Tuesday 3 April 2018

സത്യപ്രതിജ്ഞയും ധൂർത്തും

പിണറായി വിജയൻ മന്ത്രി സഭയിലെ രണ്ട് എൻ സി പി മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയ പണവും അത് സംബന്ധിക്കുന്ന കണക്കിലെ പൊരുത്തക്കേടുകളും സംബന്ധിക്കുന്ന ന്യൂസ് 19 കേരളം ചാനൽ റിപ്പോർട്ടാണ് ഈ പോസ്റ്റിനു ആധാരം

തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായ
തുകയുടെ വിശദാംശങ്ങൾ
പൂച്ചയ്ക്കുട്ടിയ്ക്ക് പിന്നാലെ മുരണ്ടു നടന്ന് ശൃംഗാരവർത്തമാനം പറഞ്ഞ് എൻ സി പിയുടെ മന്ത്രമ്യായ ശ്രീ എ കെ ശശീന്ദ്രൻ മന്ത്രി രാജിവെച്ചതിനെ തുടർന്ന് എൻ സി പിയിൽ നിന്നും മന്ത്രിപദമേറ്റ കുവൈറ്റ് ചാണ്ടി എന്ന തോമ ചാണ്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സർക്കാർ ഖജനാവിൽ നിന്നും പൊടിച്ചത് 5,98,510രൂപ. സംഗതി രാജ് ഭവന്റെ പുറത്ത് ലക്ഷങ്ങൾ ചെലവാക്കി പ്രത്യേകം പന്തലൊക്കെ ഇട്ട് തോമസ് ചാണ്ടിയുടെ അന്തസ്സിനു (സർക്കാർ ഖജനാവിൽ പൂച്ചപെറ്റുകിടക്കുവാണെങ്കിലും ആ കുറവൊന്നും ഏറ്റവും ധനികനായ എം എൽ എമാരിൽ ഒരാളായ തോമസ് ചാണ്ടിയുടെ; അതും എൻ സി പി എന്ന 'ദേശീയപാർടിയ്ക്ക്' ഇന്ത്യയിൽ ആകെയുണ്ടാകാൻ പോകുന്ന ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ആഡംബരത്തിനു തടസ്സമാവരുതല്ലൊ) യോജിച്ച വിധത്തിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പിണറായി നടത്തിക്കൊടുത്തു. അങ്ങനെ ആർഭാടമായി അധികാരം ഒക്കെ ഏറ്റെടുത്ത് ചാണ്ടി അങ്ങനെ മുന്നോട്ട് പോകുമ്പോഴാൺ് കായൽ കൈയ്യേറ്റവും തുടർന്നുള്ള വിവാദങ്ങളും. അങ്ങനെ ചാണ്ടിച്ചനു ആറുമാസത്തിനുള്ളിൽ തന്നെ ഗതികെട്ട് രാജിവെച്ച് പോകേണ്ടി വന്നതൊക്കെ ചരിത്രം. 

എ  കെ ശശീന്ദ്രന്റെ രണ്ടാംവട്ട സത്യപ്രതിജ്ഞയ്ക്ക് ചിലവായ
തുകയുടെ വിശദാംശങ്ങൾ
പിന്നെ നമ്മൾ കണ്ടത് ഒരു ഓട്ടമത്സരം ആയിരുന്നു. ചാണ്ടിച്ചനും കണ്ടൻപൂച്ചയും തമ്മിൽ. ആരാദ്യം കോടതിയിൽ നിന്നും നിരപരാധിത്വം സ്ഥാപിച്ച് വരുന്നുവോ അയാൾക്ക് മന്ത്രിസ്ഥാനം. ഇതായിരുന്നു പിണറായിയുടെ നിലപാട്. പിന്നത്തെ കഥയൊക്കെ പറയാതെ തന്നെ എല്ലാവർക്കും അറിയാല്ലൊ. സുപ്രീംകോടതിയിൽ പോയി ചാണ്ടിച്ചൻ പെട്ടതും ആ നേരം കൊണ്ട് വിജലൻസ് കോടതി കണ്ടൻപൂച്ചയെ വിട്ടയക്കും അന്നായാപ്പോൾ ചാണ്ടിച്ചന്റെ പി എ യുടെ മക്കളെ നോക്കാൻ നിന്ന മഹാലക്ഷ്മി വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും കേസുമായി പോയതും ഒക്കെ. എങ്ങനെ ഒക്കെ പല പ്രതിബന്ധങ്ങളും കടന്ന് മത്സരത്തിൽ ജയിച്ചത് കണ്ടൻപൂച്ച ആയിരുന്നു.

എന്തായാലും ചാണ്ടിച്ചന്റെ പോലെ കോടികളുടെ ആസ്ഥിയൊന്നും പ്രഖ്യാപിക്കാത്ത ആളായതുകൊണ്ട് ഇത്തവണ കണ്ടൻപൂച്ചയുടെ സത്യപ്രതിജ്ഞ ഒതുക്കത്തിൽ രാജ് ഭവന്റെ ഉള്ളിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. പക്ഷെ എങ്ങനെയൊക്കെ ഒതുക്കിയിട്ടും ചടങ്ങു കഴിഞ്ഞപ്പോൾ സർക്കാർ ഖജനാവിനു ചെലവ് 4,74,452 രൂപ. പിന്നെ ആശംസകൾ അറിയിക്കാനുള്ള ബൊക്ക വാങ്ങിയ വകയിൽ ടൂറിസം വകുപ്പിനു ഒരു ഇരുപതിനായിരം രൂപ വേറേം ചെലവായി. സത്യപ്രതിജ്ഞയ്ക്ക് ചെലവായ നാലേമുക്കാൻ ലക്ഷത്തിൽ മൂന്നേമുക്കാലും ഇല്ലാത്ത പന്തൽ കെട്ടിയ വകയിൽ ആണെന്നതാണ് മറ്റൊരു രസകരമായ കാര്യം. 

കണ്ടൻപൂച്ച ഇട്ടേച്ചു പോയ വീട് ചാണ്ടിച്ചൻ മോടിപിടിപ്പിച്ചതും, കണ്ടൻപൂച്ച തന്നെയാണോ മുരണ്ടതെന്ന് അന്വേഷിക്കാൻ വച്ച കമ്മീഷനു കൊടുത്തതും ഒക്കെ വേറെ ചിലവ്. എന്നാലും മുണ്ടുമുറുക്കേണ്ടത് നമ്മൾ സാധാരണ ജനം തന്നെ. കർഷകപെൻഷൻ വിതരണം മുടങ്ങീട്ട് ഏഴുമാസം. കെ എസ് ആർ ടി സി യ്ക്ക് രണ്ട് മന്ത്രിമാർ ആർഭാടമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിടത്തെ പെൻഷൻ മുടങ്ങി ആളുകൾ ആത്മഹത്യചെയ്യുകയും മരുന്നുമേടിക്കാൻ പണമില്ലാതെ അലയുകയും ആയിരുന്നു. സത്യപ്രതിജ്ഞാ ചെലവുകൾ സംബന്ധിക്കുന്ന ന്യൂസ് 18 റിപ്പോർട്ട് ചുവടെ ചേർക്കുന്നു.


No comments:

Post a Comment

Thank you for visiting my blog. Please leave your comments here.