Wednesday 24 May 2017

ഉത്തരങ്ങൾ അറിയാത്ത മുഖ്യമന്ത്രി

കേരളനിയമസഭയിലെ എൻ ഡി എയുടെ ഏക ജനപ്രതിനിധിയായ ശ്രീ ഒ രാജഗോപാൽ ചോദിച്ച ഒരു ചോദ്യം തെറ്റായിപ്പോയി. അത് ആഘോഷിക്കുകയാണ് പല സഖാക്കളും. തെറ്റുപറ്റിയാൽ അത് ട്രോളാക്കുക തന്നെ വേണം സംശയമില്ല. സഖാക്കൾ സുഹൃത്തുക്കൾ ഒന്നു കൂടി മനസ്സിലാക്കണം. ശരിയായ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം നൽകാത്ത മുഖ്യനാണ് ഉള്ളതെന്ന്. പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ല. ഒടുവിൽ സ്പീക്കർ റൂളിങ് നൽകി. ഉത്തരങ്ങൾ കൃത്യമായി ലഭ്യമാക്കണം എന്ന്.
ഉത്തരം നൽകിയിട്ടുള്ള പലതിലും അഴ്കൊഴമ്പൻ മറുപടിയും ഉദാഹരണത്തിനു സെൻകുമാറിനെതിരായ കേസ് നടത്തുന്നതിനു വക്കീൽ ഫീസടക്കം ആകെ ചെലവായ തുക എത്ര? മുഖ്യന്റെ ഉത്തരം "സർ കേസിലു സാധരണ പണം ചെലവാകും. പക്ഷെ എത്രയാണെന്ന് ഇപ്പൊ എന്റെ കൈയ്യിൽ വിവരം ഇല്ല. അത് മറച്ചുവക്കണ്ടകാര്യമല്ല."

മറ്റൊന്ന് സംസ്ഥാനത്തെ പോലീസ് മേധാവി ആരാണ്? മുഖ്യന്റെ ഉത്തരം ""ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ടു തന്നെ ആക്കാര്യം നിലനിൽക്കുകയാണ്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് കാണേണ്ടതില്ല. സുപ്രീംകോടതി വിധി ഉയർന്നുവന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നുള്ളത് സർക്കാർ ആലോചിച്ച് തീരുമാനിക്കും. അതാണ്"

മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം സംബന്ധിച്ച രണ്ട് ചോദ്യങ്ങൾക്ക് രണ്ട് മറുപടി. അതിനുപോലും വ്യക്തമായ ഉത്തരം ഇല്ല. സുപ്രീംകോടതി ചെലവു സഹിതം തിരുത്തൽ ഹർജി തള്ളിയപ്പോൾ അത് സംഭാവന ആവശ്യപ്പെട്ടതാണെന്ന് സഭയിൽ വിശദീകരണം. മഹാരാജാസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ മാരകായുധങ്ങൾ സൂക്ഷിച്ചെന്ന വകുപ്പനുസരിച്ച് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. പക്ഷെ മുഖ്യൻ സഭയിൽ പറഞ്ഞത് വാർക്കപ്പണിയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ എന്ന്. അതിനു പ്രതിപക്ഷം അവകാശലംഘനത്തിനു നോട്ടീസും നൽകി. ഇങ്ങനെ പോകുന്നു ശരിയായ ചോദ്യങ്ങൾക്കുള്ള മറുപടികൾ. അതാണ് ഉപദേശികളാൽ ചുറ്റപ്പെട്ട മുഖ്യന്റെ അവസ്ഥ.

കേരളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ഉപദേശികൾ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. പക്ഷെ നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിപറയുന്ന കാര്യത്തിൽ പേഴ്സണൽ സ്റ്റാഫും ഉപദേശികളും ഒന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും അധികം ഉത്തരം ലഭിക്കാതിരുന്നതും ആഭ്യന്തരവകുപ്പിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കാണ്

1 comment:

  1. കൊച്ചി: നവമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒ രാജഗോപാലിന് പരിഹാസവര്‍ഷമായിരുന്നു ലഭിച്ചിരുന്നത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുമാണ് ഈ പരിഹാസത്തിന് പ്രധാനകാരണമായത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയ്ക്ക് ഫീസ് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെയായി ചിലവഴിച്ചതെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാജഗോപാലിന് ശേഷം വലിയ പരിഹാസവും നേരിട്ടു. എന്നാലങ്ങനെ പരിസഹിക്കാന്‍ വരട്ടെ, ലാവലിന്‍ കേസ് സുപ്രീംകോടതിയിലെത്തിയിട്ടുമുണ്ട്, ഹരീഷ് സാല്‍വേ വാദിച്ചിട്ടുമുണ്ട്.

