Thursday, 6 June 2019

പി എസ് സി എന്ന വെള്ളാന

ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ഒൻപതുമണി ചർച്ച കാണേണ്ടതായിരുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന വെള്ളാനയെക്കുറിച്ചായിരുന്നു ചർച്ച. ചർച്ച ആങ്കർ ചെയ്ത വിനു വി ജോണിനെ കൂടാതെ കെ എം ഷാജഹാൻ (അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി) ബി എ പ്രകാശ് ( സാമ്പത്തിക വിദഗ്ദ്ധൻ) അഡ്വ: ഡി ബി ബിനു (വിവരാവകാശനിയമം) അഡ്വ എം ആർ അഭിലാഷ് (നിയമവിദഗ്ദ്ധൻ) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പി എസ് സി എന്ന വെള്ളാനയെകുറിച്ച് അറിയാൻ ഈ ചർച്ച ഉപകരിച്ചു. 23 കോടി ജനസംഖ്യ ഉള്ള ഉത്തർപ്രദേശിൽ പി എസ് സിയിൽ ആകെ 9 അംഗങ്ങൾ. മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിലെ പി എസ് സിയിൽ 21 അംഗങ്ങൾ. ഒരാൾക്ക് മാസ ശംബളം 2 ലക്ഷം രൂപ. ഓരോ അംഗത്തിനും ഗസറ്റഡ് റാങ്ക് തസ്തികയിൽ പി എ, ഡഫേദാർ എന്നിവർ ഉണ്ട്. വണ്ടിയ്ക്ക് ഡ്രൈവറെവയ്ക്കാം ശംബളം പി എസ് സി നൽകും. ഇതിനെല്ലാം പുറമെ മെഡിക്കൽ അലവൻസും മറ്റ് ആനുകൂല്യങ്ങളും. അങ്ങനെ ഒരു അംഗത്തിനു സർക്കാർ ശരാശരി ചിലവാക്കുന്നത് 6 ലക്ഷം രൂപ! ഒരു വർഷം ഒരംഗത്തിനു ചെലവാകുന്നത് 72 ലക്ഷം രൂപ! ആറുവർഷം പൂർത്തിയാക്കിയാൽ ഈ ശംബളത്തിന്റെ പകുതി അതായത് ഒരു ലക്ഷം രൂപ മാസം പെൻഷൻ ആയി ലഭിക്കും. പി എസ് അംഗങ്ങൾക്ക് ഉണ്ടാകേണ്ട വിദ്യാഭ്യാസ യോഗ്യതകൾ പ്രത്യേകം പറഞ്ഞിട്ടില്ലാത്തതിനാൽ അധികം നിയമനവും രാഷ്ട്രീയ നിയമനം ആകുന്നു. പലരും രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും ആകുന്നു. മുൻപ് 15 അംഗങ്ങൾ ഉണ്ടായിരുന്ന പി എസ് സിയെ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 21 ആക്കി ഉയർത്തി. അതിനെ അന്ന് നഖശിഖാന്തം എതിർത്തവർ ആണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും അംഗങ്ങളെ കുറയ്ക്കാൻ തയ്യാറാകുന്നില്ല. ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും അധികം പി എസ് സി അംഗങ്ങൾ ഉള്ളത് കേരളത്തിൽ ആണ്. ഇനി ഈ പി എസ് സിയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കണക്കെടുത്താൽ അത് 1600-ൽ അധികം വരും. ഒരു സെക്രട്ടറി, 3 അഡീഷണൽ സെക്രട്ടറിമാർ, 12 ജോയിന്റ് സെക്രട്ടറിമാർ, 22 ഡെപ്യൂട്ടി സെക്രട്ടറിമാർ, 64 അണ്ടർ സെക്രട്ടറിമാർ, 196 സെഷൻ ഓഫീസർമാർ ആങ്ങനെ പോകുന്നു ആ കണക്ക്. കേരളത്തിൽ പി എസ് സിയ്ക്ക് ഇങ്ങനെ 21 അംഗങ്ങൾ ആവശ്യമുണ്ടോ? ഈ ജംബോ പി എസ് സി ആർക്ക് വേണ്ടി. ചർച്ച കാണാതെ പോകണ്ട. ചർച്ചയുടെ യു ട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു. ഈ കൊള്ളയ്ക്കെതിരെ ആര് പ്രതികരിക്കും?




ഈ ജംബോ പി എസ് സി കൊണ്ടുള്ള ഗുണം രാഷ്ട്രീയക്കാർക്കും അവരുടെ പാർശ്വവർത്തികൾ ആയി തുടരുന്നവർക്കും മാത്രമാണ്. അതിനാണ് ഓരോ സർക്കാരുകൾ വരുമ്പോളും പി എസ് സി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. അതിന്റെ ദുരിതം അനുഭവിക്കുന്നത് നാട്ടിലെ ജനങ്ങളും. പി എസ് സി അംഗത്തിനു പെൻഷൻ ലഭിക്കാൻ ആറുവർഷം കാലാവധി പൂർത്തിയാക്കണം എന്ന് ഈ ചർച്ചയിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ ഒരു മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ അംഗമായാൽ രണ്ടര വർഷത്തെ സേവനം പൂർത്തിയാക്കിയാൽ പെൻഷനു അർഹതയായി. ചുമ്മാതാണോ സ്വന്തം പുത്രന്റെ ഭാര്യയെ തന്നെ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ശ്രീമതി ടീച്ചർ പേഴ്സനൽ സ്റ്റാഫിൽ കുശനിക്കാരി (അടുക്കളക്കാരി) ആയി നിയമിച്ചത്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി അത്രതന്നെ.

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.