Tuesday 13 November 2018

ശബരിമല ബുദ്ധക്ഷേത്രം പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്

ശബരിമല ഒരു ഹിന്ദു ക്ഷേത്രമാണെന്നും അതിനാൽ 1965-ലെ ഹൈന്ദവ പൊതു ആരാധാനലയ പ്രവേശ നിയമം അനുസരിച്ച് അഹിന്ദുക്കളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെട്ട് ടി ജി മോഹൻദാസ് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ന് സർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ രണ്ടുകാര്യങ്ങൾ ആണ് പ്രധാനമായും പറയുന്നത്. അതിൽ ഒന്ന് ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന തർക്കം ഉണ്ട് എന്നതാണ്. ഇത് ബുദ്ധക്ഷേത്രമാണെന്നും അല്ല ഗിരിവർഗ്ഗക്കാരുടെ ക്ഷേത്രമാണെന്നും തർക്കമുണ്ടെന്നതാണ് സർക്കാർ ഉന്നയിക്കുന്ന ഒരു വാദം. ഈ വാദത്തോട് രണ്ട് കാര്യങ്ങൾ ആണ് സർക്കാരിനോടും സിപിഎമ്മിനോടും ചോദിക്കാനുള്ളത്. ശബരിമല ഹിന്ദു ക്ഷേത്രമല്ല എങ്കിൽ ഹിന്ദുക്ഷേത്രങ്ങളുടെ സാമ്പത്തികമായ കാര്യങ്ങൾ നോക്കുന്നതിനു ചുമതലപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനു ശബരിമലയിൽ എന്താൺ് കാര്യം? നിങ്ങളുടെ വാദം അനുസരിച്ച് ഒരു കാലത്ത് അവിടെ ബുദ്ധക്ഷേത്രമോ അല്ലെങ്കിൽ ഗിരിവർഗ്ഗക്കാരുടെ ക്ഷേത്രമോ ആയിരുന്നു എന്ന് സമ്മതിച്ചാൽ തന്നെ പിൽക്കാലത്ത് അത് ഹിന്ദു ക്ഷേത്രമായി അല്ലെ അറിയപ്പെട്ടുന്നത്. ചുരുങ്ങിയപക്ഷം തീവെച്ചു നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനർനിർമ്മിച്ചതും പുനഃപ്രതിഷ്ഠനടത്തിയതും പൂർണ്ണമായും കേരളത്തിന്റെ തന്ത്രവിധിപ്രകാരം ഹിന്ദുക്ഷേത്രമായല്ലെ? അങ്ങനെ ആണെന്നിരിക്കെ നിങ്ങൾ ഇപ്പോൾ മുന്നോട്ട് വെയ്ക്കുന്ന ബുദ്ധക്ഷേത്രം എന്ന വാദത്തിനു എന്താണ് പ്രസക്തി. അയോധ്യയിൽ രാമക്ഷേത്രം നിന്നിരുന്നത് തകർത്താണ് ബാബർ അവിടെ മുസ്ലീം പള്ളി നിർമ്മിച്ചത്. പുരാവസ്തുവിദദഗ്ധർ ഈ കാര്യം തെളിവുകൾ സഹിതം സമർത്ഥിക്കുന്നുണ്ട്. അതുകൊണണ്ടുകൂടിയാണ് അവിടെ രാമക്ഷേത്രം പുനർനിർമ്മിക്കണം എന്ന് ഞങ്ങൾ വാദിക്കുന്നത്. ആ വാദത്തെ അംഗീകരിക്കാത്ത നിങ്ങൾ എന്തുകൊണ്ട് ഇവിടെ ആരും അവകാശം ഉന്നയിക്കാത്ത ബുദ്ധക്ഷേത്രം ആണെന്ന വാദം ഉന്നയിക്കുന്നു.

രണ്ടാമത് കേരള സർക്കാരിനു വേണ്ടി ദേവസ്വം റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഹർഷൻ നൽകിയ സത്യവാങ്മൂലത്തിലെ ഏഴാമത്തെ ഖണ്ഡിക ഇങ്ങനെ പറയുന്നു 

7.The Wakf Board, Muslim Organizations, Vavar Trust, Christian Organizations, Tribal Organizations are necessary parties before taking any decesion in the above and connected Writ Petition. When larger public interest of different religions and secular issues are involved, the issue cannot be adjudicated by the Court without publication in newspapers and media as contemplated under Order 1 Rule 8 of CPC

(വഖഫ് ബോർഡ് മുസ്ലീം സംഘടനകൾ വാവർ ട്രസ്റ്റ്, ക്രിസ്ത്യൻ സംഘടനകൾ, ആദിവാസി സംഘടനകൾ എന്നിവരുടെ എല്ലാം അഭിപ്രായങ്ങൾ പ്രസ്തുത ഹർജിയിൽ തീർപ്പുകല്പിക്കുന്ന അവസരത്തിൽ പരിഗണിക്കപ്പെടേണ്ടതാണ്. സമൂഹത്തിലെ മതപരവും മതനിരപേക്ഷവുമായ വലിയൊരു വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ സിപിസിഓർഡർ 1 റൂൾ 8 പറയുന്നതനുസരിച്ച് പത്രങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും പരസ്യ നൽകി ബന്ധപ്പെട്ടവരുടെ കൂടി അഭിപ്രായം പരിഗണിച്ചു മാത്രമേ ഈ വിഷയത്തിൽ അന്തിമമായ തീരുമാനം എടുക്കാവൂ)

