Saturday, 8 April 2017

ജിഷ്ണു കേസ് സർക്കാരിന്റെ അസത്യപ്രചാരണം


ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ പോലീസ് നടപടിയെ ന്യായീകരിച്ചു കൊണ്ടും ജിഷ്ണുക്കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടും അസത്യങ്ങളും അർദ്ധസത്യങ്ങളും കോർത്തിണക്കി ലക്ഷങ്ങൾ മുടക്കി സർക്കാർ വിവിധ പത്രങ്ങൾ വഴി 08/04/2017-ൽ നൽകിയ പരസ്യം ആണ് ചിത്രത്തിൽ. ഈ പരസ്യത്തിൽ സർക്കാർ പറയുന്ന ചില്ല കള്ളങ്ങൾ എടുത്തുകാട്ടുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
ആദ്യം മുതലേ ഗൗരവത്തോടെയാണ് പോലീസ് ഈ കേസ് അന്വേഷിച്ചതെന്ന് ഈ പരസ്യത്തിൽ പറയുന്നു. അതുതന്നെ തെറ്റ്. കേസന്വേഷിച്ച പഴയന്നൂർ പോലീസ് കൃഷ്ണദാസിനും കൂട്ടാളികൾക്കും രക്ഷപ്പെടാനുള്ള പഴുതകളോടെ ആണ് ഈ കേസന്വേഷണം തുടങ്ങിയതുതന്നെ. അതാണ് ഈ കേസ് ഇത്രയും ദുർബലമാവാനും പലർക്കും ജാമ്യം കിട്ടാനും കാരണം. ജ്ഞാനശേഖരൻ ഇപ്പോഴും സർവ്വീസിൽ തന്നെയില്ലെ സർക്കാരെ? എത്ര ദിവസം കഴിഞ്ഞാണ് ഇടിമുറിയിൽ നിന്നും പോലീസ് ജിഷ്ണുവിന്റെ രക്തക്കറ കണ്ടെത്തിയത്? ആരാണ് ജിഷ്ണുവിന്റെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയത്? എന്തുകൊണ്ടാണ് ജിഷ്ണുവിന്റെ മുഖത്ത് മൂക്കിന്റെ പാലത്തിൽ ഉണ്ടായ മുറിവ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കപ്പെടാതെ പോയത്? ജിഷ്ണു തൂങ്ങി നിന്ന മുണ്ട് നഷ്ടപ്പെട്ടത് എങ്ങനെയാണ്? അത് വീണ്ടെടുക്കാൻ എന്തു നടപടിയാണ് പോലീസ് എടുത്തത്? ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിലെ അപാകതയാണ് ഈ പറഞ്ഞതെല്ലാം.
ജിഷ്ണു കേസിൽ കൃഷ്ണദാസ് എങ്ങനെയാണ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയത്? കളക്ടർ വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന തെറ്റായ വിവരം കോടതിയെ ബോധിപ്പിച്ചല്ലെ? കളക്ടർ വിളിച്ച യോഗം കഴിഞ്ഞതിനു ശേഷം ആണ് ആ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതുതന്നെ. ആ യോഗത്തിൽ കൃഷ്ണദാസിനെ വിളിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ വിഷയങ്ങൾ ഹൈക്കോടതിയെ യഥാസമയം അറിയിക്കാതിരുന്നത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ളവരുടെ വീഴ്ചയല്ലെ? അതിൽ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്.ജിഷ്ണുകേസിൽ ഉൾപ്പടെ ഹൈക്കോടതിയിലെ ഒരു ന്യായാധിപനിൽ നിന്നും അതിരുവിട്ട പരാമർശങ്ങൾ ഉണ്ടായപ്പോൾ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ എവിടെ ആയിരുന്നു? ന്യായാധിപൻ പരിധിവിടുന്നു എന്ന് എപ്പോഴെങ്കിലും അദ്ദേഹം കോടതിയെ ഓർമ്മപ്പെടുത്തിയോ? ഈ പരാമർശങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതി അദ്ദേഹം ജീഫ് ജസ്റ്റിസ് മുൻപാകെ നൽകിയോ?ജിഷ്ണുവിന്റെ അമ്മ ഈ വിഷയത്തിൽ ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകാൻ തയ്യാറായി. അത്രപോലും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
മഹിജയെ കൈപിടിച്ച് എഴുന്നേല്പിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള പ്രസ്താവനകൾ ആരെ പറ്റിക്കാനാണ്. ഈ നട്ടാൽകിളിർക്കാത്ത നുണകൾ എഴുതി പരസ്യം നൽകിയ മാദ്ധ്യമ ഉപദേഷ്ടാക്കൾക്ക് നല്ല നമസ്കാരം.നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയുന്ന ഷാജഹാനേയും ഷാജിർഖാനേയും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്നലെ ഏഷ്യാനെറ്റിന്റെ നേർക്കുനേർ എന്ന പരിപാടിയിൽ ബിജു വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ പദ്ധതികൾക്ക് തുടർച്ചയായി എതിരുനിൽക്കുന്നതിനാണെന്ന് അദ്ദേഹം അറിയാതെ ആണെങ്കിലും പറയുന്നു. പിന്നെ ഹിമവൽ ഭദ്രാനന്ദ. അടുത്ത് ചായകുടിച്ചു നിന്ന അങ്ങോരേയും കൂട്ടി ഗൂഢാലോചന സിദ്ധാന്തം ഉണ്ടാക്കാൻ.
പഴയകാലം അല്ല. ജനങ്ങൾ വാർത്തകൾ കേൾക്കുകയല്ല അപ്പപ്പോൾ കാണുകയാണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം പരാജിതനും പരാജിതന്റെ മാദ്ധ്യമ ഉപദേഷ്ടാക്കൾക്കും ഉണ്ടെങ്കിൽ നല്ലത്.

