Wednesday 24 May 2017

ഉത്തരങ്ങൾ അറിയാത്ത മുഖ്യമന്ത്രി

കേരളനിയമസഭയിലെ എൻ ഡി എയുടെ ഏക ജനപ്രതിനിധിയായ ശ്രീ ഒ രാജഗോപാൽ ചോദിച്ച ഒരു ചോദ്യം തെറ്റായിപ്പോയി. അത് ആഘോഷിക്കുകയാണ് പല സഖാക്കളും. തെറ്റുപറ്റിയാൽ അത് ട്രോളാക്കുക തന്നെ വേണം സംശയമില്ല. സഖാക്കൾ സുഹൃത്തുക്കൾ ഒന്നു കൂടി മനസ്സിലാക്കണം. ശരിയായ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം നൽകാത്ത മുഖ്യനാണ് ഉള്ളതെന്ന്. പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ല. ഒടുവിൽ സ്പീക്കർ റൂളിങ് നൽകി. ഉത്തരങ്ങൾ കൃത്യമായി ലഭ്യമാക്കണം എന്ന്.
ഉത്തരം നൽകിയിട്ടുള്ള പലതിലും അഴ്കൊഴമ്പൻ മറുപടിയും ഉദാഹരണത്തിനു സെൻകുമാറിനെതിരായ കേസ് നടത്തുന്നതിനു വക്കീൽ ഫീസടക്കം ആകെ ചെലവായ തുക എത്ര? മുഖ്യന്റെ ഉത്തരം "സർ കേസിലു സാധരണ പണം ചെലവാകും. പക്ഷെ എത്രയാണെന്ന് ഇപ്പൊ എന്റെ കൈയ്യിൽ വിവരം ഇല്ല. അത് മറച്ചുവക്കണ്ടകാര്യമല്ല."

മറ്റൊന്ന് സംസ്ഥാനത്തെ പോലീസ് മേധാവി ആരാണ്? മുഖ്യന്റെ ഉത്തരം ""ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ടു തന്നെ ആക്കാര്യം നിലനിൽക്കുകയാണ്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് കാണേണ്ടതില്ല. സുപ്രീംകോടതി വിധി ഉയർന്നുവന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നുള്ളത് സർക്കാർ ആലോചിച്ച് തീരുമാനിക്കും. അതാണ്"

മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം സംബന്ധിച്ച രണ്ട് ചോദ്യങ്ങൾക്ക് രണ്ട് മറുപടി. അതിനുപോലും വ്യക്തമായ ഉത്തരം ഇല്ല. സുപ്രീംകോടതി ചെലവു സഹിതം തിരുത്തൽ ഹർജി തള്ളിയപ്പോൾ അത് സംഭാവന ആവശ്യപ്പെട്ടതാണെന്ന് സഭയിൽ വിശദീകരണം. മഹാരാജാസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ മാരകായുധങ്ങൾ സൂക്ഷിച്ചെന്ന വകുപ്പനുസരിച്ച് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. പക്ഷെ മുഖ്യൻ സഭയിൽ പറഞ്ഞത് വാർക്കപ്പണിയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ എന്ന്. അതിനു പ്രതിപക്ഷം അവകാശലംഘനത്തിനു നോട്ടീസും നൽകി. ഇങ്ങനെ പോകുന്നു ശരിയായ ചോദ്യങ്ങൾക്കുള്ള മറുപടികൾ. അതാണ് ഉപദേശികളാൽ ചുറ്റപ്പെട്ട മുഖ്യന്റെ അവസ്ഥ.

കേരളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ഉപദേശികൾ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. പക്ഷെ നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിപറയുന്ന കാര്യത്തിൽ പേഴ്സണൽ സ്റ്റാഫും ഉപദേശികളും ഒന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും അധികം ഉത്തരം ലഭിക്കാതിരുന്നതും ആഭ്യന്തരവകുപ്പിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കാണ്

Wednesday 17 May 2017

കുമ്മനം പ്രതിചേർക്കപ്പെടുമ്പോൾ

ആർ എസ് എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ആയ ചൂരക്കാട്ട് ബിജു രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സി പി എമ്മിന്റെ കൊലക്കത്തിയ്ക്ക് ഇരയായത് കഴിഞ്ഞ ആഴ്ചയാണ്. വെട്ടേറ്റ് കഴുത്ത് അറ്റുപോകാറായ അവസ്ഥയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് നടത്തിയ സമാധാനസമ്മേളനത്തിനു ശേഷം നടന്ന ഈ കൊലപാതകം മുഖ്യമ്ന്ത്രിയുടെ പാർട്ടി പ്രവർത്തകർ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. പോലീസിന്റെ റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ കൊലപാതകത്തെ തുടർന്ന് സി പി എം അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ഒരു വീഡിയോ ബി ജെ പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചേർക്കുകയും ദേശീയതലത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് എസ് എഫ് ഐ ജില്ല പ്രസിഡന്റ് സിറാജുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുക്കുകയും ചെയ്തു. വ്യാജമായ വീഡിയോ അപ്‌ലോഡ് ചെയ്തതല്ല സാമൂഹ്യ സ്പർദ്ധവളർത്താൻ ശ്രമിച്ചു എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-A വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ എടുത്ത കേസ് എന്ന നിലയിലാണ് ഞാൻ ഇതിനെ കാണുന്നത്. 2014-ൽ രാജ്യത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിക്കുന്ന കണക്കുകൾ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടതനുസരിച്ച് 153-എ, 153-ബി എന്നിങ്ങനെ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ കേരളം ആണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ രാഷ്ട്രീയവൈര്യനിര്യാതനത്തിനു കേരളത്തിൽ പൊതുവിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് 153-എ എന്നതുതന്നെ. സർക്കാരുകൾ മാറുമ്പോൾ കാലം നീണ്ടുപോകുമ്പോൾ ഈ കേസുകൾക്ക് എന്തു സംഭവിക്കുന്നു എന്നതുതന്നെ രാഷ്ട്രീയവൈര്യനിര്യാതനത്തിനാണ് ഈ കേസുകൾ എടുത്തത് എന്നതിന്റെ തെളിവായി മാറുന്നു. ഇപ്പോൾ ശ്രീ കുമ്മനം രാജശേഖരനും അതിനു ഇരയായിരിക്കുന്നു. താൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആധികാരികമാണെന്നും അത് എവിടേയും തെളിയിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേസുവന്നാൽ അത് കോടതിയിൽ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം ഇതുസംബന്ധിച്ച വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. 

സമീപകാലത്ത് ബി ജെ പിയുമായുള്ള സഹകരണത്തിന്റെ പേരിൽ എസ് എൻ ഡി പിയോഗം പ്രസിഡന്റായ ശ്രീ വെള്ളാപ്പള്ളി നടേശനും ഈ വകുപ്പനുസരിച്ചുള്ള കേസ് നേരിടേണ്ടിവന്നിട്ടുണ്ട്. ആലുവയിൽ നടത്തിയ പ്രസംഗത്തിലൂടെ മതസ്പർദ്ധവളർത്താൻ ശ്രമിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ ഈ കേസെടുക്കാൻ പോലീസ് കണ്ടെത്തിയ ന്യായം. രണ്ടു സർക്കാരുകൾ ഒന്നരവർഷം പിന്നിടുന്നു എന്നിട്ടും ഈ കേസ് എങ്ങും എത്തിയിട്ടില്ല. അതുപോലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചർ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് ഡോ എൻ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരായും സമീപകാലത്ത് 153-എ അനുസരിച്ച് കേസെടുത്തിട്ടുണ്ട്.