Thursday 31 March 2011

ക്വീൻ മേരി 2 കൊച്ചിയിൽ | Queen Mary 2 @ Kochi

ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലുകളിൽ ഒന്നായ ക്വീൻ മേരി 2 വീണ്ടും കൊച്ചിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ യാത്രാക്കപ്പലാണ് ക്വീൻ മേരി 2. 2009-ൽ ഇറങ്ങിയ ഒയാസിസ് ഓഫ് സീസ് എന്ന കപ്പലാണ് ഒന്നാം സ്ഥാനത്ത്. 2006-ൽ ഇറങ്ങിയ ഫ്രീഡം ഓഫ് സീസ് രണ്ടാം സ്ഥാനത്തും. 2004-ൽ ആണ് ക്വീൻ മേരി 2 ഇറങ്ങിയത്.
 2004 ജനുവരി 12ന് ആയിരുന്നു ക്വീൻ മേരി 2 ന്റെ കന്നിയാത്ര. ബ്രിട്ടണിലെ സതാംപ്റ്റൺ തുറമുഖത്തുനിന്നും അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്കായിരുന്നു കന്നിയാത്ര. 1132അടി നീളവും 131 അടി വീതിയുമുള്ള ഈ കപ്പലിൽ 17 നിലകൾ ഉണ്ട്. ഇതിൽ 13 നിലകൾ യാത്രക്കാർക്കുള്ളതാണ്. പരമാവധി 3056 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ളതാണ് ഈ കപ്പൽ.
ഇപ്പോൾ തായ്‌ലന്റിൽ നിന്നും ദുബായിയിലേയ്ക്കുള്ള യാത്രയിലാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. എഞ്ചിനീയറിങ് വൈദദഗ്ദ്ധ്യത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഈ കപ്പൽ. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയുടെ ഈ പേജ് സന്ദർശിക്കുക.

ഇന്ന് രാത്രി ഈ കപ്പൽ അതിന്റെ ദുബായിയിലേയ്ക്കുള്ള യാത്ര തുടരും.

വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, മദ്ധ്യമവാർത്തകൾ.

Tuesday 29 March 2011

ശാപമോക്ഷം തേടുന്ന പാതകൾ |Ill-fated Roads



മുകളിലെ ചിത്രത്തിൽ കാണുന്നത് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു പാതയാണ്. ഞാനുൾപ്പടെ നിരവധി ആളുകൾ വീടണയുന്നതിന് ഉപയോഗിക്കുന്ന പാത. ഇന്നലെ വരെ ഈ പാതയുടെ അവസ്ഥ ഇതായിരുന്നില്ല, സത്യത്തിൽ അവിടെ ഒരു വഴിഉണ്ടെന്നും അത് വർഷങ്ങൾക്ക് മുൻപ് ടാർചെയ്തതായിരുന്നു എന്നും അന്നാട്ടുകാരല്ലാത്തവരെ വിശ്വസിപ്പിക്കാൻ പ്രയാസമായിരുന്നു. ഇന്നലെ ഈ പാത വീണ്ടും ടാർചെയ്തിരിക്കുന്നു. അഞ്ചുവർഷത്തിലധികം നീണ്ട ഞങ്ങളുടെ ആവലാതികൾക്ക് ഒരു താൽകാലിക പരിഹാരം എന്ന് പറയാം. കഴിഞ്ഞ അഞ്ചുവർഷവും ഞങ്ങളുടെ വാർഡ് മെമ്പർ തന്നെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല. എന്നാലും അധികാരത്തിൽ വന്നത് അദ്ദേഹത്തിന്റെ പാർട്ടിതന്നെ. എല്ലാത്തവണയും ഈ റോഡ് ടാർ ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നത്രെ! എന്നാൽ പണി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തതായിരുന്നു പ്രശ്നം എന്നാണ് പൊതുവിൽ പറഞ്ഞിരുന്നത്. കാരണം പഞ്ചായത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ പാത. അതുകൊണ്ട് തന്നെ ടാർ ചെയ്യാൻ വകുപ്പില്ല, പണി മുതലാവില്ല എന്നെല്ലാം പറഞ്ഞ് ആരും ഏറ്റെടുക്കാതെ കിടക്കുകയായിരുന്നു ഈ പാത. പിന്നെ ഇപ്പോൾ എങ്ങനെ സാധിച്ചു. അല്പം വളഞ്ഞ വഴിയിൽ നടത്തി. അത്ര തന്നെ. എന്തായാലും ടാർ ചെയ്തു. അത്രയും ആശ്വാസം.

