Attuparambath KL-46F-6660 (08/08/2014) |
ഇത് ഇന്ന് ഉച്ചയ്ക്ക് പറവൂരിൽ (വടക്കൻ പറവൂർ, എറണാകുളം ജില്ല) നിന്നും ഇടപ്പള്ളി വരെ ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ (ആർ സി നമ്പർ KL-46F-6660) യാത്രചെയ്ത ടിക്കറ്റ് ആണ്. എറണാകുളം ആർ ടി എ അംഗീകരിച്ച നിരക്ക് പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പള്ളി വരെ 17രൂപയാണ്. പറവൂരിൽ നിന്നും ഇടപ്പള്ളിവരെയുള്ള ദൂരം 17 കിലോമീറ്റർ ആണെന്നും ഏറ്റവും പുതിയ നിരക്കനുസരിച്ച് (20/05/2014-ൽ പുതുക്കിയ നിരക്ക്) ഒരു കിലോമീറ്റർ ഓർഡിനറി ബസ്സിൽ യാത്രചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക 64 പൈസയാണെന്നും ഓർക്കുന്നത് നല്ലതായിരിക്കും. അതായത് 17 കിലോമീറ്റർ സംഞ്ചരിക്കുന്നതിന് 11രൂപ (17 X 0.64 = 10.88 & round off). അപ്പോൾ ഈ നിരക്ക് തന്നെ എത്ര അശാസ്ത്രീയമാണെന്ന് വ്യക്തം. എന്നാൽ ഈ നിരക്കും തൃശൂർ കേന്ദ്രമായുള്ള ചില സ്വകാര്യബസ്സ് മുതലാളിമാർ അംഗീകരിച്ചിട്ടില്ല. അവരെ സംബന്ധിച്ച് മഞ്ഞുമ്മൽ കവല എന്ന ഫെയർസ്റ്റേജ് എടുത്ത് മാറ്റിയ (അശാസ്‌ത്രീയമായ ഫെയർ സ്റ്റേജ് സമ്പ്രദായത്തെക്കുറിച്ച് നിരന്തരമായ പരാതികൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ആണ് എറണാകുളം ആർ ടി എ ഇങ്ങനെയൊരു തീരുമാനം എടുത്തത്) എറണാകുളം ആർ ടി എയുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ ഇന്നു ഞാൻ യാത്രചെയ്ത ആറ്റുപറമ്പത്തിലെ കണ്ടക്‌ടറുമായി തർക്കിച്ചു. അദ്ദേഹം പറഞ്ഞത് എറണാകുളം ആർ ടി എയുടെ തീരുമാനത്തിനെതിരെ മുതലാളിമാർ കേസിനുപോയെന്നും മുതലാളിമാർക്ക് അനുകൂലമായ വിധി ഉണ്ടായി എന്നുമാണ്. എന്നാൽ അതൊന്നറിയണമല്ലൊ. ബസ്സിൽ വച്ചുതന്നെ എറണാകുളം ആർ ടി ഒയെ വിളിച്ചു. എന്തോ അദ്ദേഹം തിരക്കിലായിരുന്നു എന്ന് തോന്നുന്നു. ഫോൺ റിങ്ങ് ചെയ്തതല്ലാതെ അറ്റന്റ് ചെയ്തില്ല. നിരാശതോന്നി എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുവിളിച്ചു കാര്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞത് അങ്ങനെ ഒരു കോടതിവിധി ഉണ്ടായിട്ടില്ല എന്നാണ്. ഇത്തരം പരാതി ഉണ്ടെന്നും ഇതിന്മേൽ തൃശൂർ ആർ ടി ഒയാണ് നടപടി എടുക്കേണ്ടത് എന്നുമാണ്. ഈ വിഷയത്തിൽ വകുപ്പുതലത്തിലുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേവിഷയം ഞാൻ 20/05/2014-ൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ ഉന്നയിച്ചിരുന്നു. അന്നും എനിക്ക് കിട്ടിയ മറുപടി ഇതുതന്നെയാണ്. അന്വേഷണം നടപടികൾ എന്നിവ നടക്കുന്നു. സർക്കാരുകാര്യം അല്ലെ നടപടി ഉണ്ടാകുമായിരിക്കും. അങ്ങനെ പ്രതീക്ഷിക്കാം.
