Saturday, 19 May 2018

കർണ്ണാടക എന്റെ നിഗമനങ്ങൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനും അധികാരത്തിൽ വരാനും തന്നെയാണ്. അതിനായി ജനപിന്തുണ ഉണ്ടായി. കർണ്ണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ചെയ്തു. പക്ഷെ ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. ഏതാനും ചില സീറ്റുകളുടെ കുറവ്. ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ കൂടുതൽ സീറ്റുകൾ ഉണ്ടെങ്കിലേ ഭരിക്കാൻ പറ്റൂ എന്നില്ല. വിശ്വാസവോട്ട് നടക്കുന്ന അവസരത്തിൽ സഭയിൽ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായാൽ മതി. അതുകൊണ്ട് 104 സീറ്റുകൾ നേടിയ ഭാരതീയ ജനതാപാർട്ടി കർണ്ണാടകയിൽ സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചത് വലിയ തെറ്റായി ഞാൻ കാണുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒക്കെ ഇതിനു മുൻപും ന്യൂനപക്ഷ സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. നരസിഹറാവു സർക്കാർ ഭരിച്ച അഞ്ചുവർഷവും ന്യൂനപക്ഷസർക്കാരായിരുന്നു. പല നിർണ്ണായകമായ വോട്ടെടുപ്പുകളിലും ചില അംഗങ്ങൾ വിട്ടുനിന്നതു കൊണ്ട് (അതിന്റെ പിന്നിലെ കളികൾ വേറേ) സർക്കാർ അഞ്ചുവർഷവും തികച്ചു. 

ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഭരണഘടനയിൽ ഇല്ലാത്തതുകൊണ്ടാണ് പലപ്പോളും വിരുദ്ധങ്ങളായ ഉത്തരവുകൾ ഉണ്ടാകുന്നത്. ഒരു കാര്യം മാത്രം വ്യക്തമാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിമുറിയിലോ അല്ല. അത് സഭയിൽ തന്നെ ആണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ ഭാരതീയ ജനത പാർട്ടിയെ ഗവർണ്ണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.  അത് ഗവർണ്ണറുടെ വിവേചനാധികാരം. കോൺഗ്രസ്സും ജെഡിഎസും തിരഞ്ഞെടുപ്പിനു മുൻപ് സഖ്യമുണ്ടാക്കി മത്സരിച്ച് 116 സീറ്റുകൾ ജയിച്ചിരുന്നു എങ്കിൽ തീർച്ചയായും അവരെ തന്നെ ക്ഷണിക്കണമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയ സഖ്യം എന്ന നിലയിൽ അവരെ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയ്ക്ക് അവസരം നൽകിയതിനു ശേഷം മതി എന്ന കർണ്ണാടക ഗവർണ്ണറൂടെ തീരുമാനം ശരിയാണെന്നാണ് എന്റെ നിഗമനം. സർക്കാരിയ കമ്മീഷൻ ശുപാർശകൾ പ്രകാരം 30 ദിവസത്തെ സമയം വരെ പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർക്ക് ഏതെങ്കിലും കക്ഷിയ്ക്ക് നൽകാവുന്നതാണ്. എന്നാൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യങ്ങൾ വരുമ്പോൾ അധികം സമയം അനുവദിക്കരുതെന്ന നിർദ്ദേശം സുപ്രീംകോടതിയുടേതായിട്ടുണ്ട്. അതുകൊണ്ട് 15 ദിവസത്തെ സാവകാശം നൽകിയ ഗവർണ്ണറുടെ നടപടി ഉചിതമെന്ന് കരുതുന്നില്ല. പ്രോ ടേം സ്പീക്കറുടെ നിയമനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്സും ജെ ഡി എസും നൽകിയ ഹർജികൾ സുപ്രീകോടതി പരിഗണിക്കുകയും അവരുടെ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോ ടേം സ്പീക്കർ ആയി നിയമിക്കണം എന്ന നിയമം ഇല്ലാത്തതിനാൽ അത്തരം ഒരു നിർദ്ദേശം ഗവർണ്ണർക്ക് നൽകാൻ സാധിക്കില്ല എന്ന് തന്നെ കോടതി വ്യക്തിമാക്കി. 

സ്വന്തം സാമാജികരുടെ കൂറിലും സത്യസന്ധതയിലും വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസ്സും ജെ ഡി എസും  അവരെ റിസോർട്ടുകളിൽ പൂട്ടിയിട്ടതും ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിക്കൊണ്ടിരുന്നതും. ഭാരതീയ ജനത പാർടി അതിന്റെ സാമാജികരെ ഇങ്ങനെ തടവിലാക്കിയ വാർത്തകൾ ഒന്നും കണ്ടില്ല. ഇത്തരത്തിൽ സ്വന്തം പാർട്ടി നേതൃത്വത്തിനുപോലും വിശ്വാസമില്ലാത്ത സാമാജികരെവച്ചാണ് കോൺഗ്രസ്സ് ജെ ഡി എസ് സഖ്യം സർക്കാർ ഉണ്ടാക്കാനും ഭരണം നടത്താനും പോകുന്നത്. നല്ലകാര്യം. എന്തായാലും കർണ്ണാടക നിയമസഭാ തിരഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം നേടിത്തന്നെയാണ് ഭാരതീയ ജനത പാർടിയുടെ 104 സാമാജികർ വിജയിച്ചതും കർണ്ണാടകയിലേ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും. ഏതുവിധേനയും ആരെ കൂട്ടുപിടിച്ചും ഭാരതീയ ജനത പാർടിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്നത് ദശാബ്ദങ്ങളായി  കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികൾ പുലർത്തിവരുന്ന നയമാണ്. അതിന്റെ ഫലമായി കോൺഗ്രസ്സ് മൂന്നു സംസ്ഥാനങ്ങളിലേയ്ക്ക് ചുരുങ്ങി. ലോക് സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ പോലും അംഗബലം ഇല്ലാത്ത പാർടിയായി. എന്നാൽ ഇന്ന് ഭാരതീയ ജനത പാർടിയും അത് നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (ദേശിയ ജനാധിപത്യ സഖ്യം എൻ ഡി എ) എന്ന സഖ്യവും രാജ്യംഭരിക്കുന്ന പാർടിയും ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ഭരണം കൈയ്യാളുന്ന പാർടിയും ആയി. അതുപോലെ ഇടതു പാർട്ടികളും. ഇന്ന് കേരളത്തിൽ മാത്രമായി ഇടതുപാർടികളുടെ  ഭരണം ചുരുങ്ങി. ഇനിയും സ്വന്തം നയങ്ങളും ആദർശങ്ങളും പണയംവെച്ച് ഭാരതീയ ജനത പാർട്ടിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താനുള്ള ശ്രമം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തുടരുക തന്നെ വേണം. അത് തീർച്ചയായും ഭാരതീയ ജനത പാർടിയ്ക്ക് ഗുണമേ ചെയ്യൂ. 

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.