Tuesday, 27 February 2018

ആൾക്കൂട്ടത്തിന്റെ ശിക്ഷാവിധികൾ

ഫെബ്രുവരി മാസത്തിൽ മനസ്സിനെ വല്ലാതെ നോവിച്ച രണ്ട് ആൾക്കൂട്ട ശിക്ഷാവിധികൾ ആണ് ഉണ്ടായത്. ഉത്തരേന്ത്യയിൽ മാത്രം നടക്കുന്നതെന്ന് നമ്മൾ മലയാളികൾ മേനിനടിച്ചിരുന്നതാണ് ആളുക്കൂട്ടത്തിന്റെ ശിക്ഷാവിധി. 'സദാചാരപോലീസിങ്ങ്' എന്ന പേരിലെ ആൾക്കൂട്ട ആക്രമണങ്ങൾ മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട അന്യസംസ്ഥാനത്തൊഴിലാളി ചൂടേറ്റ് വെള്ളം കിട്ടാതെ മരിച്ചത് ചങ്ങനാശേരിയിൽ ആണെന്ന് തോന്നുന്നു. അതിനു മുൻപ് മറ്റൊരു നാടോടി സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ നമ്മൾ കണ്ടിരുന്നു. അത് ഉത്തരകേരളത്തിൽ നിന്നാണെന്നാണ് ഓർമ്മ. പറഞ്ഞുവന്നത് ആൾക്കൂട്ടത്തിന്റെ ശിക്ഷാവിധി എന്നത് നമുക്കും അന്യമായ ഒന്നല്ല എന്നാണ്.

ഫെബ്രുവരി മാസത്തിൽ മനസ്സിനെ ഉലച്ചത് രണ്ട് രംഗങ്ങൾ ആണെന്ന് ആദ്യം പറഞ്ഞല്ലൊ. അതിൽ ആദ്യത്തേത് എന്റെ തന്നെ നാട്ടിൽ നിന്നാണ്. മനോദൗർബല്യമുള്ള ഒരു സ്ത്രീയെ അവരുടെ തന്നെ അയൽവാസികളായ മൂന്നു സ്ത്രീകൾ ചേർന്ന് മർദ്ദിക്കുന്നതും തുടർന്ന് ചൂടായ ചട്ടുകം കൊണ്ട് അവരുടെ കാൽവെള്ളയിൽ പൊള്ളിക്കുന്നതുമായ ദൃശ്യം ആയിരുന്നു. ഈ സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്യുകയും (http://bit.ly/2EXiGKf) ചെയ്തു. ഇപ്പോൾ അവർ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടാവണം. അതേപ്പറ്റി പിന്നീട് അന്വേഷിച്ചില്ല. ആക്രമണത്തിനു വിധേയയായ സിൻട്ര ആന്റണി (48/2018) പോലീസ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ കാര്യം എന്തായി എന്നതും പിന്നീടന്വേഷിച്ചില്ല. സിൻട്ര ആന്റണിയ്ക്ക് രണ്ട് പെണ്മക്കൾ ആണ്. ഒരാളുടെ വിവാഹം അടുത്തയിടെ കഴിഞ്ഞു. രണ്ടാമത്തെ ആൾ പഠിക്കുന്നു. അവർക്ക് മാനസീകാസ്വാസ്ഥ്യം കൂടുമ്പോൾ അടുത്ത വീടുകളിലെ പുരുഷന്മാരെ മർദ്ദിക്കാറുണ്ടെന്നും അസഭ്യം പറയാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു. ഇതിനെതിരെ പരാതി പറഞ്ഞിട്ടും അവരുടെ ബന്ധുക്കളോ, പോലീസോ നടപടികൾ ഒന്നും സ്വീകരിച്ചില്ല. പോലീസ് ഒടുവിൽ പറഞ്ഞത് നിങ്ങൾ അവരെ പിടിച്ചുകൊണ്ടുവന്നാൽ വേണ്ടത് ചെയ്യാം എന്നായിരുന്നു. അവരുടെ ശല്യം സഹിക്കാനാവാതെ ആണ് സമീപവാസികൾ ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് അവരുടെ ഭാഷ്യം. വളരെ ക്രൂരമായിരുന്നു ആ ആക്രമണം. നിലത്ത് നിസ്സഹായയായി കിടക്കുന്ന ഒരു സ്ത്രീയെ മറ്റു മൂന്ന് സ്ത്രീകൾ ചേർന്ന് കൈയ്യിൽ കിട്ടിയ വടി ഉപയോഗിച്ച് അടിയ്ക്കുക ഒടുവിൽ അവർ അനങ്ങാതെ ആവുമ്പോൾ ചട്ടുകം ചൂടാക്കി വെച്ച് ജീവനുണ്ടോ (http://bit.ly/2oz6LeB) എന്ന് നോക്കുക! ആ സ്ത്രീ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 

