Sunday, 28 July 2019

വിവരാവകാശനിയമം ഭേദഗതി ചെയ്യുമ്പോൾ

വിവരാവകാശനിയമ ഭേദഗതിയുടെ പേരിൽ ഇവിടെ ഇടതും വലതും പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾ മോദി സർക്കാരിനെ കുറ്റം പറയുന്നത് കണ്ടു. സഖാക്കൾക്ക് പ്രത്യേകിച്ച് ഭരണത്തിൽ ഉള്ളവർക്ക് വിവരാവകാശ നിയമത്തോട് ഇത്രയും ആദവ് ഉണ്ടായിരുന്നു എന്നത് ഇപ്പൊഴാണ് മനസ്സിലായത്. കേരളത്തിലെ വിവരാവകാശ കമ്മീഷൻ എന്ന് പറയുന്നത് ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരും അടങ്ങുന്ന സംവിധാനം ആണ്. 2017 ജനുവരി 30നു മാതൃഭൂമിയിൽ വന്ന ഈ വാർത്ത അനുസരിച്ച് അന്നേദിവസം കേരളത്തിന്റെ വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീണർ ശ്രീ വിൽസൻ എം പോൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി ഉണ്ടാവേണ്ട അഞ്ചു പേരും നിയമിക്കപ്പെട്ടിരുന്നില്ല. പാർടി നിർദ്ദേശങ്ങൾ അനുസരിച്ചുള്ള വീതം വയ്പിന്റെ തർക്കം കോടതി കയറിയപ്പോൾ ഈ സംസ്ഥാന കമ്മിഷണർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം മെയ്മാസത്തിൽ സംസ്ഥാനസർക്കാർ അഞ്ചു വിവരാവകാശ കമ്മീഷണർമാരുടെ ഒരു പട്ടിക ഗവർണ്ണർക്ക് അയച്ചു. സി പി എം അനുകൂല അദ്ധ്യാപക സംഘടന നേതാവ് കെ എൽ വിവേകാനന്ദൻ, ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ വി സുധാകരൻ, നിയമവകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി ആർ ശ്രീലത, ടൈറ്റാനിയം മുൻ എം ഡി സോമനാഥൻ പിള്ള, സി പി എം പാളയം ഏരിയ സെക്രട്ടറി ആയിരുന്ന എ എ റഷീദ് എന്നിങ്ങനെ അഞ്ചു പേരുടെ പട്ടിക ഗവർണ്ണർക്ക് അയച്ചു. എന്നാൽ കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ പ്രതിയായ എ എ റഷീദിന്റെ പേര് ഗവർണ്ണർ വെട്ടുകയും ബാക്കി നാലുപേരുടെ നിയമം അംഗീകരിക്കുകയും ചെയ്തു. ഇത നടക്കുന്നത് 2018 മെയ് മാസത്തിൽ ആണ്, കഴിഞ്ഞ ഒരു വർഷമായിട്ടും എ എ റഷീദിനു പകരം ഒരാളെ സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടില്ല. ഗവർണ്ണർ വിവരാവകാശ കമ്മീഷൺർ ആയി നിയമനം നിഷേധിച്ച എ എ റഷീദിനെ സർക്കാർ 2018 ജൂൺ മാസത്തിൽ തന്നെ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനായി നിയമിക്കുകയും ചെയ്തു. ഇതാണ് അവസ്ഥ. 

നിലവിലെ കമ്മീഷനിലെ രണ്ട് അംഗങ്ങളുടെ യോഗ്യതയെപ്പറ്റി 2018 മെയ് 11നു ദേശാഭിമാനിയിൽ വന്ന വാർത്തയിൽ പറയുന്നത് ഇങ്ങനെ: 

കെ വി സുധാകരന്‍ കാല്‍ നൂറ്റാണ്ടിലേറെയായി ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള മീഡിയാ അക്കാദമി അധ്യാപകന്‍, തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആലപ്പുഴ അരൂര്‍ കൊടുവേലിക്കകത്ത് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ കെ കെ വാവയുടെയും അംബുജാക്ഷിയുടെയും മകനാണ്.ചെമ്പഴന്തി എസ്എന്‍കോളേജ് ജിയോളജിവകുപ്പ് തലവനാണ് ഡോ. കെ എല്‍വിവേകാനന്ദന്‍. രണ്ടുതവണ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായിരുന്നു. മൂന്നുവര്‍ഷം എകെപിസിടിഎ ജനറല്‍ സെക്രട്ടറി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ദേശീയ സെക്രട്ടറിയാണ്.

