Monday, 19 June 2017

പുതുവൈപ്പിലെ ഐ ഒ സി വിരുദ്ധസമരം

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വൈപ്പിൻ. ഏതാനും നാളുകൾക്ക് ശേഷം വൈപ്പിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. മുൻപ് കേരളത്തിന്റെ മൊത്തം ജനശ്രദ്ധപിടിച്ചുപറ്റിയ നിരവധിസമരങ്ങൾക്ക് വൈപ്പിൻ വേദിയായിട്ടുണ്ട്. അതുപോലെ അതിജീവനത്തിനായുള്ള ഒരു സമരത്തിലൂടെയാണ് വൈപ്പിൻ ഇപ്പോൾ ശ്രദ്ധാകേന്ദ്രം ആകുന്നത്. വൈപ്പിനിലെ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന പാചകവാതകസംഭരണിയ്ക്കെതിരായി തദ്ദേശവാസികളായ ജനങ്ങൾ ജാതിമതരാഷ്ട്രീയഭേദമന്യേ നടത്തുന്ന സമരം ആണ് ഇപ്പോൾ വൈപ്പിനെ വീണ്ടും വാർത്തകളിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വൈപ്പിൻകരയുടെ തെക്കേഅറ്റത്ത് അറബിക്കടലിനോട് ചേർന്ന നിരവധി പദ്ധതികൾ ആണ് വന്നിട്ടുള്ളത്. ആദ്യം വന്ന എൽ എൻ ജി ടെർമിനൽ, പിന്നീട് വന്ന എസ് പി എം പദ്ധതി ഇപ്പോൾ ഐ ഒ സിയുടെ പാചകവാതസംഭരണിയും. ഇവയെല്ലാം അത്യധികം അപകടകരമായ സ്ഫോടനസാദ്ധ്യതയുള്ള പെട്രോകെമിക്കൽ മിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നവയാണെന്നത് വൈപ്പിൻ നിവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടാമതായി മത്സ്യബന്ധനം ഉപജീവനമാക്കിയ വലിയൊരു വിഭാഗം ജനതയാണ് വൈപ്പിന്റെ തീർപ്രദേശത്തുള്ളത്. ഈ വലിയ പദ്ധതികൾ അവരുടെ ജീവനോപാധിയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. 

എന്താണ് ഐ ഒ സിയുടെ പുതുവൈപ്പിലെ പദ്ധതി

ഇപ്പോൾ വൈപ്പിനിലെ പ്രശ്നങ്ങൾക്ക് കാരണം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന പാചകവാതകസംഭരണിയാണെന്ന് മുൻപ് പറഞ്ഞുവല്ലൊ. എന്താണ് ഈ പദ്ധതി? എന്തൊക്കെയാണ് ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതികവും അല്ലാത്തതുമായ പ്രശ്നങ്ങൾ? എന്തെല്ലാം നിയമലംഘനങ്ങൾ ആണ് ഇവിടെ നടക്കുന്നത്? ഈ കാര്യങ്ങൾ കേരളഹൈക്കോടതിയിലെ അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകസംഭരണിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളഹൈക്കോടതിയിലും ഗ്രീൻ ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിലും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനു വേണ്ടി ഹാജരാകുന്ന ശ്രീ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.

എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തിൽ കടൽക്കരയിൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽതത്തിരമാലയിൽ നിന്ന് 500 മീറ്റർ അകലെയുള്ള GPS കോ.ഓർഡിനേറ്റുകൾ പ്രൊജക്റ്റ് സൈറ്റ് ആയി നൽകിയാണ് IOC സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിർമ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയിൽ പൂർണ്ണമായി കുഴിച്ചിടുന്ന വൻ ടാങ്കറുകളിൽ സ്റ്റോർ ചെയ്ത് അത് ടാങ്കറുകളിൽ നിറച്ച് വിതരണം നടത്തുക എന്നതാണ് പ്ലാന്റിൽ വിഭാവനം ചെയ്യുന്നത്.ഹൈടൈഡ് ലൈനിൽ നിന്ന് 200 മീറ്റർ വിട്ട് നിർമ്മാണം നടത്താൻ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസർക്കാരും അംഗീകാരം നൽകി. എന്നാൽ കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിൽ ആണ് നിർമ്മാണം നടത്തുന്നത്. ഓരോ വർഷവും 2-3 മീറ്റർ വീതം കടൽ എടുത്തുപോകുന്ന ഇറോഷൻ സോൺ ആണ് ഇതെന്നു നാട്ടുകാരും, ഒരു മീറ്റർ എങ്കിലും പ്രതിവർഷം കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് 10 മീറ്റർ ലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിനകത്ത് അടിച്ചു കയറി മതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഇത്രവലിയ ടാങ്ക് നിർമ്മാണം നടക്കുന്നത്. ഇപ്പോൾ നിർമ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റർ വിട്ടുള്ള ഒരു സർവ്വേ നമ്പറിൽ മാത്രമേ നിർമ്മാണം നടത്താൻ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാൽ 200 മീറ്റർ വിട്ട് പദ്ധതി ആ പ്ലോട്ടിൽ നടക്കില്ല എന്നാണു IOC യുടെ വാദം. IIT പഠനം അനുസരിച്ച് മതിൽ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടൽക്ഷോഭത്താൽ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ. മത്സ്യത്തൊഴിലാളികൾ ആണ് ഭൂരിപക്ഷം. ഓയിൽ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങൾ പോലും മൽസ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും, പ്ലാന്റ് അൽപ്പം പോലും മാറ്റില്ലെന്ന IOC യുടെ പിടിവാശി ആണ് പ്രശ്നം എന്നൊക്കെയാണ് സമരക്കാരുടെ പരാതി. പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും അവർ ചോദ്യം ചെയ്യുന്നു. അനുമതികളിലെ വ്യവസ്ഥകൾ പാലിച്ച് നിയമപരമായി നിർമ്മാണം നടത്താൻ IOC ക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അതിന്റെ മറവിൽ 200 മീറ്ററിനുള്ളിൽ ആണ് നിർമാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹരജിയിൽ കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. പഞ്ചായത്ത് ഒരനുമതിയും നൽകിയിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിൽ ആണ് IOC. കേരളത്തിലെ SEZ നയത്തിൽ SEZ ൽപ്പോലും പഞ്ചായത്ത്രാജ് നിയമം ബാധകമാണെന്നും, കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും ഇളങ്കുന്നപുഴ പഞ്ചായത്തും വാദിക്കുന്നു.സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചു. തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികൾ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചു. ആദ്യം നിർമ്മാണം നിർത്തി വെയ്ക്കാനും പിന്നീട് HTL (High Tide Line) നിന്ന് 200 മീറ്റർ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കർശനമായി പാലിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും NGT (National Green Tribunal) ഉത്തരവിട്ടു. കോടതി നിയോഗിച്ച കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് പ്രതിനിധികൾ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. പാരിസ്ഥിതികാനുമതി വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. 5 വർഷം മുൻപ് നൽകിയ അനുമതിയിൽ തിരുത്തൽ വേണമെന്നാണ് അവർ പറഞ്ഞത്. നാളിതുവരെ തിരുത്തൽ നടത്തിയിട്ടില്ല. കോടതിവിധി ലംഘിച്ചു നടക്കുന്ന നിർമ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർ നൽകിയ കേസ് ജൂലൈ 4 നു വാദം കേൾക്കാൻ ഇരിക്കുകയാണ്. ജൂൺ മാസം ട്രിബ്യുണൽ അവധിയാണ്. (ഹരീഷ് വാസുദേവന്റെ പോസ്റ്റ് പൂർണ്ണമായും ഇവിടെ വായിക്കാം )

ഈ പദ്ധതിയ്ക്കെതിരെ തദ്ദേശവാസികൾ വർഷങ്ങളായി സമരം ചെയ്തുവരുന്നു. പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 2016 ജൂലയ് മാസത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിസ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാനും തൽസ്ഥിതിതുടരാനും ഐ ഒ സിയ്ക്ക് നിർദ്ദേശം നൽകി. പദ്ധതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ വിവിധമേഖലകളിലെ വിദഗ്ദ്ധന്മാർ അടങ്ങുന്ന ഒരു സമിതിയെ ദേശീയ ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തി. എന്നാൽ പിന്നീട് 2017 ഫെബ്രുവരി മാസത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനു അനുമതി നൽകിയിരുന്നു. ഈ കേസിന്റെ അന്തിമമായ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും ഈ  പദ്ധതിയുടെ നിലനില്പെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. പദ്ധതി നീണ്ടുപോകുന്നത് കോർപ്പറേഷനു ഭീമമായ സാമ്പത്തിക നഷ്ടം വരുത്തും എന്നതായിരുന്നു കോർപ്പറേഷന്റെ വാദം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഈ തീരുമാനം വന്നതു മുതൽ പദ്ധതിപ്രദേശത്ത് തദ്ദേശവാസികൾ സമരം ചെയ്തു വരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ തങ്ങളുടെ വാദം കേൾക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കണം എന്നതാണ് അവരുടെ ആവശ്യം. ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റിൽ പറയുന്നതുപോലെ  ജൂലയ് 4നു ആണ് ദേശീയ ഹരിത ട്രിബ്യൂണൽ ഈ വിഷയത്തിൽ വാദം കേൾക്കുന്നത്. 

