Sunday, 25 May 2008

കൊച്ചികായലും ഫോര്‍‌ട്ടുകൊച്ചി കടല്‍‌ത്തീരവും

കൊച്ചികായലിന്റേയും ഫോര്‍‌ട്ടുകൊച്ചി കടല്‍‌ത്തീരത്തിന്റേയും ചില ചിത്രങ്ങള്‍ ആണ്‌ ഈ ബ്ലോഗില്‍‌. കേരളത്തിന്റെ വ്യവസായികതലസ്ഥാനം എന്നും വാണിജ്യ തലസ്ഥാനം എന്നും അറിയപ്പെടുന്ന നഗരമാണ് എറണാകുളം. എറണാകുളം നഗരത്തില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട്‌ജെട്ടിയില്‍‌ നിന്നും ഈ യത്ര തുടങ്ങാം. ഞാന്‍‌ ഈ ബ്ലോഗില്‍ ചേര്‍ക്കുന്ന പലചിത്രങ്ങളും ഏതാനും മാസങ്ങള്‍ക്കുമുന്പേ എടുത്തതാണ്. ഇന്നു ഈ ബോട്ടുജെട്ടിയുടെ മുഖം മാറിയിരിക്കുന്നു. ഇപ്പോള്‍‌ ഇവിടെ പുതിയ ബോട്ടുജെട്ടി ഉണ്ടു. അതിന്റെ ഉത്ഘാടനം കഴിഞ്ഞോ എന്നറിയില്ല. എന്തായലും നമ്മുടെ യാത്ര തുടങ്ങാം.
ഇതു എറണാകുളത്തെ താത്കാലിക ബോട്ടുജെട്ടി. താത്കാലീകമായി ഇവിടെ പ്രവര്‍‌ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍‌ കുറച്ചായി. സര്‍‌ക്കാരുകാര്യമല്ലെ അതു അങ്ങു മുറപോലെ നടക്കും. ഇവിടെനിന്നാണു യാത്ര ആരംഭ്ക്കുന്നതു.
ഇവിടെനിന്നും നോക്കിയാല്‍ അകലെ ഈ കണുന്നതു ഫാക്ട്‌ (ഫെര്‍ട്ടിലൈസേഴ്സ് ആന്റ്‌ കെമിക്കത്സ്‌ ട്രാവങ്കൂര്‍‌ ലിമിറ്റഡ്) എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്നവശ്യമായ ഗന്ധകം (സള്‍‌ഫര്‍) ഇറക്കുന്ന സ്ഥലം ആണ്. കപ്പലില്‍ ഇവിടെ എത്തിക്കുന്ന ഗന്ധകം കണ്‍വെയര്‍ ബെല്‍‌ട്ട് വഴിയാണു ഇറക്കുന്നതു.
ഇതാണ് നമ്മുടെ ബോട്ടിന്റെ ഉള്‍‌ഭാഗം. ഇതു ഒരു പുതിയ ബോട്ടാണ്. അതാണ് ഇത്രയും ഭംഗി. പഴയബോട്ടുകള്‍ ആകെ മൂട്ടയുള്ള പഴയ മട്ടിലുള്ള ഇരിപ്പിടങ്ങളും ആണ്. എന്തായലും ഇത്തരം പുതിയ ഒരു ബോട്ടിന്റെ ചിത്രം കിട്ടിയതു ഭാഗ്യം ആയി. ഇതില്‍ ഞാന്‍‌ കണ്ട മറ്റൊരു പ്രത്യേകത അത്യാവശ്യത്തിനു രക്ഷാഉപകരണങ്ങള്‍ ഇതില്‍ ഉണ്ട്‌ എന്നതാണു. ഒരു നൂറുപേര്‍ക്കു കയറാവുന്ന ഈ ബോട്ടില്‍ അത്യാവശ്യം ഇരുപതുപേര്‍‌ക്കെങ്കിലും വേണ്ട “ലൈഫ് ബോയ്” കള്‍ ഉണ്ട്‌. ടൈറ്റാനിക്കില്‍ പോലും ഉണ്ടായില്ല ഇത്രയും നല്ല ഒരു അനുപാതം.
നമ്മള്‍ എറണാകുളം നഗരം വിടുകയാണ്. മറൈന്‍‌ഡ്രൈവില്‍ ഉള്ള ചില കെട്ടിടങ്ങളാണ് ഇതു. കുട്ടികളുടെ പാര്‍‌ക്കിനോടുചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ഒരു പാലവും ചിത്രത്തില്‍‌കാണാം. താജ്‌മലബാര്‍‌ ഹോട്ടല്‍, അതിനടുത്തുള്ള ചില കെട്ടിടങ്ങളും ചിത്രത്തില്‍ ഉണ്ട്‌.
കൊച്ചിതുറമുഖത്തിന്റെ ഒരു വിദൂരദൃശ്യം.
ഈ കപ്പല്‍ എന്താണ്‌ ചെയ്യുന്നതെന്നറിയാമൊ? കൊച്ചി എണ്ണശുദ്ധീകരണശാലക്കാവശ്യമായ അസംസ്കൃത എണ്ണ പമ്പ്‌ ചെയ്യുകയാണ്. കൊച്ചി നഗരത്തിന്റെ അടിയില്‍ ഇത്തരം എണ്ണക്കുഴലുകള്‍ ധാരളം ഉണ്ടു. ഒരിക്കല്‍ പറയുന്നതുകേട്ടു അവയില്‍ പലതും കലപ്പഴക്കം കൊണ്ടു ദ്രവിച്ചു തുടങ്ങിയതാണെന്നു. ഇത്തരം കുഴലുകളെപ്പറ്റി പ്രധാന ചര്‍‌ച്ച നടന്നതു ലത്തൂരില്‍ ഉണ്ടായ ഭൂമികുലുക്കത്തെ തുടര്‍‌ന്നാണ്. അതിന്റെ പകുതി തീവ്രതയുള്ള ഒരു കുലുക്കം മതിയത്രെ എറണാകുളം ഒരു അഗ്നിഗോളം ആകാന്‍‌.
