Friday 19 March 2010

വേണമായിരുന്നോ ഈ അവഹേളനം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട ഒരു വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് കേട്ടത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതിനിധാനം ചെയ്യാന്‍ ഒരു വ്യക്തി ഉണ്ടാവുന്നു. മറ്റാരും അല്ല അമിതാഭ് ബച്ചന്‍. ഭാരതം കണ്ട അഭിനയ പ്രതിഭകളില്‍ ഒരാള്‍. ലോകത്തില്‍ ഭാരതീയന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന അനേകരില്‍ ഒരാള്‍. അങ്ങനെ ഒരു വ്യക്തിത്വം നമ്മുടെ വിനോദസഞ്ചാര മേഖലയെ പ്രതിനിധാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതുതന്നെ എന്ന് മറ്റ് അനേകം മലയാളികളെപ്പോലെ ഞാനും വിശ്വസിച്ചു, അഭിമാനം കൊണ്ടു.

മലയാള മനോരമ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിന് ശ്രീ അമിതാഭ് ബച്ചന്‍ ഇവിടെ എത്തുകയും ആ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി കേരളവുമായി കൂടുതല്‍ സഹകരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായാല്‍ അനുകൂലമായി പരിഗണിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കേരള വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നതിന് തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് കാണിച്ചുകൊണ്ട് കേരള വിനോദസഞ്ചാര വകുപ്പ അദ്ദേഹത്തിന് കത്തെഴുതിയത്. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടിയും ഉടനെ വന്നു. ഇക്കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളം ഇത്തരം ഒരു താല്പര്യം അവതിരിപ്പിക്കുമ്പോള്‍ അദ്ദേഹം മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികളുടേയും, കമ്പനികളുടെ ഉല്പന്നങ്ങളുടേയും പ്രതിനിധിയാണ്. അതോടൊപ്പം ഗുജറാത്ത് അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നത് തടഞ്ഞുകൊണ്ട് ഇന്ന് സി പി എമ്മിന്റെ കേന്ദ്ര നേതൃത്വം രംഗത്തുവന്നിരിക്കുന്നു. നരേന്ദ്ര മോഡിയുടെ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്ന ഒരാള്‍ കേരളത്തിനു വേണ്ട എന്നതാണ് പാര്‍ട്ടി തീരുമാനം. ഈ തീരുമാ‍നം അദ്ദേഹത്തെ ഇങ്ങനെ ഒരു പദവിയിലേയ്ക്ക് പരിഗണിക്കുന്നതിനു മുന്‍പേ തന്നെ പാര്‍ട്ടി ചിന്തിക്കണമായിരുന്നു. അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല കേരളത്തിന്റെ പ്രതിനിധിയാക്കണം എന്നത്. കേരളം അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുകയായിരുന്നു. അതിന് അദ്ദേഹം അനുകൂലമായ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പറയുന്നു താങ്കളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ! ഇങ്ങനെ മഹാനായ ഒരു നടനെ അവഹേളിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമാണ് എനിക്കുള്ളത്.

25 comments:

  1. രാഷ്ട്രീയത്തിൽ അങ്ങനെയൊക്കെ സംഭവിക്കാം. ജനാധിപത്യത്തിൽ നയങ്ങളും നിലപാടുകലുമുള്ള പാർട്ടികൾ ഓരോ വിഷയത്തിലും എടുക്കുന്ന സമീപനങ്ങളിൽ അസഹിഷ്ണുത പുലർത്തിയിട്ടു കര്യമില്ല. അനിതാഭ് ബച്ചൻ നല്ല നടനും ഇന്ത്യയിലെ ആദരണീയനായ ഒരു വ്യക്തിയും തന്നെ.എന്നുവച്ച് സി.പി.എമ്മിന് അതിന്റെ രാഷ്ട്രീയ നിലപാടുകൾ പറയാതിരിക്കാൻ പറ്റില്ല.കോൺഗ്രസ്സ് ഭരണം വരുമ്പോൾ അദ്ദെഹത്തെ കേരളത്തിലെ വിനോദ സഞ്ചാരത്തിന്റെ പ്രതിനിധിയാക്കിക്കോട്ടെ. ഗുജറാത്തിനോട് സി.പി.എമ്മിന് എതിർപ്പൊന്നുമില്ല. നരേന്ദ്ര മോഡിയോടേ എതിർപ്പുള്ളു. നരേന്ദ്ര മോഡിയെ ആരാധിക്കുവാൻ സി.പി.എമ്മിനു കഴിയില്ല. അത് ഒരു കുറച്ചിലായി കരുതേണ്ടതുമല്ല.