തുടർച്ചയായി നടക്കുന്ന സമരങ്ങൾ മൂലം നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പദ്ധതി പ്രദേശത്ത് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ജില്ലാകളക്ടർ മുഹമ്മദ് വൈ സഫീറുള്ള 14/06/2017നു ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് പോലീസ് സ്വീകരിച്ച നടപടികൾ ആണ് ഇപ്പോൾ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളത്. പദ്ധതി പ്രദേശത്തുനിന്നും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ പോലീസ് കുട്ടികൾ ഉൾപ്പടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പുതുവൈപ്പിൽ നിന്നും എറണാകുളത്ത് പ്രതിഷേധത്തിനെത്തിയ പുതുവൈപ്പ് നിവാസികളേയും വഴിയാത്രക്കാരേയും എറണാകുളം ഡി സി പി യതീഷ് ചന്ദ്ര മനുഷ്യത്വരഹിതമായിട്ടാണ് നേരിട്ടത്. കുട്ടികളും പ്രായമായവരും ഉൾപ്പടെ പലർക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി എല്ലാവരേയും രാത്രി തന്നെ വിട്ടയച്ചു. 16/06/2017നു മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ സമരക്കാരെ അറിയിച്ചത് നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെച്ചു എന്നാണ്. എന്നാൽ 17/06/2017-ൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തി പ്രധാനമന്ത്രി തിരിച്ചു പോയതിനു ശേഷം 18/06/2017-ൽ രാവിലെ വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ ഐ ഒ സി എൽ അധികാരികൾ പുനഃരാരംഭിക്കുകയായിരുന്നു. അതിനെതിരെ തദ്ദേശവാസികൾ സംഘടിക്കുകയും അവർക്ക് നേരെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും കല്ലേറുണ്ടായതായും ആരോപിക്കപ്പെടുന്നു. തുടർന്ന് നിർമ്മാണമേഖലയിലേയ്ക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ ശക്തമായ പോലീസ് നടപടിയാണ് ഉണ്ടായത്. അതിലും നിരവധി സമരക്കാർക്ക് പരിക്കേറ്റു പലർക്കും കാര്യമുറിവേറ്റത് തലയിൽ ആണ്. അതേ തുടർന്ന് ശക്തമായ സമ്മർദ്ദങ്ങളുടെ ഫലമായി മുഖ്യമന്ത്രി സമരക്കാരെ 21/06/2017 ബുധനാഴ്ച തിരുവനന്തപുരത്ത് ചർച്ചയ്ക്ക് കഷണിച്ചിട്ടുണ്ട്. അതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കുകയാണെന്ന് ഐ ഒ സി എൽ അധികാരികളും അറിയിച്ചിട്ടുണ്ട്. 

16/06/2017-നു എറണാകുളത്ത് സമരത്തെ നേരിട്ട യതീഷ് ചന്ദ്രയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എം എൽ എയും മുൻമന്ത്രിയുമായ സഖാവ് എൻ ശർമ്മ രംഗത്തുവന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. ഭരണപക്ഷത്തുനിന്നും ഇത്രയും ആവശ്യങ്ങൾ ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ നിന്നും അദ്ദേഹത്തിനു ഈ സമരത്തോടുള്ള നിലപാടെന്താണെന്നും ഊഹിക്കാൻ സാധിക്കും. പോലീസ് നടപടിയിൽ മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പോലീസ് നടപടിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മീഡിയ വൺ റിപ്പോർട്ടർ എന്നീ ചാനലുകളിൽ നടന്ന ചർച്ഛകൾ ഈ വിഷത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായകമാവും എന്ന് കരുതുന്നു. ഇതുവരെ മുഖ്യമന്ത്രി ഈ സമരത്തോട് സ്വീകരിച്ചിരിക്കുന്ന നിലപാടിൽ നിന്നും സമരത്തെ അവഗണിച്ചു മുന്നേറാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം എന്ന് കരുതേണ്ടിവരും.

കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞാണ് പലരും ഈ പോലീസ് നടപടി ആവശ്യമായി വന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. വിളപ്പിൽ ശാലയിലെ മാലിന്യ സംഭരണകേന്ദ്രം തുറക്കണം എന്ന് പറഞ്ഞതും ഇതേ ഹൈക്കോടതി ആണ്. അതിനെ ജനങ്ങൾ എതിർത്ത് തോല്പിച്ചിട്ടുമുണ്ട്. അന്ന് സർക്കാർ ജനങ്ങൾക്കൊപ്പം ആയിരുന്നു. ജനങ്ങളെ വെടിവെച്ചു കൊന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ച ഒരു സർക്കാർ ഉണ്ടായിരുന്നു. പശ്ചിമബംഗാളിൽ ബുദ്ധദേവിന്റെ. 35 കൊല്ലത്തെ ഭരണമാണ് അതോടെ അവിടെ അവസാനിച്ചത്. ഇന്ന് പാർടി ജനറൽ സെക്രട്ടറി രാജ്യസഭാംഗം ആകാൻ കോൺഗ്രസ്സിന്റെ കാലുപിടിക്കേണ്ട ഗതികേടിൽ എത്തിയ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. അത് പിണറായി വിജയനും ഓർക്കുന്നത് നല്ലത്. പശ്ചിമബംഗാളിൽ ഇപ്പോഴും ബി ജെ പിയേയും മമതയേയും ജനങ്ങൾക്ക് വിശ്വാസമുണ്ട്. മൂന്നരപതിറ്റാണ്ട് തങ്ങളെ ഭരിച്ച പാർട്ടിയെ വെറുപ്പോടെ തന്നെയല്ലെ ജനം ഇപ്പോഴും കാണുന്നത്. വികസനം വേണം. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ജനപങ്കാളിത്തത്തോടെ ആകണം അതെന്നുമാത്രം. ഇവിടെ ഒരു കുഴപ്പം ഉണ്ട്. ഇത് ഒരു ജനാധിപത്യരാജ്യം ആയിപ്പോയി. അല്ലെങ്കിൽ എന്തുമാകാമായിരുന്നു.

എട്ടുവർഷത്തിലധികമായി നിർമ്മാണപ്രവർത്തനം നടക്കുന്ന ഒരു പദ്ധതിയെ അന്തിമഘട്ടത്തിൽ തടയുന്നത് ശരിയല്ലെന്ന് പറയുന്ന സുഹൃത്തുക്കൾ ഉണ്ട്. ഞാൻ മനസ്സിലാക്കുന്നത്  ആ വാദം തെറ്റാണെന്നാണ്. 2009ൽ ഇപ്പോൾ ഈ പ്ലാന്റ് നിർമ്മാണം നടക്കുന്ന സ്ഥലം പ്രത്യേകസാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് അവിടെ ചുറ്റുമതിൽ കെട്ടുകയും റോഡ് നിർമ്മിക്കുകയും എല്ലാം നടത്തിയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 2015 ജൂലയ് 24നു ദി ഹിന്ദുവിൽ വന്ന ഒരു റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്

Work on the long-awaited multi-user liquid terminal on Puthuvype island, mostly for import of cooking gas, was awarded to a Visakhapatnam-based company on Thursday. The Rs.217-crore work would be supervised by the Cochin Port Trust for the Indian Oil Corporation and completed in 24 months, said a press release from the CPT on Thursday. The proposal for an LPG import terminal was mooted in 2009 to end the road transport of LPG from Mangalore. Kerala, with a consumer base of around 80,000, requires about 6.5 lakh tonnes of cooking gas annually. Indian Oil Corporation was allotted 37 acres on Puthuvype island for the facility. Around 30,000 tonnes of LPG is moved between Mangalore and different destinations in Kerala using bullet tankers. The bullet tankers take around 12 hours to haul LPG from Mangalore to destinations in Kerala. The project was held up despite several accidents on National Highway 47 involving LPG tankers, including the one at Chala, near Kannur on August 27, 2012 in which 20 people were killed. Another LPG tanker was involved in a major accident near Karunagappally on December 31, 2009. The proposed terminal has a capacity to handle around six lakh tonnes of LPG annually in the initial stage. The Indian Oil Corporation was awarded the multi-user liquid terminal on a nomination basis in March 2013 and a concession agreement was signed on April 4, 2015. In addition to cooking gas, the proposed terminal will handle bunkers and liquids under the supervision of the Port Trust, said the press release.