നേരത്തെകണ്ട കപ്പലിന്റെ കുറച്ചുകൂടെ അടുത്തുനിന്നുള്ള ഒരു ദൃശ്യം. ഇത്തരം കപ്പലുകളും വളരെ അപൂര്‍‌വ്വമായി കായലില്‍ അപകടങ്ങള്‍ക്കു കാരണം ആയിട്ടുണ്ട്‌. കപ്പല്‍ എണ്ണ പമ്പുചെയ്‌തതിനു ശേഷം കടലിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുന്നതിനു അവയുടെ ടാങ്കുകളില്‍ വെള്ളം നിറക്കാറുണ്ട്‌. ഇങ്ങനെ നിറക്കുന്ന വെള്ളം തുറമുഖത്തുനിന്നും എണ്ണ നിറക്കുന്നതിനായി വരുന്ന കപ്പലുകള്‍ പുറംകടലില്‍ വെച്ചു പമ്പ്‌ചെയ്തുകളയണം എന്നണു നിയമം. എന്നാല്‍ ചിലപ്പോള്‍ ഇതു തുറമുഖത്തു പ്രവേശിച്ചതിനു ശേഷം ആവും ചെയ്യുക. ഇങ്ങനെ പുറന്തള്ളുന്ന വെള്ളത്തില്‍ അല്പം അസംസ്കൃത‌എണ്ണയും കാണും. ഇതു ഒരു പാടപോലെ കായലിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഒരു ചെറിയ തീ - കായലിലൂടെ പോവുന്ന വള്ളക്കാരോ, ബോട്ടുയാ‍ത്രക്കാരോ വലിച്ചെറിയുന്ന തീപ്പെട്ടിയോ ബീഡിക്കുറ്റിയോ - മതി അതു കത്താന്‍. എന്റെ ഓര്‍മ്മയില്‍ ഒരിക്കല്‍‌ അങ്ങനെ കായലിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ഈ പമ്പ്‌ഹൌസില്‍ ജോലിയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചിട്ടുണ്ടു. പമ്പുചെയ്യുന്നതിനിടയില്‍ ലീക്കുചെയ്യുന്ന എണ്ണയും അപകടകാരണമാവാം. അന്നു ഇവിടെ കപ്പലുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ഇത്തരം കപ്പലുകള്‍ ഇപ്പോള്‍ കൊച്ചിയില്‍ വരുന്നതു കുറയും. കാരണം വൈപ്പിന്‍‌കരയിലെ പുതുവൈപ്പില്‍ നിന്നു കടല്‍ത്തീരത്തിനു എകദേശം പന്ത്രണ്ടു കിലോമീറ്റര്‍ അകലെ പുറംകടലില്‍ എണ്ണശുദ്ധീകരണശാലയുടെ എസ്. പി. എം (Single Point Mooring) പദ്ധതി പ്രവര്‍‌ത്തന സജ്ജമാണ്. കൊച്ചിതുറമുഖത്തു അടുക്കാ‍ന്‍‌ കഴിയാതിരുന്ന വലിയ എണ്ണക്കപ്പലുകള്‍ക്കു (Very Large Crude Carriers (VLCC)) പുറംകടലില്‍ നിന്നുതന്നെ നേരിട്ടു കൊച്ചി എണ്ണശുദ്ധീകരണശാലയിലേക്കു എണ്ണ പമ്പുചെയ്യന്‍ കഴിയും.
കൊച്ചികായലിലൂടെ യാത്രചെയ്യുന്ന ഏതൊരാളും ഇത്തരം കപ്പലുകള്‍ കണ്ടിരിക്കും. കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്ന ഡ്രെഡ്‌ജിങ് വെസ്സല്‍‌ ആണ് ഇതു. എക്കലും ചെളിയും അടിഞ്ഞു കപ്പല്‍ചാലിന്റെ (Shipping channel) ആഴം കുറഞ്ഞുകൊണ്ടിരിക്കും. എങ്ങനെ അടിഞ്ഞുകൂടുന്ന അഴുക്കെല്ലാം മാറ്റി കപ്പല്‍ചാലിന്റെ ആഴം കൃത്യമായി നിലനിറുത്തുകയാണ് ഇതിന്റെ ജോലി. കൊച്ചി തുറമുഖ ട്രസ്റ്റ് ഇതിനായി വര്‍‌ഷം‌തോറും മുപ്പതുകോടിയിലധികം രൂപ ചിലവാക്കുന്നുണ്ടെന്നാണു കേള്‍കുന്നതു. ഇതിനായി തുറമുഖട്രസ്റ്റിനു സ്വന്തമായി നെഹ്രുശതാബ്ദി എന്ന ഒരു കപ്പല്‍ ഉണ്ടു. എന്നാല്‍ ഇതു മിക്കവാറും ഡ്രെഡ്‌ജിങ് കോര്‍പ്പാറേഷന്‍‌ ഓഫ് ഇന്ത്യ എന്ന സ്ഥാപനമോ, കമല്‍ ഡ്രെഡ്‌ജിങ് കോര്‍പ്പറേഷന്‍‌ എന്ന സ്ഥാപനമോ കരാര്‍ അടിസ്ഥാനത്തില്‍ എല്ലാവര്‍‌ഷവും ചെയ്തു വരുന്നു. കൊച്ചിയിലെ കപ്പല്‍ചാലിന്റെ ഇപ്പോഴത്തെ ആഴം പന്ത്രണ്ടു മീറ്റര്‍ ആണത്രെ.
