കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. ഈ പഴമൊഴി അന്വർത്ഥമാക്കുന്ന വിധത്തിൽ ആണ് കളമശ്ശേരിയിൽ നിന്നുള്ള ഈ വാർത്ത.
എച്ച് എം ടി റോഡ് കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടർന്ന് വെട്ടിപ്പൊളിച്ച വാർത്ത മലയാളമനോരമയിൽ നിന്നു 18/01/2016 |
ഈ വാർത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സ്വന്തം മണ്ഡലമായ കളമശ്ശേരിയിൽ നിന്നാണ്. കേരളത്തിലെ പൈലറ്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട കളമശ്ശേരി മെഡിക്കൽ കോളേജു മുതൽ എച്ച് എം ടി ജങ്ഷൻ വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ആക്കുന്നതിനെ പറ്റിയാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ഇതിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ് നിർവ്വഹിച്ചത്. മെഡിക്കൽ കോളേജിന്റെ സമീപത്തുനിന്നുമാണ് നിർമ്മാണം തുടങ്ങിയത്. നിലവിൽ ഉള്ള പാതയുടെ വീതി ഇരട്ടിയാക്കി വൈറ്റ് ടോപ്പിങ് നടത്തി പുനർനിർമ്മിക്കുകയാണ് പദ്ധതി. ഇങ്ങനെ നിർമ്മിക്കുന്ന റോഡിനു 50 വർഷത്തെ ഗ്യാരന്റി പറയപ്പെടുന്നു. എന്നാൽ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ഉടനെ പദ്ധതി നിറുത്തി വെച്ചു. കാരണം ഈ റോഡിന്റെ സൈഡിൽ ആണ് മെട്രോയുടെ സ്പാനുകൾ വാർക്കുന്ന ഒരു യാഡ് ഉള്ളത്. നിർമ്മാണത്തിനായി ഈ റോഡ് അടച്ചാൽ മെട്രൊയുടെ നിർമ്മാണത്തെ അത് ബാധിക്കും. അതിനാൽ കുറച്ചു മാസങ്ങൾ പദ്ധതി നിലച്ചിരിക്കുകയായിരുന്നു.
നിർമ്മാണം പൂർത്തിയാ എച്ച് എം ടി റോഡിന്റെ ഒരു ഭാഗം കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടർന്ന് വെട്ടിപ്പൊളിച്ച നിലയിൽ. |
നിലവിൽ ഉണ്ടായിരുന്ന എച്ച് എം ടി റോഡിന്റെ സൈഡിലൂടെ പല കുടിവെള്ള പൈപ്പുകളും ടെലിഫോൺ കേബിളുകളും കടന്നുപോകുന്നുണ്ട്. റോഡിനു വീതി കൂട്ടുമ്പോൾ ഇതെല്ലാം റോഡിന്റെ അടിയിൽ ആകും. അതിൽ കാലപ്പഴക്കം ചെന്ന എ സി പൈപ്പുകൾ പൊട്ടുന്നത് റോഡിനു ബലക്ഷയം ഉണ്ടാക്കുകയും പൈപ്പ് നന്നാക്കാൻ റോഡ് പൊളിക്കേണ്ടി വന്നാൽ അത് റോഡിന്റെ ആയുസ്സ് കുറക്കുകയും വലിയ ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ റോഡ് പണിയുന്നതിനു മുൻപ് കുടിവെള്ള പൈപ്പുകളും ടെലിഫോൺ കേബിളും മാറ്റിസ്ഥാപിക്കണം എന്ന് നിർദ്ദേശവും ഉണ്ടായിരുന്നു. പക്ഷെ വകുപ്പുകളുടെ ഫയൽ നീക്കത്തിന് വികസനത്തിനോടൊപ്പം എത്താൻ സാധിക്കാഞ്ഞതിനാൽ പൈപ്പുകൾ മാറ്റിയിടുന്നതിനു മുൻപേ മുകളിലെ റോഡിന്റെ വാറ്റ് ടോപ്പിങ് പണികഴിഞ്ഞിരുന്നു. റോഡിന്റെ നടുവിൽ വരുന്നതിലാം ടെലിഫോൺ പില്ലറുകൾ മാറ്റി. കേബിളുകൾ റോഡിന്റെ നടുവിലൂടെ തന്നെ.
എച്ച് എം ടി റോഡിൽ വൈറ്റ് ടോപ്പിങ്ങ് പൂർത്തിയായ ഭാഗത്തിനു താഴെയുള്ള കുടിവെള്ളപൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയപ്പോൾ |
കുടിവെള്ള പൈപ്പുകൾ പലതും കാലപ്പഴക്കം ചെന്നതാകയാൽ പൊട്ടുക പതിവായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം (17/01/2016) അത് സംഭവിച്ചു. പുതിയ കോൺക്രീറ്റ് റോഡിനടിയിലെ പൈപ്പ് പൊട്ടി. വെള്ളം റോഡിന്റെ വിടവിലൂടെ ശക്തിയായി പുറത്തേയ്ക്ക് ഒഴുകി. പമ്പിങ്ങ് നിറുത്തിവെച്ചു. കങ്ങരപ്പടി, കൈപ്പടമുകൾ, എച്ച് എം ടി കോളനി, ഹിദായത്ത് നഗർ, മറ്റക്കാട് പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള കുടിവെള്ള വിതരണം നിലച്ചു. അങ്ങനെ നിർമ്മാണം കഴിഞ്ഞ റോഡ് ഉദ്ഘാടനത്തിനു മുൻപതെന്നെ വെട്ടിപ്പൊളിച്ചു . പൊട്ടിയ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനസ്ഥാപിച്ചു. വെട്ടിപ്പൊളിച്ച റോഡ് ഇപ്പോൾ അങ്ങനെ തന്നെ കിടക്കുന്നു. ഇനിയും ഒരു പാടു തവണ ഈ പൈപ്പുകൾ പൊട്ടും. അപ്പോഴെല്ലാം പലയിടത്തായി ഈ റോഡ് ഇതുപോലെ വെട്ടിപ്പൊളിക്കും. അങ്ങനെ കേരളത്തിൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പൈലറ്റ് പദ്ധതി യൗവനത്തിലെത്തു മുൻപേ അകാലചരമം അടയും. എന്തായാലും ഇറങ്ങും മുൻപ് ഈ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കണം എന്ന് തീരുമാനത്തിലാണ് മന്ത്രി. അതാണല്ലൊ ആവശ്യവും.
ശിലാഫലകങ്ങളിൽ പേരുവരുത്താൻ മാത്രം ശരിയായ ആസൂത്രണവും മുന്നൊരുക്കങ്ങളും നടത്താതെ ഇത്തരത്തിൽ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ നഷ്ടമാകുന്നത് പൊതുഖജനാവിൽ നിന്നു നികുതിദായകന്റെ പണമാണ്.
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.