Monday, 3 April 2017

ജേക്കബ് തോമസിന്റെ അവധി

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതും വിജിലൻസ് ഡയറക്ടറുടെ ചുമതല താൽക്കാലികമായി ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയതും. രണ്ടാഴ്ചമുൻപ് വരെ കേരളമുഖ്യമന്ത്രിയുടെ പൂർണ്ണപിന്തുണ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആണ് ശ്രീ ജേക്കബ് തോമസ്. എന്തുകൊണ്ടാണ് പെട്ടന്ന് അദ്ദേഹം അവധിയിൽ പോയത്. അദ്ദേഹം അനൗദ്യോഗികമായി മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരം അനുസരിച്ച് അദ്ദേഹം അവധിയിൽ പ്രവേശിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് ഏഷ്യാനെറ്റും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തത്. പിന്നീട് മന്ത്രി എം എം മണിയുടേതായി മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവന അനുസരിച്ചും സർക്കാർ ശ്രീ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്നും മാറ്റിയതാണെന്ന് അനുമാനിക്കാം.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം സർക്കാരിൽ നിന്നും ഉണ്ടായതെന്നത് എല്ലാവരും ചർച്ചചെയ്യുകയുണ്ടായി. പ്രത്യേകിച്ചും മുഖ്യമന്ത്രി ഏറെ പിന്തുണ നൽകിയിരുന്ന ഒരു ഉദ്യോഗസ്ഥനു പെട്ടന്ന് പിന്തുണ നഷ്ടപ്പെടാനുള്ള കാരണം എന്താണെന്നതാണ് എല്ലാവരും ചർച്ചചെയ്തത്. വിവിധ മാദ്ധ്യമങ്ങളിൽ ഈ വിഷയത്തിൽ നടന്ന ചർച്ചകൾ കണ്ടതിൽ നിന്നും പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് പൊടുന്നനെയുള്ള സർക്കാർ നയവ്യതിയാനത്തിനു കാരണമായി പലരും പറഞ്ഞുകേട്ടത്.
  1. രാഷ്ട്രീയമായ തീരുമാനം
  2. കോടതിയിൽ നിന്നുള്ള തുടർച്ചയായ വിമർശനം
  3. ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചിനെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി
ഇതിൽ ഓരോ കാരണങ്ങളും പരിശോധിക്കാം.