ഇതു കപ്പലുകളെ തുറമുഖത്തു അടുപ്പിക്കുന്ന ടഗ്ഗുകള്‍ ആണു. പുറംകടലില്‍ നിന്നും കപ്പലുകളെ അതിന്റെ നിശ്ചിത ബര്‍ത്തില്‍ എത്തിക്കുന്നതും ശെരിയായി അടുപ്പിക്കുന്നതും ഇവയുടെ ജോലിയാണു. ഇതിനു പുറമെ കായലില്‍ തീപിടുത്തം ഉണ്ടായാല്‍ ആദ്യം ആശ്രയിക്കുന്ന അഗ്നിശമന ഉപാധിയും ഈ ടഗ്ഗുകളില്‍ ചിലതുതന്നെ. കാ‍യല്പരപ്പില്‍ ഒഴുകുന്ന എണ്ണപ്പാടകണ്ടാല്‍ വെള്ളം പമ്പുചെയ്തു അതിനെ നേര്‍പ്പിച്ചു അപകടസാധ്യത കുറക്കുന്നതിനും ടഗ്ഗ് ഉപയോഗിക്കുന്നു.
ഇതു വില്ലിങ്‌ടണ്‍ ഐലന്റില്‍ വിനോദസഞ്ചാരികള്‍ക്കായുള്ള ബോട്ട്‌ജെട്ടിയാണ്. കൊച്ചിതുറമുഖ ട്രസ്റ്റിന്റെ ഓഫീസും, തുറമുഖവും സ്ഥിതിചെയ്യുന്നതു ഈ ദ്വീപില്‍ ആണു. മദ്രാസ് ഗവര്‍‌ണ്ണര്‍ ആയിരുന്ന്ന ലോര്‍ഡ് വില്ലിങ്ടണും (Lord Willingdon), ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ റോബര്‍‌ട്ട് ബ്രിസ്‌റ്റോയും (Robert Bristow) ആണ്. ഈ തുറമുഖത്തിന്റെ ശില്പികളില്‍ പ്രധാനികള്‍. അതുകൊണ്ടുതന്നെ ഈ ദ്വീപ് ഇപ്പോഴും അദ്ദേഹത്തിന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു.
ഇതു സാധരണ ജനങ്ങള്‍‌ക്കായുള്ള ബോട്ട്‌ജെട്ടിയാണു. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ എറണാകുളം - ഐലന്റ് - വൈപ്പിന്‍ ബോട്ടുകള്‍ ഇവിടെ അടുക്കുന്നു.
ഉന്നത തുറമുഖ ഉദ്യോഗസ്ഥന്റെ ഔദ്യോഗികവസതിയുടെ മുന്‍പില്‍ ഉള്ള ബോട്ടുജെട്ടിയാണ് ഇതു.
കൊച്ചിതുറമുഖ ട്രസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം. കേരള ക്ഷേത്ര മാതൃകയില്‍ ആണ് ഇതിന്റെ ഏറ്റവും മുകള്‍ ഭാഗം.
തുറമുഖട്രസ്റ്റിന്റെ പഴയ ഓഫീസ്‌കെട്ടിടം. ഇതിനോടുചേര്‍‌ന്നുതന്നെയാണ് പുതിയ കെട്ടിടവും പണിതിരിക്കുന്നത്‌.
ഇതു മലബാര്‍‌ഹോട്ടല്‍. കൊച്ചിയിലെ ആദ്യത്തെ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടല്‍ ഇതുതന്നെ ആവണം. പ്രധാനമന്ത്രിമാര്‍ക്കും, രാഷ്ട്രപതിമാര്‍ക്കും മാത്രമല്ല ഒട്ടനവധി വിദേശരാഷ്ട്രത്തലവന്മാര്‍ക്കും പ്രതിനിധികള്‍ക്കും ആഥിത്യം അരുളിയിട്ടുണ്ടു ഈ കെട്ടിടം. ഇതും നേരത്തെ കണ്ട തുറമുഖട്രസ്റ്റ് ഓഫീസിനു സമീപം തന്നെയാണ്.
ഇതു ഐലന്റിനു എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി. ഇവിടെ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനവള്ളങ്ങള്‍ ആണ് ചിത്രത്തില്‍. മട്ടാഞ്ചേരിയെപ്പറ്റി ഒത്തിരി പറയാനുണ്ടു. പല സംസ്കാരങ്ങളുടെ സംഗമഭൂമിയാണു മട്ടാഞ്ചേരി. ജൂതന്മാരും, മറാഠികളും, സിക്കുകാരും എന്നുവേണ്ട ഒട്ടനവധി ജനവിഭാഗങ്ങള്‍ ഉണ്ടിവിടെ. അത് മറ്റൊരു ബ്ലോഗില്‍ പിന്നീടു പറയാന്‍ ശ്രമിക്കാം.
കൊച്ചികായലിലൂടെ യാത്രചെയ്തു വൈപ്പിനിലും അവിടെ നിന്നു ജംങ്കാറില്‍ ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലും എത്തുകയാണ് നമ്മള്‍.