പക്ഷെ പൂർണ്ണമായും സമാധാനിക്കാൻ സമയമായിട്ടില്ല. കാരണം കേരളത്തിലെ മറ്റനേകം റോഡുകളുടെ ദുഃസ്ഥിതി തന്നെ ഈ റോഡിനും. ഏതു സമയവും വീണ്ടും വെട്ടിപ്പൊളിക്കപ്പെടാം. പത്തു വർഷം മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ഈ റോഡായിരുന്നു. അന്ന് ഇതു ടാർ ചെയ്യാതെ വോട്ട് ചെയ്യില്ലെന്ന് തീരുമാനം ഞങ്ങൾ കുറേ വീട്ടുകാർ എടുത്തു. തുടർന്ന് നടന്ന ഒത്തു തീർപ്പ് ചർച്ചകളിൽ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ എത്തിയാൽ വഴി ടാർ ചെയ്തുതരാം എന്ന് ഒരു വിഭാഗം സമ്മതിച്ചു. അങ്ങനെ ഞങ്ങളും തീരുമാനം മാറ്റി. ഭഗ്യവശാൽ ആ പാർട്ടി അധികാരത്തിൽ എത്തി. അവർ വാക്കുപാലിച്ചു. വഴി ടാർചെയ്തുതന്നു. എന്നാൽ അധികം താമസിയാതെ ഇത് വെട്ടിപ്പൊളിക്കാനും ആളെത്തി. അതാണ് ഞാൻ നേരത്തെ പറഞ്ഞ് ദുർവിധി. ഈ പാത രണ്ട് ടെലിഫോൺ എക്സ്‌ചേഞ്ചുകളുടെ അതിർത്തിയാണ്. വലതു വശം ചെറായി എക്സ്‌ചേഞ്ചും ഇടതു വശം എടവനക്കാട് എക്സ്‌ചേഞ്ചും. രണ്ടു കൂട്ടരും ടെലിഫോൺ കേബിൾ ഇടാനായി രണ്ടുവശത്തും റോഡ് വെട്ടിപ്പൊളിച്ചു. എങ്കിലും നടുക്കുകൂടെ നടന്നെങ്കിലും പോകാം എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അടുത്ത പാർട്ടി വരുന്നത്. പണ്ട് ഈ വഴി ഒരു നടപ്പാത മാത്രമായിരുന്നു. അന്ന് ജല‌അഥോറിറ്റി പൊതു ടാപ്പിനു വേണ്ടി പൈപ്പ് ഇട്ടിരുന്നു. പിന്നീട് പാതയ്ക്ക് വീതി കൂടിയപ്പോൾ ആ പൈപ്പ് വഴിയുടെ നടുവിലായി. ഒരിക്കൽ തകരാറിലായ പൈപ്പ് നന്നാക്കൻ അവരും കുഴിച്ചതോടെ ടാറിങ്ങ് പൂർണ്ണമായും തകർന്ന് വഴി കുണ്ടും കുഴിയും മാത്രമായി. 