    ReplyDelete
  2. മനനം മനോമനന്‍ ആദ്യത്തെ ഈ അഭിപ്രായത്തിനു നന്ദി. നരേന്ദ്ര മോഡിയെ സംബന്ധിക്കുന്ന സി പി എമ്മിന്റെ നയം ശ്രീ അമിതാഭ് ബച്ചനെ ക്ഷണിക്കുന്നതിനു മുന്‍പേ ഉള്ളതാണ്. കേരളം ക്ഷണിക്കുന്നതിനു മുന്‍പേ അദ്ദേഹം ഗുജറാത്തിന്റെ പ്രതിനിധിയും ആണ്. അപ്പോള്‍ പിന്നെ എന്തിന് ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു എന്നതാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളത്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ പ്രതിനിധീകരിക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തെ ക്ഷണിച്ചത് കോണ്‍ഗ്രസ്സ് അല്ലല്ലൊ, പി ബി അംഗം കൂടിയായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന വിനോദസഞ്ചാര വകുപ്പല്ലെ?

    ReplyDelete
  3. ഒരു കണക്കിനു നന്നായേ ഉള്ളൂ. മോഡിയുടെ സംസ്ഥാനത്തിന്റെ അംബാസിഡർ ആവുന്നത് നാണം കെട്ട ഏർപ്പാടാണെന്ന് ബച്ചൻ മനസിലാക്കട്ടെ.

    ReplyDelete
  4. ഇടതന്മാരുടെ വിവരക്കേടിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഗുജറാത്തിലെ ജനങ്ങള്‍ പല പ്രാവശ്യം മറുപടി കൊടുത്തിട്ടുള്ളതാണ്..
    മോഡിക്കെതിരെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ തീര്‍ത്താല്‍ കുറച്ചു മുസ്ലീം വോട്ട് ലഭിച്ചേക്കാം. പക്ഷെ, അവര്‍ ശിവസേനയെക്കാള്‍ മോശപ്പെട്ട രാഷ്ട്രീയമാണ് കളിക്കുന്നത് എന്ന് കാലം തെളിയിക്കും..

    ReplyDelete
  5. ഗുജറാത്തിന്റെയെന്നല്ല പറയേണ്ടത് മോഡിയുടെ “മേക്കപ്പ്മാന്‍” എന്ന് വേണം പറയാന്‍. അതിനും പുറമേ ബച്ചന്‍ എന്ന തനി മൂന്നാംകിട രാഷ്ട്രീയക്കാരനെ മറന്ന കേരള ഘടകത്തെ കേന്ദ്രനെങ്കിലും ഓര്‍മ്മിപ്പിച്ചത് നന്നായി. കേരളം എന്തായാലും ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.

    ReplyDelete
  6. അങ്ങോട്ട് പോയി ക്ഷണിച്ച് പിന്നെ പറ്റില്ല എന്ന് പറയുന്ന ആ ഒരു അപമാനിക്കല്‍ വേണ്ടായിരുന്നു എന്ന മണികണ്ഠന്റെ അഭിപ്രായത്തോട് യോജിക്കുന്നു. മറ്റുള്ളതിലൊന്നും എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നില്ല. ഗുജറാത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. ജനങ്ങള്‍ ഏത് ചെകുത്താനെ തെരഞ്ഞെടുത്താലും അത് അംഗീകരിക്കലാണ് ജനാധിപത്യം. ബംഗാളിലും കേരളത്തില്‍ മാറിമാറിയും മുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നത് നമ്മുടെ ഭരണഘടനയുടെ ഈ ആനുകൂല്യം പറ്റിക്കൊണ്ടാണ്.

    ReplyDelete
  7. അപ്പോള്‍, ഇനി കേരളത്തില്‍ ബച്ചന്റെ സിനിമകള്‍ കാണാന്‍ പറ്റാതെ വരുമോ?

