എറണാകുളം മഹാനഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപാണ് വൈപ്പിൻ. ദ്വീപ് നിവാസികളായ നിരവധി ആളുകൾ ജോലിക്കും അധ്യയനത്തിനും ആയി ആശ്രയിക്കുന്നത് എറണാകുളം മഹാനഗരത്തെ ആണ്. ഇരുന്നൂറിലധികം സ്വകാര്യ ബസ്സുകളും മുപ്പതിനടുത്ത് കെ എസ് ആർ ടിസി ബസ്സുകളും ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്നു. സ്വകാര്യബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നത് / അവസാനിപ്പിക്കുന്നത് പഴയ ഹൈക്കോടതി മന്ദിരത്തിന്റെ പരിസരത്തുനിന്നാണ്. ദ്വീപ് നിവാസികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന കൊച്ചി നഗരസഭയുടേയും സംഘടിതരായ നഗരത്തിലെ ബസ്സ് ഉടമകളുടേയും മനോഭാവം ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് നഗരത്തിലേയ്ക്ക് പ്രവേശനം നിഷേധിക്കുന്നതിനു കാരണമായിട്ടുണ്ട്. കെ എസ് ആർ ടി സി ബസ്സുകൾക്ക് മാത്രമാണ് നിലവിൽ കൊച്ചി നഗരത്തിലേയ്ക്കും നഗരപ്രാന്തപ്രദേശങ്ങളിലേയ്ക്കും സർവ്വീസ് നടത്തുന്നതിന് അനുമതിയുള്ളത്.
വൈപ്പിൻ ദ്വീപ് നിവാസികളോട് കൊച്ചി നഗരസഭ പുലർത്തുന്ന മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് മുകളിലെ ചിത്രത്തിൽ കാണുന്നത്. ഇരുന്നൂറിലധികം ബസ്സുകളിൽ ആയിരത്തിലധികം യാത്രക്കാർ നിത്യവും കയറുകയും ഇറങ്ങുകയും ചെയ്യുന്ന പഴയ ഹൈക്കോടതി പരിസരത്തെ 'ബസ് സ്റ്റാന്റ്' ആണ് ചിത്രത്തിൽ. ചെളി പിടിച്ച്, വെള്ളക്കെട്ടും മറ്റും കൊണ്ട് മലീമസമായ ഈ പ്രദേശത്തു നിന്നും വേണം ആയിരങ്ങൾ ബസ്സിൽ കയറുവാനും ഇറങ്ങുവാനും.
ചിത്രത്തിൽ കാണുന്ന ചെരുപ്പുകൾ ആരും അവിടെ മറന്നുവെച്ചതല്ല. ബസ്സിൽ കയനുള്ള തിരക്കിൽ ഓടുമ്പോൾ കാൽ ചെളിയിൽ പുതഞ്ഞു പോകും. പലപ്പോഴും കാൽ വലിച്ചെടുക്കുമ്പോൾ ചെരുപ്പിന്റെ വള്ളിപൊട്ടിക്കാണും. പിന്നെ അത് അവിടെ ഉപേക്ഷിക്കാതെ തരമില്ല.
ബസ്സ് ജീവനക്കാർക്ക് / യാത്രക്കാർക്ക് മൂത്രവിസർജ്ജനത്തിനുള്ള ഏക ആശ്രയവും സൈഡിലുള്ള ഈ കാനയാണ്. യാത്രക്കാർക്ക് അല്പം കൂടുതൽ നടന്നാൽ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ട്. എന്നാൽ ജീവനക്കാർക്ക് അവിടെ വരെപോയി തിരികെ വരാനുള്ള സമയം പലപ്പോഴും ഉണ്ടാകില്ല.
