Sunday, 30 September 2012

അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം|Unfair FARE-STAGE System

ഡീസൽ വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ നാലംഗസമിതി അതിന്റെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചതായി പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. ഇതനുസരിച്ച് മിനിമം നിരക്ക് നിലവിലെ അഞ്ചു രൂപയിൽ നിന്നും 6 രൂപ ആക്കണമെന്നും ഓർഡിനറി ബസ്സുകളുടെ നിലവിലുള്ള 55 പൈസ എന്ന കിലോമീറ്റർ നിരക്ക് മൂന്നു പൈസ കൂട്ടി 58 പൈസ എന്നാക്കണമെന്നും കമ്മീഷന്റെ ശുപാശയിൽ ഉണ്ട്. ആനുപാതികമായ വർദ്ധനവ് മറ്റു സർവ്വീസുകളുടെ കാര്യത്തിലും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വിവാദമാകുന്ന മറ്റൊരു ശുപാർശ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധനയാണ്.

മുകളിൽ പറഞ്ഞ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ കാര്യമായ വർദ്ധനവ് ഇത്തവണ പ്രതീക്ഷിക്കാം. മിനിമം ചാർജ്ജ് ആറുരൂപയാവുകയും കിലോമീറ്റർ ചാർജ്ജ് 55-ൽ നിന്നും 58 പൈസ ആയികൂടുകയും ചെയ്യുമ്പോൾ യാത്രക്കാരന് 25% മുകളിൽ വർദ്ധനയുണ്ടാകും. കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കുന്നത് ദീർഘദൂരയാത്രക്കാരേയും പ്രതികൂലമായി ബാധിയ്ക്കും. എന്റെ അഭിപ്രായം നിലവിൽ അൺഫെയറാണ് പല ഫെയർ സ്റ്റേജുകളും. അതുകൊണ്ട് തന്നെ ആ സമ്പ്രദായം ഒഴിവാക്കുക. എല്ലാ സ്റ്റോപ്പിലേയും ടിക്കറ്റ് നിരക്ക് തയ്യാറാക്കുന്നതിനു പകരം ഓരോ സ്റ്റോപ്പും തമ്മിലുള്ള ദൂരം കണക്കാക്കി അതിനനുസരിച്ച് കിലോമീറ്റർ ചാർജ്ജ് മാത്രം ഈടാക്കുക. നിലവിൽ ഉള്ള  ഫെയർ സ്റ്റേജ് സമ്പ്രദായം യാത്രക്കാരനെ കൊള്ളയടിക്കാനുള്ള ഒരു ഉപാധിമാത്രം.

ഉദാഹരണം പറഞ്ഞാൽ പറവൂരിൽ നിന്നും ഇടപ്പള്ളി വരെയുള്ള ദൂരം 17 കിലോമീറ്റർ ആണ്. പറവൂരിൽ നിന്നും വരാപ്പുഴ, കൂനമ്മാവ് എന്നീ ഭാഗങ്ങളിൽ നിന്നും ഉള്ള നല്ലൊരുശതമാനം ആളുകൾ ഗുരുവായൂർ - വൈറ്റില ഹബ്ബ് ബസ്സിൽ ഇടപ്പള്ളി ജങ്ഷനിൽ ഇറങ്ങുന്നു. എന്നാൽ ഇവരിൽ നിന്നും ഈടാക്കുന്നത് പൈപ്പ് ലൈൻ വരെയുള്ള ചാർജ്ജാണ്. നിലവിലുള്ള നിരക്കിൽ 17 കിലോ മീറ്റർ യാത്രചെയ്യാൻ 9രൂപ മുപ്പത്തിയഞ്ചു പൈസയാണ് ആവുക (17 * 0.55) എന്നാൽ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കിവരുന്ന ബസ്സ് ചാർജ്ജ് 15രൂപയാണ്. 9.35 ചിട്ടപ്പെടുത്തിയാലും 10രൂപയെ വരൂ. എന്നാൽ ഈടക്കുന്നത് 50% അധിക ചാർജ്ജും. ഈ പകൽക്കൊള്ള ഫെയർ സ്റ്റേജിന്റെ പേരിലാണെന്ന് മാത്രം. യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ചാർജ്ജ് നൽകുക അതല്ലെ മാന്യമായ ചാർജ്ജ് നിർണ്ണയ രീതി.

