Monday, 9 April 2018

പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമവും സുപ്രീംകോടതി ഉത്തരവും.

നാളത്തെ ഹർത്താൽ എന്തിന്? ഇന്ന് പലരും ചോദിച്ച ചോദ്യമാണ്. അതുകൊണ്ട് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ എഴുതിയിടാം എന്ന് കരുതുന്നു.

പട്ടികജാതി / പട്ടിവർഗ്ഗ പീഡന നിരോധനനിയമത്തിൽ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ അയക്കുന്നതിനുമുണ്ടായിരുന്ന വ്യവസ്ഥകൾ സുഭാഷ് കാശിനാഥൻ മഹാജൻ Vs സ്റ്റേറ്റ് ഓഫ് മഹരാഷ്ട്ര & അതേഴ്സ് എന്ന കേസിലെ അപ്പീലിൽ 20/03/2018-ൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി കുറേക്കൂടി കർശനമാക്കി. സുപ്രീംകോടതി ഒരു കേസിൽ പ്രസ്താവിക്കുന്ന വിധി രാജ്യത്തെ നിയമം ആയതിനാൽ എസ് സി / എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് ഇനി വരുന്ന എല്ലാ കേസുകളിലും ഈ വിധിയനുസരിച്ചുള്ള നടപടികളേ സാദ്ധ്യമാകൂ. നേരത്തെ പീഡനത്തെ / ആക്രമണത്തെ കുറിച്ചുള്ള പരതി പോലീസിൽ ലഭിക്കുന്ന അവസരത്തിൽ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും കുറ്റവാളിയായ വ്യക്തിയെ കസ്റ്റഡിയിൽ എടുക്കാനും സാധിക്കുമായിരുന്നു. എന്നാൽ ഈ ഉത്തരവിൽ സുപ്രീംകോടതി കൂടുതൽ പരിശോധനകൾക്ക് ശേഷമേ അറസ്റ്റും കസ്റ്റഡിയും പാടുള്ളു എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. പരാതി ലഭിച്ച് 7 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. അങ്ങനെ നടത്തുന്ന അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നും കുറ്റാരോപിതനായ വ്യക്തിയെ സംശയിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും ബോധ്യമായാൽ ആ വ്യക്തിയ്ക്കെതിരായ എഫ് ഐ ആർ റജിസ്റ്റർചെയ്യാം. നേരത്തെ നിയമം അനുസരിച്ച് കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ഇപ്പോൾ അത് സാധിക്കില്ല. കുറ്റാരോപിതൽ സർവ്വീസിൽ ഉള്ള വ്യക്തിയാണെങ്കിൽ അയാളുടെ നിയമാധികാരിയുടേയും അല്ലാത്ത വ്യക്തിയാണെങ്കിൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസിന്റേയും ഏതെല്ലാം കുറ്റങ്ങൾക്കാണ് കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ അനുവദിച്ചിട്ടുള്ളതെന്ന് രേഖാമൂലമുള്ള അനുവാദം വാങ്ങിയ ശേഷം മത്രമേ അറസ്റ്റ് സാധ്യമാകൂ. ഇനി ആ വ്യക്തിയെ കസ്റ്റഡിയിൽ വിടണമെന്നുണ്ടെങ്കിൽ ആ വ്യക്തിയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പട്ടിക ജാതി / പട്ടികവർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ചുള്ള കുറ്റങ്ങൾ മാത്രമാണെങ്കിൽ ഈ വ്യക്തിയെ ജാമ്യത്തിൽ വിടുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കും എന്ന വിശ്വാസം മെജിസ്ട്രേറ്റിനു ഉണ്ടെങ്കിൽ മാത്രമേ ഇയാൾക്ക് ജാമ്യം നിഷേധിക്കാവൂ എന്നും സുപ്രീംകോടതി ഈ ഉത്തരവിൽ പറയുന്നു. കുറ്റാരോപിതനായ വ്യക്തിയ്ക്ക് മുൻകൂർ ജാമ്യത്തിനും അർഹതയുണ്ടാകും എന്ന് കോടതി വിധിച്ചിരുന്നു. പീഡനത്തിനു വിധേയനാകുന്ന വ്യക്തിയ്ക്ക് നൽകേണ്ട മ്റ്റു നിയമപരിരക്ഷകളിൽ (ആവ്യക്തിയ്ക്ക് വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകണം, പോലീസ് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകണം, സുരക്ഷിതമായ താമസസ്ഥലം അങ്ങനെയുള്ള വ്യവസ്ഥകളിൽ) ഒരു മാറ്റവും കോടതി വരുത്തിയിട്ടില്ല. 

