Thursday, 21 April 2011

24 പ്രതികൾക്ക് ജീവപര്യന്തം ! | Life imprisonment for 24 convicts

ഇന്നത്തെ പല ദൃശ്യമാദ്ധ്യമങ്ങളിലും, ഓൺലൈൻ പത്രത്താളുകളിലും വന്ന ഈ വാർത്ത വളരെ കൗതുകകരമായി തോന്നി. ഒരു കൊലപാതകക്കേസിലെ മുഴുവൻ കുറ്റാരോപിതർക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. 2002 മെയ് മാസം 23ന് കൊല്ലപ്പെട്ട ഒരു ബി ജെ പി പ്രവർത്തകന്റെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ ബോംബ് എറിഞ്ഞതിനെ തുടർന്ന് ജീപ്പ് ഡ്രൈവറായിരുന്ന ഷിഹാബും (22 വയസ്സ്) യാത്രക്കാരിയായിരുന്ന അമ്മു അമ്മയും (70 വയസ്സ്) മരിക്കാനിടയായ സംഭവത്തിലെ കുറ്റവാളികളെയാണ് തലശ്ശേരി സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട മുഴുവൻ ആളുകളും സി പി എം പ്രവർത്തകരാണ്. ഇതേ കേസിൽ ഇനിയും പിടികിട്ടിയിട്ടില്ലാത്ത പ്രതികളുടെ പേരിലുള്ള കേസ് തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള മറ്റൊരു വാർത്തകേട്ടത് കുറേ വർഷങ്ങൾക്ക് മുൻപാണ്. രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളേയും തൂക്കിക്കൊല്ലാൻ 1997 നവംബർ 11ന് മദ്രാസിലെ പ്രത്യേക കോടതി വിധിച്ചപ്പോൾ. അതിന്റെ അപ്പീലിൽ സംഭവിച്ചത് ഈ വിധിയിലും ആശ്ചര്യകരമായ സംഗതിയാണ് വധശിക്ഷ വിധിക്കപ്പെട്ട 26 പ്രതികളിൽ 22 പേരേയും സുപ്രീംകോടതി വെറുതെ വിട്ടു. നാലു പ്രതികൾക്ക് വിധിച്ച ശിക്ഷ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വളരെ ഞെട്ടിച്ച ഒന്നാണ് കെ ടി ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ക്ലാസ്സ് മുറിയിൽ വെച്ച് പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം. അതിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ സർക്കാർ ജയിൽ മോചിതനാക്കിയത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്.

സുപ്രധാനവിധിയെന്ന് മാദ്ധ്യമങ്ങൾ വാഴ്ത്തുന്ന ഈ കേസിന്റെ അവസാനവും എന്താണെന്ന് കാത്തിരുന്നു കാണാം.

2 comments:

  1. ചുമ്മാവെട്ടികൊല്ലുന്നവരെ എന്തിനാ പിടിച്ച് ജയിലിലിടുന്നത്.. അവര്‍ പുറത്തുണ്ടെങ്കില്‍ ജനസംഖ്യ കുറച്ച് കിട്ടുമെന്ന് വിചാ‍രിച്ചായിരിക്കും വെറുതെ വിടുന്നത്!

    ReplyDelete
  2. മുക്കുവൻ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. ഞാൻ കരുതുന്നത് മറ്റൊരു വിധത്തിലാണ്. കണ്ണൂരിന്റെ ഒരു പാരമ്പര്യം വെച്ചു നോക്കിയാൽ രക്തസാക്ഷിയുടെ എണ്ണം ഒന്ന് കൂടാനാണ് സാദ്ധ്യത.

    ReplyDelete

Thank you for visiting my blog. Please leave your comments here.