ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആ സത്യം ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇത് തുടർന്ന് ശബരിമലയിലെ ശാന്തിക്കാരനെ ഉപയോഗിച്ച് നടത്താൻ അനുവദിക്കണമെന്നും മകരവിളക്ക് നിറുത്തലാക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നും ദേവസ്വം ബോർഡ് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് കെ എസ് ഇ ബി യുടേയും, വനംവകുപ്പിന്റേയും, പോലീസിന്റേയും സഹകരണം ആവശ്യമാണെന്നും ദേവസ്വം ബോർഡ് പറയുന്നു. അല്പം മുൻപ് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ദേവസ്വം ബോർഡും, പോലീസും, വനംവകുപ്പും ചേർന്ന തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നത്. ഈ വസ്തുത സത്യവാങ്‌മൂലത്തിൽ മറച്ചുവെച്ചതായി വേണം വാർത്തയിൽ നിന്നും മനസ്സിലാക്കാൻ. കഴിഞ്ഞ് കുറെ ദശാബ്ദങ്ങളായി മകരവിളക്ക് സംബന്ധിച്ച വിവാദങ്ങളിൽ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ദേവസ്വം ബോർഡിന്റെ പുതിയ നയം സ്വാഗതാർഹം തന്നെ. വിശ്വാസികളെ തുടർന്നും ചൂഷണം ചെയ്യാതെ ബോധവാന്മാരാക്കുന്നതിനും ദേവസ്വം ബോർഡ് ശ്രമിക്കും എന്ന് പ്രത്യാശിക്കാം.
Showing posts with label Makaravilakku. Show all posts
Showing posts with label Makaravilakku. Show all posts
Monday, 25 April 2011
Sunday, 16 January 2011
മകരവിളക്ക് - സത്യം വെളിവാക്കണം | Makaravilakku - Truth must be revealed
അങ്ങനെ വീണ്ടും ഒരു ദുരന്തത്തിനു കൂടി കേരളം സാക്ഷിയായിരിക്കുന്നു. ശബരിമലയിൽ എത്താൻ അയ്യപ്പഭക്തന്മാർക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം മകരവിളക്ക് കാണാൻ പരമ്പരാഗത പാതയായ വണ്ടിപ്പെരിയാർ - പുൽമേടിൽ തമ്പടിച്ചിരുന്ന അയ്യപ്പഭക്തരിൽ നൂറിലധികം ആളുകൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരിക്കുന്നു. പല തീർത്ഥാടന കേന്ദ്രങ്ങളിലും തിക്കിലും തിരക്കിലും അപകടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും പുൽമേടിൽ ഇന്നലെ സംഭവിച്ചത് തികച്ചും ഒഴിവാക്കാവുന്നത് തന്നെയാണ്. മണ്ഡല തീർത്ഥാടനത്തിൽ അയ്യപ്പഭക്തരെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ട മുഹൂർത്തം തന്നെയാണ് മകരസംക്രമദിവസത്തെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും തുടർന്ന് പൊന്നമ്പലമേട്ടിൽ തെളിയുന്നു എന്ന് പ്രചരിപ്പിക്കുന്ന മകരവിളക്കും. മകരവിളക്ക് എന്ന പ്രതിഭാസം അത്ഭുതവും ദൈവീകവും ആണെന്ന് പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇപ്പോളും ഉണ്ട്. ഇതിന് ദേവസ്വം ബോർഡും കാലാകാലങ്ങളിൽ വന്ന സർക്കാരുകളും മൗനാനുവാദം നൽകിവരുന്നു. മകരവിളക്ക് എന്നത് പൊന്നമ്പലമേട്ടിൽ താനെ തെളിയുന്ന അത്ഭുതമല്ലെന്നും വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും ചേർന്ന് കത്തിക്കുന്നതാണെന്നും അനൗദ്യോഗീകമായി പലരും സമ്മതിക്കുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ സംവിധാനത്തിന്റെ പിന്നിലെ വസ്തുതകൾ വിളിച്ചു പറയാൻ ഇനിയെങ്കിലും സർക്കാർ സംവിധാനങ്ങൾ തയ്യാറാവണം. കാരണം ദൈവീകവും അത്ഭുതകരവുമാണ് മകരവിളക്കെന്ന് ഇപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നല്ലൊരു ശതമാനം അയ്യപ്പഭക്തരും വിശ്വസിക്കുന്നു. ശബരിമലയെ സംബന്ധിക്കുന്ന മറ്റെല്ലാകാര്യങ്ങളിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിളിച്ചു പറയുന്ന ദേവസ്വവും സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നത് ശരിയല്ല. സന്നിധാനത്തെ സുരക്ഷാകാര്യങ്ങളുടെ ചുമതല ഇന്ന ഉദ്യോഗസ്ഥനാണ്, സന്നിധാനം സ്പെഷ്യൽ കമ്മീഷണർ ഇന്ന മജിസ്ട്രേറ്റ് ആണ്, മണ്ഡല പൂജ നടത്തുന്നത് കണ്ഠരര് മഹേശ്വരരാണ്, നിറപ്പുത്തരിയ്ക്ക് മുഖ്യകാർമ്മികത്വം കണ്ഠരര് രാജീവർക്കാണ്, ശബരിമല മേൽശാന്തി ഇന്ന നമ്പൂതിരിയാണ്, തിരുവാഭരണഘോഷയാത്രയുടെ സുരക്ഷാചുമതല ഇന്ന പോലീസ് ഉദ്യോഗസ്ഥനാണ്, എന്നിങ്ങിനെ ഏതു ചോദ്യത്തിനും ഉത്തരം ഉടനെ കിട്ടും. ഇത്തവണ മകരവിളക്ക് കത്തിക്കേണ്ട ചുമതല ആർക്കാണ്? ഇല്ല മറുപടി ഇല്ല. അത് സർക്കാർ രഹസ്യം. അതു തന്നെ മകരവിളക്കിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിൽ സർക്കാരിന് താല്പര്യമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മറ്റൊരർത്ഥത്തിൽ സർക്കാർ തന്നെയാണ് ഈ വിശ്വാസചൂഷണത്തിന് കാലാകാലങ്ങളായി മുൻകൈ എടുക്കുന്നത് എന്നർത്ഥം.
പല മാദ്ധ്യമങ്ങളിൽ നിന്നും വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുന്നത് പുൽമേടിൽ രണ്ടരലക്ഷത്തിലധികം വരുന്ന ആളുകൾ തമ്പടിച്ചിരുന്നു എന്നാണ്. ഇത്രയും ആളുകൾ ദിവസങ്ങളായി അവിടെ കാത്തിരുന്നത് മകരവിളക്ക് ദർശിക്കുന്നതിന് മാത്രമാണ്. മകരവിളക്ക് അത്ഭുതപ്രതിഭാസം ആണെന്ന വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. വെള്ളവും വെളിച്ചവും ഇല്ലാത്ത ഇവിടെ തണുപ്പ് സഹിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത് മകരവിളക്കിന് നൽകിയിട്ടുള്ള ഈ അത്ഭുത പരിവേഷം തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മകരവിളക്കിന്റെ സംഘാടകരായ സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ആണ്. ഇത്രയധികം ആളുകൾ അവിടെ തമ്പടിച്ചിരുന്നു എന്നതും ഇത് പല അപകടങ്ങൾക്കും വഴിവെക്കും എന്നതും മുൻകൂട്ടി കാണാൻ സാധിക്കാതെ പോയത് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയായി വേണം കാണാൻ.
