Sunday 26 May 2013

ബോൾഗാട്ടി പദ്ധതി, ലുലു ഗ്രൂപ്പിനു നന്ദി.

ഇന്ന് കേട്ട വാർത്തകളിൽ ഏറെ ആശ്വാസം തോന്നിയ ഒന്നാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ലുലുഗ്രൂപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്മാറുന്നു എന്നത്. ഇങ്ങനെ ആശ്വാസം തോന്നാൻ കാരണം ഇതിന്റെ സാങ്കേതികവശങ്ങളോ, രാഷ്ട്രീയമോ, നിയമലംഘനമോ അല്ല. മറിച്ച് ഇത്തരം പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലായാലുള്ള ദുരവസ്ഥ തന്നെ. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിലെ നിവാസിയാണ് ഞാൻ. നിലവിൽ ജോലിയ്ക്കും മറ്റുകാര്യങ്ങൾക്കും മഹാനഗരമായ എറണാകുളത്തെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ദ്വീപ് നിവാസികളിൽ ഒരാൾ. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ പ്രധാനമായും ബോട്ട് വഴിയാണ് എറണാകുളത്ത് എത്തിക്കൊണ്ടിരുന്നത്. ഗോശ്രീപാലം (വൈപ്പിനിൽ നിന്നും എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കുള്ള സഞ്ചാരപാത) എല്ലാവരുടേയും ഒരു സ്വപ്നമായിരുന്നു. വൈപ്പിനും എറണാകുളവും തമ്മിലുള്ള ദൂരം ഏതാനും കിലോമീറ്റർ മാത്രം. എന്നാൽ ബോട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ സമയ നഷ്ടം ഉണ്ടാകും. പിന്നെ കായലിലൂടെയുള്ള അപകടം നിറഞ്ഞ ബോട്ട് യാത്രയും.

അങ്ങനെ ഒത്തിരി വിഷമതകൾക്കിടയിലാണ് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായത്. അതോടെ എറണാകുളത്ത് എത്താനുള്ള സമയത്തിലും ഗണ്യമായ കുറവുണ്ടായി. പക്ഷെ സന്തോഷത്തിന്റെ നാളുകൾ അവസാനിച്ചത് പെട്ടന്നാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുറന്നതോടെ, വല്ലാർപാടത്തു നിന്നും കണ്ടെയ്നർ റോഡ്‌വഴി വലിയ കണ്ടെയ്നർ ലോറികൾ വരാൻ തുടങ്ങിയതോടെ ഈ വഴിഗതാഗതക്കുരുക്കായി മാറി. അതിനിടയിൽ തീവണ്ടിയും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്താൻ തുടങ്ങി. ഇങ്ങനെയുള്ള ഗതാഗതകുരുക്കിന് പരിഹാരം ആയിരുന്നു റെയിൽവേ മേല്പാലം. പക്ഷെ പണിതീർന്ന് അതിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വണ്ടികൾ കടത്തിവിട്ടപ്പോൾ തന്നെ പാലത്തേയും അപ്രോച്ച് റോഡിനേയും ബന്ധിപ്പിക്കുന്ന ഭാഗം തകരാറിലായി. അതോടെ പാലവും അടച്ചു. ഇപ്പോൾ ഒരു വർഷത്തോളം ആകുന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഇപ്പോഴത്തെ സ്ഥിതി തികച്ചും പരിതാപകരം ആണ്. കണ്ടെയ്നർ ലോറികൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിലൂടെ ആദ്യത്തെ മൂന്നുകിലോമീറ്റർ താണ്ടാൻ 40 മിനിറ്റിലധികം വേണം എന്ന അവസ്ഥയിൽ എത്തി. മിക്കവാറും ദിവസങ്ങളിൽ ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് പതിവായി. ഉള്ള ബസ്സുകളിൽ കയറിപ്പറ്റാൻ ആകാതെ വിഷമിക്കുന്ന യാത്രക്കാർ. അതിനിടെ കുറച്ച് കെ എസ് ആർ ടി സി ബസ്സുകൾക്കും ഈ റൂട്ടിൽ പെർമിറ്റ് കിട്ടി. അതോടെ പല സ്വകാര്യബസ്സുകളും പെർമിറ്റ് സറണ്ടർ ചെയ്തു. കെ എസ് ആർ ടി സി ആണെങ്കിൽ കാര്യക്ഷമമായി സർവ്വീസ് നടത്തുന്നുമില്ല. യാത്ര ആകെ ദുരിതമായ അവസ്ഥ. എല്ലാത്തിലും പുറമെ ഉണ്ടായിരുന്ന നല്ല റോഡ് (വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാനപാത) വെട്ടിപ്പൊളിച്ച് റോഡ് തന്നെ ഇല്ലാത്ത അവസ്ഥ.  ഈ അവസ്ഥയിൽ ആണ് ബോൾഗാട്ടി പാലസിൽ വരാൻ പോകുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റിനെകുറിച്ചുള്ള വാർത്ത കേട്ടത്. അതും കൂടി വന്നാൽ തീർന്നു. ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇവിടെ നടന്ന ഗ്ലോബൽ വില്ലേജ് ഉണ്ടാക്കിയ ഗതാഗതപ്രശ്നങ്ങൾ അനുഭവിച്ചതാണ്. അതിനാൽ ഈ സംരംഭം വരല്ലെ എന്നതായിരുന്നു പ്രാർത്ഥന. ഇപ്പോൾ ലുലുഗ്രൂപ്പ് പിന്മാറി എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. തൽകാലം ആശ്വാസം.