വൈകുന്നേരം തിരക്ക് ഒഴിവാക്കുന്നതിനായി ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷൻ വരെ വരുന്നത് ട്രാഫിക് പോലീസ് തടഞ്ഞിട്ടുണ്ട്. അതിനാൽ നാലുമുതൽ ആറര മണിവരെ മുഴുവൻ യാത്രക്കാരും ഇവിടെ നിന്നുവേണം ബസ്സിൽ കയറുവാൻ. രാത്രികാലങ്ങളിൽ യാത്രകൂടുതൽ ദുഷ്കരമാണ്. ഈ ബസ്റ്റേഷനിൽ കൃത്യമായ പ്രകാശസംവിധാനങ്ങൾ ഇല്ല. അതിനാൽ തന്നെ പലപ്പോഴും കാൽ ചെളിയിൽ പുതഞ്ഞും വസ്ത്രങ്ങളിൽ ചെളിപുരണ്ടും ആണ് ആളുകൾ ബസ്സിൽ കയറിപ്പറ്റുന്നത്. ഈ സമയത്ത് ഇവിടെയുള്ള തിരക്ക് മുതലാക്കുന്ന സാമൂഹ്യവിരുദ്ധരും കുറവല്ല. വെളിച്ചം ഇല്ലാത്തതിനാൽ പോക്കറ്റടിയും മറ്റും പലപ്പോഴും നടക്കുന്നുണ്ട്. കേരളത്തിലെ നല്ല നിലവാരം ഉണ്ടായിരുന്ന സംസ്ഥാനപാതകളിൽ ഒന്നായിരുന്ന വൈപ്പിൻ – പള്ളിപ്പുറം പാത കുടിവെള്ളത്തിനായി പൈപ്പിട്ട് തോടാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. സഞ്ചാരയോഗ്യമല്ലാത്ത പാതയിലൂടെ രാത്രികാലസർവ്വീസ് നടത്താൻ ഒരു വിഭാഗം ബസ്സുടമകൾ മടിക്കുന്നതിനാൽ രാത്രിയാത്ര പൊതുവിൽ ദുഷ്കരമാണ്. അതിനിടയിലെ ഈ വൈഷമ്യങ്ങൾ യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.
ഇത്രയൊക്കെ വായിക്കുമ്പോൾ ഈ പ്രദേശവുമായി അത്രപരിചയം ഇല്ലാത്തവർക്ക് തോന്നാം മഴക്കാലമല്ലെ എല്ലായിടവും ഇങ്ങനെതന്നെ ആവും, വസ്തുതകൾ ഊതിപ്പെരുപ്പിച്ച് പറയുന്നതാവും എന്ന്. അതുകൊണ്ട് ഈ സ്ഥലത്തിന്റെ 250മീറ്റർ ചുറ്റളവിൽ ഉള്ള ചില കാഴ്ചകൾ കൂടികാണാം.
ഇത് നേരത്തെ പറഞ്ഞ 'ബസ് സ്റ്റേഷനിൽ' നിന്നും 50 മീറ്റർ അകലത്തിലെ ട്രാഫിക് സർക്കിൾ. മനോഹരമായി പെയിന്റടിച്ച്, ചെടികൾ നട്ടുവളർത്തി പരിപാലിച്ചിരിക്കുന്നു.
ഇത് ഒരു നൂറുമീറ്റർ അപ്പുറം പോലീസ് ക്ലബ്ബിന്റെ സൈഡിലൂടെ പഴയ കമ്മീഷണർ ഓഫീസും കഴിഞ്ഞ് ഹൈക്കോടതി ജങ്ഷൻ വരെ നീളുന്ന നടപ്പാത. ടൈലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. ഇതിലെ നടക്കാമോ എന്ന് ചോദിച്ചാൽ മരങ്ങളുടെ പൊക്കക്കുറവ് നടക്കുന്നതിന് തടസ്സം സൃഷ്ടിക്കും എന്ന് ഉറപ്പ്.
ഇത് ഏതാനും ആഴ്ചകൾ മുൻപ് കേരളമുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച മറൈൻ ഡ്രൈവ് വാക്ക് വേ. ബോട്ട് പാലവും ദീപാലങ്കാരങ്ങളും എല്ലാം ആയി കോടികൾ തന്നെ ചിലവൊഴിച്ചിട്ടുണ്ട് ഈ പദ്ധതിയ്ക്ക്. ഇതിന്റെ ചെറിയൊരു അംശം ചിലവാക്കിയിരുന്നെങ്കിൽ പഴയ ഹൈക്കോടതിയ്ക്ക് മുൻപിലെ 'ബസ് സ്റ്റേഷൻ' അത്യാവശ്യ സംവിധാനങ്ങൾ ഉള്ളതാക്കാമായിരുന്നു.