വൈപ്പിനില്‍‌നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ എത്താനുള്ള ഒരു മാര്‍‌ഗ്ഗം ഈ ജംങ്കാര്‍‌സര്‍വ്വീസാ‍ണ്. നേരത്തെ എറണാകുളത്തേയ്ക്കും ജംങ്കാര്‍ ഉണ്ടായിരുന്നു. എന്നല്‍ ഇന്നു ഗോശ്രീ പാ‍ലങ്ങള്‍ വന്നതോടെ അതു നിലച്ചു.
ജംങ്കാറില്‍ നിന്നിറങ്ങിയാല്‍ നേരെ കടല്‍ത്തീരത്തേയ്ക്കു നടക്കാം. കൊച്ചി അഴിമുഖത്തിന്റെ ഭംഗി ആസ്വദിച്ചു നടക്കാനുള്ള പാതയുടെ ഓരങ്ങളിലായി പല സ്മാരകങ്ങളും ഉണ്ടു. അതില്‍ ഒന്നാണു ചിത്രത്തില്‍ കാണുന്നതു. ഇതെന്താണെന്നു ഊഹിക്കാന്‍‌ സാധിക്കുന്നുണ്ടോ. കൊച്ചി ഡ്രൈഡോക്കില്‍ 1956 മുതല്‍ ഇരുപതുവര്‍ഷക്കാലം ഉപയോഗിച്ചിരുന്ന ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ബോയ്‌ലറുകള്‍ ആണിത്‌. കല്‍ക്കരിയും, വിറകും അയിരുന്നു ഇതിന്റെ ഇന്ധനങ്ങള്‍.
ഈ ശിലാഫലകത്തില്‍ എന്താണ് എഴിതിയിട്ടുള്ളതെന്നു എനിക്കും അറിയില്ല. പോര്‍ട്ടുഗീസ് ഭാഷയണെന്നണു തോന്നുന്നത്‌. ഇതറിയാവുന്ന ആരെങ്കിലും ഒന്നു പരിഭാഷപ്പെടുത്തിയാല്‍ ഉപകാരം. (എന്റെ ഊഹം 1992 ജനുവരി 29-നു പോര്‍ട്ടുഗീസ് പ്രസിഡന്റായ ഡോക്ടര്‍ മാ‍രിയോ സോറസിന്റെ സന്ദര്‍‌ശനത്തിന്റെ സ്മാരകം ആണെന്നാണു)
ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ നടപ്പാത. കടലിന്റേയും അഴിമുഖത്തിന്റേയും ഭംഗി ആസ്വദിച്ചുകൊണ്ടു ഇതിലെ നടക്കാം.
ഫോര്‍ട്ടുകൊച്ചി കടല്‍‌ത്തീരത്തുള്ള പഴയ രീതിയിലുള്ള ഒരു കെട്ടിടം.
ഇതു ഫോര്‍ട്ടുകൊച്ചിബീച്ച്‌. ഒരു കാലത്തു ധാരാളം വിനോദസഞ്ചാരികള്‍ വന്നിരുന്ന ഈ കടലോരം ഇന്നു വളരെ വിജനമാണ്. ഒരു പക്ഷെ പരിസരമലിനീകരണം മൂലം വൃത്തിഹീനമായതാവം കാരണം. ഡ്രെഡ്‌ജ് ചെയുന്ന ചെളിയും, ആഫ്രിക്കന്‍‌പായലും അടിഞ്ഞുകൂടി ആകെ വൃത്തിഹീനമായിരിക്കുന്നു ഇവിടം.
ഇതാ കടലോരത്തിന്റെ മറ്റൊരു ദൃശ്യം. എങ്ങനെ ആണു ഇവിടെ കുളിക്കാന്‍ സാധിക്കുക. ഒരുകാലത്തു വളരെ വിശാലമായ കടല്‍‌ത്തീരം ഉണ്ടായിരുന്ന ഇന്നിവിടെ നമമാത്രമായ ഒരു ബീച്ച്‌ ആണുള്ളതു. അതും താമസിയാതെ ഇല്ലാതായേക്കാം.
ഇതു വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ലഘുഭക്ഷണശാലകള്‍ ആണു. ഞാന്‍ പോവുമ്പോള്‍ ഇതില്‍ ഒന്നുപോലും തുറന്നതായി കണ്ടില്ല. അന്നുമാത്രമല്ല അടുത്തകാ‍ലത്തൊന്നും ഇവ തുറന്നു പ്രവര്‍ത്തിച്ച്തിന്റെ ഒരു ലക്ഷ്ണവും കണ്ടില്ല.
പഴയകൊച്ചികോട്ടയായ “ഫോര്‍‌ട്ട്‌ ഇമ്മാനുവല്‍” ന്റെ ഭാഗമായിരുന്നു ഈ പീരങ്കി. ഈ കോട്ട ഇന്നില്ല. അതു കടലെടുത്തുപോയി എന്നാണു അറിയുന്നത്‌.
ആദ്യം നമ്മള്‍ പറഞ്ഞ നടപ്പാതക്കു അല്പം ദൂരെയായി വിനോദസഞ്ചാരികള്‍ക്കു വിശ്രമിക്കുവാനുള്ള സ്ഥലം ആണ് ചിത്രത്തില്‍. ഇത്തരത്തില്‍‌ഉള്ള കുറച്ചു കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ട്‌.
കക്കയുടേയും മറ്റും പുറന്തോടുകള്‍ കൊണ്ടു വിവിധ കരകൌശലവസ്തുക്കള്‍ ഉണ്ടാ‍ക്കി വിപണനം ചെയ്യുന്നവരാണ് ഇതു. കീചെയില്‍ മുതല്‍ പലതരം സാധനങ്ങള്‍ ഇവിടെക്കാണാം.