രണ്ടാമത്തേത് അട്ടപ്പാടിയിൽ നിന്നും ആണ്. മധു എന്ന ആദിവാസിയെ മോഷണക്കുറ്റം ആരോപിച്ച് അയാൾ താമസിക്കുന്ന കാട്ടിനകത്തെ ഗുഹയിൽ നിന്നും ആളുകൾ ചേർന്ന് പിടികൂടി മർദ്ദിച്ച് പോലീസിൽ ഏല്പിക്കുന്നു. പോലീസ് ജീപ്പിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്ന വഴിയിൽ ഛർദ്ദിച്ച് മധു  അഗളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുമ്പോഴേയ്ക്കും മരിച്ചിരുന്നു (http://bit.ly/2BSFigb). പതിനഞ്ചോളം വ്യക്തികളെ പ്രതികളാക്കി കൊലപാതകക്കുറ്റം, വനവാസി പീഡനം എന്നീ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുകയും അവരെ റിമാന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മധുവും മാനസീകാസ്വാസ്ഥ്യം ഉള്ള ആളായിരുന്നു. അതുകൊണ്ട് തന്നെ വീടുവിട്ട് ഒറ്റയ്ക്കാണ് മധു താമസിച്ചിരുന്നത്. ഒൻപത് വർഷമായി മധു വീടുവിട്ടിറങ്ങിയിട്ടെന്ന് ചില വാർത്തകളിൽ കണ്ടു. അട്ടാപ്പാടി മുക്കാലിയിലെ കടകളിൽ മോഷണം പതിവാണെന്നും അതിൽ ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തിയ്ക്ക് മധുവുമായുള്ള രൂപസാദൃശ്യം ആണ് മധുവിനെ മോഷ്ടാവെന്ന് സംശയിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. മധുവിന്റെ ചാക്കുകെട്ടിൽ നിന്നും പലവ്യഞ്ജനങ്ങളും അരിയും മറ്റും നാട്ടുകാർ പുറത്തെടുക്കുന്നുമുണ്ട്. ക്രൂരമായ മർദ്ദനം ആണ് മധുവിനും ഏറ്റത്. മർദ്ദനത്തിൽ വാരിയെല്ല് തകർന്നതായും തലയ്ക്ക് മുറിവേറ്റതായും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഉണ്ട്. ആന്തരീകരക്തസ്രാവം ആണ് മധുവിന്റെ മരണത്തിനുള്ള കാരണം. മധുവിനെ കാട്ടിനുള്ളിൽ കടന്ന് പിടികൂടുന്നതിൽ നാട്ടുകാർക്ക് ഫേറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നതായും അവരുടെ സാന്നിദ്ധ്യത്തിൽ ആണ് മധുവിനെ നാട്ടുകാർ മർദ്ദിച്ചതെന്നും മധുവിന്റെ സഹോദരി ആരോപിക്കുന്നു.

ഈ രണ്ട് സംഭവങ്ങളും അതിദാരുണവും ആൾക്കൂട്ടത്തിന്റെ ക്രൂരമായ പെരുമാറ്റം ആണെന്നതിൽ സംശയമില്ല. രണ്ടിലും ആക്രമണവിധേയരായ വ്യക്തികൾ മാനസീകാസ്വാസ്ഥ്യം ഉള്ളവരും ആയിരുന്നു. ഈ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ എന്തുചെയ്യാൻ കഴിയും എന്നതും ഈ അവസരത്തിൽ ചർച്ചചെയ്യപ്പെടണം. മാനസീകാസ്വാസ്ഥ്യം ഉള്ളവർക്ക് മതിയായ പരിചണം ലഭ്യമാക്കണം. മാനസീകാസ്വാസ്ഥ്യം ഉള്ളവരെ ശരിയായി ചികിത്സിക്കാനോ ചികിത്സയിലൂടെ മാനസീകാരോഗ്യനിലവീണ്ടെടുത്തവരെ തിരികെ വീട്ടിൽ താമസിപ്പിക്കാനോ ബന്ധുക്കൾ തയ്യാറാകാത്തതോ ആയ നിരവധി ഉദാഹരണങ്ങൾ  നമുക്കുചുറ്റും കാണാൻ സാധിക്കും. ഈ നിലയിൽ മാറ്റം വരണം. സമൂഹം സഹാനുഭൂതിയോടെ ഇവരോട് പെരുമാറണം. ഞാനുൾപ്പടെ എത്ര ആളുകൾക്ക് ഇതൊക്കെ പ്രാവത്തികമാക്കാൻ സാധിക്കും എന്നതിലാണ് സംശയം.

പ്രൊഫസർ മധുസൂദനൻ നായരുടെ നാറാണത്തു ഭ്രാന്തൻ എന്ന കവിതയിലെ ചില വരികൾ കൂടി ചേർത്തുകൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതുന്നു.

വീണ്ടുമൊരുനാൾ വരും എന്റെ ചുടലപ്പറമ്പിനെ
തുടതുള്ളുമീ സ്വാർത്ഥസിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്ന്
അമരഗീതം പോലെ ആത്മാക്കളിഴചേർന്ന്
ഒരദ്വൈതപത്മമുണ്ടായ് വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൽ പരാഗങ്ങൾ അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കല്പതപമാർന്ന ചൂടിൽ നിന്ന് ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നാദ്യമായ് വിശ്വസ്വയംപ്രഭാപടലം ഈ മണ്ണിൽ പരക്കും
ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം നേരുനേരുന്ന താന്തന്റെ സ്വപ്നം

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.