ഇന്നു (28/04/2018) നമ്മുടെ മുഖ്യമന്ത്രി മുഴുവൻ സമയം എറണാകുളം നഗരത്തിലും പരിസരപ്രദേശത്തും ഒക്കെ ആയി ഉണ്ടായിരുന്നു. രാവിലെ വൈപ്പിൻ - ഫോർട്ട്കൊച്ചി റോ റോ സർവ്വീസിന്റെ ഉദ്ഘാടനം (2016 നവംബറിലും 2017 ജനുവരിയിലുമായി നീറ്റിൽ ഇറക്കിയ രണ്ട് യാനങ്ങൾ, നീറ്റിലിറക്കി കഴിഞ്ഞപ്പോളാണ് ഓർത്തത് അത് അടുപ്പിക്കാൻ പറ്റിയ ജട്ടി ഇല്ലെന്ന് പിന്നെ അത് ഉണ്ടാക്കുന്നതുവരെ ചുമ്മാ കൊച്ചിക്കായലിൽ കിടക്കുകയായിരുന്നു ഈ യാനങ്ങൾ. ഇപ്പോഴാണ് ജട്ടിയുടെ പണി പൂർത്തിയായത്) പിന്നെ യൂസഫലി മുതലാളിയുടെ 30 വർഷത്തെ പാട്ടഭൂമിയിൽ പണിത കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം. അതുകഴിഞ്ഞ് നിധിൻ ഗഡ്കരിയുമായി ദേശീയപാത വികസനത്തെ കുറിച്ച് ചർച്ച. അതുകഴിഞ്ഞ് പറവൂർ എസ് എൻ ഡി പി യൂണിയന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം. പിന്നെ തിരികെ വന്ന് എറണാകുളം മറൈൻ ഡ്രൈവിൽ സമ്മേളനം. ഇതൊക്കെയാണ് ഇന്നത്തെ വിജയന്റെ പരിപാടികൾ ആയിരുന്നത്. എറണാകുളത്തുനിന്നും പറവൂർക്ക് പോകുന്ന വഴിയിലാണ് വരാപ്പുഴ എന്ന സ്ഥലം. അതെ പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ വീട് ഉള്ള വരാപ്പുഴ. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴി വിജയനു വേണമെങ്കിൽ ആ വീട്ടിൽ കയറി ആ കുടുംബാംഗങ്ങളെ കാണാം ആശ്വസിപ്പിക്കാം. പക്ഷെ വിജയൻ ആ വഴി പോയില്ല. വരാപ്പുഴ വഴിയേ തന്നെ പോയില്ല. എറണാകുളത്തു നിന്നും വൈപ്പിൻ ദ്വീപിലൂടെ പറവൂർക്ക് അവിടെനിന്നും ആലുവ വഴി തിരികെ എറണാകുളത്തേയ്ക്ക്.