അതായത് ഇത്തരത്തിലുള്ള ഒരു പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ആലോചനകൾ 2009-ൽ ആരംഭിച്ചു എങ്കിലും പലകാരണങ്ങൾ കൊണ്ടും അത് നീണ്ടുപോയി എന്നാണ്. ഒടുവിൽ 2013-ൽ ആണ് ഐ ഒ സിയ്ക്ക് ഇതിനുള്ള അനുമതി ലഭിക്കുന്നതും 2015 ജൂലയ് മാസത്തിൽ ആണ് വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിയ്ക്ക് ഇതിന്റെ നിർമ്മാണക്കരാർ ലഭിക്കുന്നതും. നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽ തന്നെ പരിസരവാസികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു എന്നത് 2015 ഡിസംബർ 2-ലെ ദി ഹിന്ദു വാർത്തയിൽ നിന്നും മനസ്സിലാക്കാം. 2016-ൽ തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പെട്ടന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല തദ്ദേശവാസികളുടെ ഈ സമരം എന്നതു വ്യക്തമാണ്. ദി ഹിന്ദുവിലെ വാർത്തയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.

The project site turned into a stage for high drama on December 2 with the protestors blocking trucks transporting steel for building the LPG tanks here. Soon, the police rushed to the spot but the stand off continued for several hours till the protestors were forcibly removed from the spot. The protestors, on the other hand, maintain that the terminal posed a threat to the residential areas in Vypeen island - one of the thickly populated areas in the country. Further, it was being initiated without an approval from the Elamkunnapuzha panchayat, the concerned local body and in violation to the Coastal Regulation Zone norms.

വികസനം വേണം എന്ന് പറയുമ്പോൾത്തന്നെ അത് ജനങ്ങളെ വിശ്വാസത്തിൽ എടുത്താവണം. തൊഴിലിടവും താമസസ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും നൽകി ആകണം വികസനം നടപ്പിലാക്കാൻ. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു പദ്ധതി നമുക്ക് മുന്നിൽ തന്നെ ഉണ്ട്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ. കോടകളാണ് മുടക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവെ മേല്പാലം ഇവിടെ വന്നു, 8 കിലോമീറ്റർ നീളത്തിൽ അതിൽ ഇപ്പോൾ ട്രെയിൻ പോകുന്നുണ്ടോ എന്ന് തന്നെ അറിയില്ല. റോഡ് കണക്ടിവിറ്റിക്കായി അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ 316 കുടുംബങ്ങളെ ആണ് പുനരധിവാസമോ നഷ്ടപരിഹാരമോ നൽകാതെ മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കിയത്.  ഒൻപത് വർഷങ്ങൾക്ക് ഇപ്പുറം അവരുടെ അവസ്ഥ എന്തെന്ന് ഇവിടെ നാരദ ന്യൂസ് പോർട്ടലിന്റെ ഈ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അത്തരം വികസങ്ങൾ ആകരുത്. സിങ്കൂരും മൂലമ്പള്ളിയും ഒന്നും പുതുവൈപ്പിൽ ആവർത്തിക്കാതിരിക്കട്ടെ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പ്രാതിനിധ്യത്തിലുള്ള വികസനങ്ങൾ വരട്ടെ. അതാണ് നല്ലത്. പുതുവൈപ്പിലെ ഈ പ്രക്ഷോഭങ്ങൾ കൂടുതൽ രക്തരൂക്ഷിതം  അല്ലാതെ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ സമാപിക്കും എന്ന് പ്രത്യാശിക്കുന്നു.

6 comments:

  1. പുതുവൈപ്പിലെ സമരനേതാക്കളുമായി മുഖ്യമന്ത്രി വിജയൻ നടത്തിയ ചർച്ച ഇന്ന് നടന്നു. ആ ചർച്ചയിൽ പ്രധാനമായും മുഖ്യമന്ത്രി കൈക്കൊണ്ട നിലപാട് ഇങ്ങനെ ആണെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടിൽ പറയുന്നു.
    തിരുവനന്തപുരം: പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് സമരക്കാരുമായി മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തല്‍ക്കാലത്തേക്ക് പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെടും. പ്ലാന്റ് നിര്‍മ്മാണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.
    ഐ.ഒ.സി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന പ്രദേശവാസികളുടെ പരാതിയെക്കുറിച്ചും സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി അന്വേഷണം നടത്തും. പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കയും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുസ്വീകാര്യരായ വ്യക്തികളെക്കൊണ്ടായിരിക്കും ഇത്തരമൊരു പഠനം നടത്തുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കില്ലെന്നും എന്നാല്‍ സമരക്കാരുടെ ആശങ്കകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പൊതുവെ അനുകൂല നിലപാടാണ് സമര സമിതിക്കുള്ളത്. എല്‍.പി.ജി പദ്ധതി പുതുവൈപ്പില്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി ഇതുവരെ. എന്നാല്‍ സ്ഥലത്തെ സംഘര്‍ഷാവസ്ഥക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാവാനുള്ള സാധ്യതയാണ് ഇന്നത്തെ ചര്‍ച്ചയോടെ തെളിയുന്നത്.