ഇത് ഒരു പഞ്ചായത്ത് റോഡിന്റെ മാത്രം അവസ്ഥയല്ല, ഏറ്റവും അടുത്തുണ്ടായ മറ്റൊരു സംഭവം കൂടി പറയാം. എറണാകുളം മഹാനഗരം, രണ്ടു മാസം മുൻപ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു നഗരത്തിലെ പ്രധാനവും അപ്രധാനവും ആയ എല്ലാ നിരത്തുകളും. രഷ്ട്രീയത്തിലെ പടലപ്പിണക്കങ്ങൾ വഴി പൊതുമരാമത്ത് വകപ്പിന് നാഥൻ ഇല്ലാത്ത സമയം.  കുറച്ചു കാലം മുഖ്യമന്ത്രി നേരിട്ട് ഭരിച്ചു. പിന്നെ ധനകാര്യമന്ത്രിക്കായി ചുമതല. അദ്ദേഹം ഒരു ദിവസം നഗരത്തിൽ മൊത്തം നടന്ന് കുഴിയുടെ എണ്ണം എടുത്തു. പതിനായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി മൂന്ന്. കുഴികൾ മൂടാൻ സമയ ബന്ധിതമായി പദ്ധതിയും പണവും എന്തിന് മുഴുവൻ കുഴിയും അടച്ചു കഴിയുന്ന സമയവും വരെ പ്രഖ്യാപിച്ചു. പക്ഷെ നടന്നത് അദ്ദേഹം വകുപ്പ് മാറി. വേറെ മന്ത്രി വന്നു. ഒടുവിൽ കുഴികളുടെ എണ്ണം കൂടി മുഖ്യമന്ത്രി പോലും സ്വന്തം വീട്ടിലെത്താൻ വളഞ്ഞവഴിയിൽ യാത്ര ചെയ്യേണ്ട ഗതിയിലായി. മാദ്ധ്യമങ്ങൾ ദിവസവും റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വാർത്തകൾ അവതരിപ്പിച്ചു. ഒടുവിൽ സർക്കാർ സംവിധാനങ്ങൾ കണ്ണു തുറന്നു. സംസ്ഥാനത്തെ റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. അങ്ങനെ കൊച്ചി മഹാനഗരത്തിലെ റോഡും ശരിയായി. ഇനി അടുത്ത മഴക്കാലം വരെ നടുവൊടിയാതെ യാത്രചെയ്യാം എന്ന് കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് റോഡുകുഴിക്കാൻ ആളെത്തുന്നത്. റോഡുകൾ പൂർണ്ണമായും ടാർ ചെയ്ത് ഒരു മാസം തികയുമ്പോഴേയ്ക്കും കെ എസ് ഇ ബി വെട്ടിപ്പൊളിക്കൽ ആരംഭിച്ചു. ലോക ബാങ്കിന്റേയോ മറ്റോ സഹായത്തോടെ ഉള്ള പദ്ധതി. ഹൈടെൻഷൻ ലൈനുകൾ (11 കെ വി ലൈൻ) മാറ്റി അണ്ടർ ഗ്രൗണ്ട് കേബിൾ ഇടുന്ന പദ്ധതി. അങ്ങനെ നഗരത്തിലെ പ്രധാന പാതകൾ എല്ലാം വെട്ടിപ്പൊളിച്ച് കേബിളുകൾ സ്ഥാപിച്ചു. പിന്നെ അവിടെയെല്ലാം കരിങ്കല്‍പ്പൊടി ഉപയോഗിച്ച് കുഴികൾ അടച്ചു, ഫലമോ, പൊരിയുന്ന ചൂടിൽ പൊടിശല്യവും കൂടി. മൂക്കു പൊത്താതെ ഹൈക്കോടതി മുതൽ കലൂർ സ്റ്റേഡിയം വരെ പല ഭാഗത്തും യാത്ര ചെയ്യാൻ കഴിയാത്ത് അവസ്ഥ. ഇപ്പോൾ ഇതാ വേനൽ മഴയും. രണ്ടു ദിവസം നല്ല മഴ പെയ്താൽ ഈ റോഡുകൾ വീണ്ടും പഴയ പടി കുണ്ടും കുഴിയും ആവും. പിന്നെ ശരിയാക്കണമെങ്കിൽ അടുത്ത സർക്കാർ വരേണ്ടി വരും. അപ്പോഴേയ്ക്കും കാലവർഷം കനക്കും. പിന്നെ ഈ റോഡുകളിൽ അറ്റകുറ്റപ്പണി വേണ്ടിവരില്ല. പുനഃർനിർമ്മിച്ചാൽ മതിയാവും. എന്ന് തീരും നമ്മുടെ ഈ ശാപം.

Wednesday 9 March 2011

താരവും ആരാധകരും


ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തിൽ വടക്കേച്ചേരുവാരത്തിന്റെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ എത്തിയ പുത്തൻ‌കുളം  അനന്തപത്മനാഭന്റെ ചിത്രം എടുക്കുന്ന ആരാധകരും ആരാധകരുടെ ഇഷ്ടങ്ങൾക്കായി നിൽക്കുന്ന അനന്തപത്മനാഭനും. ഉത്സവത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടേയും ഇവിടേയും ഉണ്ട്.