Sunday 19 February 2017

ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോദനങ്ങൾ

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും അവയ്ക്കെതിരെ പൊത്സമൂഹത്തിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നുവരുന്ന പ്രതിഷേധശബ്ദങ്ങളും ആണല്ലൊ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്. പാമ്പാടി നെഹ്രു കോളേജിൽ മാനേജ്മെന്റിന്റെ പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്ത (മാനേജ്മെന്റ് കൊലപ്പെടുത്തിയ) ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ ദുരനുഭവം ഉയർത്തിവിട്ട പ്രതിഷേധത്തിന്റെ അലകൾ നെഹ്രു കോളേജിലെ മാത്രം അല്ല, മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രതിഷേധങ്ങൾക്ക് ശക്തിപകർന്നു. പല കൊടികെട്ടിയ മാനേജ്മെന്റുകളും വിദ്യാർത്ഥിസമൂഹത്തിന്റേയും പൊതുസമൂഹത്തിന്റേയും ശക്തമായ പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി. അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതും തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോകോളേജിൽ നടന്ന സമരം ആണ്. ശക്തമായ സമരത്തിനു മുൻപിൽ നാരായണൻ നായർക്കും സംഘത്തിനും ഉണ്ടായിരുന്ന രാഷ്ട്രീയ പിൻബലം അവരെ രക്ഷിക്കാൻ ഉതകിയില്ല എന്നത് വളരെ സന്തോഷം നൽകുന്നു. ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മറ്റൊരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ മറ്റക്കര ടോംസ് കോളേജിന് അംഗീകാരം തന്നെ നഷ്ടപ്പെട്ടു. ജിഷ്ണു പ്രണോയ് വിഷയത്തിൽ ഇപ്പോഴും ആശങ്കപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രോസിക്യൂഷന്റേയും പോലീസിന്റേയും ഫോറൻസിക് വിഭാഗത്തിന്റേയും ഭാഗത്തുനിന്നും ഉണ്ടായ പല വീഴ്ചകളും ഇപ്പോൾ സംശയം ഉണർത്തുന്നു. ഒടുവിൽ വന്ന വാർത്തകൾ അനുസരിച്ച് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് നെഹ്രു ഗ്രൂപ്പിന്റെ ചെയർമാൻ കൃഷ്ണദാസിനു മുൻകൂർ ജാമ്യം ലഭിക്കുന്നതിനു കാരണമായതെന്ന് പറയപ്പെടുന്നു. 

സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന ഈ പീഡനങ്ങൾ ചർച്ചചെയ്യപ്പെടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ് ഈ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനു ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ. വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടിട്ടില്ലാത്തതാണ് ഈ പീഡനങ്ങൾക്ക് കാരണമാകുന്നതെന്ന് പറയുമ്പോൾ പേരൂർക്കട് ലോ അക്കാദമി ലോ കേളേജിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്ന ഏവരും സമ്മതിക്കുന്നു. എന്നിട്ടും വിദ്യാർത്ഥികൾ തുടർച്ചയായി മാനേജ്മെന്റിന്റെ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്നു എന്നതാണ് വാസ്തവം. വിദ്യാർത്ഥി രാഷ്ട്രീയം അതിന്റെ പാരമ്യത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള ചില സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥി പീഡനം സംബന്ധിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംഭവങ്ങൾക്ക് കിട്ടിയ മാദ്ധ്യമശ്രദ്ധ ഈ വിഷയത്തിൽ കിട്ടാതെ പോയി. അങ്ങനെയുള്ള ചില സംഭവങ്ങൾ കൂടി പരാമർശിക്കാം എന്ന് കരുതുന്നു.