    ഈ വാർത്ത വായിച്ചതിൽ നിന്നും സമീപഭാവിയിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേയ്ക്കാണോ പോകുന്നതെന്ന ആശങ്കയാണ് എനിക്ക് ഉള്ളത്. ഒരു കാര്യം വ്യക്തമായി ഐ ഒ സി യുടെ എൽ പി ജി സംഭരണി അവിടെ കൊണ്ടുവരും എന്നകാര്യത്തിൽ പിണറായി ഒട്ടും പിന്നാക്കം പോകാൻ ആഗ്രഹിക്കുന്നില്ല. ആ പ്ലാന്റ് അവിടെത്തന്നെ വേണം എന്നതാണ് അങ്ങോരുടെ നിലപാട്. പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങൾ എന്നിവ പാലിച്ച് ആ പ്ലാന്റ് സ്ഥാപിക്കണമെങ്കിൽ നിലവിലെ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ മാറ്റണം. അതായത് സംഭരണിയുടെ സ്ഥാനം കരയിലേയ്ക്ക് 200 മീറ്ററിൽ കൂടുതൽ അടുക്കേണ്ടി വരും. ഇപ്പോൾ തന്നെ വീടുകളിൽ നിന്നും 30 മീറ്റർ അകലത്തിൽ ആണ് നിർമ്മാണം നടക്കുന്നത്. ഇനിയും 200 മീറ്ററിലധികം മാറ്റുക എന്നാൽ പുതുവൈപ്പിൽ നിന്നും ആളുകളെ ഒഴിപ്പിക്കേണ്ടി വരും. അല്ലെങ്കിൽ പുതുവൈപ്പിൽ നിന്നും ജനവാസം കുറഞ്ഞ മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് പ്ലാന്റ് മാറ്റേണ്ടിവരും. ഏതാവും പിണറായി തിരഞ്ഞെടുക്കുക എന്നതാണ് ഇനി കണ്ടറിയേണ്ടത്.

    ReplyDelete
  2. ഈ വിഷയത്തിൽ ചില കാര്യങ്ങളിൽ എന്റെ അഭിപ്രായം കൂടി വിശദമാക്കേണ്ടതുണ്ടെന്ന് കരുതുന്നു. അതിനാൽ അതും ഇവിടെ കമന്റായി ചേർക്കുന്നു.