ശബരിമല ഭക്തിചൂഷണത്തിന്റെ മറവിൽ ധനാഗമത്തിനുള്ള ഒരു മാർഗ്ഗം മാത്രമായിരിക്കുന്നു. ശബരിമലയിലെ പ്രധാന ആകർഷണം മകരവിളക്കും. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് മകരവിളക്ക് സമയത്താണ്. അതുകൊണ്ട് തന്നെ ഇതിനുപിന്നിലെ സത്യം വിളിച്ചുപറഞ്ഞ് വരുമാനം കുറയ്ക്കാൻ സർക്കാരുകൾ തയ്യാറല്ല എന്നു വ്യക്തം. ഈ വിഷയത്തിൽ 2007 ഫെബ്രുവരിയിലെ കലാകൗമുദി ആഴ്ചപതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ ലേഖനവും അതിനെ ആസ്പദമാക്കി ഞാൻ ഇട്ട ഒരു പോസ്റ്റും ഇവിടെ വായിക്കാം. കൈരളി ടി വി യ്ക്കു വേണ്ടി രണ്ടായിരത്തിൽ തയ്യാറാക്കിയ പ്രോഗ്രാമിന്റെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം. മകരവിളക്കിനു പിന്നിലെ യാഥാർത്ഥ്യം വെളിവാക്കുന്ന ഏക വീഡിയോ പ്രോഗ്രാമമും ഇതുതന്നെ ആവണം. മകരവിളക്കിനു പിന്നിലെ വസ്തുതകൾ പരസ്യമായിത്തന്നെ സർക്കാരും ദേവസ്വം ബോർഡും പ്രഖ്യാപിക്കട്ടെ. അതാവും മരിച്ച 102 അയ്യപ്പഭക്തരോടും ചെയ്യാവുന്ന ഏറ്റവും വലിയ പ്രായശ്ചിത്തം. വരും കാലങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
Saturday, 6 December 2008
മകരവിളക്ക് ചില വസ്തുതകൾ | Some facts about Makaravilakku
കഴിഞ്ഞ ദിവസം ഒരു സുഹൃത്തു അയച്ചുതന്ന മെയിൽഅറ്റാച്ച്‌മെന്റ് ആണ് ഈ ബ്ലോഗിനുള്ള കാരണം. മകരവിളക്കിനു പിന്നിലുള്ള കള്ളക്കളികളെക്കുറിച്ച് 2007 ഫെബ്രുവരി മാസം പുറത്തിറങ്ങിയ കലാകൗമുദി ആഴ്ചപ്പതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ “വ്യാജാഗ്നി” എന്ന ലേഖനം ആയിരുന്നു ആ അറ്റാച്ച്‌മെന്റ്. പലർക്കും ഇതൊരു പുതിയ അറിവല്ലെന്നു ഞാൻ കരുതുന്നു. ആ ലേഖനത്തിന്റെ ചിത്രം താഴെ ചേർക്കുന്നു.

ഞാനും എന്റെ കുട്ടിക്കാലത്ത് ഇതൊരു ദിവ്യ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് എന്റെ ബന്ധുവും കേരളപോലീസിൽ ഒരു ഉദ്യോഗസ്ഥനും ആയിരുന്ന ആളിൽ നിന്നുമാണ് ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞത്. പിന്നെ ഇതു സംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങളും, വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാണാൻ ഇടയായി. തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി.
വർഷങ്ങൾക്കു മുൻപ് പൊന്നമ്പലമേടിനു സമീപത്തു പോകാനും ഒരു അവസരം ലഭിച്ചു. ജോലിയുടെ ഭാഗമായി കൊച്ചു പമ്പ ഡാമിലുള്ള ഒരു മോട്ടോർ നോക്കാനാണ് ഞാൻ അവിടെ പോയത്. കൊച്ചുപമ്പ ഡാമിനോടുള്ള ചേർന്നു കെ എസ് ഇ ബി ക്ക് ഒരു സബ് സ്‌റ്റേഷൻ ഉണ്ട്. ഇവിടെനിന്നും ആണ് ശബരിമലയിലേയ്ക്കും സന്നിധാനത്തേയ്ക്കും വേണ്ട വൈദ്യുതി എത്തിക്കുന്നത്. മാത്രമല്ല തീർത്ഥാടനകാലത്ത് പമ്പയിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനും കൊച്ചുപമ്പ ഡാം ഉപയോഗിക്കുന്നു. അന്നത്തെ യാത്ര വൈദ്യുതി വകുപ്പിന്റെ വണ്ടിയിൽ കോട്ടയം - കുമളി റോഡ് (കെ കെ റോഡ്) വഴിയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും വലത്തോട്ടു തിരിഞ്ഞാൽ പെരിയാർ കടുവ സങ്കേതത്തിലൂടേയുള്ള റോഡിൽ കയറാം. വണ്ടിപ്പെരിയാറിൽ നിന്നും നാലുമണിക്കൂർ നേരം കാനന പാതയിലൂടെ സഞ്ചരിച്ചാണ് അന്ന് കൊച്ചുപമ്പ ഡാമിൽ എത്തിയത്. ഈ വഴിയിൽ തന്നെയാണ് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവി എന്ന കോളനി. ഇവിടെവരെ മാത്രമാണ് മനുഷ്യവാസം ഉള്ളത്. പിന്നീട് കൊടുംകാടാണ്. പലപ്പോഴും മുൻകൂർ അനുവാദം വാങ്ങിയ വണ്ടികൾക്കുമാത്രമേ ഈ വഴിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് അന്നു ഒപ്പമുണ്ടയിരുന്നു കെ എസ് ഇ ബി ഡ്രൈവർ പറഞ്ഞത്. കൊച്ചുപമ്പ ഡാം തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. കെ എസ് ഇ ബി യുടേയും വനം വകുപ്പിന്റേയും ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും അവിടെ ഇല്ല. പിന്നീടുള്ളത് കുറച്ചു ആദിവാസികളാണ്. ഇവിടെയ്ക്ക് അന്നു മറ്റു വാർത്താ വിനിമയ ഉപാധികൾ ഒന്നും എത്തിയിരുന്നില്ല. കെ എസ് ഇ ബി യുടെ സബ്‌സ്‌റ്റേഷനിൽ ട്രാൻസ്‌മിഷൻ ലൈൻ വഴി അത്യാവശ്യഘട്ടങ്ങളിൽ മറ്റു സബ്‌സ്‌റ്റേഷനുമായി ബന്ധപ്പെടാം. കൊച്ചുപമ്പ ഡാം എത്തുന്നതിന് കുറെ മുൻപ് റോഡിന്റെ വലതു വശത്തായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടച്ച ഒരു വഴി ഡ്രൈവർ കാണിച്ചു തന്നു. അതായിരുന്നു പൊന്നമ്പലമേട്ടിലേയ്ക്കുള്ള കാനന പാത. ആ താഴിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് കൊച്ചുപമ്പ ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയറും, ഫോറസ്റ്റ് ഓഫീസറും ആണെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിൽ ഒരു കോൺക്രീറ്റ് തറയുണ്ടെന്നും അവിടെയാണ് മകരവിളക്ക് കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അദ്ദേഹം പലരേയും അവിടെ കൊണ്ടുപോയിട്ടുണ്ട്. പിറ്റേ ദിവസം ജോലികഴിഞ്ഞ് സമയം ഉണ്ടെങ്കിൽ അവിടെ പോയിക്കാണമെന്നും ഞാൻ തീരുമാനിച്ചു. അദ്ദേഹവും അതു സമ്മതിച്ചു. എന്നാൽ പിറ്റേദിവസം വളരെ വൈകിയാണ് ജോലിതീർക്കാൻ സാധിച്ചത്. സാധാരണയായി സന്ധ്യക്കുശേഷം ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ ആരു തയ്യാറവില്ല. കൂടാതെ ജോലികഴിഞ്ഞ് ഉടൻ തന്നെ എനിക്കു തിരിച്ച് വീട്ടിലേയ്ക്ക് പോരേണ്ടതായും വന്നു. പൊന്നമ്പലമേടു കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.
കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വെച്ചാണ്. കൂടാതെ ഈ സത്യങ്ങൾ അറിഞ്ഞിരുന്നുകൊണ്ട് വിവിധ മാധ്യമങ്ങളും മകരവിളക്കിന്റെ തത്സമയ സംപ്രേക്ഷണം എന്ന കച്ചവടം നടത്തുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നകാര്യത്തിൽ കക്ഷി രാഷ്‌ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും തുല്യതെറ്റുകാരാണ്. ഇതിനെതിരായി പലരും കോടതിയെ സമീപിച്ചെങ്കിലും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് കാലാകലങ്ങളിൽ വന്നിട്ടുള്ള സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മകരസംക്രമദിവസം തിരുവാഭരണം ചാർത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്‌ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം. സാധാരണഗതിയിൽ പലരും സ്വാധീനം ഉപയോഗിച്ച് പൊന്നമ്പലമേട്ടിൽ എത്താറുണ്ടെങ്കിലും മകരവിളക്കിനു ആഴ്ചകൾക്കു മുൻപു തന്നെ ഈ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ തട്ടിപ്പിന്റെ ചിത്രങ്ങൾ ഇത്രനാളും ലഭ്യമല്ലായിരുന്നു. ശ്രീ ടി എൻ ഗോപകുമാർ തന്റെ ലേഖനത്തിന്റെ അവസാനം പറയുന്നതുപോലെ സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കുംതന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

Subscribe to:
Posts (Atom)