കേരള രാഷ്ട്രീയത്തിലെ
ഒരു അതികായൻ ആയിരുന്നു കെ എം മാണി എന്നതിൽ തർക്കമില്ല. മുന്നണി രാഷ്ട്രീയത്തിന്റെ
സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പാർടിയെ വളർത്തിയ നേതാവായിരുന്നു കെ എം മാണി
എന്നതിലും തർക്കമില്ല. വളരുംന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന
കേരള കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിൽ പ്രബലനും കെ എം മാണി തന്നെ ആയിരുന്നു.
ജനക്ഷേമകരമായ പല പദ്ധതികളും തന്റെ 54 വർഷം
നീണ്ട നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണി
കൊണ്ടുവന്നിട്ടും ഉണ്ട്. തർക്കിക്കുന്നില്ല.
ഇങ്ങനെ ഒക്കെ ആണെങ്കിലും ആ രാഷ്ട്രീയജീവിതത്തിൽ കഴിഞ്ഞ ഉമ്മൻ
ചാണ്ടി സർക്കാരിലെ ധനകാര്യമന്ത്രി എന്ന നിലയിൽ കെ എം മാണിയുടെ മേൽ വീണ അഴിമതിക്കറ
മായാതെ നിൽക്കുന്നു. ഇപ്പോഴും കെ എം മാണിയെ കോടതി കുറ്റവിമുക്തനാക്കുന്നില്ല. കെ
എം മാണി മരണപ്പെട്ടതുകൊണ്ട് കെ എം മാണിയുടെ പേരിലുള്ള ആ കേസുകൾ ഇനി മുന്നോട്ട്
പോകും എന്നും കരുതുന്നില്ല. ബാർ കോഴ എന്ന അഴിമതിക്കറയോടെ ആണ് കെ എം മാണീ
യാത്രയാകുന്നത്.
കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ
നടത്തിയ അനുശോചനങ്ങൾ കണ്ടു. അവരിൽ ആരും ഈ ബാർകോഴയെ കുറിച്ച് പരാമർശിച്ചു കണ്ടില്ല.
മരണം ആരേയും വിശുദ്ധനാക്കുന്നില്ല. ജീവിതത്തിൽ ചെയ്ത നന്മകൾക്കൊപ്പം ആ ജീവിതത്തിൽ
ഉണ്ടായ വീഴ്ചകളും തിന്മകളും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള രാഷ്ട്രീയ ബലാബലത്തിൽ ഉണ്ടായ
മണ്ടൻ തീരുമാനം ആണ് മദ്യ നിരോധനം. മദ്യം നല്ല വസ്തുവാണെന്നോ അത് അവശ്യ
വസ്തുവാണെന്നോ ഒരിക്കലും നിരോധിക്കാൻ പാടില്ലാത്തതാണെന്നോ ഞാൻ പറയുന്നില്ല. പക്ഷെ രണ്ടും മൂന്നും നക്ഷത്രപദവിയുള്ള ഹോട്ടലുകൾ നാല് നക്ഷത്രപദവിയിലെത്തുന്ന വിധത്തിൽ
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു വന്നാൽ ബാർ ലൈസൻസ് നൽകാമെന്നു ഒരു സർക്കാർ
തീരുമാനം എടുക്കുകയും കോടികൾ കടം വാങ്ങി പല ബാർ മുതലാളിമാരും തങ്ങളുടെ
കച്ചവടസ്ഥാപനങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് അവയെ ഫോർ സ്റ്റാർ
പദവിയിലേയ്ക്ക് ഉയർത്തി അതിനുള്ള പരിശോധനകൾ നടക്കുന്ന അവസരത്തിൽ, ഒരു സുപ്രഭാതത്തിൽ
മദ്യവില്പന പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെ മറ്റൊരു സ്ഥാപനത്തിലും അനുവദിക്കില്ല
എന്ന തീരുമാനം എടുത്ത സർക്കാർ നടപടി ശുദ്ധതെമ്മാടിത്തരം തന്നെയാണെന്നാണ് അന്നും
ഇന്നും എന്റെ വിശ്വാസം. സർക്കാരിനെ വിശ്വസിച്ച് ഒരു കച്ചവടത്തിനിറങ്ങിയവർക്ക് മേൽ
സർക്കാർ ഏല്പിച്ച പ്രഹരം തന്നെയാണ് അത്.
