Tuesday, 29 March 2011

ശാപമോക്ഷം തേടുന്ന പാതകൾ |Ill-fated Roads



മുകളിലെ ചിത്രത്തിൽ കാണുന്നത് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു പാതയാണ്. ഞാനുൾപ്പടെ നിരവധി ആളുകൾ വീടണയുന്നതിന് ഉപയോഗിക്കുന്ന പാത. ഇന്നലെ വരെ ഈ പാതയുടെ അവസ്ഥ ഇതായിരുന്നില്ല, സത്യത്തിൽ അവിടെ ഒരു വഴിഉണ്ടെന്നും അത് വർഷങ്ങൾക്ക് മുൻപ് ടാർചെയ്തതായിരുന്നു എന്നും അന്നാട്ടുകാരല്ലാത്തവരെ വിശ്വസിപ്പിക്കാൻ പ്രയാസമായിരുന്നു. ഇന്നലെ ഈ പാത വീണ്ടും ടാർചെയ്തിരിക്കുന്നു. അഞ്ചുവർഷത്തിലധികം നീണ്ട ഞങ്ങളുടെ ആവലാതികൾക്ക് ഒരു താൽകാലിക പരിഹാരം എന്ന് പറയാം. കഴിഞ്ഞ അഞ്ചുവർഷവും ഞങ്ങളുടെ വാർഡ് മെമ്പർ തന്നെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല. എന്നാലും അധികാരത്തിൽ വന്നത് അദ്ദേഹത്തിന്റെ പാർട്ടിതന്നെ. എല്ലാത്തവണയും ഈ റോഡ് ടാർ ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നത്രെ! എന്നാൽ പണി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തതായിരുന്നു പ്രശ്നം എന്നാണ് പൊതുവിൽ പറഞ്ഞിരുന്നത്. കാരണം പഞ്ചായത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ പാത. അതുകൊണ്ട് തന്നെ ടാർ ചെയ്യാൻ വകുപ്പില്ല, പണി മുതലാവില്ല എന്നെല്ലാം പറഞ്ഞ് ആരും ഏറ്റെടുക്കാതെ കിടക്കുകയായിരുന്നു ഈ പാത. പിന്നെ ഇപ്പോൾ എങ്ങനെ സാധിച്ചു. അല്പം വളഞ്ഞ വഴിയിൽ നടത്തി. അത്ര തന്നെ. എന്തായാലും ടാർ ചെയ്തു. അത്രയും ആശ്വാസം.

പക്ഷെ പൂർണ്ണമായും സമാധാനിക്കാൻ സമയമായിട്ടില്ല. കാരണം കേരളത്തിലെ മറ്റനേകം റോഡുകളുടെ ദുഃസ്ഥിതി തന്നെ ഈ റോഡിനും. ഏതു സമയവും വീണ്ടും വെട്ടിപ്പൊളിക്കപ്പെടാം. പത്തു വർഷം മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ഈ റോഡായിരുന്നു. അന്ന് ഇതു ടാർ ചെയ്യാതെ വോട്ട് ചെയ്യില്ലെന്ന് തീരുമാനം ഞങ്ങൾ കുറേ വീട്ടുകാർ എടുത്തു. തുടർന്ന് നടന്ന ഒത്തു തീർപ്പ് ചർച്ചകളിൽ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ എത്തിയാൽ വഴി ടാർ ചെയ്തുതരാം എന്ന് ഒരു വിഭാഗം സമ്മതിച്ചു. അങ്ങനെ ഞങ്ങളും തീരുമാനം മാറ്റി. ഭഗ്യവശാൽ ആ പാർട്ടി അധികാരത്തിൽ എത്തി. അവർ വാക്കുപാലിച്ചു. വഴി ടാർചെയ്തുതന്നു. എന്നാൽ അധികം താമസിയാതെ ഇത് വെട്ടിപ്പൊളിക്കാനും ആളെത്തി. അതാണ് ഞാൻ നേരത്തെ പറഞ്ഞ് ദുർവിധി. ഈ പാത രണ്ട് ടെലിഫോൺ എക്സ്‌ചേഞ്ചുകളുടെ അതിർത്തിയാണ്. വലതു വശം ചെറായി എക്സ്‌ചേഞ്ചും ഇടതു വശം എടവനക്കാട് എക്സ്‌ചേഞ്ചും. രണ്ടു കൂട്ടരും ടെലിഫോൺ കേബിൾ ഇടാനായി രണ്ടുവശത്തും റോഡ് വെട്ടിപ്പൊളിച്ചു. എങ്കിലും നടുക്കുകൂടെ നടന്നെങ്കിലും പോകാം എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അടുത്ത പാർട്ടി വരുന്നത്. പണ്ട് ഈ വഴി ഒരു നടപ്പാത മാത്രമായിരുന്നു. അന്ന് ജല‌അഥോറിറ്റി പൊതു ടാപ്പിനു വേണ്ടി പൈപ്പ് ഇട്ടിരുന്നു. പിന്നീട് പാതയ്ക്ക് വീതി കൂടിയപ്പോൾ ആ പൈപ്പ് വഴിയുടെ നടുവിലായി. ഒരിക്കൽ തകരാറിലായ പൈപ്പ് നന്നാക്കൻ അവരും കുഴിച്ചതോടെ ടാറിങ്ങ് പൂർണ്ണമായും തകർന്ന് വഴി കുണ്ടും കുഴിയും മാത്രമായി. 