ബഹുമാനപ്പെട്ടെ കോർപ്പറേഷൻ മേയർ ഉൾപ്പടെയുള്ള അധികാരികളോട് പറയാൻ ഉള്ളത് ഈ അവഗണന അവസാനിപ്പിക്കണം എന്നാണ്. സ്ഥലം കോർപ്പറേഷന്റെ കൈവശം ആണ്. ദ്വീപിന്റെ വികസനപ്രവർത്തനനങ്ങൾക്ക് ജിഡ (Gosree Islands Development Authority) എന്നൊരു സ്ഥാപനം ഉണ്ട്. കായൽനികത്തി എടുത്ത സ്ഥലം വിറ്റ് കിട്ടിയതും അല്ലാതെയുള്ള വരുമാനങ്ങളും സർക്കാർ ഗ്രാന്റും എല്ലാമായി ഒരു സംഖ്യ ഈ സ്ഥപനത്തിന്റെ പേരിൽ ഉണ്ട്. സ്ഥലം എം എൽ എ, ജില്ലാ കളക്‌ടർ എന്നിവർ അംഗങ്ങളായ ഈ സമിതി ഗോശ്രീ ദ്വീപുമായി ബന്ധപ്പെട്ട വികസനങ്ങൾക്കുള്ള സർക്കാർ ഏജസിയാണ്. ഈ പ്രശ്നം പരിഹരികേണ്ട ബാദ്ധ്യത അവർക്കും ഉണ്ട്. ദ്വീപ് നിവാസികൾക്ക് വേണ്ടി പണം മുടക്കാൻ കോർപ്പറേഷൻ തയ്യാറല്ലെങ്കിൽ ഇത് ജിഡയെ ഏൽപ്പിക്കണം. ഞങ്ങളെ ഇനിയും ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കാതെ ഈ പ്രശ്നങ്ങൾക്ക് അടിയന്തിരപ്രാധാന്യം നൽകി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് വായിക്കുന്ന വൈപ്പിൻകരക്കാരായ സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന. അധികാരകേന്ദ്രങ്ങളിൽ നിങ്ങൾക്കുള്ള സ്വാധീനം ഈ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം എന്ന് അപേക്ഷിക്കുന്നു.
വളരെ പരിതാപകരമായ അവസ്ഥ തന്നെ
ReplyDeleteമാറ്റം വരുമെന്ന് പ്രത്യാശിക്കാം
പ്രോത്സാഹനത്തിനു നന്ദി. ഈ വിഷയം കൊച്ചി മേയർ ശ്രീ ടോണി ചമ്മിണിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ് ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നടപടികൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. നന്ദി.
DeleteWell written Mani. I had been there this morning. It is pathetic to see the condition of the bus stand in its present condition.
ReplyDeleteThanks for the support. We expect a favourable action from Kochi Coporation.
Deleteവേഗത്തിൽ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിനു വേണ്ടിയുള്ള ഉദ്യമത്തിന് ഭാവുകങ്ങൾ മണി
ReplyDeleteനന്ദി വിക്രം ആചാരി. അനുകൂലമായ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ സാദ്ധ്യതകൾ വളരെ വിരളമാണ്.
Deleteഒരു നടപടിയും ഉണ്ടാകില്ല മണി. നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന പല്ലവികള്‍ തന്നെ ഇക്കുറിയും കേള്‍ക്കാം. ഇത്തരം പ്രശ്നങ്ങള്‍ ദൂരീകരിച്ചു തന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രകടനപത്രികയില്‍ എന്ത് കുത്തിനിറക്കും. വൈപ്പിന്‍ നിവാസികളുടെ കുടിവെള്ളപ്രശ്നം പോലെ തന്നെ ഇതും അവര്‍ തുറുപ്പു ശീട്ടാകുമെന്ന് മാത്രം.
