Thursday 22 July 2010

ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം ഡി സമക്ഷം

കെ എസ് ആര്‍ ടി സി യുടെ ബഹുമാനപ്പെട്ട എം ഡി സമക്ഷം കേരളത്തിലെ റോഡുകളില്‍ അങ്ങയുടെ വകുപ്പിന്റെ പീഢനങ്ങള്‍ ദിനവും ഏറ്റുവാങ്ങുന്ന ദശലക്ഷങ്ങളില്‍ ഒരുവന്‍ സമര്‍പ്പിക്കുന്ന ആവലാതി,

സര്‍,

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് 20/07/2010-ല്‍ അടൂരില്‍ പോകേണ്ടിയിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ രാവിലെ 9:30ന് കയറി ഉച്ചയ്ക്ക് 12:15ന് കായംകുളത്തെത്തി അവിടെ നിന്നും അടൂരിലേയ്ക്കും യാത്രചെയ്തു. മടക്കയാത്രയും ഇതേ റൂട്ടില്‍ തന്നെ ആയിരുന്നു. വൈകീട്ട് 6:50ന് കായംകുളം ഡിപ്പോയില്‍ എത്തുമ്പോള്‍ അവിടെ കാന്റീനു സമീപം മൂന്നു വണ്ടികള്‍ ഉണ്ടായിരുന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും രണ്ട് പാലക്കാട് സൂപ്പര്‍ ഫാസ്റ്റുകളും. ഇതില്‍ ഒരു പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ഞാന്‍ എത്തുമ്പോഴേയ്ക്കും നീങ്ങിത്തുടങ്ങിയിരുന്നു. എതിനാല്‍ അതിനു പിന്നാലെ ഓടാതെ രണ്ടാമത്തെ വണ്ടിയില്‍ കയറി (ചിറ്റൂര്‍ (CTR) RRA705, KL15-6891) പിന്നീട് ഈ തീരുമാനം ഇരു അബദ്ധമായി എന്ന് ബോധ്യപ്പെട്ടു.

ഞാന്‍ കയറി ഉടന്‍ തന്നെ ആ ബസ്സും യാത്ര ആരംഭിച്ചു. ആദ്യത്തെ വണ്ടി പുറപ്പെട്ടിട്ട് ഒരു മിനുറ്റുപോലും ആയിരുന്നില്ല. ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കോണ്‍‌വോയി ആയിത്തന്നെയേ സര്‍വ്വീസ് നടത്തൂ എന്നത് ഈ വകുപ്പിന്റെ നിലപാടാണല്ലൊ. എന്നാലും എനിക്ക് സന്തോഷമായി. കാരണം സമയനഷ്ടം ഇല്ലല്ലൊ. ഈ വണ്ടി സ്റ്റാന്റിനു വെളിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒരു വഴിക്കടവ് ബസ്സും സ്റ്റാന്റിലേയ്ക്ക് കയറുന്നുണ്ടായിരുന്നു. സമയ നഷ്ടം ഉണ്ടാവില്ലെന്ന എന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് അറിയാന്‍ അധികം താമസം ഉണ്ടായില്ല. ഞങ്ങളുടെ വണ്ടി അത്രയും പതുക്കെയാണ് പോയിരുന്നത്. ഞങ്ങള്‍ ഹരിപ്പാട് എത്തിയപ്പോഴേയ്ക്കും നേരത്തെ പറഞ്ഞ വഴിക്കടവ് വണ്ടി ഞങ്ങളെ കടന്നു പോയിരുന്നു. എന്നാലും ഞങ്ങളുടെ വണ്ടി സൂപ്പര്‍ സ്ലോയില്‍ തന്നെ യാത്ര തുടര്‍ന്നു. ഒടുവില്‍ ആലപ്പുഴ സ്റ്റാന്റില്‍ എത്തി. അവിടെ ഞങ്ങള്‍ കയറുമ്പോള്‍ വഴിക്കടവ് വണ്ടി അവിടെ നിന്നും യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നേയും ഞങ്ങളുടെ യാത്ര തുടര്‍ന്നു. കലവൂര്‍ എത്തിയപ്പോള്‍ ഒരു ചേര്‍ത്തല ഫാസ്റ്റും ഞങ്ങളെ കടന്ന് പോയി. അതോടെ യാത്രക്കാരുടെ സകല നിയന്ത്രണവും വിട്ടു. ഞങ്ങള്‍ ചേര്‍ത്തല എത്തുമ്പോഴേയ്ക്കും ഞങ്ങളെ കടന്നു പോയ മോട്ടോറ് സൈക്കിളുകള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും എണ്ണമില്ല. അങ്ങനെ ഒടുവില്‍ 3:15 മണിക്കൂറിലധികം സമയം എടുത്ത് എറണാകുളത്തെത്തുമ്പോള്‍ നേരത്തെ പറഞ്ഞ വഴിക്കടവ് ബസ്സ് സ്റ്റാന്റില്‍ നിന്നും പുറത്തേയ്ക്ക്. ഈ വണ്ടിയ്ക്കൊപ്പം കായംകുളത്തു നിന്നും പുറപ്പെട്ട പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് മിക്കവാറും ആലുവയും പിന്നിട്ടിരിക്കണം. എനിക്ക് എറണാകുളത്തു നിന്നും കിട്ടുമായിരുന്നു അവസാനത്തെ ബസ്സും അപ്പോള്‍ പോയിരുന്നു. പിന്നെ ആലുവ പറവൂര്‍ വഴി വീട്ടില്‍ എത്താന്‍ രണ്ടു മണിക്കൂറ് കൂടെ വൈകി. ഓട്ടോറിക്ഷ ചിലവും ചേര്‍ത്ത് ഉണ്ടായ ധനനഷ്ടം 150 രൂപയും.

