Friday, 12 September 2014

പീഡനമാകുന്ന ബസ്സ് യാത്ര

അറക്കാൻ കൊണ്ടുപോകുന്ന മാടുകളെ കയറ്റുന്ന ലോറിയിൽ പോലും കയറ്റാവുന്ന പരമാവധി മാടുകളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് നിയമം ഉണ്ട്, ആ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ ചുരുങ്ങിയപക്ഷം അതിർത്തി ചെക്ക് പോസ്റ്റുകളിലെങ്കിലും സംവിധാനങ്ങൾ ഉണ്ട്. ഇനി അതിർത്തി വിട്ട് ഹൈവേയിലൂടെ പോകുമ്പോൾ മാടുകളെ കൂടുതലായി കെട്ടിയിടുകയോ, തളർച്ച ബാധിച്ച മാടുകളെ കാണുകയോ ചെയ്താൽ ആ വിവരം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാദ്ധ്യമങ്ങളും വാർത്താമാദ്ധ്യമങ്ങളിൽ തിളങ്ങിനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഹൈക്കോടതി ന്യായാധിപന്മാരും ഉണ്ട്. എന്നാൽ ഈ മാടുകളുടെ അവസ്ഥതന്നെയാണ് കേരളത്തിലെ പല പൊതുഗതാഗതസംവിധാനങ്ങളിലും യാത്രചെയ്യാൻ വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഒരു ശരാശരി മലയാളിയുടേയും. ഇന്നുവരെ അമിതമായി ആളെ വാതിലിൽ വരെ തൂക്കിയിട്ടു കൊണ്ടുപോകുന്ന ഒരു ബസ്സിനെയും തടഞ്ഞു നിറുത്തി ആ അവസ്ഥയ്ക്ക് കാരണക്കാരായവരെ ഒരു ഹൈക്കോടതി ന്യായാധിപനും ചോദ്യം ചെയ്തതായി പത്രവാർത്തകളിൽ വായിച്ചിട്ടില്ല, ഒരു മാദ്ധ്യമവും ഇതിനെതിരെ പരമ്പരകൾ തയ്യാറാക്കിയിട്ടില്ല. മാടിന്റെ വിലപോലും മനുഷ്യനില്ലാതായിരിക്കുന്നു എന്ന് കരുതേണ്ടി വരും.


ഈ ചിത്രം കാക്കനാട് - (സീ പോർട്ട് എയർപോർട്ട് റോഡ്) കളമശ്ശേരി - (കണ്ടെയ്നർ റോഡ്) വരാപ്പുഴ - (നാഷണൽ ഹൈവെ-17) പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജൻറം ബസ്സിൽ നിന്നും. വൈകീട്ട് അഞ്ചു മണിയ്ക്ക് ശേഷം ഈ റൂട്ടിൽ ഒരു ജൻറം ബസ്സാണ് സർവ്വീസ് നടത്തുന്നത്. അതും നിറയെ യാത്രക്കാരുമായി. പിന്നിലെ വാതിൽ പലപ്പോഴും അടയ്ക്കാൻ പറ്റാത്ത വിധമാണ് വരാപ്പുഴ വരെ യാത്ര. അങ്ങനെ തങ്ങളുടെ ദുരവസ്ഥ യാത്രക്കാര സ്ഥിരമായി പറവൂർ ജനപ്രതിനിധിയും ഭരണകക്ഷിയായ കോൺഗ്ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവും ആയ Adv.V D Satheesan ഉൾപ്പടെ പല അധികാരികളേയും അറിയിച്ചു. ഒടുവിൽ രണ്ടു മാസം മുൻപ് ഒരു ബസ്സുകൂടി ഈ റൂട്ടിൽ അനുവദിച്ചു. ദോഷം പറയരുതല്ലെ അതും ജൻറം തന്നെ. ജനങ്ങൾ 'സുഖമായി' യാത്രചെയ്യട്ടെ എന്ന് കരുതിയാവും. ദേശസാൽകൃത റൂട്ടായതിനാൽ KSRTC മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ സർവ്വീസിനു ചില പ്രത്യേകതകൾ ഉണ്ട്. ഞായറാഴ്ചകൾ, സർക്കാർ അവധി ദിവസങ്ങൾ, രണ്ടാം ശനിയാഴ്ചകൾ എന്നിങ്ങനെ വിശേഷ ദിവസങ്ങളിൽ ഈ സർവ്വീസ് ഉണ്ടാവില്ല. ബാക്കി ദിവസങ്ങളിൽ കൃത്യമായി രണ്ടു ബസ്സും ഓടും എന്നതിനും ഉറപ്പില്ല. ഇന്നും ഒരു ബസ്സുമാത്രമാണ് സർവ്വീസ് നടത്തിയത്. കളമശ്ശേരിയിൽ നിന്നും കയറിയിട്ട് രണ്ടുകാലും നിലത്തുകുത്താം എന്ന അവസ്ഥ വന്നത് വരാപ്പുഴ SNDP Jn കഴിഞ്ഞപ്പോൾ. ആ സമയത്ത് എടുത്ത ചിത്രമാണ്. 