ഇനി കോൺഗ്രസ്സിന്റെ കാലത്തെ അവസ്ഥ നോക്കിയാൽ 2015 ഒക്ടോബർ 11നു ജന്മഭൂമി പ്രസിദ്ധീകരിച്ച് വാർത്തയിൽ നിന്നും. സസ്പെൻഷനിലായ കമ്മീഷണറും ലക്ഷങ്ങൾ ആണ് പണിയെടുക്കാതെ ശംബളബും അലവൻസുകളും ആയി കൈപ്പറ്റുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ വാർത്തയിലെ ഒരു ഭാഗം താഴെ ചേർക്കുന്നു.

കൊച്ചി: ഭരണസംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന് നിലവില്‍ വന്ന വിവരാവകാശ നിയമത്തിന് ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. വിപ്ലവകരമെന്ന് വിശേഷിക്കപ്പെട്ട നിയമത്തിന് പതിറ്റാണ്ട് തികയുമ്പോഴും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മതിയായ അംഗങ്ങളില്ലാതെ നിര്‍ജ്ജീവം. പതിനായിരത്തോളം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. വിവരാവകാശ കമ്മീഷനില്‍ മുഖ്യവിവരാവകാശ കമ്മീഷണറടക്കം പത്ത് അംഗങ്ങള്‍ വരെയാകാം. സംസ്ഥാനത്ത് ആറ് അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഡോ.കുരിയാസ് കുമ്പളക്കുഴി ഈ വര്‍ഷം മാര്‍ച്ച് 20നും എം.എന്‍. ഗുണവര്‍ദ്ധനന്‍ഏപ്രില്‍ 15നും സോണി തെങ്ങമം ഓഗസ്റ്റ് 10നും വിരമിച്ചു. മറ്റൊരു അംഗമായ കെ. നടരാജന്‍ പ്രതിപക്ഷ നേതാവ് വി.എസ്സിനെതിരായ ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലുമാണ്. 2012 നവംബര്‍ 9നാണ് നടരാജനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷനിലാണെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട്. ഇതുവരെയായി 33 ലക്ഷത്തിലധികം രൂപ ഇയാള്‍ പണിയെടുക്കാതെ കൈപ്പറ്റി. സസ്‌പെന്‍ഷനായതിനാല്‍ പകരം ആളെ നിയമിക്കാന്‍സാധിക്കില്ലെന്ന പ്രശ്‌നമുണ്ട്. നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സി.എസ്. ശശികുമാറുമാണ് കമ്മീഷനിലുള്ളത്. ശശികുമാര്‍ ഈ മാസം 24ന് വിരമിക്കുകയും ചെയ്യും. അംഗങ്ങളുടെ നിയമനത്തിന് മൂന്ന് മാസം മുന്‍പ് നടപടികള്‍ആരംഭിക്കണമെന്ന് 2012ല്‍ കേന്ദ്രസര്‍ക്കാരും നമിത് ശര്‍മ്മയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഒദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ശശികുമാര്‍ കൂടി വിരമിക്കുന്നതോടെ വിവരാവകാശ കമ്മീഷന്‍ ഫലത്തില്‍ ഏകാംഗ കമ്മീഷനായി മാറും. 

വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിങ്ങനെ പാർടിയ്ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ളവരെ ലാവണമായി വിവരാവകാശ കമ്മീഷനെ മാറ്റാനുള്ള സർക്കാരിന്റെ അധികാരത്തിനു പുതിയ നിയമഭേദഗതിയോടെ അവസാനമാകും എന്ന് കരുതാം. വിവരാവകാശ കമ്മീഷണർമാക്ക് വേണ്ട അടിസ്ഥാന യോഗ്യതകളും ഈ നിയമഭേദഗതിയിൽ നിഷ്കർഷിക്കുന്നുണ്ടെന്നാണ് അറിവ്.

വിവരങ്ങൾക്ക് കടപ്പാട്
  1. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സൈറ്റ് http://keralasic.gov.in/
  2. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് മാതൃഭൂമി വാർത്ത   https://www.mathrubhumi.com/news/kerala/information-commission-appointment-governor-reject-cpim-leader-name-1.2800446
  3. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് ദേശാഭിമാനി വാർത്ത   https://www.deshabhimani.com/news/kerala/right-to-information-commission-pledge/724338
  4. മാതൃഭൂമിയിൽ 2017 ജനുവരി 30നു വന്ന വാർത്ത https://www.mathrubhumi.com/print-edition/kerala/right-information-act-kerala-1.1691106?
  5. ജന്മഭൂമിയിൽ 2015 ഒക്ടോബർ 11 നു ജന്മഭൂമിയിൽ വന്ന വാർത്ത   https://www.janmabhumidaily.com/news332600?

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.