ഇത് ഒരു പഞ്ചായത്ത് റോഡിന്റെ മാത്രം അവസ്ഥയല്ല, ഏറ്റവും അടുത്തുണ്ടായ മറ്റൊരു സംഭവം കൂടി പറയാം. എറണാകുളം മഹാനഗരം, രണ്ടു മാസം മുൻപ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു നഗരത്തിലെ പ്രധാനവും അപ്രധാനവും ആയ എല്ലാ നിരത്തുകളും. രഷ്ട്രീയത്തിലെ പടലപ്പിണക്കങ്ങൾ വഴി പൊതുമരാമത്ത് വകപ്പിന് നാഥൻ ഇല്ലാത്ത സമയം.  കുറച്ചു കാലം മുഖ്യമന്ത്രി നേരിട്ട് ഭരിച്ചു. പിന്നെ ധനകാര്യമന്ത്രിക്കായി ചുമതല. അദ്ദേഹം ഒരു ദിവസം നഗരത്തിൽ മൊത്തം നടന്ന് കുഴിയുടെ എണ്ണം എടുത്തു. പതിനായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി മൂന്ന്. കുഴികൾ മൂടാൻ സമയ ബന്ധിതമായി പദ്ധതിയും പണവും എന്തിന് മുഴുവൻ കുഴിയും അടച്ചു കഴിയുന്ന സമയവും വരെ പ്രഖ്യാപിച്ചു. പക്ഷെ നടന്നത് അദ്ദേഹം വകുപ്പ് മാറി. വേറെ മന്ത്രി വന്നു. ഒടുവിൽ കുഴികളുടെ എണ്ണം കൂടി മുഖ്യമന്ത്രി പോലും സ്വന്തം വീട്ടിലെത്താൻ വളഞ്ഞവഴിയിൽ യാത്ര ചെയ്യേണ്ട ഗതിയിലായി. മാദ്ധ്യമങ്ങൾ ദിവസവും റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വാർത്തകൾ അവതരിപ്പിച്ചു. ഒടുവിൽ സർക്കാർ സംവിധാനങ്ങൾ കണ്ണു തുറന്നു. സംസ്ഥാനത്തെ റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. അങ്ങനെ കൊച്ചി മഹാനഗരത്തിലെ റോഡും ശരിയായി. ഇനി അടുത്ത മഴക്കാലം വരെ നടുവൊടിയാതെ യാത്രചെയ്യാം എന്ന് കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് റോഡുകുഴിക്കാൻ ആളെത്തുന്നത്. റോഡുകൾ പൂർണ്ണമായും ടാർ ചെയ്ത് ഒരു മാസം തികയുമ്പോഴേയ്ക്കും കെ എസ് ഇ ബി വെട്ടിപ്പൊളിക്കൽ ആരംഭിച്ചു. ലോക ബാങ്കിന്റേയോ മറ്റോ സഹായത്തോടെ ഉള്ള പദ്ധതി. ഹൈടെൻഷൻ ലൈനുകൾ (11 കെ വി ലൈൻ) മാറ്റി അണ്ടർ ഗ്രൗണ്ട് കേബിൾ ഇടുന്ന പദ്ധതി. അങ്ങനെ നഗരത്തിലെ പ്രധാന പാതകൾ എല്ലാം വെട്ടിപ്പൊളിച്ച് കേബിളുകൾ സ്ഥാപിച്ചു. പിന്നെ അവിടെയെല്ലാം കരിങ്കല്‍പ്പൊടി ഉപയോഗിച്ച് കുഴികൾ അടച്ചു, ഫലമോ, പൊരിയുന്ന ചൂടിൽ പൊടിശല്യവും കൂടി. മൂക്കു പൊത്താതെ ഹൈക്കോടതി മുതൽ കലൂർ സ്റ്റേഡിയം വരെ പല ഭാഗത്തും യാത്ര ചെയ്യാൻ കഴിയാത്ത് അവസ്ഥ. ഇപ്പോൾ ഇതാ വേനൽ മഴയും. രണ്ടു ദിവസം നല്ല മഴ പെയ്താൽ ഈ റോഡുകൾ വീണ്ടും പഴയ പടി കുണ്ടും കുഴിയും ആവും. പിന്നെ ശരിയാക്കണമെങ്കിൽ അടുത്ത സർക്കാർ വരേണ്ടി വരും. അപ്പോഴേയ്ക്കും കാലവർഷം കനക്കും. പിന്നെ ഈ റോഡുകളിൽ അറ്റകുറ്റപ്പണി വേണ്ടിവരില്ല. പുനഃർനിർമ്മിച്ചാൽ മതിയാവും. എന്ന് തീരും നമ്മുടെ ഈ ശാപം.