ഇത്തരം വലിയ സംരംഭങ്ങൾ വരുന്നതിൽ എതിർപ്പില്ല. പക്ഷെ സംരംഭകരെ ക്ഷണിക്കുന്ന സർക്കാരുകൾ അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം. അതിൽ പ്രധാനമാണ് റോഡുകൾ. ഒരു സ്ഥാപനം വരുമ്പോൾ അവിടെ അത്ര ആളുകൾ എത്തും, അതിലൂടെ വാഹനങ്ങൾ എത്ര ഉണ്ടാകും, നിലവിലെ റോഡുകൾക്ക് ഇത് താങ്ങാൻ സാധിക്കുമോ? തുടങ്ങിയകാര്യങ്ങളിൽ പഠനം നടത്തേണ്ടതും അതിന് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം സാദ്ധ്യമാക്കേണ്ടതുംസർക്കാരാണ്. ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ സംഭവിച്ചതും അതാണ്. അവിടേയ്ക്ക് വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്കായില്ല. ഇപ്പോൾ വാഹനകുരുക്കിൽ വീർപ്പുമുട്ടുന്നു. നിലവിൽ വരുത്തിയ ചില പരിഷ്കാരങ്ങൾ അല്പം ആശ്വാസം നൽകുന്നുണ്ട്. അതില്ലാതെ ചെയ്യുന്ന കെട്ടിടം പണിയിൽ മാത്രം ഒതുങ്ങുന്നതല്ല വികസനം. അങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ വരുന്നതാവും നല്ലത്. അല്ലെങ്കിൽ അവ ഗുണത്തേക്കാൾ ദോഷം ചെയ്യും എന്ന് കരുതുന്നു.

4 comments:

  1. എന്തായാലും ഇടപ്പള്ളിയില്‍ ലുലു ഗ്രൂപ്പോ സര്‍ക്കാരോ ഒരു പാലം പണിയും എന്നത് ഉറപ്പാണ്. ബോള്‍ഗാട്ടിയില്‍ അവരുടെ പ്രോജക്റ്റ് വന്നാല്‍ സര്‍ക്കാര്‍ അതിനു വേണ്ടി സൗകര്യം ഒരുക്കുകയോ അല്ലെന്ന്കില്‍ ലുലു തന്നെ അത് ചെയ്യുകയോ ചെയ്യുമെന്നാണ് എന്റെ വിശ്വാസം. അയാള്‍ കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരനാണ്. അയാളുടെ ബിസിനസ് നടക്കാന്‍ വേണ്ടി സൗകര്യം ഒരുക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ലെങ്കില്‍ പോലും സര്‍ക്കാരിനെക്കൊണ്ട് അത് ചെയ്യിപ്പിക്കാനും അയാള്‍ക്ക് കഴിവുണ്ട്, ഒരേ വേദിയില്‍ ബദ്ധശത്രുക്കളായ ഇരുമുന്നണികളുടെയും നേതാക്കന്മാരെ ഒരുമിച്ചിരുത്തി വേദി ഭംഗിയാക്കിയ വിദ്വാനാണ് എം എ യൂസുഫലി.

    ReplyDelete
    Replies
    1. ഇടപ്പള്ളിയിൽ ലുലു ഗ്രൂപ്പോ സർക്കാരോ ഫ്ലൈ ഓവർ പണിയും എന്ന് തൽക്കാലം പ്രതീക്ഷിക്കാൻ നിർവ്വാഹമില്ല. ഇത്തരത്തിൽ ചില വാർത്തകൾ കേൾക്കുന്നു എന്നത് വാസ്തവമാണ്. ഡി എം ആർ സിയെ ഫ്ലൈ ഓവർ നിർമ്മാണത്തിന്റെ ചുമതലകൾ ഏൽപ്പിക്കുന്നതായും വാർത്ത ഉണ്ടായിരുന്നു. എന്നാൽ അതോടൊപ്പം മറ്റൊന്നുകൂടി അവിടെ കേൾക്കുന്നുണ്ട്. നിലവിലെ ഹൈവേയിൽ ഇടപ്പള്ളി ടോൾ ജങ്ഷനിൽ നിന്നും വൈറ്റില ഭാഗത്തേയ്ക്ക് ഒരു ഡൈവർഷൻ ഉണ്ടാക്കുന്നതു സംബന്ധിച്ചാണ് അത്. ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ തദ്ദേശവാസികൾ പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിൽ ആണ്. ഇതുസംബന്ധിക്കുന്ന പല പോസ്റ്ററുകളും അവിടെ കാണാൻ സാധിക്കും. ബിസിനസ്സിലുള്ള ശ്രീ യൂസഫ അലിയുടെ നൈപുണ്യം അംഗീകരിക്കപ്പെടേണ്ടതു തന്നെ. അതിൻ തർക്കമില്ല. നന്ദി റഹീം ഇവിടെ എത്തിയതിനും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിനും.

      Delete
  2. ചിലപ്പോള്‍ ഗുണകരമായിര്യ്ക്കാനും സാദ്ധ്യതയില്ലേ?

    ReplyDelete
    Replies
    1. ഇത്തരത്തിൽ കൺവെൻഷൻ സെന്റർ കുറച്ചു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗുണകരമാകും എന്നതിൽ തർക്കമില്ല. എന്നാൽ ഇതിനു വേണ്ടതായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ഇത് ഞാൻ ആശങ്കപ്പെടുന്നതുപോലെ തദ്ദേശവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. നന്ദി അജിത്ത് ഇവിടെ എത്തിയതിനും താങ്കളുടെ അഭിപ്രായം അറിയിച്ചതിനും.

      Delete

Thank you for visiting my blog. Please leave your comments here.