Sunday, 30 September 2012

അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം|Unfair FARE-STAGE System

ഡീസൽ വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ നാലംഗസമിതി അതിന്റെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചതായി പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. ഇതനുസരിച്ച് മിനിമം നിരക്ക് നിലവിലെ അഞ്ചു രൂപയിൽ നിന്നും 6 രൂപ ആക്കണമെന്നും ഓർഡിനറി ബസ്സുകളുടെ നിലവിലുള്ള 55 പൈസ എന്ന കിലോമീറ്റർ നിരക്ക് മൂന്നു പൈസ കൂട്ടി 58 പൈസ എന്നാക്കണമെന്നും കമ്മീഷന്റെ ശുപാശയിൽ ഉണ്ട്. ആനുപാതികമായ വർദ്ധനവ് മറ്റു സർവ്വീസുകളുടെ കാര്യത്തിലും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വിവാദമാകുന്ന മറ്റൊരു ശുപാർശ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധനയാണ്.

മുകളിൽ പറഞ്ഞ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ കാര്യമായ വർദ്ധനവ് ഇത്തവണ പ്രതീക്ഷിക്കാം. മിനിമം ചാർജ്ജ് ആറുരൂപയാവുകയും കിലോമീറ്റർ ചാർജ്ജ് 55-ൽ നിന്നും 58 പൈസ ആയികൂടുകയും ചെയ്യുമ്പോൾ യാത്രക്കാരന് 25% മുകളിൽ വർദ്ധനയുണ്ടാകും. കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കുന്നത് ദീർഘദൂരയാത്രക്കാരേയും പ്രതികൂലമായി ബാധിയ്ക്കും. എന്റെ അഭിപ്രായം നിലവിൽ അൺഫെയറാണ് പല ഫെയർ സ്റ്റേജുകളും. അതുകൊണ്ട് തന്നെ ആ സമ്പ്രദായം ഒഴിവാക്കുക. എല്ലാ സ്റ്റോപ്പിലേയും ടിക്കറ്റ് നിരക്ക് തയ്യാറാക്കുന്നതിനു പകരം ഓരോ സ്റ്റോപ്പും തമ്മിലുള്ള ദൂരം കണക്കാക്കി അതിനനുസരിച്ച് കിലോമീറ്റർ ചാർജ്ജ് മാത്രം ഈടാക്കുക. നിലവിൽ ഉള്ള  ഫെയർ സ്റ്റേജ് സമ്പ്രദായം യാത്രക്കാരനെ കൊള്ളയടിക്കാനുള്ള ഒരു ഉപാധിമാത്രം.

ഉദാഹരണം പറഞ്ഞാൽ പറവൂരിൽ നിന്നും ഇടപ്പള്ളി വരെയുള്ള ദൂരം 17 കിലോമീറ്റർ ആണ്. പറവൂരിൽ നിന്നും വരാപ്പുഴ, കൂനമ്മാവ് എന്നീ ഭാഗങ്ങളിൽ നിന്നും ഉള്ള നല്ലൊരുശതമാനം ആളുകൾ ഗുരുവായൂർ - വൈറ്റില ഹബ്ബ് ബസ്സിൽ ഇടപ്പള്ളി ജങ്ഷനിൽ ഇറങ്ങുന്നു. എന്നാൽ ഇവരിൽ നിന്നും ഈടാക്കുന്നത് പൈപ്പ് ലൈൻ വരെയുള്ള ചാർജ്ജാണ്. നിലവിലുള്ള നിരക്കിൽ 17 കിലോ മീറ്റർ യാത്രചെയ്യാൻ 9രൂപ മുപ്പത്തിയഞ്ചു പൈസയാണ് ആവുക (17 * 0.55) എന്നാൽ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കിവരുന്ന ബസ്സ് ചാർജ്ജ് 15രൂപയാണ്. 9.35 ചിട്ടപ്പെടുത്തിയാലും 10രൂപയെ വരൂ. എന്നാൽ ഈടക്കുന്നത് 50% അധിക ചാർജ്ജും. ഈ പകൽക്കൊള്ള ഫെയർ സ്റ്റേജിന്റെ പേരിലാണെന്ന് മാത്രം. യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ചാർജ്ജ് നൽകുക അതല്ലെ മാന്യമായ ചാർജ്ജ് നിർണ്ണയ രീതി.

2 comments:

  1. കിലോ മീറ്റര്‍ ചാര്‍ജിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടികള്‍ മുന്നോട്ടുവരുമോ?
    നല്ല അവലോകനം.
    http://malbuandmalbi.blogspot.com/

    ReplyDelete
  2. എം അഷ്റഫ് ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. രാഷ്ട്രീയപാർട്ടികൾ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച ഒരു കത്ത് പറവൂർ എം എൽ എ കൂടിയായ ശ്രീ വി ഡി സതീശന് അയച്ചിട്ടുണ്ട്. ചർജ്ജ് പുതുക്കുന്ന മുറയ്ക്ക് അത് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റി വിവരാവകാശ നിയമം വഴി എറണാകുളം ആർ ടി എയിൽ നിന്നും അറിയാൻ ശ്രമിക്കും. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിന് ഒരു അപേക്ഷ കൊടുക്കാം എന്നും കരുതുന്നു. കുറഞ്ഞപക്ഷം പറവൂർ - ഇടപ്പള്ളി മേഖലയിലെ കൊള്ളയ്ക്ക് അല്പം കുറവു വരുത്താൻ സാധിച്ചാൽ അത്രയും നന്ന്.

    ReplyDelete

Thank you for visiting my blog. Please leave your comments here.