    എറണാകുളത്തെ സമരവും പ്രധാനമന്ത്രിയുടെ സന്ദർശനവും

    ഫെബ്രുവരി 16 മുതൽ നിർമ്മാണപ്രവർത്തനങ്ങൾക്കെതിരെ പുതുവൈപ്പിൽ ഉപരോധസമരം സമാധാനപരമായി നടക്കുന്നുണ്ട്. ആ ഉപരോധത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ആഴ്ചയിൽ തന്നെ ലാത്തി ചാർജ്ജ് നടത്തി പ്രകോപനം സൃഷ്ടിക്കുന്നത് പോലീസ് ആണ്. 14/06/2017നു ആണ് പുതുവൈപ്പിൽ ആദ്യത്തെ ലാത്തി ചാർജ്ജ് നടക്കുന്നത്. 15നു അതിന്റെ പേരിൽ വൈപ്പിൻകരയിൽ ഹർത്താൽ ആയിരുന്നു. അതിനാൽ തന്നെ അന്ന് നിർമ്മാണം നടന്നില്ല. 16 നു വീണ്ടും നിർമ്മാണത്തിനുള്ള ആളുകളുമായി പോലീസ് വാഹനം വന്നപ്പോൾ തദ്ദേശവാസികൾ തടഞ്ഞു. അന്നും പോലീസ് അവരെ ഓടിച്ചു. അതിൽ പ്രതിഷേധിച്ചാണ് 16നു സമരക്കാർ ഹൈക്കോടതി ജങ്ഷനിൽ സംഘടിച്ചത്. പോലീസ് ആണ് പ്രകോപനം ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന അവസരത്തിൽ 14 നു മുതൽ പോലീസ് നടപടി സ്വീകരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതാണ് പ്രശ്നം വഷളാക്കിയത്. സ്ത്രീകളും കുട്ടികളും മാത്രമല്ല സമരം ചെയ്യുന്ന എല്ലാ വിഭാഗവും എറണാകുളത്ത് എത്തിയിരുന്നു അത് 16നു ആണ്. അന്ന് പ്രധാനമന്ത്രി ഡൽഹിയിൽ ആണ്. പോലീസ് ലാത്തി ചാർജ്ജ് നടക്കുമ്പോൾ ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും റോഡിലൂടെ പോകുന്നത് കാണാം. അതിൽ നിന്നു തന്നെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ട്രയൽ റണ്ണും ആ സമയം നടക്കുന്നില്ല എന്നത് വ്യക്തം. ട്രയൽ റൺ നടക്കുമ്പോഴും പ്രസ്തുത റൂട്ടിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു കുഴപ്പം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യം സമരക്കാർക്ക് ഉണ്ടായിരുന്നതായി ഞാൻ കരുതുന്നില്ല. ഇതും സ്വന്തം വീഴച മറച്ചു വെയ്ക്കാൻ പോലീസിന്റെ ആരോപണം മാത്രമാണ്. 16 നു ഹൈക്കോടതി ജങ്ഷനിൽ പ്രശ്നം ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി ഡൽഹിയിൽ ആണ്. പോലീസിന്റെ വീഴ്ച മറച്ചു പിടിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനവും തീവ്രവാദബന്ധവും എല്ലാം ആരോപിക്കുന്നത്. സമരക്കാർ പോലീസിനെ ആക്രമിക്കുന്നതായ ഒരു ദൃശ്യവും ഹൈക്കോടതി ജങ്ഷനിൽ നിന്നും ഇല്ല. അവിടെ അവർ അറസ്റ്റ് വരിക്കാൻ തയ്യാറായതായാണ് കാണാൻ സാധിക്കുക. നിലത്തിരിക്കുന്നവരെ മുദ്രാവാക്യം വിളിക്കുന്നവരെ പോലീസ് വലിച്ചിഴച്ചും മർദ്ദിച്ചും കൊണ്ടു പോകുന്നതാണ് കാണ്ടത്. ആകെ ഒരു പോലീസ് ഉദ്യോഗസ്ഥനു ചവിട്ടു കൊണ്ടതായി (അതും ഈ ബലപ്രയോഗത്തിനിടയിൽ) പോലീസ് പറയുന്നുണ്ട്. മറ്റ് ആരോപണങ്ങൾ അറിസ്ഥാനരഹിതമാണ്.

    ടാങ്കർ മാഫിയയും പുതുവൈപ്പ് സംഭരണിയും
    പുതുവൈപ്പ് സംഭരണി യാഥാർത്ഥ്യമായാൽ പുതുവൈപ്പിൽ നിന്നും 250 നും 500 ഇടയിൽ ടാങ്കറുകൾ സേലത്തേയ്ക്കും മറ്റും പോകും എന്ന് ഐ ഒ സി തന്നെ പറയുന്നു. പുതുവൈപ്പിലേത് പാചകവാതകം സംഭരിച്ച് വീടുകളിൽ വിതരണം ചെയ്യാനുള്ള പദ്ധതി അല്ല. പുതുവൈപ്പ് മുതൽ സേലം വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും പാലക്കാട് സംഭരണി സ്ഥാപിക്കുന്നതിനും ഉള്ള ഇൻഫ്രസ്ട്രക്ച്ചർ നടപടികൾ ആരംഭിച്ചതായി അറിയില്ല.

    ഹരിത്ര ട്രിബ്യൂണലിൽ നിന്നും എപ്രകാരമുള്ള ഉത്തരവാണ് കിട്ടിയിട്ടുള്ളതെന്നും നിലവിൽ അവിടത്തെ സ്ഥിതി എന്താണെന്നും മുകളിലെ കമന്റിൽ പറഞ്ഞു. അതിനാൽ ആ വിഷയത്തിലേയ്ക്ക് വീണ്ടും കടക്കുന്നില്ല.

