Sunday 21 April 2019

ചീഫ് ജസ്റ്റിസിനെതിരായ ആരോപണവും സുപ്രീംകോടതി നടപടിയും

വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന നിയമങ്ങൾ ആണ് സ്ത്രീ സുരക്ഷയുടെ പേരിലുള്ള പല നിയമങ്ങളും. ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണത്തിന്റെ പേരിൽ മാത്രം ഒരു വ്യക്തിയെ അയാളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് ജയിലിൽ പാർപ്പിക്കുന്ന നിയമങ്ങൾ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ മാത്രം വ്യക്തയെ അറസ്റ്റു ചെയ്യാം. റിമാന്റ് എന്നത് ആവശ്യമാണോ എന്ന് മജിസ്ട്രേട്ട് പരിശോധിക്കട്ടെ. അതുപോലെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷനും ഉണ്ടാകണം. കുറ്റവാളിയാണെന്ന് കോടതി തീരുമാനിക്കുന്നതു വരെ.

മുൻപ് ഇതുപോലെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ദീപക് മിശ്രയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിനു അറിഞ്ഞോ അറിയാതെയോ സുപ്രീംകോടതിയിലെ ചില ജഡ്ജിമാരും (ഇപ്പോളത്തെ ചീഫ് ഉൾപ്പടേ) ഭാഗമാവുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ ആ ശ്രമത്തിൽ അവർ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ കരുതുന്നു. പല വിഷയങ്ങളിലും തന്റെ മുൻനിലപാടുകളിൽ നിന്നും വ്യത്യസ്തനായി താൻ കൂടുതൽ ലിബറൽ ആണെന്ന ഒരു ഇമേജ് ഉണ്ടാക്കാൻ അദ്ദേഹം മനഃപൂർവ്വം ശ്രമിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്തെ പലവിധികളും കാണുമ്പോൾ ഈ തോന്നൽ ഉണ്ടാവാറുണ്ട്. അന്ന് തങ്ങൾ ചെയ്ത തെറ്റ് ഗൊഗോയിയും സംഘവും ഇപ്പോൾ തിരിച്ചറിയുന്നു എങ്കിൽ നല്ലത്. അന്ന് അരുൺ മിശ്രയ്ക്ക് കേസുകൾ കൊടുക്കുന്നതായിരുന്നു ഒരു പരാതി. ഇന്ന് ചീഫിനൊപ്പം ആ ബഞ്ചിൽ ഇരുന്നതും മിശ്രതന്നെ അല്ലെ?



ഇന്നത്തെ നടപടിയിൽ അസ്വാഭാവികത ഒന്നും കാണുന്നില്ല. തങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് പത്ര സമ്മേളനം വിളിച്ചു മറുപടിപറയാൻ ജഡ്ജിമാർക്കാവില്ലല്ലൊ. അതുകൊണ്ട് തനിക്കു പറയാനുള്ള കാര്യങ്ങൾ കോടതി വിളിച്ചുകൂട്ടി ഗൊഗോയ് പറഞ്ഞു. ആ തീരുമാനത്തിൽ ഒപ്പുവെയ്ക്കാതെ മാറിനിൽക്കുകയും ചെയ്തു. ഇനി അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കട്ടെ.

തന്നെ പണം നൽകി സ്വാധീനിക്കാൻ അവർക്ക് കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ ഈ ആരോപണവുമായി അവർ വന്നിരിക്കുന്നതെന്ന് ഗൊഗോയ് പറഞ്ഞതായി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ എങ്കിൽ 'അവർ' എന്ന് അദ്ദേഹം വിവക്ഷിക്കുന്നത് ആരെയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. ഒപ്പം അവർക്കെതിരെ ക്രിമിനൽ നടപടികളും കോടതിയലക്ഷ്യനടപടികളും ആരംഭിക്കുകയും വേണം. 'അവർ' എന്ന് അദ്ദേഹം പറഞ്ഞതെ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കാതെ അദ്ദേഹം മുന്നോട്ട് പോകുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല.

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.