2 comments:

  1. മണീ
    ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. (ബ്ലോഗുകളിലൊന്നും കയറാറില്ല)
    ഇതേ അവസ്ഥതന്നെയാണ് എന്റെ വീടിനടുത്തുമുള്ള റോഡിനുമുള്ളത്. കഴിഞ്ഞ പ്രാവശ്യ്യം ജയിച്ചു പോയ മെമ്പര്‍ 5 വര്‍ഷമായി അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇക്കഴിഞ്ഞ ഇലക്ഷന്‍ കഴിഞ്ഞ് അതേ പാര്‍ട്ടിയുടേ പുതിയ മെമ്പര്‍ വന്നു. പക്ഷേ ഇപ്പോഴും റോഡിനു പഴേ അവസ്ഥ. വരുന്ന മഴക്കാലത്തിനു മുന്‍പെങ്കിലും റീടാറിങ്ങ് നടന്നില്ലെങ്കില്‍ ചങ്ങാടം ഇടേണ്ട അവസ്ഥയാകും. :(

    ReplyDelete
  2. നന്ദേട്ടാ ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി. പലപ്പോഴും വളരെക്കാലമായിട്ടും നടപ്പാക്കാത്ത പദ്ധതികൾ നടപ്പിലാക്കിക്കിട്ടുന്നതിന് സമ്മർദ്ദതന്ത്രം തന്നെ രക്ഷ. പഞ്ചായത്ത് ഇലക്ഷൻ ആണ് ഇത് ഏറ്റവും വിജയിക്കുക. നന്ദേട്ടൻ പറഞ്ഞ വഴിയും എത്രയും പെട്ടന്ന് നന്നാക്കികിട്ടട്ടെ എന്നാശംസിക്കുന്നു.

    ReplyDelete

Thank you for visiting my blog. Please leave your comments here.