ReplyDeleteഉണ്ടാകും എന്നൊരു പ്രതീക്ഷ വളരെ ചെറുതായെങ്കിലും ഉണ്ട്. പല വാഗ്ദാനങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഗോശ്രീ പാലങ്ങൾ തുറന്ന സമയത്ത് വൈപ്പിനിൽ നിന്നുള്ള ബസ്സുകൾക്കായി പ്രത്യേക സ്റ്റാന്റ് ഉണ്ടാകും എന്നും മേനക വഴി വരുന്ന ബസ്സുകൾ ഈ സ്റ്റാന്റ് വഴി തിരിച്ചുവിടുമെന്നും എല്ലാം പറഞ്ഞിരുന്നു. കളക്‌ടേഴ്സ് സ്ക്വയർ എന്നപേരിൽ റോഡിന്റെ രേഖാചിത്രങ്ങൾ വരെ 'മനോരമ' പ്രസിദ്ധീകരിച്ചിരുന്നു. അതെല്ലാം 'മനോരമയുടെ' ഭാവനയാണൊ എന്നറിയില്ല. ആയിരക്കണിക്കനു യാത്രക്കാർക്ക് യാതൊരു സൗകര്യവും ഒരുക്കാതെ ഇങ്ങനെ ചെളിക്കുണ്ടിൽ നിന്നും യാത്രചെയ്യണം എന്നത് തികച്ചും ദൗർഭഗ്യകരം തന്നെ. മനോരാജിന്റെ ആശങ്ക മുൻകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എനിക്കും ഉണ്ട്. എന്നാലും നമുക്കാവുന്നതെല്ലാം ചെയ്യണമല്ലൊ. അതിനാൽ ഈ പോസ്റ്റ് ഞാൻ കൊച്ചി മേയർ ടോണി ചമ്മിണിയുടെ പേരിലുള്ള ഫേസ് ബുക്ക് പേജിൽ പേസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഈ വിവരങ്ങൾ സ്ഥലം എം എൽ എ കൂടിയായ സഖാവ് എസ് ശർമ്മയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിനും അയച്ചു കൊടുക്കുന്നു.
Deleteഈ വിഷയം ഈ ബ്ലൊഗിന്റെ ലിങ്ക് സഹിതം വൈപ്പിൻ എം എൽ എ ആയ സഖാവ് എസ് ശർമ്മയ്ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിൽ vypeen-mla@niyamasabha.org അയച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.
ReplyDeleteവൈപ്പിൻ കാരെ രണ്ടാം തരാം പൗരന്മാരായി കാണുന്ന അവസ്ഥ മാറിയെ തീരു. കുടിവെള്ള പ്രശ്നം ഒരിക്കലും തീരാതെ കിടക്കുന്ന വൈപ്പിൻ ഉള്പ്പെടുന്നത് തന്നെയാണ് " അതിവേഗം ബഹുദൂരം " കുതിക്കുന്ന എറണാകുളം ജില്ല . മെട്രോയും, സ്മാര്ട്ട് സിറ്റിയും നല്ലത് തന്നെ..ആ കൂടെ ജനങ്ങൾക്ക് ഉപകാരം ഉണ്ടാവുന്ന ചിലത് കൂടെ ഉണ്ടാവണം എന്ന് മാത്രം.
ReplyDeleteഇത് താങ്കൾ അയച്ചു കൊടുത്തവരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടാവാൻ വഴിയില്ല. കാരണം, ആ നടപ്പാത റ്റൈൽ ഇട്ടു എന്ന് പറഞ്ഞു ആര്ക്കും ഫ്ലെക്സ് ബോർഡ് വെക്കാൻ ആവില്ലല്ലോ...എങ്കിലും ഈ പ്രതികരണം നന്നായി.
വില്ലേജ്‌മാൻ പറഞ്ഞത് ശരിയാണ്. വർഷങ്ങളായി വാഗ്ദാനങ്ങൾ മാത്രം നൽകി വൈപ്പിൻ ജനങ്ങളെ വഞ്ചിക്കുകയാണ് അധികാരികൾ. ഇത്രയധികം ബസ്സുകളിൽ ജനങ്ങൾ വന്നിറങ്ങുകയും കയറുകയും ചെയ്യുന്നസ്ഥലത്തിന്റെ ഈ അവസ്ഥതന്നെ അതിന് ഉദാഹരണം. ഈ പരാതി അയച്ചുകൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിന്നും പരാതികണ്ടതായുള്ള അറിയിപ്പുകൾ പോലും കിട്ടിയിട്ടില്ല. കാത്തിരിക്കാം അല്പം കൂടി.
Deleteമറ്റൊരു സാഹസം കൂടി ചെയ്തു. വിഷയം എറണാകുളം ജില്ലാകളക്‌ടർക്ക് ഇ മെയിൽ വഴി അയച്ചുകൊടുത്തു.
