയോടെയും ഈ കേസ്  കേൾക്കുകയും സമഗ്രമായ വിധിപ്രസ്താവിക്കുകയും ചെയ്ത ന്യായാധിപന്മാരെ അഭിനന്ദിക്കുന്നു.  ഈ വിധിന്യായത്തിൽ 48, 49, 50 എന്നീ ഖണ്ഡികകളിൽ കോടതി പറയുന്നതിൽക്കൂടുതാലായി മറ്റൊന്നും പറയാനില്ല.