Sunday, 1 April 2018

മതമില്ലാത്ത ജീവൻ

കഴിഞ്ഞ ആഴ്ച കൃത്യമായി പറഞ്ഞാൽ 26/03/2018-ൽ സഖാവ് ഡി കെ മുരളി നൽകിയ 5266-മത് നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനു നൽകിയ മറുപടിയിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി സഖാവ് പ്രൊഫസർ സി രവീന്ദ്രനാഥ് നൽകിയ മറുപടി കേരളത്തെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.  സഖാവ് ഡി കെ മുരളി എം എൽ എ യുടെ ചോദ്യം "2017-18 അദ്ധ്യയനവർഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയ എത്രകുട്ടികൾ ഉണ്ടെന്ന് വ്യക്തമാക്കാമോ?" എന്നതായിരുന്നു.  ഇതിനു വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് നൽകിയ മറുപടി (http://bit.ly/2JbiYiT) "2017-18 അദ്ധ്യയനവർഷം സംസ്ഥാനത്തെ സ്ക്കൂളികളിൽ ഒന്നു മുതൽ പത്തു വരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയർസെക്കന്ററി സ്ക്കൂളുകളിൽ ഒന്നാം വർഷം 278 കുട്ടികളും രണ്ടാം വർഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ജാതി, മതം എന്നിവയ്ക്കുള്ള കോളം പൂരിപ്പിക്കാതെ ആരും പ്രവേശനം നേടിയിട്ടില്ല" എന്നുമായിരുന്നു. ഇതോടൊപ്പം ഒന്നു മുതൽ പത്തുവരെയുള്ള കുട്ടികൾ പഠിക്കുന്ന 9209 സ്ക്കൂളുകളൂടേയും ഹയർ സെക്കന്ററി വിഭാഗത്തിൽ 384 സ്ക്കൂളുകളുടേയും കണക്കുകൾ ചേർത്തിരുന്നു. മന്ത്രി പ്രഖ്യാപിച്ച 1,23,630 എന്ന സംഖ്യയാണ് വിശദമായ മാദ്ധ്യമചർച്ചകൾക്കും കേരളത്തിന്റെ സാമുഹ്യ നവോത്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചത്. പല 'പുരോഗമന' ചിന്തകരും ഈ കണക്കുകൾ ആശാവഹമാണെന്നും മറ്റും പ്രഖ്യാപിക്കുകയും ചെയ്തു.

വിശദമായ മാദ്ധ്യമചർച്ചകൾക്ക് പെട്ടന്നു തന്നെ പ്രതികരണം ഉണ്ടായി. പല സ്ക്കൂളുകളും ഈ കണക്ക് തെറ്റാണെന്ന് അഭിപ്രായവുമായി രംഗത്തു വന്നു. എന്റെ അറിവിൽ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ മലപ്പുറം ജില്ലയിലെ തുറയ്ക്കൽ എന്ന സ്ഥലത്തെ അൽ ഹിദായത്ത് ഇ എം സ്ക്കൂളിലെ അദ്ധ്യാപകനായ അഷ്കർ ആണ് ഈ വിവരം പറഞ്ഞത്. അദ്ദേഹം വ്യക്തമാക്കുന്നത് അൽ ഹിദായത്ത് ഒരു അൻ ഐയ്ഡഡ് വിദ്യാലയമാണ്. അതുകൊണ്ട് ഡിവിഷൻ ഫാൾ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇല്ല. അതുകൊണ്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർ ആയ സമ്പൂർണ്ണയിൽ വിവരങ്ങൾ ചേർക്കുമ്പോൾ പൂർണ്ണമായ വിവരങ്ങൾ അല്ല ചേർത്തത്. ആ സ്ക്കൂളിലെ 1011 വിദ്യാർത്ഥികളും ജാതിയും മതവും രേഖപ്പെടുത്തൈയാണ് അപേക്ഷാഫോം പൂരിപ്പിച്ചത്. എന്നാൽ ഈ വിവരങ്ങൾ നിർബന്ധമായും സോഫ്റ്റ്‌വെയർ ചേർക്കേണ്ടതില്ലാത്തതിനാൽ അങ്ങനെ ചേർത്തില്ല എന്നാണ് അഷ്കർ പറയുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ജാതി, മതം എന്നിവ രേഖപ്പെത്താത്ത സ്ക്കൂളുകളിൽ ഒന്നായിരുന്നു അഹ് ഹിദായത്ത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്കൂളുകൾ ഈ വിശദീകരണവുമായി എത്തി. സമ്പൂർണ്ണയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ജാതി മതം എന്നിവ ചേർക്കണം എന്ന് നിർബന്ധമില്ലാത്തതിനാൽ പലരും ആ കോളങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങളാണ് ഓൺലൈൻ സോഫ്റ്റ്‌വെയർ ആയ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയത്. ഇതിനെ ആശ്രയിച്ചതാണ് മന്ത്രി തെറ്റായ വിവരം നിയമസഭയിൽ പറയാൻ ഇടയായത്.