സാധാരണ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ രണ്ടരമണിക്കൂര്‍ കൊണ്ട് എത്തിക്കുന്ന സാഹചര്യത്തിലാണ് ഈ തന്തോന്നിത്തരം. യാത്രക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത് ഇത്തരം ഡ്രൈവര്‍മാരെ സൂപ്പര്‍ ഫാസ്റ്റ് പോലുള്ള സര്‍വ്വീസുകള്‍ ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥിക്കുന്നു. സൂപ്പര്‍ ഫാസ്റ്റുകള്‍ പോലുള്ള ബസ്സുകളിലെ ഡ്രൈവര്‍മാരുടെ കാഴ്ചശക്തി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും ഇവര്‍ക്ക് നിശാന്ധത ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അപേക്ഷിക്കുന്നു. പലപ്പോഴും റോഡ് കൃത്യമായി കാണാത്തുപോലെ യാണ് ഇദ്ദേഹം ബസ്സ് ഓടിച്ചിരുന്നത്. എറണാകുളത്ത് എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്ന് വീര്‍ത്തിരുന്നു. യാത്രക്കാരുടെ ജീവന്‍ പന്താടാതെ നല്ല കാഴ്ചശക്തിയും വാഹനം ഓടിച്ച് പരിചയവും ഉള്ള ആളുകളെ മാത്രം സൂപ്പര്‍ ഫാസ്റ്റ് പോലുള്ള ബസ്സുകളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്നും അപേക്ഷിക്കുന്നു.

ട്രാന്‍‌സ്പോര്‍ട്ട് ഭവനിലേയ്ക്കയച്ച് ചവറ്റുകൊട്ടയില്‍ പോവാതിരിക്കാന്‍ ഒരു തുറന്ന കത്തായി ഇതിവിടെ ഇടുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉള്ള സഹയാത്രികര്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍.

വിശ്വാസപൂര്‍വ്വം,

5 comments:

  1. സത്യം, പലപ്പോഴും ഇതാണ് സംഭവിക്കുന്നത്‌. എന്നിട്ട് നഷ്ടം നഷ്ടം എന്നും പറഞ്ഞു കരയും. എങ്ങനെ യാത്രക്കാര്‍ വിശ്വസിച്ചു കയറും ?

    ReplyDelete
  2. ഒരു ഒപ്പ് ഞാനും ഇട്ടേക്കാം.
    :)

    ReplyDelete
  3. ഗിനി: നന്ദി പലപ്പോഴും സമയത്തെക്കുറിച്ച് യാതൊരു ബോധവും ഇല്ലാത്ത രീതിയിലാണ് കെ എസ് ആര്‍ ടി സി യുടെ പെരുമാറ്റം. എപ്പോഴെങ്കിലും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ മതി എന്ന മനോഭാവം,

    അനിലേട്ടാ വളരെ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം. ഒപ്പം ഇവിടെ ഇതിലൊരു ഒപ്പിട്ടതുന് നന്ദി.

    ReplyDelete
  4. പൊതുമേഘലയിൽ “ഇത്രയും നന്നായി” സർവീസ്‌ നടത്തുന്ന “ആനവണ്ടിയെ” സംരക്ഷിക്കുവാൻ ഇടതും വലതും മറന്ന്‌ പരിശ്രമിക്കുക...

    ReplyDelete

Thank you for visiting my blog. Please leave your comments here.