Sunday, 16 September 2018

വൈപ്പിൻ എം എൽ എ എസ് ശർമ്മയ്ക്ക് ഒരു കത്ത്

കുഴുപ്പിള്ളി
12/09/2018

ബഹുമാനപ്പെട്ട വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ എംഎൽഎ അറിയുന്നതിനു,

അങ്ങേയ്ക്ക് സുഖം തന്നെ എന്ന് കരുതുന്നു. ഇടയ്ക്കുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ വരുന്നതു കൊണ്ട് അങ്ങ് ഈ മണ്ഡലത്തിലെ കാര്യങ്ങൾ അറിയുന്നുണ്ടെന്നും മനസ്സിലാക്കുന്നു. വളരെ ബൃഹത്തായ 'പദ്ധതികൾ' ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന തിരക്കിലാണ് അങ്ങെന്ന് അറിയാമെങ്കിലും ഒരു ചെറിയ കാര്യം അങ്ങയുടെ അറിവിലേയ്ക്കായി കുറിയ്ക്കുന്നത് അങ്ങയെ അലോസരപ്പെടുത്തില്ല എന്ന് കരുതുന്നു. എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും എബ്രാഹമടമാക്കൽ റോഡ് വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് മൂന്നു പാലങ്ങൾ കയറിയാണ് വൈപ്പിൻ മണ്ഡലത്തിലേയ്ക്ക് എത്തുക എന്നത് അങ്ങേയ്ക്ക് അറിയാമെന്ന് കരുതുന്നു. ആദ്യത്തെ പാലം കടന്നാൽ നമ്മുടെ യൂസഫലി മുതലാളിയുടെ ലുലു ഇന്റെർനാഷണൽ കൺവെൻഷൻ സെന്ററിനു മുന്നിലൂടെ ട്രാഫിക് റൗണ്ട് എടുക്കാതെ നേരെ മുന്നോട്ട് തന്നെ പോന്നാൽ രണ്ടാമത്തെ പാലത്തിൽ കയറാം. അങ്ങനെ കയറുമ്പോൾ ഇടത്തേയ്ക്ക് നോക്കിയാൽ പഴയ ഒരു പാലം ഉള്ളത് അങ്ങേയ്ക്ക് അറിയാമെന്ന് കരുതുന്നു, ആ പാലം ഇറങ്ങിച്ചെല്ലുന്ന ഭാഗത്തുള്ള റെയിൽവേ ലൈനിനു മുകളിൽ പുതിയ ഓവർ ബ്രിഡ്ജ് പണിത് പഴയ പാലത്തോട് ചേർത്ത് അതിന്റെ അപ്രോച്ച് റോഡുകളും പണിത് സഞ്ചാര യോഗ്യമായിക്കിടക്കുന്നത് അങ്ങ് കണ്ടിട്ടുണ്ടോ എന്നറിയില്ല. ഇന്നോവ കാറിൽ പോകുമ്പോൾ കാണാൻ ബുദ്ധിമുട്ടാണ്. ബസ്സിൽ എപ്പോഴെങ്കിലും യാത്രചെയ്താൽ കൃത്യമായി കാണാം. പകൽ സമയത്ത് മത്സ്യം ഉണക്കാനൊക്കെ ആ പാലവും അപ്രോച്ച് റോഡും ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇനി എപ്പോഴെങ്കിലും ആ വഴി വരുകയാണെങ്കിൽ എത്ര തിരക്കാണെങ്കിലും ലുലു ഇന്റെർനാഷണൽ കൺവെൻഷൻ സെന്ററിനു മുൻപിൽ ആ ഇന്നോവ ഒന്ന് ഒതുക്കി ഇറങ്ങി നോക്കണം. പാലവും അപ്രോച്ച് റോഡും ഒക്കെ പണികഴിഞ്ഞ് ഇങ്ങനെ മത്സ്യം ഉണക്കാനും കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യാനുമായി മാത്രം കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ആ പാലം ഇറങ്ങിച്ചെല്ലുന്ന ഭാഗത്ത് വലിയ കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് ഗതാഗതം തടഞ്ഞിട്ടുള്ളതിനാൽ പാലത്തിലൂടെ യാത്രചെയ്ത് വല്ലാർപാടത്തേയ്ക്ക് നേരെ പോകാൻ കഴിയില്ല. എന്നാലും അത്യാവശ്യത്തിനു ഉപയോഗിക്കാൻ പാകത്തിൽ ഗോശ്രീ റോഡിലേയ്ക്ക് കടക്കനുള്ള ഒരു സംവിധാനം നമ്മുടെ ബസ്സുകാർ ഒരുക്കിയിട്ടുണ്ട്. ഗതികേട് കൊണ്ടാണ് സഖാവെ. അല്ലെങ്കിൽ പലപ്പോഴും വഴിയിൽ കിടക്കാനെ പറ്റൂ.