Attuparambath KL-46A-3006 (19/05/2014) |
കഴിഞ്ഞ തവണത്തേതിൽ നിന്നും കൂടുതൽ ആസൂത്രിതമാണോ ബസ്സുടമകളുടെ നടപടി എന്നും സംശയിക്കുന്നു. കഴിഞ്ഞതവണ ടിക്കറ്റിലെ തീയതിയും സമയവും കൃത്യമായിരുന്നു. ഇത്തവണ ഒരുപാടു പഴയതീയതിയാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 21/09/2009 സമയവും തെറ്റ്. ആരും പരാതിയും കൊണ്ട് പോകതിരിക്കാനാണോ എന്നറിയില്ല. അതും കണ്ടക്ടറോട് ചോദിച്ചു അതൊന്നും അവർ ശ്രദ്ധിക്കാറില്ലത്രെ.
ഇനി എന്റെ സംശയങ്ങൾ. എറണാകുളം ആർ ടി എ എന്നത് എറണാകുളം ജില്ലാകളക്‌ടറും, മദ്ധ്യമേഖലാ ട്രാൻസ്പോർട്ട് കമ്മീഷണറും, എറണാകുളം റൂറൽ പോലീസ് സൂപ്രണ്ടും അടങ്ങുന്ന സമിതയാണ്. അദ്ധ്യക്ഷൻ ജില്ലാ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാകളക്ടർ. ഇങ്ങനെ ഒരു സമിതിയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ഇത്രയും കാലതാമസം ഉണ്ടാകുമോ? ഈ തീരുമാനം എടുത്തവിവരം തൊട്ടടുത്ത തൃശൂർ ആർ ടി എ മീറ്റിങ്ങിൽ അവതരിപ്പിച്ച് അംഗീകരികപ്പെടേണ്ടതുമാണ്. ആറുമാസമായിട്ടും ഈ വിവരം തൃശൂർ ആർ ടി എയിൽ അവതരിപ്പിക്കാനും അംഗീകരിക്കാനും കഴിഞ്ഞിട്ടില്ലെ? അതൊ ജനങ്ങളെ വിഢികളാക്കുന്നതാണോ? മാതൃഭൂമി ഈ വിഷയത്തിൽ 14/04/2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് സ്വകാര്യബസ്സ് മുതലാളിമാർ 12 ലക്ഷത്തോളം രൂപയാണ് യാത്രക്കാരിൽ നിന്നും അമിതമായി ഈടാക്കുന്നത്. ഇനിയെങ്കിലും അടിയന്തിരമായ നടപടി മോട്ടോർവാഹനവകുപ്പിന്റേയും ജില്ലാ പോലീസ് മോധാവികളുടേയും പക്കൽ നിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു
ഈ വിഷയത്തിൽ താഴെ പരാമർശിക്കുന്ന് ലിങ്കുകളും താല്പര്യമുള്ളവർക്ക് നോക്കാവുന്നതാണ്.