ഇതാപഴയമാതൃകയിലുള്ള ഒരു കെട്ടിടം. ഒരുകാലത്തു ഇതു ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗീക വസതിയായിരുന്നു എന്നുതോന്നുന്നു. ഇപ്പോള്‍ ഇതു പുരാവസ്തുവകുപ്പിന്റെ കീഴില്‍ ഒരു സംരക്ഷിത സ്മാരകം ആണ്.
ചരിത്രപരമായി വളരെ പ്രാധന്യമുള്ള ഒരു കൃസ്തീയദേവാലയം ആണിത്‌. കേരളത്തിലേത്തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ മറന്നു. ക്ഷമിക്കുക. പിന്നീടു അതു ചേര്‍ക്കാന്‍ ശ്രമിക്കാം.
ഇതു ഫോര്‍ട്ടുകൊച്ചിവെളി. ഫോര്‍ട്ടുകൊച്ചിക്കാരുടെ ഏറ്റവും പ്രിയപ്പ്പെട്ട കായികവിനോദം എതാണെന്നു ചോദിച്ചാല്‍ സംശയം കൂടതെപറയാം ഫുട്‌ബോള്‍‌ എന്നു. എത്രമഴയത്തും വൈകുന്നേരങ്ങളില്‍ എവിടെ ഫുട്‌ബോള്‍ കളിക്കുന്നതുകാണാം. പിന്നെ ഫോര്‍‌ട്ടുകൊച്ചിയുടെ മറ്റു പ്രത്യേകതകള്‍ ഗട്ടാഗുസ്തി മത്സരവും, പുതുവത്സരാഘോഷത്തൊടനുബന്ധിച്ചു നടക്കുന്ന ബീച്ച് കാര്‍‌ണിവെല്ലും ആണ്. പിന്നെ ഇന്ത്യയിലെ ഒരുവിധം എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിക്കറുണ്ട്‌.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി കായല്‍‌യാത്രക്കുള്ള സൌകര്യവും ഇവിടെ ഉണ്ട്‌. അതിനായി മാത്രം ഉള്ള ഒരു ബോട്ട്‌ജെട്ടിയും ഇവിടെ ഉണ്ട്‌. വിനോദസഞ്ചാരികള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനു ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍‌മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ചു ടൂറിസം പോലീസിന്റെ സാന്നിധ്യവും ഇവിടെ കൂടുതല്‍ അണ്.
ഫോര്‍‌ട്ടുകൊച്ചിയുടെ സൌന്ദര്യത്തിനു തൊടുകുറിയാണ് ഈ ചീനവലകള്‍. കായലില്‍ അഴിമുഖം വരെ നീണ്ടുനില്‍ക്കുന്ന ധാ‍രാളം ചീനവലകള്‍ ഉണ്ടു കൊച്ചിയില്‍.
ഇതാ അത്തരം ചീനവലകളുടെ ഒരു ദൃശ്യം. മനുഷ്യന്‍ മത്സ്യബന്ധനത്തിനു ഉപയോഗിച്ച ഏറ്റവും പഴയ മാര്‍‌ഗ്ഗങ്ങളില്‍ ഒന്നാവണം ചീനവല.
ഇതു ഫോര്‍‌ട്ടുകൊച്ചി ബോട്ടുജെട്ടിയൊടു ചേര്‍‌ന്നുള്ള ഒരു ഹോട്ടല്‍ ആണ്. ബ്രണ്ടന്‍ ബോട്ട്‌യാര്‍‌ഡ്‌ ഹോട്ടല്‍. പഴയ ഒരു കെട്ടിടം ഹോട്ടല്‍ ആക്കിയതാവണം. എന്തായലും കായല്‍ക്കരയില്‍ നല്ല ഭംഗിയാണ്‌ ഇതു കാണാ‍ന്‍.
അങ്ങനെ ഫോര്‍‌ട്ടുകൊച്ചി യാത്രയുടെ വിശേഷങ്ങള്‍ ഇവിടെ തീരുന്നു. ഒരു കാ‍ലത്തു കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഈ കടല്‍ത്തീരം ഇന്നു നമാവശേഷമായിക്കഴിഞ്ഞു. ഇവിടെ അവശേഷിക്കുന്നതു പഴമയുടെ ചില സ്മാരകങ്ങള്‍ മാത്രം. ഇവിടെ നിന്നും അധികം ദൂരെയല്ലാതെ മട്ടാഞ്ചേരിയും ഉണ്ട്‌. ജൂതന്മാരുടെ ആരധനാലയങ്ങളും, പുരാവസ്തുക്കളുടെ വലിയശേഖരങ്ങളുള്ള തെരുവുകളും ആയി. കേരളത്തിന്റെ തീരത്തു ആദ്യമായി എതിയ വസ്‌കോ-ഡ-ഗാമയുടെ ശവകുടീരവും ഇവിടെ അത്രെ. ആ ചിത്രങ്ങളും വിശേഷങ്ങളുമായി വീണ്ടും ഒരിക്കല്‍കാണാം. ഈ ബ്ലോഗു നിങ്ങളുടെ അഭിപ്രായങ്ങള്‍‌ക്കായി ഇവിടെ സമര്‍‌പ്പിക്കുന്നു.