സഖാവ് മനസ്സിൽ ചിന്തിക്കുന്നതെന്താണെന്ന് മനസ്സിലായി. നിനക്കൊക്കെ ഇപ്പറത്തെ പാലത്തിലൂടെ പോയാൽ പോരെ എന്തിനാ അറ്റകുറ്റപ്പണികഴിഞ്ഞ ആ പുതിയ പാലത്തിലൂടെ തന്നെ പോകണം എന്ന് നിർബന്ധം എന്നല്ലെ. അതെന്താണെന്നു വെച്ചാൽ, സഖാവെ ആ പാലത്തിൽ ഇടയ്ക്കിടെ കണ്ടെയ്നർ ലോറി ബ്രേക്ക് ഡൗണ് ആവും. ഒരു കണ്ടെയ്നർ അതും നല്ല തിരക്കുള്ള സമയത്ത് ബ്രേക്ക് ഡൗൺ ആയാൽ രണ്ടു വരിമാത്രമുള്ള പാലത്തിലെ ഗതാഗതം സ്തംഭിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഇന്നും ഏകദേശം നാല്പതുമിനിറ്റോളം ആ കുരുക്കിൽ കിടന്നു. അപ്പോഴൊക്കെ അങ്ങയേയും എല്ലാവരേയും നല്ലപോലെ ഓർത്തു കേട്ടോ.

എന്തായാലും പഴയപാലം റെയിൽവേ ഓവർ ബ്രിഡ്ജുമായി ചേർത്ത് പണികൾ പൂർത്തിയായി അപ്രോച്ച് റോഡും റെഡിയായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ഇടയ്ക്ക് കുറച്ചു ദിവസം ആ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ അത് അങ്ങ് സ്ഥിരമായി തുറന്നു കൊടുത്തുകൂടെ സഖാവേ? പഴയ സ്വാധീനം ഒന്നും പാർടിയിലും ഭരണത്തിലും സഖാവിനു ഇപ്പോൾ ഇല്ലെന്നു അറിയാം. അതുപോലെ വൈപ്പിനിലെ സഖാക്കൾ സഖാവിന്റെ ഗ്രൂപ്പിൽ പെട്ടവർ അല്ലെന്നും അറിയാം. അവരാരും ഒന്നും സഖാവിനെ അറിയിക്കുന്നില്ലെന്നും സഖാവ് അവരെ മൈന്റ് ചെയ്യുന്നില്ല എന്നും അറിയാം. എന്നാലും കോൺഗ്രസ്സിന്റെ ഗ്രൂപ്പ് കളിമൂലം കമ്മ്യൂണിസ്റ്റുകാരേക്കാൾ സഖാവിനു വോട്ട് ചെയ്തത് വൈപ്പിനിലെ കോൺഗ്രസ്സുകാരാണെന്ന് സഖാവിനും അറിയാവുന്നതാണല്ലൊ. ആ ജനങ്ങളെ ഓർത്തെങ്കിലും ഒന്ന് ശ്രമിച്ചു നോക്കണം സഖാവെ. ആ പാലം സ്ഥിരമായി ഗതാഗതത്തിനു തുറന്നു കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണം.

മൂന്നാമത്തെ പാലത്തിലൂടെ സഖാവ് അടുത്തെങ്ങാനും പോയിട്ടുണ്ടോ എന്നറിയില്ല. ഇന്നോവ പോലുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് അത് വലിയ കുഴപ്പം ആകില്ല എന്നാണ് പറയപ്പെടുന്നത്. പക്ഷെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ടാണ് ആ പാലത്തിലൂടേയുള്ള യാത്ര. 'പട്ടി മൂത്രമൊഴിക്കുന്ന പോലെ" അവിടിവിടെ കുഴികൾ അടച്ചാൽ ആ പാലത്തിൽ ഒന്നും ആവില്ല സഖാവെ. മൊത്തത്തിൽ തന്നെ ടാറിങ്ങ് ചെയ്യണം. ആ പാലത്തിന്റെ ഉടസ്ഥാവകാശത്തിൽ എന്തോ തർക്കമുണ്ടെന്ന് കേട്ടിരുന്നു. ജിഡയാണോ, പോർട്ട് ട്രസ്റ്റാണോ, പി ഡബ്ലിയു ഡി ആണോ ഉടമസ്ഥൻ എന്നൊരു തർക്കം ഇപ്പോഴും ഉണ്ടത്രേ! ശരിയാണോ എന്നറിയില്ല. എന്തായാലും ജിഡയിൽ അതിനൊക്കെ ആവശ്യത്തിനു ഫണ്ട് ഉണ്ടല്ലൊ സഖാവേ. അതെടുത്താണെങ്കിൽ ആ അറ്റകുറ്റപ്പണി പൂർത്തിയാക്കണം.