- പറവൂർ - വരാപ്പുഴ - ഇടപ്പള്ളി -വൈറ്റില റൂട്ടിൽ അമിതമായ ചാർജ്ജ് ഈടാക്കുന്ന സ്വകാര്യബസ്സുകളെക്കുറിച്ച് മാതൃഭൂമി 14/04/2014-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ വിഷയത്തിൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ 20/05/2014-ൽ ഞാൻ ചേർത്ത പരാതി. ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ വിഷയത്തിൽ മോട്ടോർവാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ 08/08/2014-ൽ ഞാൻ ചേർത്ത പരാതി. ഇവിടെ ക്ലിക്ക് ചെയ്യുക
- ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം
മുകളിൽ എഴുതിയതിൽ വിമർശനവിധേയമാക്കാവുന്ന ഒരു വസ്തുത കിലോമീറ്റർ ചാർജ്ജും ആകെ സഞ്ചരിക്കുന്ന ദൂരവും അടിസ്ഥാനപ്പെടുത്തി 11രൂപ മാത്രമാവും ബസ് ചാർജ്ജ് എന്ന് ഞാൻ എഴുതിയതാണ്. നിലവിൽ ബസ് ചാർജ്ജ് നിർണ്ണയിക്കുന്നതിന് അവലംബിച്ചുവരുന്ന രീതി ആദ്യത്തെ 5 കിലോമീറ്റർ മിനിമം ചാർജ്ജും പിന്നീടുള്ള കിലോമീറ്ററുകൾക്ക് ഒരു കിലോമീറ്ററിനു സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കും അനുസരിച്ചുള്ള തുക ചേർത്ത് കിട്ടുന്ന സംഖ്യ ഒരു രൂപയ്ക്ക് റൗണ്ട് ഓഫ് ചെയ്തു കിട്ടുന്നതാണ്. (ഈ രീതിയിലുള്ള ബസ് ചാർജ്ജ് നിർണ്ണയം ശരിയല്ല എന്ന് വാദിക്കുന്നവരും ധാരാളം ഉണ്ട്. ഞാനും ആ അഭിപ്രായക്കാരനാണ്. അതിനാലാണ് ഹൈക്കോടതി കഴിഞ്ഞതവണ വാദം കേൾക്കുന്ന അവസരത്തിൽ കിലോമീറ്റർ ചാർജ്ജ് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് മിനിമം ഫെയറും വർദ്ധിപ്പിക്കുന്നത് എന്ന് സർക്കാരിനോട് ആരാഞ്ഞത്.) അതനുസരിച്ച് 17 കിലോമീറ്റർ യാത്രയിൽ ആദ്യത്തെ 5 കിലോമീറ്റർ (2 ഫെയർ സ്റ്റേജ്ജ്. ഒരു ഫെയർ സ്റ്റേജ് എന്നത് 2.5 കിലോമീറ്റർ ആണ്) മിനിമം ചാർജ്ജായ 7 രൂപയും പിന്നീടുള്ള 12 കിലോമീറ്ററിന് 7 രൂപ 68 പൈസയും (12 x 0.64 = 7.68) കൂടി 14.68രൂപ. ഇത് ഒരു രൂപയ്ക്ക് റൗണ്ട് ചെയ്താൽ 15രൂപ. അപ്പോഴും നിലവിൽ എറണാകുളം ആർ ടി എ നിശ്ചയിച്ചിരിക്കുന്ന 17രൂപ കൂടുതൽ ആണ്. ഇനിയും ഒരു ഫെയർ സ്റ്റേജ് കൂടി എടുത്തുമാറ്റിയാലെ നീതിപൂർവ്വമായ ഫെയർ സ്റ്റേജ് സംവിധാനം എന്ന് പറയാൻ സാധിക്കൂ.
ReplyDeleteഈ വിഷയത്തിൽ കൂടുതൽ ശക്തമായി ബസ്സ് ജീവനക്കാരോട് വാദിക്കുന്നതിനായി ഈ റൂട്ടിൽ നിശ്ചയിച്ചിട്ടുള്ള ഫെയർസ്ട്ജുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അപേക്ഷ (വിവരാവകാശനിയമം - 2005) 12/08/2014-ൽ എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിരുന്നു. ആ അപേക്ഷയ്ക്കുള്ള മറുപടി ഇന്ന് തപാൽ മാർഗ്ഗം ലഭിച്ചു. ഏറെ പ്രത്യാശയോടെ ആ മറുപടികവർ പൊട്ടിച്ച ഞാൻ മറുപടി കണ്ട് ഞെട്ടിപ്പോയി. "ഫെയർ സ്റ്റേജ് സംബന്ധിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല. എന്നാൽ ഫെയർ സ്റ്റേജ് സംബന്ധിക്കുന്ന വിവരങ്ങൾ എറണാകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് താങ്കൾക്ക് ആയതിന്റെ പകർപ്പുകൾ ലഭ്യമാക്കുന്നതാണ്"
ReplyDeleteമറുപടിയുടെ പകർപ്പ്
ReplyDeleteഈ വിഷയം പരിഗണിക്കുന്നതിന് എറണാകുളം ആർ ടി എ ഇന്ന് യോഗം ചേരുന്നതായി പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. പതിനേഴുകിലോമീറ്റ്ർ യാത്രചെയ്യുന്നതിന് 18രൂപ എന്നത് അശാസ്ത്രീയവും തെറ്റായതും ആണെന്ന് മനസ്സിലാക്കാൻ കോടതിയ്ക്കും കഴിയുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.
