Thursday, 7 August 2014

എറണാകുളം ജില്ലാകളക്‌ടർക്ക് ഒരു തുറന്ന കത്ത്

രാത്രികാലങ്ങളിൽ ട്രിപ്പുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരക്കുന്നതാണെന്ന എറണാകുളം ആർ ടി എ തീരുമാനം ഷെയർ ചെയ്തു കൊണ്ട് എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ് ബുക്ക് പേജിൽ ചേർത്തുകണ്ട പേപ്പർ കട്ടിങ് ആണ് ഇത്തരത്തിൽ എഴുതാൻ കാരണം. പത്രവാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.
ഈ ചിത്രം പോസ്റ്റ് ചെയ്ത എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത മറുപടി ചുവടെ ചേർക്കുന്നു.

ബഹുമാനപ്പെട്ട ജില്ലാ കളക്‌ടറോടുള്ള എല്ലാ ആദവും നിലനിറുത്തിക്കൊണ്ട് പറയട്ടെ ഇങ്ങനെ പരിഹസിക്കരുത് സർ. എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ ട്രിപ്പ് മുടക്കുന്ന ബസ്സുകൾക്കെതിരെ പല തവണപരാതികൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇത്തരത്തിൽ എന്റെ പരാതി മുൻകളക്‌ടർ ഷെയ്ക് പരീത് ചെയർമാനായ 03/10/2013-ലെ ആർ ടി എ യോഗം പരിഗണിച്ചിരുന്നു (സപ്ലിമെന്ററി ഐറ്റം 16, G/5956/2013/E) . ആ യോഗത്തിൽ ഞാൻ പങ്കെടുക്കുകയും 01/10/2013-ൽ സർവ്വീസ് നടത്തിയ ബസ്സുകളുടെ വിവരം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആർ ടി എ യോഗത്തിന്റെ തീരുമാനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ എന്റെ അപേക്ഷയിൽ അന്വേഷിച്ച് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആർ ടി എ സെക്രട്ടറി കൂടിയായ എറണാകുളം ആർ ടി ഒയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ അൻവേഷണം നടത്തി സർവ്വീസുകൾ റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ പല വിവരാവകാശ അപേക്ഷകളും എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ വിശദവിവരങ്ങൾ എന്റെ ബ്ലോഗിൽ ലഭ്യമാണ്. ആർ ടി ഒ നൽകിയ മറുപടി തൃപ്തികരമല്ലെന്നും അതിനാൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് അങ്ങേയ്ക്കും ഞാൻ (05/04/2014-ൽ) പരാതി സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ഈ വിഷയത്തിൽ നടപടികൾ എടുത്തതായി അറിവില്ല. പറവൂർ - വരാപ്പുഴ - വൈറ്റില റൂട്ടിൽ ചേരാനെല്ലൂർ ജങ്ഷൻ എന്ന ഫെയർ സ്റ്റേജ് എടുത്തു മാറ്റിക്കൊണ്ട് എറണാകുളം ആർ ടി എ യുടെ തീരുമാനം വന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നുട്ടും തൃശൂർ കേന്ദ്രമായ ചില സ്വകാര്യബസ്സുടമകൾ ഇപ്പോഴും ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് അമിതമായ ചാർജ്ജ് ഈടാക്കുന്നു. ഇതുസംബന്ധിച്ച് രേഖാമൂലം തന്നെ എറണാകുളം ആർ ടി ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും ആ ബസ്സുകൾ ഇന്നും അമിതചാർജ്ജ് വാങ്ങി സർവ്വീസ് നടത്തുന്നു. കേരളം ഭരിക്കുന്ന രാഷ്‌ട്രീയപാർട്ടികളെ താങ്ങി നിറുത്തുന്ന പണശ്രോതസ്സുകളിൽ ഒന്ന് സ്വകാര്യബസ്സുമുതലാളിമാരാണെന്ന സത്യം ഞങ്ങൾ പൊതുജനം മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ അവരെ ഒന്നും ചെയ്യാൻ നിങ്ങൾ ഉദ്യോഗസ്ഥന്മാർക്ക് സാധിക്കില്ല. ആ സത്യാവസ്ഥയോടും ഞങ്ങൾ പരിശീലിക്കാൻ ശ്രമിക്കുകയാണ്. അതിനിടയിൽ ഇത്തരം പത്രവാർത്തകൾ ഇറക്കി ഞങ്ങളെ വെറുതെ മോഹിപ്പിക്കരുത്. രാത്രികാലങ്ങളിൽ ഓട്ടോ പിടിച്ച് ഇപ്പോഴത്തെപ്പോലെ തന്നെ പോകാനുള്ള ഞങ്ങളുടെ വിധിയിൽ ഞങ്ങൾ തുടർന്നുകൊള്ളാം. 

(രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെയുള്ള എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനാഗ്രഹമുള്ളവർക്ക് ഈ ബ്ലോഗ് സന്ദർശിക്കാം http://manikandanov.blogspot.in/)

1 comment:

  1. അമിത ചാർജ്ജ് ഈടാക്കുന്ന സ്വകാര്യബസ്സിനെക്കുറിച്ച് എറണാകുളം ആർ ടി ഒയ്ക്ക് നൽകിയ പരാതി. https://www.facebook.com/mvdkerala/posts/561669770618314 കേരള മോട്ടോർ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ ഈ പോസ്റ്റ് ഇ-മെയിൽ ആയും എറണാകുളം ആർ ടി ഒയ്ക്ക് പരാതി നൽകിയിട്ടുള്ളതാണ്. അമിതചാർജ്ജ് ഈടാക്കുന്ന ബസ്സുകളെക്കുറിച്ച് 14/04/2014-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത. http://www.mathrubhumi.com/ernakulam/news/2864404-local_news-ernakulam-%E0%B4%AE%E0%B5%82%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4.html

    ReplyDelete

Thank you for visiting my blog. Please leave your comments here.