ഇനിയും വൈപ്പിനിൽ ഒരങ്കത്തിനു സഖാവിനു താല്പര്യമില്ല എന്ന് കേൾക്കുന്നുണ്ട്. പഴയ ചിറ്റാറ്റുകരയും പറവൂരും ഒക്കെയാണ് കൂടുതൽ പ്രിയം എന്നും കേൾക്കുന്നു. അസൂയക്കാർ പറയുന്നതാണ് എന്നറിയാം. വെളിച്ചവും അമ്മതൻ ഭക്ഷണവും ഒക്കെ വൈപ്പിൻ നിവാസികൾക്ക് പ്രിയപ്പെട്ട പദ്ധതികൾ അല്ലെ. പത്തുലക്ഷം രൂപ മികച്ച സ്ക്കൂളിനു സംഭാവന ചെയ്യുന്ന വേറേ ഏത് എം എൽ എ കാണും. വൈപ്പിനിലെ സ്വകാര്യ ആശുപത്രികൾക്ക് രോഗിക്ഷാമം ഇല്ലാതിരിക്കാൻ അവിടത്തെ ഡോക്ടർമാരെ ഉൾപ്പെടുത്തി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾക്കും നല്ല പ്രതികരണമാണ്. അങ്ങനെ പല തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങൾക്ക് സമയം കണ്ടെത്തണേ സഖാവെ.

അങ്ങയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട്,

വൈപ്പിൻ മണ്ഡലത്തിലെ ഒരു വോട്ടർ.

4 comments:

  1. വന്നു.. വായിച്ചു.. :)

    ReplyDelete
    Replies
    1. വളരെ സന്തോഷം. ബ്ലോഗിൽ സന്ദർശകർ ഉണ്ടെങ്കിലും പഴപോലെ കമന്റുകൾ / അഭിപ്രായങ്ങൾ /നിർദ്ദേശങ്ങൾ / വിമർശനങ്ങൾ ഒന്നും പഴയപോലെ ഉണ്ടാകാറില്ല. അതിനാൽ തന്നെ ആരെങ്കിലും എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇനിയും വരുക. അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ / വിമർശനങ്ങൾ എല്ലാം പങ്കെവെയ്ക്കുക. നന്ദി.

      Delete
  2. ഈ പാലത്തിനു സമാന്തരമായുള്ള ഇപ്പോൾ ഉപയോഗത്തിൽ ഉള്ള പാലത്തിന്റെ ചരിത്രം ഇതിനേക്കാൾ ഗംഭീരമാണ്. അത് ഇവിടെ വായിക്കാം.

    ReplyDelete
  3. ജിഡയുടെ ഉടമസ്ഥതയിലും പരിപാലനത്തിലും ഉള്ളതും നാഷണൽ ഹൈവേ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളതുമായ രണ്ടാം ഗോശ്രീ സമാന്തരപാലം 20/09/2018 മുതൽ ഗതാഗതത്തിനു തുറന്നുകൊടുത്തുകൊണ്ട് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവായിട്ടുണ്ട്. ഇന്നു മുതൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ സ്വീകരിക്കാൻ കൊച്ചി സിറ്റി ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടുകൊണ്ട് എൻ എച്ച് എ ഐ 19/09/2018നു കത്ത് നൽകിയിട്ടുണ്ട്. പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കണ്ടെയ്നർ ലോറികൾ അവിടെ നിന്നുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതം തിരിച്ചു വിടുന്നതിനും തടയുന്നതിനും സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പാലങ്ങളിലും വൺവേ ആയിട്ടാവും ഗതാഗതം. ഇപ്പോൾ ഉപയോഗത്തിലുള്ള പാലം എറണാകുളം ഭാഗത്തേയ്ക്കും, 'നന്തൻ പാലം' വൈപ്പിൻ ഭാഗത്തേയ്ക്കും ആയിരിക്കും ഗതാഗതം.

    ReplyDelete

Thank you for visiting my blog. Please leave your comments here.