Saturday 8 April 2017

ജിഷ്ണു കേസ് സർക്കാരിന്റെ അസത്യപ്രചാരണം


ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ പോലീസ് നടപടിയെ ന്യായീകരിച്ചു കൊണ്ടും ജിഷ്ണുക്കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടും അസത്യങ്ങളും അർദ്ധസത്യങ്ങളും കോർത്തിണക്കി ലക്ഷങ്ങൾ മുടക്കി സർക്കാർ വിവിധ പത്രങ്ങൾ വഴി 08/04/2017-ൽ നൽകിയ പരസ്യം ആണ് ചിത്രത്തിൽ. ഈ പരസ്യത്തിൽ സർക്കാർ പറയുന്ന ചില്ല കള്ളങ്ങൾ എടുത്തുകാട്ടുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
ആദ്യം മുതലേ ഗൗരവത്തോടെയാണ് പോലീസ് ഈ കേസ് അന്വേഷിച്ചതെന്ന് ഈ പരസ്യത്തിൽ പറയുന്നു. അതുതന്നെ തെറ്റ്. കേസന്വേഷിച്ച പഴയന്നൂർ പോലീസ് കൃഷ്ണദാസിനും കൂട്ടാളികൾക്കും രക്ഷപ്പെടാനുള്ള പഴുതകളോടെ ആണ് ഈ കേസന്വേഷണം തുടങ്ങിയതുതന്നെ. അതാണ് ഈ കേസ് ഇത്രയും ദുർബലമാവാനും പലർക്കും ജാമ്യം കിട്ടാനും കാരണം. ജ്ഞാനശേഖരൻ ഇപ്പോഴും സർവ്വീസിൽ തന്നെയില്ലെ സർക്കാരെ? എത്ര ദിവസം കഴിഞ്ഞാണ് ഇടിമുറിയിൽ നിന്നും പോലീസ് ജിഷ്ണുവിന്റെ രക്തക്കറ കണ്ടെത്തിയത്? ആരാണ് ജിഷ്ണുവിന്റെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയത്? എന്തുകൊണ്ടാണ് ജിഷ്ണുവിന്റെ മുഖത്ത് മൂക്കിന്റെ പാലത്തിൽ ഉണ്ടായ മുറിവ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കപ്പെടാതെ പോയത്? ജിഷ്ണു തൂങ്ങി നിന്ന മുണ്ട് നഷ്ടപ്പെട്ടത് എങ്ങനെയാണ്? അത് വീണ്ടെടുക്കാൻ എന്തു നടപടിയാണ് പോലീസ് എടുത്തത്? ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിലെ അപാകതയാണ് ഈ പറഞ്ഞതെല്ലാം.
ജിഷ്ണു കേസിൽ കൃഷ്ണദാസ് എങ്ങനെയാണ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയത്? കളക്ടർ വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന തെറ്റായ വിവരം കോടതിയെ ബോധിപ്പിച്ചല്ലെ? കളക്ടർ വിളിച്ച യോഗം കഴിഞ്ഞതിനു ശേഷം ആണ് ആ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതുതന്നെ. ആ യോഗത്തിൽ കൃഷ്ണദാസിനെ വിളിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ വിഷയങ്ങൾ ഹൈക്കോടതിയെ യഥാസമയം അറിയിക്കാതിരുന്നത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ളവരുടെ വീഴ്ചയല്ലെ? അതിൽ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്.ജിഷ്ണുകേസിൽ ഉൾപ്പടെ ഹൈക്കോടതിയിലെ ഒരു ന്യായാധിപനിൽ നിന്നും അതിരുവിട്ട പരാമർശങ്ങൾ ഉണ്ടായപ്പോൾ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ എവിടെ ആയിരുന്നു? ന്യായാധിപൻ പരിധിവിടുന്നു എന്ന് എപ്പോഴെങ്കിലും അദ്ദേഹം കോടതിയെ ഓർമ്മപ്പെടുത്തിയോ? ഈ പരാമർശങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതി അദ്ദേഹം ജീഫ് ജസ്റ്റിസ് മുൻപാകെ നൽകിയോ?ജിഷ്ണുവിന്റെ അമ്മ ഈ വിഷയത്തിൽ ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകാൻ തയ്യാറായി. അത്രപോലും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
മഹിജയെ കൈപിടിച്ച് എഴുന്നേല്പിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള പ്രസ്താവനകൾ ആരെ പറ്റിക്കാനാണ്. ഈ നട്ടാൽകിളിർക്കാത്ത നുണകൾ എഴുതി പരസ്യം നൽകിയ മാദ്ധ്യമ ഉപദേഷ്ടാക്കൾക്ക് നല്ല നമസ്കാരം.നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയുന്ന ഷാജഹാനേയും ഷാജിർഖാനേയും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്നലെ ഏഷ്യാനെറ്റിന്റെ നേർക്കുനേർ എന്ന പരിപാടിയിൽ ബിജു വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ പദ്ധതികൾക്ക് തുടർച്ചയായി എതിരുനിൽക്കുന്നതിനാണെന്ന് അദ്ദേഹം അറിയാതെ ആണെങ്കിലും പറയുന്നു. പിന്നെ ഹിമവൽ ഭദ്രാനന്ദ. അടുത്ത് ചായകുടിച്ചു നിന്ന അങ്ങോരേയും കൂട്ടി ഗൂഢാലോചന സിദ്ധാന്തം ഉണ്ടാക്കാൻ.
പഴയകാലം അല്ല. ജനങ്ങൾ വാർത്തകൾ കേൾക്കുകയല്ല അപ്പപ്പോൾ കാണുകയാണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം പരാജിതനും പരാജിതന്റെ മാദ്ധ്യമ ഉപദേഷ്ടാക്കൾക്കും ഉണ്ടെങ്കിൽ നല്ലത്.