    മെയ് 17ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ 4166ാം നമ്പര്‍ ഉത്തരത്തിലാണ് ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയിലാണ് ലാവലിന്‍ കേസിലെ വാദം നടന്നത്, വാദിച്ചത് ഹരീഷ് സാല്‍വേയുമാണ്. ഇക്കാര്യം തന്നെയാണ് രാജഗോപാല്‍ ഉന്നയിച്ചതെന്നും, കോടതി മാറിപ്പോയതാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന നിലയില്‍ തന്നെ, ഉത്തരത്തിന് ശേഷം രാജഗോപാല്‍ മറുചോദ്യങ്ങളുന്നയിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാതെയാണ് സഭയിലിരുന്നതും. ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടി നവമാധ്യമങ്ങളില്‍ ഹിറ്റായി മാറുകയും ചെയ്തു.

    എന്നാല്‍ 2009 ആഗസ്റ്റ് 30ന് സുപ്രീംകോടതിയില്‍ ലാവലിന്‍ കേസിനെ സംബന്ധിച്ച വാദം നടന്നിരുന്നു. പിണറായി വിജയനെ വിചാരണ ചെയ്യാനുള്ള സിബിഐ അപേക്ഷ, സര്‍ക്കാരിന്റെ എതിര്‍പ്പിനെ വകവെക്കാതെ ഗവര്‍ണര്‍ അംഗീകരിച്ചു. ഈ അനുവാദം നല്‍കലിനെതിരൊയിരുന്നു പിണറായി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എഫ്എസ് നരിമാനായിരുന്നു അന്ന് പിണറായിക്ക് വേണ്ടി ഹരജി സമര്‍പ്പിച്ചത്. അന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി കേസില്‍ ഹാജരായത്, ഹരീഷ് സാല്‍വേയായിരുന്നു. പിണറായിയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ടാണ് അന്ന് വിഎസ് സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വേ ഹാജരായത്. അതിനാല്‍ തന്നെ സുപ്രീംകോടതിയില്‍ കേസ് വാദിച്ചിട്ടില്ലെന്നും ഹരീഷ് സാല്‍വേ വാദിച്ചിട്ടില്ലെന്നുമുള്ള വാദം തെറ്റാണെന്ന് വ്യക്തം.

    WP (Crl) 75/2009 എന്ന നമ്പറിലാണ് പിണറായി വിജയന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയെന്ന കേസ് കോടതിയിലെത്തിയത്. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജിയെങ്കിലും, കേരള സര്‍ക്കാരായിരുന്നു ഒന്നാം എതിര്‍ കക്ഷി. പിണറായി ഹര്‍ജി നല്‍കിയപ്പോള്‍ സിബിഐയെ എതിര്‍ കക്ഷി ആക്കിയിരുന്നില്ല, സര്‍ക്കാര്‍ മാത്രമേ എതിര്‍ കക്ഷിയായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ഹര്‍ജി ‘ഡിഫക്ട്’ എന്ന ഗണത്തില്‍പ്പെടുത്തി തിരിച്ചയച്ച സുപ്രീം കോടതി രജിസ്ട്രാര്‍, സിബിഐയെ കൂടി എതിര്‍ കക്ഷിയാക്കാന്‍ പിണറായിയോട് ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം ഈ കേസ് പരിഗണിച്ചപ്പോഴാണ് പിണറായി വിജയനു വേണ്ടി ഫാലി എസ് നരിമാനും, കേരളാ സര്‍ക്കാരിനു വേണ്ടി ഹരീഷ് സാല്‍വെയും ഹാജരായത്. സുപ്രീം കോടതിയില്‍ പിണറായിക്ക് അനുകൂലമായ നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. എങ്കിലും പിണറായിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും രാജഗോപാലിന്റെ ചോദ്യം ന്യായമെന്ന് ചുരുക്കം.

    റിപ്പോർട്ടർ വാർത്ത

    ReplyDelete

Thank you for visiting my blog. Please leave your comments here.