ഇന്നലെ പലരുടേയും പോസ്റ്റുകൾ കണ്ടു. നെയ്യാറ്റിങ്കരയിൽ സനൽകുമാർ എന്ന ചെറുപ്പക്കാരനെ ഒരു വാഹനത്തിന്റെ മുന്നിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യ അത് മാദ്ധ്യമവിചാരണയുടെ ഫലമാണെന്നും 'ആത്മാഭിമാനം' മൂലമാണ് ഹരികുമാർ തൂങ്ങിമരിച്ചെതെന്നും ആ മരണത്തിന്റെ ഉത്തരവാദികൾ മാദ്ധ്യമങ്ങളും സമൂഹവും ആണെന്നൊക്കെ ആണ് അവർ പറയുന്നത്. അവരോട് പറയാനുള്ളത് ഈ ആത്മാഭിമാനം ഹരികുമാറിനു മാത്രമല്ല ഉള്ളത്. വ്യക്തിവൈര്യാഗ്യത്തിന്റെ പേരിലും സ്വന്തം ഈഗോയുടെ പേരിലും കള്ളക്കേസിൽ കുടിക്കി സമൂഹത്തിന്റെ മുൻപിൽ വിലങ്ങണിയിച്ചും സ്റ്റേഷനിലെ ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ചും ചില പോലീസേമാന്മാർ ചിത്രവധം ചെയ്യുന്ന ഓരോ സാധാരണ പൗരനും ഉണ്ടെന്നാണ്. അവർ ചെയ്ത 'കുറ്റം' ഒരു പക്ഷെ ഏതെങ്കിലും ഏമാന്മാരെ ചോദ്യം ചെയ്തത് ആകാം. അല്ലെങ്കിൽ ഏതെങ്കിലും ഏമാന്മാരുടെ തലതൊട്ടപ്പന്മാർക്ക് ഇഷ്ടക്കേടുണ്ടാക്കിയതാകാം. അതിനൊക്കെ നിങ്ങൾ മാദ്ധ്യമവിചാരണയ്ക്കും സമൂഹത്തിന്റെ മുൻപിൽ പ്രദർശനവസ്തുവായ കുറ്റവാളിയാക്കിയും നിറുത്തുന്ന സാധാരണക്കാരനും ഈ ആത്മാഭിമാനം ഉണ്ട്. ഏതാനും ആഴ്ചകൾ മുൻപാണ് ബാലപീഡനം ആരോപിച്ച് ആലുവ ജനസേവശിശുഭവന്റെ ജോസ് മാവേലിയെ ഇതുപോലെ മാദ്ധ്യമ വിചാരണയ്ക്ക് നിറുത്തിയത്. പണ്ട് ആലപ്പുഴയിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരായ ഒരു സ്ത്രീയേയും പുരുഷനേയും താലിമാലയും സിന്ദൂരപ്പൊട്ടും കാണാത്തതിൽ സംശയം തോന്നി അപഥസഞ്ചാരികൾ എന്ന് മുദ്രകുത്തി പീഡിപ്പിച്ചത്, അതിനും കുറെ കഴിഞ്ഞാണ് ഒരു ഓട്ടോ ഡ്രൈവറെ അയാൾ സ്ക്കൂളിൽ കൊണ്ടുപോകുന്ന കുട്ടികളിലെ ഒരാളെ പീഡിപ്പിച്ചു എന്ന വ്യാജ കുറ്റം ചുമത്തി മാദ്ധ്യമവിചാരണയ്ക്ക് എറിഞ്ഞു കൊടുത്തത്. അതിനും ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു റിട്ടയേഡ് പ്രിൻസിപ്പലിനെ ബാലപീഡനത്തിനു അറസ്റ്റ് ചെയ്ത് മാദ്ധ്യമ വിചാരണയ്ക്ക് വിട്ടുകൊടുത്തത്. ഇവരെയൊക്കെ നിങ്ങളാണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചത്. വരെ അറസ്റ്റ് ചെയ്യാൻ പോകുന്നതും അറസ്റ്റ് ചെയ്തും ഒക്കെ മാദ്ധ്യമങ്ങളെ അറിയിച്ച് സമൂഹത്തിനു മുൻപിൽ ഇവരെ അപഹാസ്യരാക്കിയത് നിങ്ങളിൽ ചിലർ തന്നെ ആണ്. കോടതികൾ നിരപരാധികളെന്നു കണ്ട് വിട്ടയച്ചിട്ടും നിങ്ങളിൽ ചിലർ നടത്തിയ കൊള്ളരുതായ്മ ഏല്പിച്ച അപമാനഭാരം പേറി മേല്പറഞ്ഞവരൊക്കെ ഇപ്പോഴും ഈ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. നിങ്ങളിൽ ചിലർ ചേർന്ന് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും ഒക്കെ നിങ്ങൾ ചാർത്തിയകുറ്റങ്ങൾ ഏൽക്കാൻ പ്രേരിപ്പിച്ചിട്ടും അതൊന്നും ഏൽക്കാതെ ദശാബ്ദങ്ങൾ നീണ്ട നിയമപോരാട്ടം നടത്തി ഒടുവിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രം സുപ്രീംകോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട ഒരാൾ ഉണ്ട് നമ്പി നാരായണൻ, ആരും അത്മഹത്യ ചെയ്തു പോയേക്കാവുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടും അതിനു തുനിയാതെ പൊരുതാൻ ഉറച്ചവർക്ക് പ്രചോദനം നൽകുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തെ പീഡിപ്പിച്ചവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി തുടരുന്നു എന്നത് മറ്റൊരു വൈപരീത്യം. വരാപ്പുഴയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന പോലീസുകാരെ നിങ്ങളിൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ നിരത്തി നിറുത്തിയിട്ടുണ്ടോ? തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസുകാരുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങൾ എടുക്കാതിരിക്കാൻ ആൾമാറാട്ടം വരെ നടത്തിയില്ലെ നിങ്ങളിൽ ചിലർ. ഹരികുമാറിനെ പോലെ ഉള്ളവർക്ക് മാത്രമല്ല ആത്മാഭിമാനം ഉള്ളത്. അയാൾ തൂങ്ങിമരിച്ചെങ്കിൽ അത് അയാളുടെ കുറ്റബോധം കൊണ്ടാണ്. അയാളുടെ കൈയ്യിലിരുപ്പു കൊണ്ടാണ്. പുറത്തു വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയാൾക്കെതിരെ നിരവധി ആരോപണങ്ങൾ പോലീസിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അവിശുദ്ധമായ പല കൂട്ടുകെട്ടുകളും ഉള്ള ഉദ്യോഗസ്ഥൻ ആയിരുന്നു അയാൾ. ഹരികുമാറിനെ ഇരയാക്കി ചിത്രീകരിച്ചും മഹത്വവൽകരിച്ചും കുറെ പോസ്റ്റുകൾ ഇന്നലേയും ഇന്നുമായി കണ്ടു, ഇത്രയെങ്കിലും എഴുതണം എന്ന് തോന്നി.
ഇന്നലെ വാർത്തയുണ്ട്; സൻൽകുമാറിന്റെ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് സംബന്ധിക്കുന്നത്. അതിൽ ഇങ്ങനെ പറയുന്നു:
ReplyDeleteതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ മൃതദേഹത്തിന് മദ്യത്തിന്‍റെ മണമുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്‍റെ അംശമുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് മദ്യം നല്‍കിയതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. മദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും പൊലീസില്‍ കീഴടങ്ങിയിരുന്നു. ഹരികുമാര്‍ ആത്മഹത്യ ചെയ്തെങ്കിലും കേസില്‍ നിയമപരമായ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
മരിച്ചു കഴിഞ്ഞിട്ടും സനൽകുമാറിനെ മോശക്കാരനാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ചുരുക്കം. ഈ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകണം
വാർത്തയുടെ ലിങ്ക് ചുവടെ ചേർക്കുന്നു
Deletehttps://www.asianetnews.com/news/sanal-kumar-murder-case-postmortem-report-piwgz8?