രാഷ്ട്രീയമായ തീരുമാനം ഉണ്ടാവുന്നത് കഴിഞ്ഞ ദിവസം നടന്ന എൽ ഡി എഫ് യോഗത്തിൽ ആണെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള പ്രധാനകാരണമായി പറയുന്നത് ബന്ധുനിയമനത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയരാജനും, സ്പോർട്ട്സ് കൗൺസിൽ ലോട്ടറി അഴിമതി വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ടി പി ദാസനും എതിരെ ശക്തമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താനുള്ള ജേക്കബ് തോമസിന്റെ നിലപാടാണെന്ന് പറഞ്ഞു കേൾക്കുന്നു. ഇവർക്കെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കണമെന്ന സമ്മർദ്ദത്തെ മറികടന്ന് വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചതാണ് ആണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ഇത് ശരിയാണെങ്കിൽ തത്തയുടെ ചിറകുകൾ അരിഞ്ഞും കാലൊടിച്ചും തത്തയെ പീഡിപ്പിക്കുന്നവരല്ല തങ്ങൾ ആ തത്ത സ്വതന്ത്രമായി പറക്കണം എന്നുതന്നെയാണ് തങ്ങളുടെ ആഗ്രഹം എന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യചെയ്യപ്പെടുകയാണ്. വിജിലൻസ് ഡയറക്ടറെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒടുവിൽ പറഞ്ഞത് ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട എന്നാണ്. ആ വാക്കുകൾക്ക് ഭരണപക്ഷ ബഞ്ചിൽ നിന്നും വലിയ കരഘോഷം ആയിരുന്നു. അന്ന് ഡസ്കിൽ അടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചവർത്തന്നെ വിജിലൻസ് ഡയറക്ടറെ മാറ്റി എങ്കിൽ ആ ആഹ്ലാദവും ആ പ്രസ്താവനയും ആത്മാർത്ഥമായിരുന്നില്ല എന്നുവേണം കരുതാൻ

കൃസ്തുമസ് അവധി കഴിഞ്ഞ കോടതി ആരംഭിച്ചതു മുതൽ വിജിലൻസ് സംബന്ധമായ കേസുകൾ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചാണെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ജയശങ്കർ പല ചാനൽ ചർച്ചകളിലും പറഞ്ഞിരുന്നു. ഈ ബഞ്ചിൽ നിന്നും ബാർകോഴ ഉൾപ്പടെയുള്ള പല വിഷയങ്ങളിലും നിശിതമായ വിമർശനങ്ങൾ ആണ് വിജിലൻസിനെതിരെ ഉണ്ടായിക്കൊണ്ടിരുന്നത്. ആ വിമർശനങ്ങൾ പലപ്പോഴും കോടതിയുടെ അധികാരപരിധികൾ ലംഘിച്ചുകൊണ്ടുള്ളവയാണെന്നും വിവിധ ചർച്ചകളിൽ പങ്കെടുത്ത അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ വിജിലൻസ് രാജാണോ നടക്കുന്നത്, ഈ ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടർ പദവിയിൽ നിന്നും നീക്കാത്തതെന്ത് തുടങ്ങി വാക്കാലുള്ള പല പരാമർശങ്ങളും ഹൈക്കോടതിയിൽ നിന്നും ഉണ്ടായി. ഈ പരാമർശങ്ങൾ ആണ് ജേക്കബ് തോമസിനെ മാറ്റുന്നതിനുള്ള കാരണമായി എൽ ഡി എഫിലെ ചില കക്ഷികൾ (ആന്റണി രാജു ഉൾപ്പടെയുള്ളവർ) ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഹൈക്കോടതിയുടെ അത്തരം പരാമർശങ്ങൾ നിയമപരമായിത്തന്നെ   തെറ്റാണെന്ന് അഭിഷാകരായ ജയശങ്കർ, സെബാസ്റ്റ്യൻ പോൾ, കെ വി മധുസൂദനൻ എന്നിവർ പറയുന്നു. അത്തരം പരാമർശങ്ങൾ നടത്താനുള്ള അധികാരം ജഡ്ജിമാർക്കില്ലെന്നാണ് ചാനൽ ചർച്ചകളിലെ മേല്പറഞ്ഞ അഭിഭാഷകരുടെ അഭിപ്രായ്ത്തിൽ നിന്നും മനസ്സിലാക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ അത് ശരിയല്ലെന്ന് ന്യായാധിപരെ അറിയിക്കാൻ അവകാശവും അധികാരവും ഉള്ളവ്യക്തിയാണ് അഡ്വക്കേറ്റ് ജനറൽ. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം കോടതിയിൽ ആക്ഷേപം ഉന്നയിച്ചതായി വാർത്തകൾ കണ്ടതുമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെക്കുറിച്ച്, അന്വേഷണത്തെ കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടേങ്കിൽ അത് ഉത്തരവിലൂടെ നൽകാൻ ആവശ്യപ്പെടണം എന്ന അഭിപ്രായമാണ് മുൻപ് പരാമർശിച്ച മൂന്ന് അഭിഭാഷകരും ഉന്നയിച്ചത്.