9 comments:

  1. മണീ...
    ഞാന്‍ ഒരു ഉഗ്രന്‍ തേങ്ങാ അടിക്കുന്നു.
    (((((ഠേ))))))))

    ഇപ്പറഞ്ഞ കൊച്ചീക്കായല്‍ യാത്രകള്‍ വര്‍ഷങ്ങളോളം നടത്തിയിട്ടുള്ളവനാണ് ഞാന്‍. എന്നിട്ടും ഈ പോസ്റ്റിലുള്ള പല കാര്യങ്ങളും എനിക്ക് പുതിയ വിവരങ്ങളായിരുന്നു. പുതിയ ഒരു സ്ഥലത്ത് പോകുന്നതിന്റെ ത്രില്ലോടെ അവിടെയെല്ലാം ഒന്നുകൂടെ പോകണമെന്ന് പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ തോന്നി. ചിത്രങ്ങളും വിവരണവും പരസ്പര പൂരകങ്ങളായിരുന്നു.

    മുന്‍പ് ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. കൂടുതല്‍ യാത്രകള്‍ നടത്തൂ. കുറേ ദൂരയാത്രകളും ആയിക്കോട്ടേ. എന്നിട്ട് വിശദമായി പോസ്റ്റുകള്‍ ഇടൂ.

    ആശംസകള്‍.

    ReplyDelete
  2. മനോജ്‌ചേട്ട വളരെ നന്ദി. നിങ്ങള്‍‌ എല്ലാവരുടേയും പ്രോത്സാഹനം ആണ് ഈ ഒരു ഉദ്യമത്തിനു എനിക്കുള്ള പ്രചോദനം. പോസ്റ്റ് ഇഷ്ട്മായി എന്നറിയുന്നതിലും വളരെ സന്തോഷം.

    ReplyDelete
  3. deepdowne: ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി. താങ്കൾ പറഞ്ഞതു ശരിയാണ് മറൈൻ ഡ്രൈവിൽ ഉള്ളത് താജ് റെസിഡെൻ‌സിയാണ്. താജ് മലബാർ വില്ലിങ്ങ്ഡൺ ഐലന്റിൽ ആണുള്ളത്.

    ക്രെയിനുകൾ കൊച്ചിൻ ഡ്രൈഡോക്കിലേതാണെന്നാണ് ഗ്രാനൈറ്റ് ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

    ലഘു ഭക്ഷണശാലകൾ തുറക്കുന്നതിനെപ്പറ്റി കുറച്ചുനാൾമുൻപ് വീണ്ടും സജീവമായ ചർച്ചകൾ നടക്കുന്നതായി അറിയാൻ കഴിഞ്ഞു. അന്തിമതീരുമാനം എന്താണെന്ന് ഇപ്പോളും അറിയില്ല.

    സെന്റ് ഫ്രൻസീസ് ചർച്ച്, ബ്രൺ‌ഡൺ ബോട്ട്‌യാഡ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾക്ക് നന്ദി.