ട്രയിനിൽ സീറ്റ് തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാംഗങ്ങളെ കാണാൻ ഇവിടന്ന് വിമാനം പിടിച്ച് ഡൽഹിയിൽ പോയി അവരെ സമാധാനിപ്പിച്ച് 10 ലക്ഷം നഷ്ടപരിഹാരം നൽകിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി വിജയൻ. മനുഷ്യത്വം എന്നൊന്നുണ്ടെങ്കിൽ ഇന്നത്തെ യാത്രയിലെ ഒരു പത്ത് മിനിറ്റ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ കാണാനും അവരെ ആശ്വസിപ്പിക്കാനും മാറ്റിവെയ്ക്കാമായിരുന്നു. ജുനൈദിന്റെ കുടുംബത്തെ കാണാൻ പോയ മുഖ്യന്ത്രിയ്ക്ക് ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ സമയമില്ലെങ്കിൽ അതിനർത്ഥം മനുഷ്യത്വം ഇല്ല എന്നുതന്നെ ആണ്. അപ്പോൾ ഓർമ്മവരുന്നത് ശ്രീ വെള്ളപ്പള്ളി നടേശൻ ആലുവ പ്രസംഗത്തിൽ പറഞ്ഞതാണ്. "മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം." അന്ന് വെള്ളാപ്പള്ളി അതു പറഞ്ഞതിനു വലിയ ശബ്ദകോലാഹലം ആയിരുന്നു. എന്തുകൊണ്ട് സംസ്ഥാന പോലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകുന്നില്ല? എന്തുകൊണ്ട് ആ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം ഉണ്ടാകുന്നില്ല? ആ കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐയ്ക്ക് കൈമാറണം എന്ന ആ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നില്ല? നൗഷാദിന്റെ കുടുംബത്തിനു നഷ്ടപരിഹാരവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകി. ചെങ്ങന്നൂർ എം എൽ എ ആയിരുന്ന സി പി ഐ (എം) കാരനായ കെ കെ രാമചന്ദ്രൻ നായർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ കടബാദ്ധ്യതയും സർക്കാർ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകനു സർക്കാർ ജോലി നൽകും എന്ന പ്രഖ്യാപനവും വന്നു (എം എൽ എ മരിച്ചാൽ മകനു സർക്കാർ ജോലി എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്). ഉമ്മൻ ചാണ്ടി മാറി പിണറായി മുഖ്യമന്ത്രി ആകുമ്പോൾ ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ അല്പം മാറ്റം വരുത്താം എന്ന് തോന്നുന്നു. മരിക്കുന്നെങ്കിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുതലാക്കാൻ പറ്റിയ ന്യൂനപക്ഷവിഭാഗക്കാരനായി മരിക്കണം. അല്ലെങ്കിൽ സി പി എം അനുഭാവിയായി മരിക്കണം. ഇതു രണ്ടുമല്ലാത്തവൻ സി പി എം ഭരിക്കുന്ന സംസ്ഥാനത്ത് പോലീസിന്റെ തല്ല്കൊണ്ട് മരിച്ചാലും അവന്റെ കുടുംബത്തെ സി പി എം ഭരണകൂടം തിരിഞ്ഞു നോക്കില്ല. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ ഇതുവരെ ഒരു സി പി എം ജനപ്രതിനിധിയും സന്ദർശിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ന് ആ കുടുംബത്തെ ഒഴിവാക്കാൻ മനഃപൂർവ്വം വരാപ്പുഴ ഒഴിവാക്കി മുഖ്യമന്ത്രിയും യാത്ര ചെയ്തു.
എറണാകുളം ജില്ലാ കമ്മറ്റി ഒരു നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചിട്ടുണ്ടത്രേ. ശ്രീജിത്തിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. അതുപോലെ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സ്ഥിരവരുമാനത്തിനുള്ള സംവിധാനം ഒരുക്കണം. ഇനി വരാപ്പുഴയിൽ 'രാഷ്ട്രീയ വിശദീകരണയോഗം' നടക്കുന്നുണ്ട്. ശ്രീജിത്തിന്റെ കൊലപാതകത്തിലെ രാഷ്ട്രീയം വിശദീകരിക്കാൻ. അതിനു എത്തുന്നത് പാർടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നേരിട്ടാണ്. പാർടി സെക്രട്ടറി നേരിട്ടെത്തി വിശദീകരിക്കേണ്ട എന്ത് രാഷ്ട്രീയമാണ് നിരപരാധിയായ ഒരാളെ പോലീസ് പിടിച്ചുകൊണ്ട് പോയി മർദ്ദിച്ചു കൊന്നതിൽ ഉള്ളത്? പ്രസംഗമല്ല സഖാവെ പ്രവർത്തിയാണ് ആവശ്യം. പോലീസാണ് നിരപരാധിയായ ശ്രീജിത്തിനെ കൊന്നത്. ആ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ആ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണം. അതിനുള്ള നടപടികൾ ഉണ്ടാകട്ടെ.