Thursday, 8 May 2014

മുല്ലപ്പെരിയാർ അന്തിമവിധി

ഏറെ നാളുകളായി കേരളം ആകാംഷയോടെ കാത്തിരുന്ന മുല്ലപ്പെരിയാർ കേസിൽ ഇന്ന് സുപ്രീംകോടതിയുടെ അന്തിമവിധി വന്നിരിക്കുന്നു. അവസാനഘട്ടം വാദം നടക്കുന്ന സമയത്ത് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ ചില പരാമർശങ്ങൾ പ്രതീക്ഷനൽകുന്നതായിരുന്നു എങ്കിലും അന്തിമവിധി അത്തരത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്തതാണ്. ആകെ ആശ്വാസകരം എന്ന് വിദഗ്ദ്ധർ പറയുന്നത് ഡാമിന്റെ മുകളിൽ തമിഴ്നാടിനുണ്ടായിരുന്ന ഏകാധിപത്യം അവസാനിച്ചു എന്നത് മാത്രം. ഇനി ഡാമിന്റെ ജലനിരപ്പ്, അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിക്കുന്ന തീരുമാനം എടുക്കുക കേന്ദ്രജലവിഭവകമ്മീഷന്റേയും കേരളത്തിന്റേയും തമിഴ്നാടിന്റേയും ഓരോ പ്രതിനിധികൾ അടങ്ങുന്ന ഒരു മൂന്നംഗസമിതി ആയിരിക്കും. തമിഴ്നാട് ഉന്നയിച്ച പല വാദങ്ങളും അംഗീകരിച്ച സുപ്രീംകോടതി ഈ വിഷയത്തിൽ കേരളം മുന്നോട്ട് വെച്ച ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന എല്ലാ വാദങ്ങളും തള്ളിക്കളയുകയായിരുന്നു. കേരളത്തിന്റെ വാദങ്ങൾ വെറും ആശങ്കകൾ മാത്രമായിരുന്നില്ല. ഡെൽഹി ഐ ഐ ടിയിൽ നിന്നും ഈ രംഗത്തെ വിദഗ്ദ്ധരെ കൊണ്ടുവന്ന് പഠനം നടത്തി, അവരുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിന്റെ വാദത്തിന്റെ വിവിധഘട്ടങ്ങളിൽ അവരെ കോടതിയിൽ വിളിച്ചുവരുത്തി വിസ്തരിക്കുകയും  ചെയ്തിരുന്നു. എന്നിട്ടും അന്തിമവിധിയിൽ ഡാമിന്റെ സുരക്ഷസംബന്ധിക്കുന്ന യാതൊരു ആശങ്കയും സുപ്രീംകോടതി സൂചിപ്പിക്കുന്നില്ല. ഡാമിന്റെ പരമാവധി സംഭരണശേഷി 136 അടിയായി നിജപ്പെടുത്തിക്കൊണ്ട് കേരളനിയമസഭ പാസ്സാക്കിയ നിയമം പോലും കോടതിയുടെ അധികാരത്തിലുള്ള കടന്നുകയറ്റമായിക്കണ്ട് റദ്ദാക്കുകയാണ് കോടതി ചെയ്തത്. ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂർ രാജാവും തമ്മിൽ 1886 ഒക്‌ടോബർ 29ന് ഒപ്പിട്ട പാട്ടക്കരാർ സ്വാതന്ത്ര്യാനന്തരം കാലഹരണപ്പെട്ടതാണ്. ആ കരാറാണ് 1970 മെയ് 29ന് അച്യുതമേനോൻ സർക്കാർ തിരുവിതാംകൂർ രാജാവ് ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയതിലും ഉദാരമായ വ്യവസ്ഥകളോടെ യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ പുതുക്കി നൽകിയത്. അന്ന് മുതൽ കേരളം ഭരിച്ച വിവിധ സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിച്ച അലംഭാവം കേരളത്തിന്റെ സ്വന്തം നദി എന്ന് നാം പറഞ്ഞിരുന്ന പെരിയാർ ഒരു അന്തർസംസ്ഥാനനദിയായി മാറുന്നതിൽ എത്തി നിൽക്കുന്നു. കേരളം കാര്യകാരണസഹിതം ഉന്നയിച്ച പല വാദങ്ങളും ചെവിക്കൊള്ളാത്ത സുപ്രീംകോടതി വിധി ഏകപക്ഷീയവും പ്രതിഷേധാർഹവും ആണെന്ന് ഞാൻ കരുതുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ മുൻപ് എഴുതിയ പോസ്റ്റുകൾ ഇവിടെ വായിക്കാം.

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.