ഈ സാഹചര്യത്തിൽ ആണ് ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള
തീരുമാനം എടുക്കുന്നതു സംബന്ധിച്ച് കെ എം മാണി കൈക്കൂലി വാങ്ങി എന്ന ആരോപണം
തിരുവനന്തപുരം രാജധാനി ഹോട്ടൽ ഉടമയായ ബിജു രമേശ് ഒരു ചാനലിന്റെ ചർച്ചയിൽ
പ്രഖ്യാപിക്കുന്നത്. തുടർന്നങ്ങോട്ട് നടന്ന ആരോപണങ്ങൾ രാജ്കുമാർ,
ബിനോയ് എന്നിങ്ങനെയുള്ള ബാർമുതലാളിമാർ ഒരു ഭാഗത്തും ബിജു രമേശ്
മറുഭാഗത്തും. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ് പി, എസ് സുകേശൻ എന്ന പേര് അന്ന് ചാനൽ
ചർച്ചകളിൽ സജീവ്മായിരുന്നു. ഒടുവിൽ ബാർ കോഴ സംബന്ധിക്കുന്ന കേസിൽ കേരള ഹൈക്കോടതി
ജസ്റ്റിസ് കെമാൽ പാഷയുടെ ബഞ്ചിൽ നിന്നുള്ള പരാമർശങ്ങളെ തുടർന്ന് മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
ബാർകോഴ സംബന്ധിക്കുന്ന ആരോപണങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന
അവസരത്തിലാണ് കെ എം മാണി തന്റെ അവസാന ബഡ്ജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചത്. ആ ദിവസം (13/03/2015) കേരള
നിയമസഭയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമെന്നാണ് വിശേഷിക്കപ്പെടുന്നത്.
ഇടതും വലതും എം എൽ എ മാർ പരസ്പരം ഏറ്റുമുട്ടി. സ്പീക്കറുടെ കസേര വരെ ഇപ്പോളത്തെ
സ്പീക്കർ ആയ ശ്രീരാമകൃഷ്ണനും ഇടതു എം എൽ എമാരും ചേർന്ന് തള്ളിയിട്ടു. സ്പീക്കറൂടെ
ഡയസിലെ ഉപകരണങ്ങൾ കേറ്റുവരുത്തി. ഇടതുപക്ഷ എം എൽ എ വി ശിവൻകുട്ടി വാച്ച് & വാർഡ് ഉദ്യോഗസ്ഥരുടെ മുകളിൽ താണ്ഡവമാടുകയായിരുന്നു.
വയർലസ് മൈക്ക് ശരീരത്തി പിടിപ്പിച്ചാണ് ബഡ്ജറ്റ് പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ
അന്ന് കെ എം മാണീ സഭയിൽ വായിച്ചതും ബഡ്ജറ്റ് സാങ്കേതികമായി അവതരിപ്പിച്ചതായി
സ്പീക്കർ പ്രഖ്യാപിച്ചതും. തോമസ് ഐസക് ഉൾപ്പടെയുള്ള ഇടതു എം എൽ എ മാരുടെ സംഘടിതമായ
പ്രതിരോധത്തിൽ സ്വന്തം കസേരയിൽ ഇരിക്കാൻ പോലും സ്പീക്കർ എൻ ശക്തൻ നാടാർക്ക്
സാധിച്ചില്ല. ആംഗ്യം കൊണ്ടാണ് സ്പീക്കർ ബഡ്ജറ്റ് അവതരണത്തിനു അനുമതി നൽകിയത്.
നിയമസഭാസ്പീക്കർ ആയിരുന്ന ജി കാർത്തികേയന്റെ വിയോഗത്തിൽ (07/03/2015)
ദുഃഖാചരണം നിലനിൽക്കുന്ന സഭയിൽ അന്ന് (13/03/2015) ഭരണകക്ഷി അംഗങ്ങൾ ലഡു വിതരണം ചെയ്ത് ബഡ്ജറ്റ് അവതരണം ആഘോഷിച്ചു. ഇടത് എം
എൽ എമാരായ ജമീല പ്രകാശവും ബിജിമോളും തങ്ങൾ സഭയ്ക്കുള്ളിൽ ആക്രമിക്കപ്പെട്ടഹതായി
പരാതി നൽകി.