Monday, 24 September 2012

റെയിൽ - റോഡ് ക്രോസിങ് | Rail - Road Crossing

ഇന്ന് അരൂരിൽ ഉണ്ടായ അപകടം, ആളില്ലാത്ത ഒരു ലെവൽ ക്രോസ്സിൽ തീവണ്ടിയും കാറും തമ്മിലിടിച്ച് അഞ്ചുപേർ മരിക്കാനിടയായ അപകടം ആണ് ദീർഘനാളുകൾക്ക് ശേഷം ഇങ്ങനെ ഒന്ന് എഴുതിയിടാൻ പ്രേരണ നൽകിയത്. അപകടവും അതിൽ പിഞ്ചുകുട്ടിയടക്കം അഞ്ചുപേർ മരിക്കാനിടയായതും തികച്ചും ദൗർഭാഗ്യകരം തന്നെ. കേരളത്തിൽ പലപ്പോഴും ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. 1996 മെയ്മാസത്തിൽ വിവാഹപ്പാർട്ടി സഞ്ചരിച്ചിരുന്ന ഒരു ബസ്സ് കായംകുളത്തിനടുത്ത് ചേപ്പാട് ആളില്ലാത്ത ഒരു ലെവൽക്രോസ്സിൽ വെച്ച്  തീവണ്ടിയുമായി കൂട്ടിയിടിച്ച് 38 ആളുകൾ മരിച്ചതും, 1976 മെയ് 9ന് തിരുവനന്തപുരത്തുനിന്നും ബോംബെയ്ക്ക് പോവുകയായിരുന്ന ജയന്തിജനത എക്സ്പ്രസ്സ് അകപ്പറമ്പിൽ വെച്ച് ആളില്ലാത്ത ലെവൽക്രോസ്സിൽ ഒരു ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് 40 ആളുകൾ മരിച്ചതും ഇത്തരം അപകടങ്ങളിൽ പ്രത്യേകം പരാമർശം അർഹിക്കുന്നവയാണ്.

എന്നാൽ ഇത്തരം അപകടങ്ങൾക്ക് പ്രധാനകാരണം മനുഷ്യന്റെ അമിതമായ ആത്മവിശ്വാസവും, അക്ഷമയും മാത്രമാണ്. ഒരു തീവണ്ടി കടന്നു പോകാൻ എടുക്കുന്ന സമയം ഒന്നോ രണ്ടോ മിനുറ്റുകൾ മാത്രമാണ്. മിക്കവാറും റെയിൽ - റോഡ് ക്രോസിങ്ങ് ഉള്ള സ്ഥലങ്ങളിൽ റോഡിലും റെയിലിലും ഇതു സംബന്ധിക്കുന്ന മുന്നറിയിപ്പുകൾ ഉണ്ട്. ഇത് പാലിക്കാൻ തയ്യാറാകാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാനകാരണം. ആളില്ലാത്ത ലെവൽ ക്രോസുകളെക്കുറിച്ച് റോഡിൽ ഉള്ള സിഗ്നൽ പലർക്കും പരിചിതമായിരിക്കും  
ഇത്തരത്തിലുള്ള ഒരു അടയാളം റെയിൽ-റോഡ് ക്രോസിങിനെ സൂചിപ്പിക്കുന്നു. അതുപൊലെ തീവണ്ടി ഓടിക്കുന്ന ആൾക്കും (ലോക്കോ പൈലറ്റ്) ഇത്തരത്തിൽ ലെവൽ ക്രോസിനെ സംബന്ധിക്കുന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ചതുരഫലകത്തിൽ ലെവൽ ക്രോസ്സ് എത്തുന്നതിനു മുൻപേ W/L  എന്ന് രേഖപ്പെടുത്തിയിരിക്കും. ഇതിനർത്ഥം മുൻപിൽ ഒരു ലെവൽ ക്രോസ്സ് ഉണ്ടെന്നും ചൂളം അടിക്കുക എന്നതും ആണ്. (blow Whistle Level-cross ahead). ഈ സിഗ്നൽ കണ്ടാൽ ലോക്കോ പൈലറ്റ് ഒരു മിനിട്ടിനടുത്ത് വിസിൽ തുടർച്ചയായി മുഴക്കും. ഇതെല്ലാം കേട്ടാലും കണ്ടാലും വാഹനം ഓടിക്കുന്നവർ തീവണ്ടിയ്ക്കും മുൻപേ അപ്പുറം കടക്കാൻ വേഗം കൂട്ടും. അല്ലാതെ വണ്ടി നിറുത്തി തീവണ്ടി കടന്നു പോകുന്നതുവരെ കാത്തു നിൽക്കുന്നവർ കുറവാണ്. ഇങ്ങനെ കടന്നുപോകാം എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടകാരണം.