ReplyDeleteവികസനം എന്ന് പറഞ്ഞാൽ മേൽപ്പാലങ്ങളും മാളുകളും ആകാശത്തീവണ്ടിയും മാത്രമാകുന്ന ഇക്കാലത്ത് ഇതൊന്നും അധികൃതർക്ക് വലിയ വിഷയമല്ല. എറണാകുളം ബോട്ട് ജെട്ടി ഇരിക്കുന്ന സ്ഥലം ഇപ്പോളും പുറമ്പോക്കിലാണ്. അതുകൊണ്ടുതന്നെ അവിടെ വൈദ്യുതിയില്ല. തൊട്ടടുത്തുള്ള ട്രാൻസ്‌പോർട്ട് ബസ്സ് സ്റ്റാന്റിന്റെ അവസ്ഥയും അത് തന്നെ. അതേപ്പറ്റി കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിൽ ഫോട്ടോ ഫീച്ചർ വരെ ഉണ്ടായിരുന്നു. ഇതൊക്കെ പരിഹരിക്കാതെ വികസനം വികസനം എന്ന് നാഴികയ്ക്ക് നാലുവട്ടം പുലമ്പിക്കൊണ്ടിരിക്കുന്നവന്മാർക്ക് പിന്നേയും പിന്നേയും വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന നമ്മൾ തന്നെയാണ് ഒരു പരിധി വരെ ഇതിനൊക്കെ കാരണം. ഈ പ്രശ്നം തീർക്കാതെ വൈപ്പിൻകരക്കാർ പോളിങ്ങ് ബൂത്തിലേക്ക് വരില്ലെന്ന് ഒറ്റക്കെട്ടായി പറയാൻ പറ്റുമോ ? സാധിക്കില്ല. അതിനിടയിൽക്കൂടെ മുതലെടുപ്പ് നടത്താൻ പാർട്ടിക്കാർക്ക് നന്നായറിയാം. എന്തായാലും മണിയുടെ ഈ ഓൺലൈൻ ശ്രമത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. ജനവീവിതം സ്തംഭിപ്പിക്കാൻ എനിക്ക് താൽപ്പര്യമില്ല. തുർക്കിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ‘നിൽക്കും മനുഷ്യൻ’ പോലുള്ള ഒരു പ്രതിഷേധം ഈ ബസ്സ് സ്റ്റാന്റ് പരിസരത്ത് ചെയ്യാൻ തയ്യാറുണ്ടെങ്കിൽ ആളെ സംഘടിപ്പിക്കൂ. ഞാനും കൂടാം.
ReplyDeleteമനോജേട്ടന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പഴയ ബോട്ട് ജെട്ടി പരിസരം. അത് ശരിയായ രീതിയിൽ വികസിപ്പിച്ചാൽ ഗോശ്രീ ബസ്സുകൾക്ക് (കെ എസ് ആർ ടി സി & സ്വകാര്യ ബസ്സുകൾ) ഒരു നല്ല ബസ് സ്റ്റേഷൻ ആയി ഉയർത്താവുന്നതാണ്. വൈപ്പിൻ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ബി ടി എച്ച് ജങ്ഷനിൽ നിന്നും റൗണ്ട് എടുത്ത് സ്റ്റാന്റിൽ കയറുന്ന രീതിയിൽ ഗതാഗതം സാധ്യമാക്കണം. ബസ് സ്റ്റാന്റിനു പുറത്തേയ്ക്ക് പോകുന്ന ബസ്സുകൾ നേരെ മേനക വഴി പോകണം. പക്ഷെ ഇവിടെ ഉള്ള പ്രധാനപ്രശ്നം സ്ഥിരം പ്രതിഷേധപ്രകടനങ്ങൾക്കും സമരങ്ങൾക്കും വേദിയാകുന്ന കൊച്ചി കോർപ്പറേഷനും, കണയന്നൂർ താലൂക്ക് ഓഫീസിന്റേയും സാന്നിദ്ധ്യം ആണ്. പലപ്പോഴും സമരങ്ങൾ മൂലം ഈ വഴിയുള്ള ഗതാഗതം തിരിച്ചു വിടുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ ബസ്സുകൾ എങ്ങും എത്താനാവാതെ ചുറ്റേണ്ടിവരും. ഈ ഒരു പ്രശ്നം ഇല്ലായിരുന്നെങ്കിൽ ജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്തേനെ. വിദ്യാർത്ഥികൾക്ക് ഒരു ബസ്സിൽ തന്നെ സെന്റ് തെരാസെസിലും മഹാരാജാസിലും എത്താൻ പറ്റും, ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയെ ആശ്രയിക്കുന്ന നിർദ്ധനരായ ആളുകൾക്ക് നേരിട്ട് ആശുപത്രിയിൽ എത്താം. ബ്രോഡ് വേയിലും മേനകയിലേയും ജി സി ഡി അ ഷോപ്പിങ് കോപ്ലക്സിലും, ജയലക്ഷ്മി പോലുള്ള തുണിക്കടകൾ എന്നിവിടങ്ങളീൽ ജോലിചെയ്യുന്ന നിരവധി ആളുകൾക്കും ഹൈക്കോടതി ഭാഗത്ത് ഇറങ്ങിക്കയറുന്നത് ഒഴിവാക്കാം. അങ്ങനെ വളരെ പ്രയോജനം ചെയ്യുന്ന ഒന്നായിരുന്നു അത്.