ReplyDeleteപത്രവാർത്ത
ReplyDeleteപറവൂർ - ഇടപ്പിള്ളി റൂട്ടിലെ ഫെയർ സ്റ്റേജുകൾ സംബന്ധിക്കുന്ന എന്റെ ചോദ്യത്തിന് വിവരാവകാശനിയമപ്രാകരം നൽകിയ മറുപടിയിൽ ഫെയർ സ്റ്റേജുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല എന്നാണ് എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ നൽകിയ മറുപടി. എന്നാൽ ഈ ഫെയർ സ്റ്റേജുകൾ ലഭ്യമാക്കുന്നതിന് എറണാകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ റിപ്പോർട്ട് ലഭ്യമാകുന്നതനുസരിച്ച് എനിക്ക് അതിന്റെ പകർപ്പുകൾ നൽകുന്നതാണെന്നും 03/09/2014-ൽ തയ്യാറാക്കിയ ജി7/291/2014/ഇ എന്ന നമ്പറുള്ള പ്രസ്തുത മറുപടിയിൽ അറിയിച്ചിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും അത്തരത്തിലുള്ള ഒരു മറുപടിയും എനിക്ക് ലഭിച്ചിട്ടില്ലെന്ന വസ്തുതയും ഇവിടെ രേഖപ്പെടുത്തട്ടെ. (മറുപടിയുടെ പകർപ്പ് മുൻകമന്റുകളിൽ ചേർത്തിട്ടുണ്ട്)
ReplyDeleteബഹുമാനപ്പെട്ട പറവൂഎ എം എൽ എ ശ്രീ വി ഡി സതീശന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായി. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണെന്നാണ് അദ്ദേഹം അറിയിച്ചത്.
ReplyDeletehttps://www.facebook.com/vdsatheesan.in/posts/791858237569548
ഈ ഫെയർ സ്റ്റേജ് സംബന്ധിക്കുന്ന തീരുമാനം അനന്തമായി നീണ്ടുപോകുന്നു. ആർ ടി എ ഈ വിഷയത്തിൽ അന്തിമമായ തീരുമാനം ഇനിയും എടുക്കുന്നില്ല. ഇന്നത്തെ (11/05/2015) മലയാളമനോരമയിൽ വന്ന വാർത്ത.
ReplyDelete2014-ൽ ചുവരെഴുത്തുകൾ എന്ന എന്റെ ബ്ലോഗിൽ എഴുതിയ ഈ കുറിപ്പിൽ ഡിസ്കസ് കമന്റ് ഉപയോഗിച്ചിരുന്നതിനാൽ ചിത്രങ്ങൾ ചേർക്കാൻ സാധിക്കുമായിരുന്നു. ആ പോസ്റ്റ് ഇവിടെ വായിക്കാം
ReplyDeletehttp://ovmanikandan.blogspot.in/2014/08/chuvarezhuthukal-busfare-private-bus.html
15/02/2018-ലെ മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന വർത്ത അനുസരിച്ച് മഞ്ഞുമ്മൽ കവല എന്ന ഫെയർ സ്റ്റേജ് ഒഴിവാക്കിക്കൊണ്ടുള്ള കൊച്ചി ആർ ടി എ യുടെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചതായി വാർത്തയുണ്ട്. ഇതനുസരിച്ച് ഗുരുവായൂർ എറണാകുളം റൂട്ടിലെ ഫെയർ സ്റ്റേജ് മാറ്റം വരുമെന്നും ബസ് ചാർജ്ജ് കുറയുമെന്നും മനോരമ പറയുന്നു.
ReplyDeleteവാർത്തയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.
https://photos.app.goo.gl/BB12ZQrwHwLzM0JE3