ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് മേൽ സുപ്രീംകോടതിയും കേരളസർക്കാരും നടത്തുന്ന കടന്നുകയറ്റങ്ങളിൽ പ്രതിഷേധിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ശബരിമല കർമ്മന്മിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വടക്കേഅറ്റം മുതൽ തെക്കേഅറ്റം വരെ വിശ്വാസികൾ ദേശീയപാതയുടെയും സംസ്ഥാനപാതയുടേയും ഒരു വശത്ത് അണിനിരന്നു കൈയ്യിൽ ദീപം തെളിയിച്ചു പിടിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഈ പ്രതിഷേധം നടത്തുന്നത് അങ്കമാലി-കാലടി-പെരുമ്പാവൂർ-മൂവാറ്റുപുഴ വഴിയാണ്. എന്റെ നാടായ കുഴുപ്പിള്ളിക്കാർക്ക് അങ്കമാലിയിൽ കരയാപറമ്പ് എന്ന സ്ഥലത്ത് പ്രതിഷേധനിരയിൽ അണിചേരാനാണ് നിർദ്ദേശം കിട്ടിയിരുന്നത്. ഇന്ന് ഓഫീസിൽ നിന്നും ഇറങ്ങി ആറ് മണിയോടെ കരയാപറമ്പിൽ എത്തണം എന്നതായിരുന്നു ആഗ്രഹം.
വൈകീട്ട് അഞ്ചുമണിയ്ക്ക് കളമശ്ശേരി ഓഫീസിൽ നിന്നും ഇറങ്ങുന്ന സമയത്തും എങ്ങനെ ആറുമണിയ്ക്ക് മുൻപ് കരയാപറമ്പിൽ എത്താം എന്നതായിരുന്നു ചിന്ത. ഞാൻ വാഹനം ഒന്നും ഓടിക്കാത്ത ആളാണ്. ബസ്സു തന്നെ ശരണം. അപ്പോഴാണ് സഹപ്രവർത്തകനായ അനൂപ് പറഞ്ഞത് മണികണ്ഠൻഭായി ശരത്ത് അങ്കമാലിയ്ക്ക് പോകുന്നുണ്ട് വേണമെങ്കിൽ അവന്റെ ഒപ്പം പോയിക്കോളൂ. ജോയിച്ചേട്ടനും ഞാൻ കൊണ്ടുപോയ്ക്കോളാം. ശരത്തും അനൂപും പാറപ്പുറത്തും (കാഞ്ഞൂർ) ജോയിച്ചേട്ടൻ മലയാറ്റൂരും ആണ് താമസം. ശരത്ത് ഇന്ന് അങ്കമാലി വഴി പോകുന്നു. പിന്നെ വേറെ ഒന്നും ആലോചിക്കാനുണ്ടായില്ല. ശരത്തിന്റെ ബൈക്കിൽ അങ്കമാലിയിലേയ്ക്ക്.
ആലുവയിലും, ദേശംകവലയിലും, കരിയാടും അത്താണിയിലും എല്ലാം ബ്ലോക്ക് ഉണ്ടായിരുന്നു. എന്നിട്ടും അഞ്ച് നാല്പതോടെ അങ്കമാലിയിൽ എത്തി. അവിടെ ഇറങ്ങി ശ്രീകാന്തിനെ വിളിച്ചു, ഞാൻ അങ്കമാലിയിൽ എത്തി കരയാപറമ്പ് വരെ എത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഇവിടെ കൂടട്ടെ. സമയമുണ്ട് കരയാപറമ്പിൽ എത്താനായിരുന്നു നിർദ്ദേശം. കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ്സൊന്നും കാണുന്നില്ല. കുറെ ഓട്ടോകൾക്ക് കൈകാണിച്ചു. ഒന്നും നിറുത്തിയില്ല. അങ്ങനെ പത്തുമിനിറ്റ് തെക്കോട്ടും വടക്കോട്ടും ഓട്ടം. പെട്ടന്ന് ഒരാൾ ബൈക്കിൽ മുന്നിൽ വന്നു നിറുത്തി. മണികണ്ഠൻ ചേട്ടാ എങ്ങോട്ടാ. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. ഞാൻ പറഞ്ഞു കരയാപറമ്പ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനാണ്. എന്റെ നാട്ടുകാർ അവിടെ ആണ്. ബൈക്കിൽ വന്ന ആൾ പറഞ്ഞു കയറിക്കോ ഞാൻ ഇറക്കാം. അങ്ങനെ ആ ബൈക്കിന്റെ പുറകിൽ കയറി. ചേട്ടന് എന്ന് മനസ്സിലായോ? ഞാൻ വിനോദ്, വിനോദ് പട്ടമന നമ്മൾ കൃഷ്ണൻകുട്ടിച്ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ പരിചയപ്പെട്ടിരുന്നു. അപ്പോൾ ഞാൻ ഓർത്തു. അമ്മാവൻ പറവൂർ കെ എം കെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ ബൈസ്റ്റാന്റർ ആയി നിന്നിരുന്നു, അന്ന് അമ്മാവനെ കാണാൻ വന്നതാണ് ഏഴിക്കരക്കാരനായ വിനോദ്. ബൈക്കിൽ പോകുമ്പോൾ എന്റെ നാട്ടുകാർ നിൽക്കുന്നത് ഞാൻ കണ്ടു. അവിടെ ധാരാളമാളുകളുണ്ട്.ഏഴിക്കരയിൽ നിന്നും വന്നവർ കരയാപറമ്പ് പാലത്തിന്റെ വടക്കു വശത്താണ് എന്റെ നാട്ടുകാർ (കുഴുപ്പിള്ളിക്കാർ) തെക്കുഭാഗത്തും. ഏഴിക്കര എന്റെ അച്ഛന്റെ നാടാണ്. ആ നിലയിൽ ഞാൻ ഏഴിക്കരക്കാരനും ആണ്. അങ്ങനെ വിനോദിനൊപ്പം ഏഴിക്കരക്കാർ നിൽക്കുന്ന സ്ഥലത്തേയ്ക്കായി യാത്ര. അവിടെ ഞങ്ങളുടെ തന്നെ കുടുംബാംഗമായ മുട്ടത്തിൽ വിജയൻ ചേട്ടൻ ബൈക്കിറങ്ങുന്നതിനും മുൻപേ എന്നെ കൈകാട്ടി വിളിച്ചു. ബൈക്ക് പാർക്ക്ചെയ്ത് റോഡ് മുറിച്ചുകടന്ന് ഞാനും വിനോദും ഏഴിക്കരക്കാർക്കൊപ്പം നിന്ന് അയപ്പജ്യോതിയുടെ ഭാഗമായി.
രാവിലെ മുതൽ ഒരു പ്രാർത്ഥന ഇതുമാത്രമായിരുന്നു. എന്തായാലും സ്വാമി കൈവിട്ടില്ല. ആറുമണിയ്ക്ക് തന്നെ കരയാപറമ്പിൽ എത്താനും ആറര വരെ അയ്യപ്പജ്യോതിയുടെ ഭാഗമാകാനും സാധിച്ചു. എല്ലാം സ്വാമിയുടെ തന്നെ അനുഗ്രഹം. കൃത്യസമയത്ത് ശരത്തിനേയും വിനോദിനേയും എന്റെ മുന്നിൽ എത്തിച്ചതും സ്വാമിയല്ലാതെ മറ്റാര്. ജ്യോതി തെളിയിച്ചു കഴിഞ്ഞ് കുഴുപ്പിള്ളിക്കാർക്കൊപ്പംതിരികെ കുഴുപ്പള്ളിയിൽ എത്തി. ഇപ്പോൾ നല്ല സന്തോഷവും സമാധാനവും ഉണ്ട്. ആഗ്രഹിച്ചതു പോലെ അയ്യപ്പജ്യോതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം.
അങ്കമാലിയിൽ എളവൂർ കവലയ്ക്കും കരയാപറമ്പ് പാലത്തിനും ഇടയിൽ ദേശീയപാത-47-ൽ ഏഴിക്കരക്കാർക്കൊപ്പം അയ്യപ്പജ്യോതിയുടെ ഭാഗമായി. |
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.