ആഹ! എന്തൊരു വിശാലമനസ്കത!. ശബരമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന അവസരത്തിൽ ഒന്നും ഈ വിശാലമനസ്കത ഇടതു സർക്കാരുകൾക്ക് ഇല്ലാതെ പോയതെന്തേ? അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ സുപ്രീംകോടതിയിലെ ആദ്യ സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ പോലും ഈ കേസിൽ തീർച്ചയായും അഭിപ്രായം പറയാൻ അർഹരായ പന്തളം കൊട്ടാരത്തിന്റേയും തന്ത്രികുടുംബത്തിന്റേയും അഭിപ്രായം പരിഗണിക്കാതെ അല്ലെ സർക്കാർ സത്യവാങ്മൂലം നൽകിയത്? അന്ന് മന്ത്രിയുടെ പി എ ആയിരുന്ന ശശികുമാർ വർമ്മ പോലും സർക്കാരിന്റെ നിലപാട് അറിയുന്നത് സർക്കാർ സത്യവാങ്ങ്മൂലം സമർപ്പിച്ചതിനു ശേഷം ആയിരുന്നില്ലെ? ഒടുവിൽ മൂന്നംഗ ബഞ്ചിന്റെ മുൻപാകെ സത്യവാങ്മൂലവുമായി ചെന്ന പന്തളം കൊട്ടാരത്തെ കോടതി അപമാനിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ പോലും പറഞ്ഞില്ലല്ലൊ അവർ ഈ കേസിൽ അഭിപ്രായം പറയാൻ അർഹതയുള്ളവരാണ് അവരേയും കേൾക്കണം എന്ന്. ശബരിമലയിൽ പ്രവേശിക്കുന്നതിനു സ്ത്രീകൾക്ക് പ്രായപരിധിയിൽ ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം എടുക്കുമ്പോൾ, അത് കോടതിയെ അറിയിക്കുമ്പോൾ ആ തീരുമാനം കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസവികാരങ്ങളെ ബാധിക്കുന്നതാണെന്ന് തോന്നൽ എന്തുകൊണ്ട് സർക്കാരിനുണ്ടായില്ല? കോടിക്കണക്കുനു വരുന്ന അയ്യപ്പവിശ്വാസികളുടെ വികാരങ്ങൾക്ക് ഇടതുപക്ഷം ഒരു വിലയും കല്പിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയതെളിവല്ലെ ഇത്. ഇപ്പോൾ മറ്റു മതവിശ്വാസികൾക്ക് നിലവിലെ നിയമം അനുസരിച്ച് ശബരിമലയിൽ പ്രവേശനം വിലക്കണം എന്ന ഹർജി വരുമ്പോൾ അവർക്കുണ്ടാകുന്ന വേദനയും അത് സമൂഹത്തിലുണ്ടാക്കാവുന്ന പ്രശ്നങ്ങളും ഒക്കെ സർക്കാരിനു ബോധ്യം ഉണ്ട്. എന്നാൽ അയ്യപ്പഭക്തന്മാരുടെ വികാരങ്ങൾക്ക് ഒരു വിലയും ഇല്ല. കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തന്മാർ എന്താ രണ്ടാം തരം  പൗരന്മാരാണോ? അയ്യപ്പഭക്തന്മാരോട് ഇടതുപക്ഷ സർക്കാരുകൾ കാണിക്കുന്ന ഈ അവഗണനയ്ക്കും അധിക്ഷേപത്തിനും തീർച്ചയായും നിങ്ങൾ മറുപടി പറയേണ്ടിവരും. 

സത്യവാങ്മൂലം പേജ് 1 പേജ് 2 ഇവിടെ വായിക്കാം

3 comments:

  1. ഒരു ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നത് തടഞ്ഞുകൊണ്ട് 1991-ൽ പാർലമെന്റ് പാസാക്കിയ ഒരു നിയമം ഉണ്ട്. അതും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. THE PLACES OF WORSHIP (SPECIAL PROVISIONS) ACT, 1991 ACT NO. 42 OF 1991 ആ നിയമം ഇപ്രകാരം പറയുന്നു.
    An Act to prohibit conversion of any place of worship and to provide for the maintenance of the religious character of any place of worship as it existed on the 15th day of August, 1947, and for matters connected therewith or incidental thereto.
    ഇവിടെ വായിക്കാം

    ReplyDelete
  2. ഹൈന്ദവ ക്ഷേത്രമല്ലെങ്കിൽ ദേവസംബോർഡിനെ പിരിച്ചു വിടാം... നിയമം അങ്ങിനെയല്ല സാധൂകരിക്കുന്നത്?

    ReplyDelete
    Replies
    1. ദേവസ്വം ബോർഡിനു കീഴിൽ ശബരിമല മാത്രമല്ലല്ലൊ രാജേഷ് ഉള്ളത്. ശബരിമല ഹിന്ദുക്ഷേത്രം അല്ല എന്നാണ് വാദം എങ്കിൽ ശബരിമലയിൽ ദേവസ്വം ബോർഡിനുള്ള അധികാരം നഷ്ടമാകും എന്ന് വാദിക്കാം. കാരണം ദേവസ്വം ബോർഡ് ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഭരിക്കാനുള്ളതാണ്.

      Delete

Thank you for visiting my blog. Please leave your comments here.