    ReplyDelete
  3. പുതുവൈപ്പിലെ സമരത്തെക്കുറിച്ചുള്ള പാർട്ടി നിലപാട് സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ മാതൃഭൂമി ന്യൂസിൽ വേണു ബാലകൃഷ്ണനോട് വിശദീകരിക്കുന്നു.
    മാതൃഭൂമി ചോദ്യം ഉത്തരം

    ReplyDelete
  4. ഹരിത ട്രിബ്യൂണലിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രസർക്കാർ. പുതുവൈപ്പ് ഉൾപ്പടെ പല പാരിസ്ഥിതിക തർക്കങ്ങൾക്കും തിരിച്ചടിയാകുന്ന തീരുമാനം

    റിപ്പൊർട്ടർ വാർത്ത ഇവിടെ വായിക്കാം

    ദില്ലി:ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞു കേന്ദ്ര സര്‍ക്കാര്‍. ഉന്നത കോടതി ജഡ്ജിമാരെത്തന്നെ ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിക്കണമെന്ന വ്യവസ്ഥ കേന്ദ്രം ഭേദഗതി ചെയ്തു. കേന്ദ്രം നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങളെ മാറ്റാം. മറ്റു 18 ട്രൈബ്യൂണലുകളില്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും അവരുടെ ആനുകൂല്യങ്ങളും കേന്ദ്രം ഭേദഗതി ചെയ്തു.

    ട്രൈബ്യൂണലുകളുടെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്ര റവന്യൂ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിലവിലെ അധികാരങ്ങള്‍ കവരാന്‍ വഴിയൊരുക്കുന്നത്. പരിസ്ഥിതി നിയമങ്ങൾ കര്‍ശനമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതി-ഹൈക്കോടതി മുന്‍ ജഡ്ജിമാരുടെ നേതൃത്വത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരണം.

    ഹരിത ട്രൈബ്യൂണലിന്റെ നിരവധി ഉത്തരവുകള്‍ വ്യവസായ മേഖലയ്ക്കും സര്‍ക്കാരുകള്‍ക്കും തിരിച്ചടിയായിരുന്നു. ഇതിനിടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ അല്ലാതിരുന്നവര്‍ക്കും ട്രൈബ്യൂണലിന്റെ തലപ്പത്തെത്താം എന്നതാണ്. നിയമ പരിസ്ഥിതി രംഗത്ത് ഇരുപത്തി അഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരെ അധ്യക്ഷനായി നിയമിക്കാം. ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗവും റിട്ട. ഹൈക്കോടതി ജഡ്ജിയാകണമെന്നില്ല. പത്തു വര്‍ഷം നിയമ ഉധ്യോഗസ്ഥന്‍ ആയിരുന്നാല്‍ മതി. അദ്ധ്യക്ഷന്‍റെ നിയമന കാലാവധി 5 വര്‍ഷത്തിൽ നിന്ന് 3 വര്‍ഷമാക്കി.

    വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടത്. രാഷ്ട്രപതിയുടെ കീഴിലായിരുന്ന ഹരിത ട്രൈബ്യൂണൽ അദ്ധ്യക്ഷനെ വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ കീഴിലാക്കി. അദ്ധ്യക്ഷനും അംഗങ്ങൾക്കും സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്ള ആനുകൂല്യങ്ങൾക്ക് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളെ ലഭിക്കൂ.

    സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം അടക്കമുള്ളവരെ മാറ്റാം. ജുഡീഷ്യല്‍ സ്വഭാവമുണ്ടായിരുന്ന ട്രൈബ്യൂണലിനെ ഉദ്യോഗസ്ഥ നിയന്ത്രണ ത്തിലേക്ക് മാറ്റി കടിഞ്ഞാന്‍ സര്‍ക്കാരിന്റെയും കയ്യില്‍ ആക്കാനാണ് പുതിയ ചട്ടങ്ങള്‍ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം

    ReplyDelete
  5. ഞാനും തീരദേശക്കാരിയാണ്...പറഞ്ഞു വരുമ്പോൾ വൈപ്പിനെല്ലാം നമ്മുടെ ബന്ധുക്കളുടെതായിട്ട വരും...തളിക്കുളത്ത് നിന്നും ഒരാൾ

    ReplyDelete
    Replies
    1. വളരെ നന്ദി ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിനു. തളിക്കുളവും നാട്ടികയും ഇപ്പോഴും തീരദേശവാസികൾക്ക് അന്യമായിട്ടില്ല. ഉപജീവനത്തിനു കടലിനെ ആശ്രയിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. ഒപ്പം ബീച്ച് ടൂറിസവും നല്ലനിലയിൽ നടക്കുന്നു. എന്നാൽ വൈപ്പിനിലെ കടൽത്തീരങ്ങൾ കടലിന്റെ മക്കൾക്ക് അന്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

      Delete

Thank you for visiting my blog. Please leave your comments here.