    ReplyDelete
  8. സുകുമാരേട്ടന്‍ പറഞ്ഞതാണ് ശരി. പിന്നെ വൃത്തികേടുകളുടെ ഒരു മഹാസമ്മേളനമാണല്ലോ ഇപ്പോള്‍ പാര്‍ടിയില്‍ നടക്കുന്നത്. ഇവരോടുള്ള ബഹുമാനം തീര്‍ത്തും ഇല്ലാതാവുകയാണ്.....സസ്നേഹം

    ReplyDelete
  9. വിളിച്ചു വരുത്തി ഊണില്ലാന്ന് പറയുന്നത് അത്ര ശരിയായിട്ട് തോന്നിയില്ലാ‍ാ..അല്ലാ‍ാ ഈ ബച്ചനെ പിടിച്ച് അംബാസഡറാക്കിയാ‍ല്‍ കുറെ വിദേശികള്‍ സന്ദര്‍ശനത്തിനെത്തുമെന്ന് ആരു പറഞ്ഞു?

    ReplyDelete
  10. ഇടതിന്റെ ഇത്തരം വിചിത്രമായ തോന്ന്യാസങ്ങള്‍ പുതുമയൊന്നും അല്ലല്ലോ...
    നേതൃത്വം എന്ത് കാണിച്ചാലും ഇടം വലം നോക്കാതെ അതിനൊക്കെ ന്യായം കണ്ടെത്താന്‍ ആദ്യം കമന്റ്‌ ഇട്ട ആളെ പോലെ കുറെ അണികളും.
    ചുവന്ന കണ്ണട ഒന്ന് എടുത്തു മാറ്റി.. വകതിരിവുള്ള മനുഷ്യനായി ഒരു ലേഖനം വായിക്കാനെങ്കിലും .. എന്നാണാവോ ഇവര്‍ക്കൊക്കെ വകതിരിവ് ഉണ്ടാവുക.

    ReplyDelete
  11. കാല്‍‌വിന്‍, സത, മനോജ്, സുകുമാരേട്ടന്‍, കൃഷ്ണകുമാര്‍, ഒരു യാത്രികന്‍, മുക്കുവന്‍, കണ്ണനുണ്ണി, അനോണി എല്ലാവര്‍ക്കും നന്ദി.

    ഇന്നലെ ശ്രീ അമിതാഭ് ബച്ചന്റെ പ്രതികരണം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന് താന്‍ അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇനി തീരുമാനിക്കേണ്ടത് കേരളസര്‍ക്കാരാണ്. മറ്റു വിഷയങ്ങള്‍ ഒന്നും തനിക്കറിയില്ല. ഇതാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തില്‍ കേരളം പിന്നോട്ട് പോവുകയാണെങ്കില്‍ ക്ഷണിച്ചട്ട് പിന്നീട് വേണ്ടെന്ന് പറഞ്ഞതിന് കേരളം അദ്ദേഹത്തോട് ക്ഷമചോദിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

    ReplyDelete
  12. ബച്ചൻ ടൂറിസത്തിന്റെ അമ്പാസഡർ ആയതു കൊണ്ട് നേട്ടമുണ്ടാകുന്നതു അദ്ദേഹത്തിനു മാത്രമാണു എന്നു തോന്നുന്നു. അതെന്തു തന്നെയായാലും, പിന്നെ എങ്ങാണ്ട് നിന്നു കെട്ടിയെടുത്ത ഗോസായിമാരുടെ മുന്നിൽ പണയം വക്കരുതായിരുന്നു ഈ നാടിന്റെ അതിഥി സംസ്കാരം. ഇതൊക്കെ, നേരത്തെ തന്നെയാവാമായിരുന്നു...

    ReplyDelete
  13. സ്വതന്ത്രമായി നടപ്പിലാക്കാന്‍ പറ്റാത്ത കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കരുതായിരുന്നു. ക്ഷണിച്ചതാരയാലും മുറിവുണക്കാന്‍ വേണ്ടത്‌ ചെയ്യണം.