അടുത്ത ആക്ഷേപം അത് അഡ്വക്കറ്റ് ജയശങ്കർ ഉന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തുണ്ടായിരുന്ന ലാവ്‌ലിൻ കേസിൽ അന്വേഷണ റിപ്പോർട്ട് തള്ളീക്കളഞ്ഞ വിചാരണക്കോടതി ഉത്തരവിനെതിരെ സി ബി ഐ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നേരത്തെ പറഞ്ഞ ഹൈക്കോടതി  ബഞ്ചാണ്. വിജിലൻസ് ഡയറക്ടർക്കെതിരായി ഈ ബഞ്ച് ഉന്നയിക്കുന്ന വിമർശനങ്ങളിൽ നടപടി എടുക്കാതിരിക്കുന്നത് ലാവ്‌ലിൻ കേസിന്റെ വിധിയെ ബാധിച്ചേക്കും എന്ന ഭയമാണ് ഈ തീരുമാനം എടുക്കാനുള്ള കാരണം എന്ന് ജയശങ്കർ വക്കീൽ ഉളപ്പടെ ചിലർ പറയുന്നു.സാധാരണഗതിയിൽ  ന്യായാധിപരുടെ പരാമർശനങ്ങളെ വലിയ ഭയഭക്തിയോടെ കാണുന്നവരല്ല ഇടതുപക്ഷ സർക്കാരുകൾ. പക്ഷെ ഈ ഉദ്യോഗസ്ഥനെ എന്തുകൊണ്ട് മാറ്റുന്നില്ല എന്ന ചോദ്യം വന്ന് 24 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ട സർക്കാർ നടപടി ഇത്തരം സംശയം ജനിപ്പിക്കുന്നുണ്ട്. അത് സർക്കാരിനും നീതിന്യായ സംവിധാനത്തിനും ഭൂഷണമായ ഒന്നല്ല. 

എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും നീക്കി എന്നത് (നീക്കി എന്ന് എം എം മണിയും ആന്റണി രാജുവും ഒക്കെ സമ്മതിച്ചു കഴിഞ്ഞു. അതിനാൽ ജേക്കബ് തോമസ് സ്വയം അവധിയിൽ പ്രവേശിച്ചതാണെന്ന ആനത്തലവട്ടം ആനന്ദൻ ഉൾപ്പടയുള്ളവരുടെ വാദം തള്ളിക്കളയാം എന്ന് കരുതുന്നു) ഇപ്പോൾ യാഥാർത്ഥ്യമാണ്. വിജിലൻസ് ഡയറക്ടറുടെ ചുമതല ഡി ജി പി ലോക്നാഥ് ബഹ്റ ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് എന്തായിരുന്നു ജേക്കബ് തോമസിനെ മാറ്റാനുള്ള കാരണം എന്നത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായം ആണ് എനിക്കുള്ളത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്തത്. അത്തരം നിലപാടെടുക്കും എന്ന് പൊതുവിൽ വിശ്വസിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ആണ് ജേക്കബ് തോമസ്. ആ വിശ്വാസം തെറ്റായിരുന്നു എങ്കിൽ ജേക്കബ് തോമസ് ആ പദവിയ്ക്ക് അനർഹൻ ആയിരുന്നു എങ്കിൽ അത് പ്രസ്താവിക്കാനുള്ള ആർജ്ജവം ഈ സർക്കാർ കാണിക്കണം. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ പോലീസിന്റെ തലവൻ ആയിരുന്ന ടി പി സെൻകുമാർ പോലീസിനെ ശരിയായ വിധത്തിൽ നയിക്കുന്നില്ലെന്നും നിരവധി വീഴ്ചകൾ അദ്ദേഹത്തിന്റെ കീഴിൽ പോലീസിനു പറ്റിയെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ പോലീസിന്റെ നേതൃസ്ഥാനത്ത് അവരോധിച്ചത്. ആ ആർജ്ജവം ഈ വിഷയത്തിലും കാണിക്കും എന്ന് കരുതുന്നു.