കക്കനാട് മുതൽ പറവൂർ വരെ നല്ലപോലെ യാത്രക്കാരുള്ളതാണ് ഈ റൂട്ട്. രണ്ട് ബസ്സ് സർവ്വീസ് നടത്തിയാലും കാക്കനാട് നിന്നും കയറുന്ന ആളുകൾ എഴുപത്തിയഞ്ചു ശതമാനത്തിലധികം ദൂരം യാത്ര ചെയ്യുന്നവരാണ്. കളമശ്ശേരിയിൽ നിന്നും കയറുന്ന എന്നെപ്പോലുള്ളവർക്ക് സീറ്റ് കിട്ടണമെങ്കിൽ ആകെ ദൂരത്തിന്റെ 75% കഴിയണം എന്നർത്ഥം. എന്നാലും കുഴപ്പമില്ല. നേരെ ചൊവ്വേ നിൽക്കാനെങ്കിലും സാധിച്ചാൽ മതിയായിരുന്നു. ബസ്സിന്റെ പുറകിലെ വാതിൽ വരെയുള്ള സ്ഥലത്ത് എങ്ങനെയെങ്കിലും നിൽക്കാം അതിനും പുറകിൽ നിൽക്കാൻ തീരെ നിർവ്വാഹമില്ല. രാവിലെ ആലുവയിൽ നിന്നും വരുന്ന എ സി ജൻറം ബസ്സിൽ (8 -9 മണിസമയത്ത്) പോലും ഇതേ അവസ്ഥയാണ്. Motor Vehicles Department Kerala ഇപ്പോൾ അമിതമായി യാത്രക്കാരെ കയറ്റുന്ന സ്വകാര്യബസ്സുകൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപ്പോൾ സർക്കാർ വണ്ടിയുടെ കാര്യം പറയണോ? കെ എസ് ആർ ടി സി അധികൃതരോട് ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ സംസ്ഥാനത്ത് ലോറികളിൽ കൊണ്ടുപോകുന്ന അറവുമാടുകൾക്ക് കൊടുക്കുന്ന നിയമ പരിരക്ഷയെങ്കിലും ഞങ്ങൾ യാത്രക്കാർക്ക് തരുക. അതുപോലെ മാദ്ധ്യമങ്ങളും ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം. എ സി കാറിൽ പോകുമ്പോൾ അറവുമാടുകളുമായി പോകുന്ന വണ്ടികൾ പോലും തടഞ്ഞുനിറുത്തി പോലീസിനെ വിളിച്ചുവരുത്തി നിയമപരിപാലനം ഉറപ്പാക്കുന്ന ബഹുമാന്യരായ ന്യായാധിപന്മാർക്കും ഈ വിഷയത്തിലും ഇടപെടാവുന്നതാണ്.

ഈ റൂട്ട് ദേശസാൽകൃതമാണെന്ന് നേരത്തെ തന്നെ പറഞ്ഞല്ലൊ. കേരളത്തിലെ പല ദേശസാൽകൃത റൂട്ടുകളിലും സ്വകാര്യ ബസ്സ് റൂട്ടുകളിലും അവസ്ഥ ഇതൊക്കെ തന്നെ.  എന്നാൽ ദേശസാൽകൃത റൂട്ടായ ഇവിടെ മറ്റൊരു കൊള്ളകൂടി ഉണ്ട്. ഇത്രയും തിരക്കുണ്ടെങ്കിലും ആകെയുള്ള സർവ്വീസൂകൾ എല്ലാം ജൻറം ബസ്സുകളാണ്. കൂടുതൽ പണം നൽകി കൂടുതൽ കഷ്ടത അനുഭവിച്ച് യാത്രചെയ്യുക. 

2 comments:

  1. ബഹുമാനപ്പെട്ട പറവൂഎ എം എൽ എ ശ്രീ വി ഡി സതീശന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായി. Vd Satheesan Manikandan....... I ll take the matter seriously..... Fair stage matter is in court....... Only the low floor bus was available..... Anyway i ll do my maxiimum to solve the problem
    നന്ദി ശ്രീ വി ഡി സതീശൻ.

    ReplyDelete
  2. ഒരു ബസ് എന്നത് ഇടയ്ക്കുവെച്ച് രണ്ടുബസ്സാക്കിയിരുന്നു. പിന്നീട് ജെൻറം ബസ്സുകൾ പലതു കട്ടപ്പുറത്തായപ്പോൾ ഒന്നു മാത്രമാക്കി വീണ്ടും ചുരുക്കി. അതുപോലെ കാക്കനാട് നിന്നും എറണാകുളം ജെട്ടി സർവ്വീസ് സീ പോർട്ട് എയർപോർട്ട് കണ്ടെയ്നർ റോഡ് വഴി ഒരെണ്ണം ഉണ്ട്. മൂലമ്പിള്ളി, പിഴല എന്നീഭാഗങ്ങളിൽ നിന്നും കളക്ടറേറ്റിലും വ്യവസായ മേഖലയിലും ഒക്കെ ജോലിചെയ്യുന്ന നിരവധി ആളുകൾക്ക് ആശ്വാസമാണ് ഈ സർവീസ്. അതിലും ചാർജ്ജ് കൂടും.

    ReplyDelete

Thank you for visiting my blog. Please leave your comments here.