Deleteമറ്റൊരു സാദ്ധ്യത മാർക്കറ്റ് കനാലിന്റെ വശത്തുള്ള പാർക്കിങ് ഗ്രൗണ്ടിന്റെ ഒരു ഭാഗം ഉപയോഗിക്കുക എന്നതാണ്. ഇവിടെ ഗോശ്രീ സ്വകാര്യ ബസ്സുകൾക്ക് ഒരു സ്റ്റാന്റ് ഉണ്ടാക്കണം. എങ്കിലും മേനക വരെ വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സ് സർവീസ് നീട്ടാനും സാധിക്കും. അങ്ങനെ സൗത്തിനപ്പുറം പോകുന്നവർക്ക് നിലവിലെ ബസ്സ് ചാർജ്ജിൽ ഒരു ഫെയർസ്റ്റേജ് ലാഭിക്കാൻ സാധിക്കും. ഇത് ബ്രോഡ് വേയിലും മേനകയിലെ വിവിധ ഷോപ്പിങ്ങ് സെന്ററുകളിലും ജോലിചെയ്യുന്നവർക്കും, മറ്റും ഉപകാരപ്രദവും ആകും. ബസ്സുകളുടെ സമയക്രമം ഉറപ്പാക്കുന്നതിന് നിലവിൽ പോലീസ് ക്യാമ്പിനടുത്തുള്ള പഞ്ചിങ് സംവിധാനം ഗോശ്രീ ബസ്സുകൾക്കും ഏർപ്പെടുത്താൻ സാധിക്കും. രാത്രികാലങ്ങളിൽ സ്ഥിരമാറയി സർവ്വീസ് മുടക്കുന്ന ബസ്സുകളെ കണ്ടെത്താനും ഇതുവഴി സാധിക്കും. ഈ രണ്ടു മാർഗ്ഗങ്ങളും നിലവിൽ ഹൈക്കോടതി ജങ്ഷനിൽ നിലവിലെ സംവിധാനത്തിൽ ബസ്സുകൾ യൂ ടേൺ എടുക്കുന്നതും അതുമൂലം ഉണ്ടാകുന്ന ഗതാഗതപ്രശ്നങ്ങളും പരിഹരിക്കാൻ സഹായകമാണ്. പക്ഷെ ഇതിനെല്ലാം വേണ്ടത് അധികാരികളുടെ അനുകൂല നിലപാടാണ്.
ഇതെല്ലാം ദീർഘകാല അടിസ്ഥാനത്തിലെ പരിഹാരങ്ങൾ മാത്രം. പക്ഷെ ഈ മഴക്കാലത്ത് അടിയന്തിരപ്രാധാന്യം നിലവിലെ വെള്ളക്കെട്ടിനും ചെളിയ്ക്കും പരിഹാരം കണ്ടെത്തണം.
മാതൃഭൂമി വാർത്ത കൂടുതൽ പേരിലേക്ക് എത്തുമെന്നും എന്തെങ്കിലും നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
ReplyDeleteനാടിനു വേണ്ടിയുള്ള ഉദ്യമത്തിന് ഭാവുകങ്ങൾ
ReplyDeleteനന്ദി അബ്ദുൾജലീൽ.
Delete