    താങ്കളുടെ പ്രോത്സാഹനത്തിന് ഒരിക്കൽ‌കൂടി നന്ദി അറിയിക്കട്ടെ. കേരളത്തെക്കുറിച്ചുള്ള യാത്രാബ്ലോഗുകളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇവിടെ ആദ്യത്തെ കമന്റ് എഴുതിയിരിക്കുന്ന നിരക്ഷരന്റെ “ചിലയാത്രകൾ” എന്ന ബ്ലോഗ് ആണ്.

    ReplyDelete
  4. ഈ ബ്ലൊഗിലെ പോർറ്റ്യുഗീസ് ഭാഷയിലുള്ള ശിലാഫലകത്തിന്റെ വിവർത്തനം വിപിൻ ചോംബാല എന്ന സുഹൃത്തു നൽകിയിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു.in this city of Cochin in 1500 began living
    together of Asian culture and europeoa, that
    pioneered the Indian peoples and portuguese memory
    of what was raised this tombstone. during the visit
    to the Cochin
    President of the Portuguese republic
    dr.mario Soares on 29 January 1992
    ഈ വിവർത്തനം നൽകിയ സുഹൃത്തിനോടുള്ള നന്ദിയും ഞാൻ ഇവിടെ അറിയിക്കുന്നു.

    ReplyDelete
  5. ഇത്രയും നല്ലൊരു യാത്രാവിവരണം ഇപ്പോഴാണ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ലതിച്ചേച്ചിയുടെ ബ്ലോഗിലെ കമന്റിലുള്ള ലിങ്കുവഴി.

    ഞാന്‍ പണ്ട്‌ ആദ്യമായി കൊച്ചിയില്‍ വന്നത്‌ ഓര്‍ക്കുന്നു. ബോട്ടില്‍ കയറാന്‍ കലശലായ പൂതി. വെല്ലിംഗ്‌ടണ്‍ ഐലന്റിലേക്കുള്ള ബോട്ടിലാണ്‌ കയറിയത്‌.

    അവിടെയെത്തി കുറച്ചുസമയം ചിലവഴിച്ചശേഷം തിരിച്ച്‌ കൊച്ചിയിലേക്കുള്ള, മറ്റൊരു ഐലന്റില്‍നിന്നുംവന്ന ഒരു ബോട്ടില്‍ കയറി. തിരിച്ചുവരാനുള്ള ടിക്കറ്റെടുത്തിട്ടില്ലായിരുന്നു. തിരിച്ചുവരാനും ടിക്കറ്റെടുക്കണമെന്നോ, കൗണ്ടര്‍ എവിടെയാണെന്നോ അറിയില്ലായിരുന്നു. ബോട്ടില്‍ കയറി സീറ്റിലിരുന്ന്‌ അല്‌പം കഴിഞ്ഞപ്പോഴാണ്‌ ടിക്കറ്റ്‌ പരിശോധകന്‍ വരുന്നത്‌. മിണ്ടാതെ കായലിലേക്കുംനോക്കി ഒന്നുമറിയാത്തപോലെയിരുന്നു. മറ്റുള്ള ചില യാത്രക്കാരുടെ ടിക്കറ്റും പരിശോധിച്ച്‌ മൂപ്പരങ്ങ്‌ പോയി. ഞാന്‍ ഒന്നും സംഭവിക്കാത്തമട്ടിലിരുന്നു സുരക്ഷിതമായി എറണാകുളത്തെത്തി.

    അല്ല, ചെറിയൊരു സംശയം? എറണാകുളവും കൊച്ചിയും ഒന്നാണോ?

    മനോഹരമായ യാത്രാവിവരണത്തിന്‌ ഒരാാാായിരം ആശംസകള്‍.....!!!

    രസകരമായ ഈ സൃഷ്ടി ഒന്നുകൂടി അഗ്രിഗേറ്ററിലിട്ട്‌ റീപോസ്‌റ്റിംഗ്‌ നടത്തിക്കൂടെ?

    ReplyDelete
  6. വഹാബ് സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. മട്ടാഞ്ചേരിയിൽ നിന്നും ഉള്ള ബോട്ടിലാണ് കയറിയതെങ്കിൽ അതേ ബോട്ടിൽതന്നെ ടിക്കറ്റ് കിട്ടും.

    എറണാകുളവും കൊച്ചിയും ഒന്നാണോ എന്ന ചോദ്യത്തിന് അല്ല എന്ന ഉത്തരമാവും ശരി. കൊച്ചിക്കായലിന്റെ രണ്ടു വശത്തായി എറണാകുളത്തെ വിഭജിക്കാം എന്ന് തോന്നുന്നു. അതിൽ പടിഞ്ഞാറുവശത്ത് വരുന്ന മട്ടാഞ്ചേരിയും, ഫോർട്ട് കൊച്ചിയും ഉൾപ്പെടുന്ന ഭാഗം കൊച്ചി എന്ന പേരിലും, കിഴക്കേഭാഗം എറണാകുളം എന്ന പേരിലും പറഞ്ഞുവരുന്നു. ഇതെന്റെ നിരീക്ഷണമാണ്. ആധികാരികമായ ഒരു മറുപടി ആരെങ്കിലും തരും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  7. എറണാകുളവും കൊച്ചിയും ഒന്നാണോ ? വഹാബിന്റെ ചോദ്യം ന്യായമാണ്. പ്രസ്കതവുമാണ്.