നാലു ദിവസങ്ങൾക്ക് ശേഷം ഐ ടി അറ്റ് സ്ക്കൂൾ ഡയറക്ടർ അൻവർ സാദത്ത് തന്റെ ഫേസ്ബുക്കിൽ മറ്റൊരു കണക്ക് പുറത്തുവിട്ടു. അതനുസരിച്ച് ആകെ  1234 കുട്ടികൾ ആണ് ജാതി മതം എന്നീ കോളങ്ങൾ ഒഴിവാക്കി പ്രവേശനം നേടിയത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. അതിനു മുൻപ് മറ്റൊരു കണക്ക് വന്നിരുന്നു. അതനുസരിച്ച് മന്ത്രി പറഞ്ഞത് 2984 കുട്ടികൾ എന്നായിരുന്നു. എന്തായാലും യഥാർത്ഥകണക്ക് വരും ദിവസങ്ങളിൽ പുറത്ത് വരും എന്ന് കരുതാം.

ഇത്രയും പറഞ്ഞത് ഈ വിഷയത്തിൽ എന്റെ ചില കാഴ്ചപ്പാടുകൾ പങ്കെവെയ്ക്കാനാണ്. വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുമ്പോൾ ജാതി, മതം എന്നിവ ചേർക്കാതിരുന്നാൽ സമൂഹത്തിൽ നിന്നും ജാതിയും മതവും ഇല്ലാതാകുമോ? കുട്ടികൾക്ക് ജാതിയും മതവും ഇല്ലെന്ന് പറയുന്ന മാതാപിതാക്കൾ അവരോട് ചെയ്യുന്നത് നീതിയാണോ? ഒരു കുട്ടി ജനിക്കുന്നതിനു മുൻപേ തന്നെ ജാതിയുടെ പേരിലുള്ള പല ആനുകൂല്യങ്ങൾക്കും അവനെ / അവളെ അർഹരാക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. സത്യത്തിൽ അവ ആനുകൂല്യങ്ങൾ അല്ല ഭരണഘടന അവർക്ക് നൽകുന്ന അവകാശങ്ങൾ ആണ്. ആ അവകാശങ്ങൾ മക്കൾക്ക് വേണ്ട എന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് അധികാരമില്ല എന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസത്തിനു നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സംവരണം എന്നിവയൊക്കെ വളരെ മത്സരം നിറഞ്ഞ ഈ സാമൂഹ്യവ്യവസ്ഥിതിയിൽ മറ്റുള്ളവർക്ക് ഒപ്പമെത്താൻ പിന്നാക്കാവസ്ഥയിലുള്ള വിവിധ ജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ ആണ്. അതുപോലെ തൊഴിൽ ലഭിക്കുന്നതിനുള്ള സംവരണവും. മക്കൾക്ക് ജാതി, മതം എന്നിവ ഇല്ല എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അവർക്ക് ലഭിക്കേണ്ട ഈ അവകാശങ്ങൾ ആണ് മാതാപിതാക്കൾ ഇല്ലാതാക്കുന്നത്. അത് അവരോട് ചെയ്യുന്ന അനീതിയാണെന്നാണ് എന്റെ അഭിപ്രായം.

സമൂഹത്തിൽ ജാതിയും മതവും ഇല്ലാതാവണമെങ്കിൽ അത് വിദ്യാലയങ്ങളിലെ കോളങ്ങളിൽ നിന്നുമാത്രം അപ്രത്യക്ഷമായിട്ട് കാര്യമില്ല. നമ്മുടെ പൊതുജീവിതത്തിലും ജാതിയ്ക്കും മതത്തിനും യാതൊരു പ്രാധാന്യവും ഇല്ലാത്ത അവസ്ഥ വരണം. അത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതു വരെ നമ്മുടെ സർക്കാർ രേഖകളിൽ ജാതിയും മതവും തുടരട്ടെ. അത്തരം ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ സ്ക്കൂൾ രേഖകളിൽ നിന്നുമാത്രമല്ല സർക്കാർ രേഖകളിലും ഒരു വ്യക്തിയുടെ പൊതുജീവിതത്തിലും ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത അവസ്ഥ എത്തും. അങ്ങനെ ജാതിയും മതവും ഒരു വ്യക്തിയുടെ സ്വകാര്യതയായി മാറും എന്ന് പ്രതീക്ഷിക്കാം. 

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.