കോട്ടയം നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കിലെ റാഗിങ്ങ്
കോട്ടയം ജില്ലയിൽ നാട്ടകത്തുള്ള ഗവണമെന്റ് പോളിടെക്നിക്ക് കോളേജിലെ ദളിത് വിദ്യാർത്ഥിയായ അവിനാശിനെ ക്രൂരമായ പീഡനങ്ങൾക്ക് അതേ കോളേജിലെ തന്നെ ഒരു വിഭാഗം വിദ്യാർത്ഥികൾ വിധേയനാക്കിയത് ഇക്കഴിഞ്ഞ ഡിസംബർ മാസം രണ്ടാതീയതിയാണ്. ഈ റാഗിങ്ങ് സംബന്ധിച്ച് ഡിസംബർ പന്ത്രണ്ടിനു വാർത്ത നൽകിയ മാതൃഭൂമിയിൽ ഇപ്രകാരം പറയുന്നു. "രാത്രി ഹോസ്റ്റലിലെത്തിയ ഒമ്പതോളം വിദ്യാര്‍ത്ഥികള്‍ അവിനാഷ് അടക്കമുള്ളവരെ നഗ്‌നരാക്കി ആറ് മണിക്കൂറോളം വ്യായാമ മുറകള്‍ ചെയ്യിച്ചു. ഇതിനുശേഷം വിഷം കലര്‍ന്ന മദ്യം അവരുടെ വായിലൊഴിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായി വീട്ടിലെത്തിയപ്പോഴാണ് റാഗിങ്ങിനിരയായ കാര്യം അവിനാഷ് പറയുന്നത്. ഇതോടെ അവിനാഷിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. വിഷം കലര്‍ന്ന മദ്യം ഉള്ളില്‍ചെന്നതാണ് വൃക്ക തകരാറിലാകാന്‍ കാരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു." ഇതേ തുടർന്ന് നാട്ടകം പോളിയിൽ തന്നെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പീഡനങ്ങൾ സംബന്ധിക്കുന്ന പല വാർത്തകളും വെളിയിൽ വന്നു. പ്രത്യേകിച്ചു ദളിത് വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ മംഗളത്തിന്റെ ഈ വാർത്തയിൽ പറയുന്നുണ്ട്. അവിനാശിനേയും ഷൈജുവിനേയും റാഗിങ്ങിനു വിധേയരാക്കിയ മുഴുവൻ പ്രതികളും പോലീസിനു കീഴടങ്ങുകയും അവരെ ഡിസംബർ 31 വരെ റിമാന്റ് ചെയ്തതായും വാർത്തകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി മനു, എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ്,ചാലക്കുടി സ്വദേശി ജെയ്‌സന്‍ കോട്ടയം സ്വദേശി അഭിലാഷ്, മേലുകാവ് സ്വദേശി ശരത് ,കൊല്ലം സ്വദേശി നിധിന്‍, പ്രവീൺ എന്നീ ഒൻപതു പേരാണ് ഈ കേസിൽ പ്രതിസ്ഥനത്തുള്ളത്. വിദ്യർത്ഥി രാഷ്ട്രീയം ശക്തമായ നാട്ടകം പോളിയിൽ ഡിസംബർ 2നു നടന്ന ഈ ക്രൂരമായ ഈ പീഡനം വെളിയിൽ വരുന്നത് പത്തു ദിവസം കഴിഞ്ഞാണ്. ഈ കേസിൽ ഉണ്ടായ തുടർ നടപടികൾ ഇപ്പോൾ അറിയില്ല. അവിനാശ് നാട്ടകത്തെ പഠനം മതിയാക്കി മറ്റൊരു പോളിടെക്നിക്കിലേക്ക് മാറ്റം നേടാൻ ശ്രമിക്കുന്നു എന്ന് വാർത്തകൾ.


എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥി പീഡനം
ജിഷ്ണു പ്രണൊയിയുടെ മരണം ചർച്ചചെയ്യപ്പെടുന്ന അവസരത്തിൽ തന്നെയാണ് കോട്ടയത്ത് എം ജി സർവകലാശാല ക്യാമ്പസ്സിൽ എം ഫിൽ വിദ്യാർത്ഥിയായ വിവേക് കുമാരനു നേരെ  അക്രമം ഉണ്ടാവുന്നത്. വിവേക് കുമാരനു നേരെ ഉണ്ടായ അക്രമത്തെക്കുറിച്ചുള്ള മംഗളം വാർത്തയിൽ ഇങ്ങനെ പറയുന്നു "സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഠനത്തിന്റെ ഭാഗമായി ആരംഭിച്ച അംബേദ്‌കര്‍ സ്‌റ്റുഡന്‍സ്‌ മൂവ്‌മെന്റ്‌ എന്ന സംഘടനയില്‍ വിവേക്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഹോസ്‌റ്റലിലെ തന്റെ മുറിയിലേയ്‌ക്ക്‌ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായാണു സംഘം ഹോസ്‌റ്റലിലെ മുറിയില്‍ എത്തിയതെന്നും എസ്‌.എഫ്‌.ഐയ്‌ക്കെതിരെ നീ പ്രവര്‍ത്തിക്കുമോടാ എന്ന്‌ ആക്രോശിച്ചുകൊണ്ടു സംഘം തന്റെ തലയ്‌ക്കു നേരെ കമ്പിവടി വീശുകയായിരുന്നുവെന്നുമാണു മൊഴി. മുറി പൂര്‍ണമായും തല്ലിത്തകര്‍ക്കുകയും വിവേകിനെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്‌തു.  ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച്‌ അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നു ബോധരഹിതനായ വിവേകിനെ സമീപത്തെ മുറിയിലെ വിദ്യാര്‍ഥികളാണു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴുത്തിനു സാരമായി പരുക്കേറ്റ വിവേകിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവേറ്റിട്ടുണ്ട്‌. സംഭവത്തില്‍ പരാതി ലഭിച്ചതായും കേസെടുത്തതായും ഗാന്ധിനഗര്‍ എസ്‌.ഐ. എം.ജെ. അരുണ്‍ കേസ്‌ എടുത്തു" എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെയുള്ളവർ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് ഉള്ളത്.

കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് വിദ്യാർത്ഥി പീഡനം
വിദ്യാർത്ഥി രാഷ്ട്രീയം ഏറ്റവും ശക്തമായ കളമശ്ശേരി ഗവണ്മെന്റ് പോളിറ്റെക്നിക്കിൽ വിദ്യാർത്ഥി ഹോസ്റ്റൽ ആയ പെരിയാറിൽ നടക്കുന്ന പീഡനങ്ങളെ സബന്ധിക്കുന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. പെരിയാറിലെ പാകൃതമായ റാഗിങ്ങിനെ കുറിച്ച് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നത് ഇങ്ങനെ. "ആണ്‍കുട്ടികളുടെ ഹോസ്റ്റലായ പെരിയാറില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മനുഷ്യാവകാശ കമീഷനും റേഞ്ച് ഐ.ജിക്കും പരാതി സമര്‍പ്പിച്ചത്. ഭക്ഷണശാലയില്‍ അടിവസ്ത്രം ധരിപ്പിക്കാതിരിക്കുക, കുളിമുറിയുടെ വാതില്‍ തുറന്നുവെച്ച് കുളിപ്പിക്കുക, നിര്‍ബന്ധിത നഗ്നതപ്രദര്‍ശനം തുടങ്ങിയ പ്രാകൃതചട്ടങ്ങള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചേല്‍പിച്ചിരുന്നെന്നും ആരെങ്കിലും എതിര്‍ത്താല്‍ കൂടുതല്‍ പ്രാകൃതപീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ നഗ്നരാക്കി ഭക്ഷണഹാളിനുചുറ്റും ഓടിക്കുമായിരുന്നു. ശൗചാലയം അടച്ചിട്ട് കുളിക്കുന്നവരെ കണ്ടത്തെി പൂട്ടിയിടുന്നതും തോര്‍ത്ത് മാത്രം ധരിച്ച് ഭക്ഷണശാല കഴുകണമെന്ന നിബന്ധനയും ഭയന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷംപേരും താമസം മതിയാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു" റാഗിങ്ങിനു ഇരയായ വിദ്യാർത്ഥികൾ എറണാകുളം റേഞ്ച് ഐ ജിയ്ക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകുകയായിരുന്നു. തുടർന്ന് പോളിടെക്നിക്ക് ആന്റി റാഗിങ്ങ് സെൽ നടത്തിയ അന്വേഷണത്തിൽ 11 വിദ്യാർത്ഥികളെ സസ്പ്എന്റ് ചെയ്തിട്ടുണ്ട്. കളമശ്ശേരിയിൽ നടന്ന റാഗിങ്ങ് സംബന്ധിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പോളിടെക്നിക് എസ് എഫ് ഐ നേതൃത്വത്തിന്റെ ഈ വിഷയത്തിലെ നിലപാടും അപഹാസ്യമായി തോന്നി. "കോളേജിൽ നടന്ന സംഭവം പോലീസല്ല കോളേജ് അധകൃതരാണ് അന്വേഷിക്കേണ്ടതെന്ന് എസ് എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു. കോളേജ് അധികൃതർ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എൻ എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു" എന്നതാണ് എസ് എഫ് ഐ നിലപാടായി ആ വാർത്തയിൽ പ്രസിദ്ധീകരിച്ചത്. റാഗിങ്ങ് ഒരു ക്രിമിനൽ കുറ്റമാണ്. അതിനുള്ള അന്വേഷണം നടത്തേണ്ടത് പോലീസും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടത് കോടതിയും ആണ്. റാഗിങ് തടയുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ 2009 മെയ് 8-ലെ സുപ്രധാനമായ ഒരു വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിനു വീഴ്ചവരുത്തുന്ന സ്ഥാപന മേലധികാരികളും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ കുറ്റക്കാരാണ്. 

കഴിഞ്ഞ മൂന്നു മാസക്കാലത്ത് സ്വാശ്രയ / സ്വകാര്യ സ്ഥാപനങ്ങളിൽ അല്ലാതെ നടന്ന് ചില വിദ്യാർത്ഥി പീഡനങ്ങൾ സംബന്ധിക്കുന്ന വാർത്തകൾ ആണ് മുകളിൽ പറഞ്ഞത്. മഞ്ചേരി മെഡിക്കൽ കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതും ഡിസംബർ മാസത്തിൽ ആണ്. സദാരലംഘനം ആരോപിച്ച് തൃശൂർ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ആക്രമിച്ചതും കഴിഞ്ഞ ആഴ്ചകളിൽ ആണ്. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുത്ത് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നടത്തിയ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്തു. സ്വാശ്രയ / സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന മാനേജ്മെന്റ് പീഡനങ്ങൾ പോലെ തന്നെ എതിർക്കപ്പെടേണ്ടതും സമൂഹത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകേണ്ടതുമായ വിഷയം തന്നെയാണ് വിദ്യാർത്ഥി സംഘടനകൾക്ക് ശക്തമായ വേരോട്ടം ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികളിൽ നിന്നും ഏൽക്കുന്ന പീഡനങ്ങളും. ആ വിദ്യാർത്ഥികളുടെ രോദനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകരുത്.