എന്നാൽ സുപ്രീംകോടതി നിർദ്ദേശിച്ച ഈ മാറ്റങ്ങൾ പട്ടികജാതി / പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിന്റെ പല്ലും നഖവും എടുത്തുകളയുന്നതാണെന്നും അതിനെ അങ്ങനെ ദുർബലപ്പെടുത്തുന്നതാണെന്നും ആരോപിച്ചുകൊണ്ട് പല സംഘടനകളും പ്രതിഷേധവുമായി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരുവിൽ ഇറങ്ങി. (ഇതിനു പിന്നിലും ചില സംഘടനകൾക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. തൽക്കാലം അതിലേയ്ക്ക് പോകുന്നില്ല) അതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിലും പോലീസ് നടപടിയിലും പക്ഷേഭത്തിൽ ഏർപ്പെട്ടിരുന്ന 11 ആളുകൾ വിവിധ സംസ്ഥാനങ്ങളിൽ ആയി കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ വിവിധ സംഘടനകൾ നാളെ ഹർത്താൽ നടത്തുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മാർച്ച് 20നു സുപ്രീംകോടതി പുറപ്പെടുവിച്ച ഈ  ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഏപ്രിൽ 3നു സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ തങ്ങൾ നിയമത്തിനു എതിരല്ലെന്നും നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനാണ് അറസ്റ്റും കസ്റ്റഡിയും സംബന്ധിക്കുന്ന വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയതെന്നും ആണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.

സുപ്രീം കോടതി ഉത്തരവിന്റെ പ്രധാനഭാഗം (Operative Part) ഇങ്ങനെ ആണ്.  

Conclusions
83. Our conclusions are as follows:

i) Proceedings in the present case are clear abuse of process of court and are quashed.

ii) There is no absolute bar against grant of anticipatory bail in cases under the Atrocities Act if no prima facie case is made out or where on judicial scrutiny the complaint is found to be prima facie mala fide. We approve the view taken and approach of the Gujarat High Court in Pankaj D Suthar (supra) and Dr. N.T. Desai (supra) and clarify the judgments of this Court in Balothia (supra) and Manju Devi (supra);

Iii) In view of acknowledged abuse of law of arrest in cases under the Atrocities Act, arrest of a public servant can only be after approval of the appointing authority and of a non-public servant after approval by the S.S.P. which may be granted in appropriate cases if considered necessary for reasons recorded. Such reasons must be scrutinized by the Magistrate for permitting further detention.

iv) To avoid false implication of an innocent, a preliminary enquiry may be conducted by the DSP concerned to find out whether the allegations make out a case under the Atrocities Act and that the allegations are not frivolous or motivated.

v) Any violation of direction (iii) and (iv) will be actionable by way of disciplinary action as well as contempt.


(വിവിധ വാർത്തകൾ കോടതി ഉത്തരവ് എന്നിവ വാായിച്ചതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്. തെറ്റുകൾ, വിമർശനങ്ങൾ എന്നിവ സ്വാഗതം ചെയ്യുന്നു)

2 comments:

  1. കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധന ഹർജി ഇന്ന് (01/10/2019) സുപ്രീംകോടതി അംഗീകരിച്ചു. 20/03/2018-ലെ വിധി പുനഃപരിശോധിക്കും എന്ന് കേന്ദ്രസർക്കാരിന്റെ പുനഃപരിശോധന ഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരുടെ ബഞ്ച് തീരുമാനിച്ചു. https://www.asianetnews.com/india-news/supreme-court-to-re-examine-sc-st-case-judgement-pyonuk

    ReplyDelete

Thank you for visiting my blog. Please leave your comments here.