ഇനി അവിടെ ആളെ വച്ച് ഗേറ്റ് ഉണ്ടാക്കിയാലോ, അപ്പോഴും വ്യത്യാസം വരുന്നില്ല. ഗേറ്റ് അടയ്ക്കാൻ തുടങ്ങുമ്പോൾ മുന്നറിയിപ്പായി മണി മുഴങ്ങും. അപ്പോൾ ഗേറ്റിനു രണ്ടു വശവും വാഹനങ്ങൾ നിറുത്തണം എന്നാണ് നിയമം. എന്നാൽ നമ്മൾ ചെയ്യുന്നത് ഗേറ്റ് അടയുന്നതുമുൻപേ വാഹനം അപ്പുറം കടത്തുക എന്നതാണ്. ഇത് പലപ്പോഴും വാഹനങ്ങൾ ഇടിച്ച് ഗേറ്റ് തകരാറിൽ ആകുന്നതിനും റോഡ് ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമാകും. അതുപോലെ തന്നെ തീവണ്ടി പുറപ്പെടുന്നതിനും മുൻപേ എല്ലാ ലെവൽ ക്രോസ്സുകളിലും വിളിച്ചറിയിച്ച് ഗേറ്റുകൾ അടച്ച് തീവണ്ടി കടന്നുപോകുന്നതുവരെ വാഹനങ്ങൾ കാത്തു കിടക്കുക എന്ന അവസ്ഥ വന്നാൽ അത് തീവണ്ടി യാത്രികർക്കും റോഡ് യാത്രികർക്കും ഒരു പോലെ സമയനഷ്ടം ഉണ്ടാക്കും. വളരെ തിരക്കേറിയ റോഡുകളിൽ റെയിൽ ഗേറ്റ് എന്ന ആശയം നല്ലതുതതന്നെ. പക്ഷെ എല്ലാ റെയിൽ - റോഡ് ക്രോസിങ്ങിലും റെയിൽ ഗേറ്റ് എന്നത് തീർച്ചയായും അപ്രായോഗീകം ആണെന്നാണ് എന്റെ അഭിപ്രായം.

ഇവിടെ ആവശ്യം എല്ലാ റോഡ് - റെയിൽ ക്രോസിങ്ങുകളിലും ആളെ നിയമിച്ച ഗേറ്റ് ഉണ്ടാക്കുക എന്നതല്ല മറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നതാണ്. അതിനാവണം ജനപ്രതിനിധികളും മാദ്ധ്യമങ്ങളും ശ്രമിക്കേണ്ടത്. അല്ലാതെ ഇതു പോലെ അസാദ്ധ്യമായ സുന്ദരമോഹനവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കൂടുതൽ തെറ്റിലേയ്ക്ക് നയിക്കാനല്ല. സീബ്രാക്രോസുകൾ കാൽനടക്കാരന്റെ അവകാശം ആണെന്നതുപോലെ തന്നെ റെയിലുകൾ തീവണ്ടിയുടെ അവകാശമാണ്.