    മണി പറഞ്ഞതൊക്കെത്തന്നെ കാര്യം.
    എന്റെ അഭിപ്രായത്തില്‍ .....

    കൊച്ചിന്‍ എയര്‍പ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ എവിടാ ? നെടുമ്പാശ്ശേരിയില്‍ . അപ്പോള്‍ നെടുമ്പാശ്ശേരി കൊച്ചി ആകുമോ ? ഇല്ല.

    എറണാകുളം എന്നു പറയുന്നത് നോര്‍ത്ത് & സൌത്ത് ഭാഗമൊക്കെ ചേര്‍ന്നുള്ള കുറേ ഭാഗം. തേവര കഴിഞ്ഞാല്‍ പിന്നെ കൊച്ചിയായി. തുറമുഖവും കൊച്ചി തന്നെ. ബീച്ചിലേക്കെത്തിയാല്‍ ഫോര്‍ട്ട് കൊച്ചി. അവിടന്ന് തേക്കോട്ടുള്ള ഹൈവേ പിടിച്ചാല്‍ ഇടക്കൊച്ചി വരെ കൊച്ചി എന്നുതന്നെ വേണമെങ്കില്‍ പറയാം.

    പക്ഷെ ഇതൊന്നും ചോദ്യത്തിന് ഉത്തരമായില്ല എന്നറിയാം.

    തുറമുഖത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, എറണാകുളം നഗരം പുറം രാജ്യത്ത് കൊച്ചി എന്ന് അറിയപ്പെടുന്നു. എറണാകുളം എന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലായില്ലെന്ന് വരും.

    തേവര മുതല്‍ തെക്കോട്ടുള്ള കരയെ കൊച്ചി എന്നും ബാക്കിയുള്ള വടക്കുഭാഗത്തുള്ള കരയെ എറണാകുളം എന്നും പറയാം.

    എന്നാലും കണ്‍ഫ്യൂഷന്‍ ബാക്കി കിടക്കുന്നു.

    ഉദാഹരണത്തിന് എന്റെ വീട് (ഫ്ലാറ്റ്) ഇരിക്കുന്നത് എറണാകുളം നോര്‍ത്ത് സ്റ്റേഷന്റെയും ഹൈക്കോര്‍ട്ടിന്റേയുമൊക്കെ അടുത്താണ്. എന്തുകൊണ്ടും എറണാകുളം എന്നുതന്നെ പറയാവുന്ന എറണാകുളത്തിന്റെ ഹൃദയഭാഗമായ സ്ഥലം. പക്ഷെ സ്ഥലത്തിന്റെ പോസ്റ്റ് കോഡ്, കൊച്ചിന്‍ - 682018 എന്നാണ്. അപ്പോള്‍ വീണ്ടും കുഴഞ്ഞില്ലേ ?

    ആ ഒരു കോണില്‍ നിന്ന് നോക്കിയാല്‍ കൊച്ചിയും എറണാകുളവും ഒന്നാകുന്നു. പക്ഷെ സ്ഥലത്തിന്റെ പേര് മാത്രം വെച്ച് നോക്കിയാല്‍ കൊച്ചി വേറേ എറണാകുളം വേറെ.

    എന്റെ കാഴ്ച്ചപ്പാടുകള്‍ ഇങ്ങനൊക്കെയാണ്. മറ്റ് അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കാം.

    ചോദ്യം ഉന്നയിച്ച് വഹാബിന് ഒരു ഷേക്ക് ഹാന്‍ഡ് :)

    ReplyDelete
  8. മനോജേട്ടാ ഈ നിരീക്ഷണങ്ങൾക്ക് നന്ദി. ഇനിയും ആരെങ്കിലും കൂടുതൽ അഭിപ്രായങ്ങൾ അറിയിക്കും എന്നു കരുതുന്നു. അതുപോലെ ഞാൻ ചിന്തിച്ചിരുന്ന ഒരു പേരാണ് കൊച്ചി എന്നത്. ഗോശ്രീ (കൊച്ചി രാജവംശം അറിയപ്പെട്ടത് ഈ പേരിൽ ആണെന്നു കേൾക്കുന്നു) എന്ന പേരു ഇഗ്ലീഷുകാർ മാറ്റിയതാണോ എന്നത്.

    ReplyDelete
  9. ഇന്നാണ് ഈ ബ്ലോഗ് ഞാൻ കണ്ടത്..വളരെ നല്ല പോസ്റ്റ്..ഞാൻ ഒരു കൊച്ചിക്കാരനല്ല..ഒരു എറണാകുളംകാരനുമല്ല..പക്ഷെ ഈ രണ്ട് സ്ഥലങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. മാർക്കറ്റിങ്ങ് ആയിരുന്നു അന്നത്തെ എന്റെ തൊഴിൽ..അപ്പോൾ എന്റെ സ്ഥിരം വിശ്രമ കേന്ദ്രമായിരുന്നു ആ ലഘു ഭക്ഷണ ശാലകൾ(?)

    വളരെ നല്ല പോസ്റ്റ്

    ReplyDelete

Thank you for visiting my blog. Please leave your comments here.