2 comments:

  1. മഹിജ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ മഹിജയുമായി സർക്കാർ ഒപ്പിട്ട ഉടമ്പടി, അല്ലെങ്കിൽ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ മഹിജയ്ക്ക് നൽകിയ ഉറപ്പുകൾ
    1. സ്വാശ്രയ മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.
    2. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഈ അനുഭവം മറ്റു കുട്ടികള്‍ക്കുണ്ടാകരുത്.
    3. കേസന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണം തൃപ്തികരമാണോ എന്നും പരിശോധിക്കും.
    4. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ അപാകമുണ്ടോ എന്ന് പരിശോധിക്കും.
    5. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ സംഘം വിപുലീകരിക്കും
    6. മൂന്നാം പ്രതിയെ പിടികൂടിയ സ്ഥിതിക്ക് മറ്റ് പ്രതികളെ കണ്ടെത്തുന്നതുവരെ സമരപരിപാടികളില്ല. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ നടപടിയെടുക്കും.
    7. സമരത്തിന് ജിഷ്ണു പ്രണോയിയുടെ കുടുംബവും സുഹൃത്തുകളുമല്ലാതെ മറ്റാരും പങ്കെടുത്തിട്ടില്ല.എം. ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ സഹായിക്കാനെത്തിയതാണ്. ഇവര്‍ക്ക് സമരത്തില്‍ പങ്കില്ലെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തും. ഹിമവല്‍ ഭദ്രാനന്ദയെയും കെ.എം. ഷാജഹാനെയും അറിയില്ല. ഇവര്‍ എങ്ങനെയെത്തിയെന്നും അറിയില്ല.
    8. ഡിജിപി ഓഫീസിനുമുന്നിലെ സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
    9. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും.
    10. കരാര്‍ വ്യവസ്ഥയിലെ തീരുമാനങ്ങളുടെ നിര്‍വഹണവും അവയുടെ നടപടികളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെയും അറ്റോര്‍ണി കെ.വി. സോഹനെയും ധരിപ്പിക്കും.

    ReplyDelete
  2. കൃഷ്ണദാസിനു കേരളത്തിൽ പ്രവേശിക്കുന്നതിനു സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് ഇന്ന് നീക്കി. ഒരാളെ എത്രകാലം സംസ്ഥാനത്തിനു വെളിയിൽ നിറുത്താൻ കഴിയും. ഇതു സംബന്ധിക്കുന്ന ജനം ടി വി വാർത്ത.

    https://janamtv.com/80117433/

    ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ പ്രതിയായ കൃഷ്ണദാസിനെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017 നവംബറിലാണ് സുപ്രീം കോടതി വിധിച്ചത്. പാലക്കാടുള്ള വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുള്ള കൃഷ്ണദാസിന്റെ ഹര്‍ജിയിലാണ് വിധി.

    അതേസമയം, കൃഷ്ണദാസിന്റെ വിലക്ക് നീക്കിയതില്‍ അട്ടിമറിയുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു. കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും അശോകന്‍ പ്രതികരിച്ചു. ഉത്തരവിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    2017 ജനുവരിയിലാണ് ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

    ReplyDelete

Thank you for visiting my blog. Please leave your comments here.