കെ എം മാണിയുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല കേരളത്തിന്റെ
പൊതുരാഷ്ട്രീയത്തിനു തന്നെ ഇത്രയും അപമാനകരമായ സംഭവങ്ങൾക്ക് വഴിവച്ച ബാർകോഴയ്ക്ക്
പിന്നെ എന്തു സംഭവിച്ചു? ബിജു രമേശ് പറയുന്നത് ഈ സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം ചോദ്യം ചെയ്യാൻ പോലും തന്നെ വിളിപ്പിച്ചിട്ടില്ല എന്നാണ്. കേസിൽ
ഹാജരായിരുന്നു സ്പെഷ്യൽ പ്രൊസിക്യൂട്ടറെ സർക്കർ മാറ്റിയെന്നു പുതിയ
പ്രൊസിക്യൂട്ടറും തനിക്ക് അറിയിപ്പ് കിട്ടിയില്ലെന്നു പഴയ പ്രോസിക്യൂട്ടറും ആരോപണം
ഉന്നയിച്ച് കോടതിയിൽ ഹാജരായി. വിജിലൻസ് കെ എം മാണിയ്ക്കെതിരെ തെളിവില്ലെന്ന് 2018
മാർച്ച് 5നു കോടതിയെ അറിയിച്ചു. അതുൾപ്പടെ
മൂന്നാമത്തെ തവണയാണ് വിജിലൻസ് കെ എം മാണിയ്ക്കെതിരെ തെളിവില്ലെന്ന് കോടതിയെ
അറിയിക്കുന്നത്. എന്നാൽ 2018 സെപ്തംബർ 18നു മാണിയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലസ് റിപ്പോർട്ട് കോടതി
തള്ളി. എന്തിനാണ് കെ എം മാണിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നത് കേരള രാഷ്ട്രീയം
ഉറ്റുനോക്കുന്ന എല്ലാവർക്കും മനസ്സിലായി. പക്ഷെ എൽ ഡി എഫിന്റെ മോഹങ്ങൾക്ക്
തിരിച്ചടി നൽകിക്കൊണ്ട് രണ്ട് വർഷക്കാലം ഇടതും വലതും ചേരാതിരിന്ന കെ എം മാണി 2018
ജൂൺ 8നു തിരികെ യു ഡി എഫിന്റെ ഭാഗമാകുന്ന
തീരുമാനം അറിയിച്ചു.
യു ഡി എഫും എൽ ഡി എഫും നടത്തുന്ന ഒത്തുകളി രാഷ്ട്രീയത്തിന്റെ
നല്ലൊരു ഉദാഹരണം ആണ് ബാർകോഴക്കേസ്. "കെടാത്ത തീയും ചാകാത്ത പുഴുക്കളും ഉള്ള
നരകത്തിൽ മാണി പതിക്കുമെന്നോർത്ത്" നിയമസഭയിൽ ആകുലപ്പെട്ട വി എസ്
അച്യുതാനന്ദൻ വരെ ഇന്ന് മാണിയെ വാഴ്ത്തുന്നു. ഉമ്മൻ ചാണ്ടി ബാർ കോഴകേസിൽ കെ എം
മാണിയ്ക്ക് നൽകിയതിനേക്കാൾ വലിയ ആനുകൂല്യങ്ങൾ പിണറായി സർക്കാർ നൽകി. പിണറായിയെ
മോഹിപ്പിച്ചു നിറുത്തിയ മാണി 2018 മാർച്ചിൽ
വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് 2018 ജൂണിൽ
വീണ്ടും യു ഡി എഫിന്റെ ഭാഗമായി. ഈ കഴിഞ്ഞ മൂന്നു വർഷക്കാലം ബാർകോഴ എത്ര
ചർച്ചയായിട്ടുണ്ട്? എന്താണ് ഇപ്പോൾ ആ കേസിന്റെ നില? ആ കേസ് അന്വേഷിച്ച സുകേശനും, ജേക്കബ് തോമസും ഇപ്പോൾ
എവിടെ? ജേക്കബ് തോമസിന്റെ കട്ടിലുകണ്ട് ആരും പനിക്കണ്ട എന്ന്
പറഞ്ഞത് പിണറായി ആണ്. കേരളത്തിലെ അഴിമതിക്കേസുകൾ ദശകങ്ങൾ നീളുന്നവയാണ്. ഒരു
കാലത്തും അന്ത്യം ഇല്ലാത്തത്. പാമോലിൻ, എസ് എൻ സി ലാവ്‌ലിൻ.
ടൈറ്റാനിയം, അങ്ങനെ അന്തമില്ലാതെ നീളുന്ന അഴിമതിക്കേസുകളിൽ
ഒന്നായി കെ എം മാണി വിടവാങ്ങുമ്പൊഴും ബാർകോഴയും മാറും എന്നതിനു തർക്കം ഇല്ല.
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.