    ReplyDelete
  14. ജനാധിപത്യത്തിൽ ജനം തിരഞ്ഞെടുത്ത മന്ത്രിയുടെ അഭിപ്രായമാണൊ പാർട്ടിയുടെ അഭിപ്രായമാണൊ സർക്കാരിന്റേതായി കണക്കാക്കേണ്ടത്? ബക്കറ്റ്‌-വെള്ളം ഓർമ്മയുണ്ടോ എന്നായിരിക്കും മറുചോദ്യം?

    ReplyDelete
  15. വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞതുപോലെ, അമിതാബച്ഛനോട് ചെയ്തത് ശെരിയായില്ല അത് പക്ഷെ ബച്ഛന്‍ ബിഗ്‌ബി ആയതുകൊണ്ടല്ല എത്ര അറിയപ്പെടാത്ത ഒരാളോട് ഇതു ചെയ്താലും എനിക്കീതെ തോന്നു.

    ReplyDelete
  16. വിളിച്ചത് തെറ്റായിപ്പോയി എന്ന് സർക്കാരിന് തോന്നുന്നുവെങ്കിൽ ആ തെറ്റ് തിരുത്തുകയാണ് വേണ്ടത്.. അല്ല്ലാതെ കൂടുതൽ വലിയ തെറ്റിലേക്ക് പോവുകയല്ല. (തെറ്റ് പറ്റും മുമ്പ് ഒന്നു ചിന്തിക്കുന്നതും നന്നായിരുന്നു.)

    ReplyDelete
  17. ഇവിടെ എത്തിയതിനും നിങ്ങളുടെ അഭിപ്രായം അറിയിച്ചതിനും പ്രവീണ്‍ വട്ടപ്പറമ്പത്ത്, ശാന്ത കാവുമ്പായി, അനോണി, തറവാടി, പള്ളിക്കുളം, കാക്കര എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  18. yes, for muslim votes, CPIM will do anything..

    ReplyDelete
  19. ഇടക്കിടെ ഈ ബ്ലോഗ്ഗില്‍ കയറി വായിക്കാറുണ്ടെങ്കിലും, എന്റെ ലാപ് ടോപ്പിലെ ചില പ്രശ്നങ്ങള്‍ കാരണം കമന്റാന്‍ സാധിക്കില്ലായീരുന്നു..
    നട്ടെല്ലില്ലാത്ത കുറെ വോട്ട് രാഷ്ട്രീയക്കാര്‍ ഇതല്ല ഇതീലും അപ്പുറത്തെ കാര്യങ്ങള്‍ കാണിക്കും..ബച്ചന്‍ എത്ര സൂത്രക്കാരനായ രാഷ്ട്രീയക്കാരനോ, അഭിനേതാവോ ആകട്ടെ..വിളിച്ച് വരുത്തി അപമാനിക്കണ്ട കാര്യം ഇല്ല്യായിരുന്നു..എങ്കിലും ഏത് രാഷ്ട്രീയകാര്യനേക്കാള്‍ അല്പം ഭേദമ്മാണ് അദ്ദേഹം എന്ന് തോന്നാറുണ്ട്..

    ReplyDelete
  20. ശിവ, ഗൗരിനാഥന്‍ ഇവിടെയെത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഈ സംഭവത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സ്വയം അവഹേളിതനായി എന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  21. തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. ചാടിക്കേറി ക്ഷണിക്കാന്‍ ആരു പറഞ്ഞു, ചര്‍ച്ച ചെയ്തു ആലോചിച്ചിട്ടു പോരായിരുന്നോ?

    ReplyDelete
  22. എഴുത്തുകാരി ചേച്ചി ഈ അഭിപ്രായത്തിനു വളരെ നന്ദി. ചേച്ചി പറഞ്ഞതുതന്നെ പ്രധന വിഷയം.

    ReplyDelete
  23. ആലോചനയില്ലാതെ ചെയ്യുന്നകാര്യങ്ങൾ..

    തെറ്റ് തിരുത്താതെ അതിൽ തന്നെ കടിച്ച് തൂങ്ങുന്നതിനേക്കാൾ നല്ലത് തിരുത്തൽ തന്നെ

    ReplyDelete
  24. ബഷീര്‍ പി ബി വെള്ളറക്കാട്: നന്ദി

    ReplyDelete

Thank you for visiting my blog. Please leave your comments here.